Tuesday, October 23, 2012

പെട്രാർക്ക് - ഞാനാരാധിച്ചിരുന്ന കണ്ണുകൾ

Petrarch_by_Bargillacropped

എരിയുന്ന വാക്കുകൾ കൊണ്ടു ഞാനാരാധിച്ചിരുന്ന കണ്ണുകൾ,
കൈകൾ, ചുമലുകൾ, കണങ്കാലുകൾ, മുഖലക്ഷണങ്ങൾ,
എന്റെ തന്നെ സ്ഥലകാലങ്ങളിൽ നിന്നെന്നെ മാറ്റിനിർത്തിയവ,
മറ്റേതൊരു മനുഷ്യനിൽ നിന്നുമെന്നെ അടയാളപ്പെടുത്തിയവ,

തനിപ്പൊന്നിന്റെ തിരയിളക്കം പോലെ മിന്നുന്ന മുടിയിഴകൾ,
മാലാഖയുടെ മന്ദഹാസം പോലെ മുഖത്തുദിക്കുന്ന വെളിച്ചം,
(ഒരിടവേളയിലേക്കതു ഭൂമിയെ സ്വർഗ്ഗവുമാക്കിയിരുന്നു)
ഒക്കെയുമിന്നു മൺപൂഴി, നിർവികാരമായ വെറും ധൂളി.

ഈ ശപ്തനായ ഞാൻ പക്ഷേ, ജീവനോടിന്നുമിരിക്കുന്നു,
ഞാനാരാധിച്ചിരുന്ന വെളിച്ചമെന്റെ കൂടെയില്ലാതെ,
കോളു കൊണ്ട കടലിൽ, ഒരു കൊതുമ്പുതോണിയിൽ.

ഇനിയൊരു പ്രണയഗാനം ഞാനെഴുതുകയെന്നതില്ല,
എന്റെ കവിതയുടെ സിരകൾ വരണ്ടുപോയിരിക്കുന്നു,
എന്റെ വീണയാലപിക്കുന്നതു വിലാപത്തിന്റെ കണ്ണീരും.


(പെട്രാർക്ക്- ഗീതകം 292)


No comments: