Tuesday, October 2, 2012

ഫ്രൌ ആവാ - ഞാൻ നിന്റെ...



വരൻ:

നിന്റെ കണ്ണുകളിൽ ഞാനെന്റെ വീടു കണ്ടു,
നിന്റെ ഹൃദയത്തിൽ ഞാനെന്റെ പ്രണയം കണ്ടു,
നിന്റെ ആത്മാവിൽ ഞാനെന്റെ ഇണയെക്കണ്ടു,
നിന്റെയൊപ്പം പൂർണ്ണനാണു ഞാൻ, നിറഞ്ഞവനാണു ഞാൻ.
നീയെന്നെ ചിരിപ്പിക്കുന്നു, നീയെന്നെ കരയിക്കുന്നു.
നീയെന്റെ പ്രാണൻ, എന്റെ ഹൃദയസ്പന്ദനമോരോന്നും.

ഞാൻ നിന്റെ,
നീയെന്റെ.
അതു നമുക്കു തീർച്ച.
എന്റെ നെഞ്ചിനുള്ളിൽ
നീ കുടിയേറിയിരിക്കുന്നു,
അതിന്റെ താക്കോൽ
കാണാതെയും പോയിരിക്കുന്നു.
ഇനി നീ അവിടെത്തന്നെ,
എന്നെന്നും.


വധു:

നീ എന്റെ പ്രചോദനം, എന്റെ ആത്മാവിനഗ്നി.
എന്റെ കണ്ണുകൾക്കിന്ദ്രജാലം നീ.
ചിരിക്കാൻ എനിക്കു നീ തുണ, പ്രണയത്തിനു ഗുരു.
എന്റെ ഗാനം പാടാൻ നീയെന്നെ തുറന്നുവിടുന്നു,
എനിക്കൊരു വിസ്മയം നീ,
ഓരോ നാളും നിന്നെ ഞാൻ കണ്ടെത്തുന്നു.
എനിക്കു കിട്ടിയ മഹാനുഗ്രഹം നീ.

ഞാൻ നിന്റെ,
നീയെന്റെ.
അതു നമുക്കു തീർച്ച.
എന്റെ നെഞ്ചിനുള്ളിൽ
നീ കുടിയേറിയിരിക്കുന്നു,
അതിന്റെ താക്കോൽ
കാണാതെയും പോയിരിക്കുന്നു.
ഇനി നീ അവിടെത്തന്നെ,
എന്നെന്നും.



ഫ്രൌ ആവ (1060-1127)- ജർമ്മൻ ഭാഷയിലെ ആദ്യത്തെ കവയിത്രി.


No comments: