Wednesday, October 10, 2012

കുറ്റം ചെയ്ത കണ്ണുകൾ


ഒരാൾ നാലായിരം ദീനാർ കൊടുത്ത് ഒരു പെൺകുട്ടിയെ വിലയ്ക്കു വാങ്ങി. ഒരു ദിവസം അവളെ നോക്കിയിരിക്കുമ്പോൾ അയാൾക്കു കരച്ചിൽ പൊട്ടി. എന്തിനാണു കരയുന്നതെന്ന് അവൾ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “നിന്റെ മനോഹരമായ കണ്ണുകൾ കാണുമ്പോൾ ഞാൻ ദൈവത്തിന്റെ കാര്യം മറന്നുപോകുന്നു.” അന്ന് താനൊറ്റയ്ക്കായപ്പോൾ പെൺകുട്ടി തന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു കളഞ്ഞു. “ നീ എന്തിനാണു സ്വയം വിരൂപയാക്കിയത്? നീ നിന്റെ വില കെടുത്തിക്കളഞ്ഞല്ലോ?” അതിന്‌ അവൾ ഇങ്ങനെ മറുപടി പറഞ്ഞു:“ എന്റെ ഏതെങ്കിലും ശരീരഭാഗം കാരണം അങ്ങയുടെ ദൈവാരാധന മുടങ്ങരുതെന്ന് എനിയ്ക്കു തോന്നി.” അന്നു രാത്രിയിൽ ആ മനുഷ്യൻ സ്വപ്നം കണ്ടു; ഒരു ശബ്ദം അയാളോടായി പറഞ്ഞു:“ നിന്റെ കണ്ണുകളിൽ അവൾ സ്വയം വിലയിടിച്ചിരിക്കാം, നമ്മുടെ കണ്ണുകളിൽ പക്ഷേ, അവളുടെ വില കൂടിയിരിക്കുന്നു; അതിനാൽ നാം അവളെ നിന്നിൽ നിന്നെടുക്കുകയും ചെയ്യുന്നു.” ഉണർന്നപ്പോൾ തന്റെ തലയിണയ്ക്കടിയിൽ അയാൾ നാലായിരം ദീനാർ കണ്ടു; പെൺകുട്ടി മരിച്ചുകിടക്കുകയായിരുന്നു.


(ബോർഹസ്സും സിൽവിനാ ഒക്കാമ്പോയും കൂടി എഡിറ്റു ചെയ്ത The Book of Fantasy എന്ന പുസ്തകത്തിൽ നിന്ന്. )


link to image


No comments: