അദ്ദേഹം മരിച്ചു- ഒരുയർന്ന നീതിപീഠത്തിന്റെ തലവൻ, ഫ്രാൻസിലെ സർവകോടതികളിലും കുറ്റമറ്റ ജീവിതത്തിന്റെ പര്യായമായി അറിയപ്പെട്ടിരുന്ന സത്യസന്ധനായ മജിസ്ട്രേറ്റ്. വക്കീലന്മാരും ചെറുപ്പക്കാരായ നിയമോപദേഷ്ടാക്കളും ജഡ്ജിമാരുമൊക്കെ അത്യാദരവോടെ പരേതന് അന്ത്യോപചാരമർപ്പിച്ചു. അപ്പോൾ അവർക്കോർമ്മയിൽ വന്നത് ആഴത്തിലുള്ള രണ്ടു കണ്ണുകൾ പ്രകാശമാനമാക്കുന്ന വിളറിയതും മെലിഞ്ഞതും പ്രൌഢവുമായ ഒരു മുഖമാണ്.
കുറ്റകൃത്യങ്ങളെ വിടാതെ പിന്തുടർന്നും ദുർബലരെ സംരക്ഷിച്ചുമാണ് അദ്ദേഹം ജീവിതം കഴിച്ചത്. തട്ടിപ്പുകാർക്കും കൊലപാതകികൾക്കും ഇതിലും പേടിക്കേണ്ട ഒരു ശത്രുവിനെ കിട്ടാനില്ല. അവരുടെ ഹൃദയാന്തരാളങ്ങളിൽ അതിനിഗൂഢമായി കിടന്നിരുന്ന രഹസ്യങ്ങൾ പോലും അദ്ദേഹം ഏതോ വിധത്തിൽ വായിച്ചെടുത്തിരുന്നുവല്ലോ.
അങ്ങനെ എമ്പത്തിരണ്ടാമത്തെ വയസ്സിൽ, ഒരു ജനതയുടെയാകെ ആദരാഞ്ജലികളാൽ ബഹുമാനിതനായും അവരുടെ വ്യസനചിന്തകളാൽ അനുഗതനായും അദ്ദേഹം മരണത്തിലേക്കു പോയിരിക്കുന്നു. ചുവന്ന ബല്റ്റണിഞ്ഞ സൈനികർ ശവമാടത്തിലേക്ക് അദ്ദേഹത്തിന് അകമ്പടി ചെന്നു, വെളുത്ത അംഗവസ്ത്രം ധരിച്ച മാന്യദേഹങ്ങൾ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ ആത്മാർത്ഥമെന്നു തോന്നിച്ച കണ്ണീരു ചൊരിയുകയും ചെയ്തു.
പക്ഷേ ബഹുമാന്യനായ ആ ജഡ്ജി കൊടുംകുറ്റവാളികളെക്കുറിച്ചുള്ള രേഖകൾ സൂക്ഷിച്ചിരുന്ന മേശവലിപ്പിൽ നിന്ന് നോട്ടറിയെ ഞെട്ടിച്ചുകൊണ്ടു പുറത്തുവന്ന ഈ വിചിത്രമായ കടലാസ്സൊന്നു വായിച്ചുകേൾക്കൂ! അതിന്റെ തലക്കെട്ടിങ്ങനെയായിരുന്നു:
എന്തുകൊണ്ട്?
1851 ജൂൺ 20. ഞാൻ ഇപ്പോൾ കോടതിയിൽ നിന്നിറങ്ങിയതേയുള്ളു. ബ്ളോണ്ടിനെ ഞാൻ കൊല്ലാൻ വിധിച്ചു! ഈ മനുഷ്യൻ എന്തിനാണ് തന്റെ അഞ്ചു കുഞ്ഞുങ്ങളെ കൊന്നത്? കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചില മനുഷ്യരെ നാം വല്ലപ്പോഴും കണ്ടുമുട്ടാറുണ്ട്. അതെ, അതെ, അതൊരാനന്ദം തന്നെ ആയിരിക്കണം- ഏതിലും വലിയ ആനന്ദം; കാരണം, തിന്നുന്ന പോലെയല്ലേ കൊല്ലുന്നതും? ഉണ്ടാക്കുക, ഇല്ലാതാക്കുക! ഈ രണ്ടു വാക്കുകളിൽ അടങ്ങിയിരിക്കുന്നു, പ്രപഞ്ചത്തിന്റെ ചരിത്രം, സർവലോകങ്ങളുടെയും ചരിത്രം, ആകെ അത്രയേയുള്ളു! കൊല്ലുക എന്നത് എന്തുകൊണ്ടു നമ്മെ മത്തു പിടിപ്പിക്കുന്നില്ല?
ജൂൺ 25. ജീവിക്കുന്ന, നടക്കുന്ന, ഓടുന്ന ഒരു ജീവി. ഒരു ജീവി? എന്താണ് ഒരു ജീവി എന്നു പറഞ്ഞാൽ? ഒരു ചലനതത്വവും ആ തത്വത്തെ നിയന്ത്രിക്കുന്ന ഒരിച്ഛയും ഉള്ളിൽ വഹിക്കുന്ന ഒരു സ്ചേതനവസ്തു. ആ വസ്തു- അതിനൊന്നിലും ഉറച്ചൊരു പിടുത്തമില്ല. അതിന്റെ കാലടികൾ നിലത്തുറയ്ക്കുന്നില്ല. ഭൂമിയിലൂടെ പാറിനടക്കുന്ന ജീവന്റെ ഒരു തരിയാണത്; എവിടെ നിന്നു വരുന്നുവെന്നെനിക്കറിയാത്ത ആ ജീവന്റെ തരിയെ എനിക്കു വേണമെങ്കിൽ നശിപ്പിക്കാം. പിന്നെ ഒന്നുമില്ല- ഒന്നുമേയില്ല. അതു നശിച്ചു; അതോടെ അതിന്റെ കഥയും കഴിഞ്ഞു.
ജൂൺ 26. എങ്കിൽ എന്തുകൊണ്ടാണ് കൊല്ലുന്നത് കുറ്റകരമായത്? അതെ, എന്തുകൊണ്ട്? മറിച്ച്, പ്രകൃതിയുടെ നിയമമാണത്. കൊല്ലുക എന്നത് ഓരോ ജീവിക്കും പറഞ്ഞിട്ടുള്ളതാണ്; ജീവിക്കാൻ വേണ്ടി അവൻ കൊല്ലുന്നു, കൊല്ലാൻ വേണ്ടി അവൻ ജീവിക്കുന്നു. മൃഗം ദിവസം മുഴുവൻ, അതിനു ജീവനുള്ള ഓരോ നിമിഷവും വിരാമമെന്നതില്ലാതെ കൊന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനും കൊല്ലുന്നു, വിരാമമില്ലാതെ, തന്റെ ഭക്ഷണത്തിനായി; പക്ഷേ അതിനുപരി മാനസികാനന്ദത്തിനു കൂടി അവൻ കൊല്ലുന്നു എന്നതിനാൽ അനുധാവനം എന്നതൊന്നും അവൻ കണ്ടുപിടിച്ചിരിക്കുന്നു! കുട്ടി കാണുന്ന കീടങ്ങളെയും കൊച്ചുകിളികളെയും തന്റെ മുന്നിൽ വരുന്നതെന്തിനെയും കൊല്ലുന്നു. പക്ഷേ നമുക്കുള്ളിൽ അദമ്യമായിക്കിടക്കുന്ന കൂട്ടക്കൊലയ്ക്കായുള്ള ദാഹത്തെ ശമിപ്പിക്കാൻ ഇതു കൊണ്ടൊന്നും കഴിയില്ല. ജന്തുക്കളെ കൊന്നതു കൊണ്ടായില്ല; മനുഷ്യനെയും നമുക്കു കൊല്ലണം! വളരെക്കാലം മുമ്പ് ഈ ആവശ്യം നാം നിവർത്തിച്ചുപോന്നത് മനുഷ്യബലി കൊണ്ടായിരുന്നു. സമൂഹമായി ജീവിക്കുക എന്നത് ഇന്ന് ഒരാവശ്യമായതു കാരണം കൊലപാതകം കുറ്റകൃത്യമായിരിക്കുന്നു. കൊലപാതകിക്കു നാം ശിക്ഷ വിധിക്കുകയും അവനെ ശിക്ഷിക്കുകയുമാണ്! അതേ സമയം കൊല്ലുക എന്ന സഹജവും ഉദ്ധതവുമായ വാസനയ്ക്കു കീഴ്പ്പെടാതിരിക്കാൻ നമുക്കാവില്ല എന്നതിനാൽ ഇടക്കിടെ യുദ്ധങ്ങൾ നടത്തി നാം ആശ്വാസം കൊള്ളുന്നു. അപ്പോൾ ഒരു ദേശമൊരുമിച്ച് മറ്റൊരു ദേശത്തെ കശാപ്പു ചെയ്യുകയാണ്. ചോരയുടെ വിരുന്നാണത്; സൈന്യങ്ങളെ ഉന്മാദികളാക്കുകയും രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിരുന്ന് ആ കൂട്ടക്കൊലകളുടെജ്വരം കൊള്ളിക്കുന്ന കഥകൾ വായിക്കുന്ന നാട്ടുകാരെയും സ്ത്രീകളെയും കുട്ടികളെയും ആവേശഭരിതരാക്കുകയും ചെയ്യുന്ന വിരുന്ന്.
ആ കൂട്ടക്കൊലകൾ നടത്താൻ തിരഞ്ഞെടുത്തു വിടുന്നവരോട് നമുക്കു വെറുപ്പു തോന്നാറുണ്ടോ? ഇല്ല, അവരെ നാം ബഹുമതികൾ കൊണ്ടു മൂടുകയാണ്. അവരെ നാം പൊന്നും പട്ടുമണിയിക്കുന്നു; അവർ തലയിൽ തൂവലുകളും മാറത്തു പതക്കങ്ങളും അണിയുന്നു; അവർക്കു കിട്ടാത്ത ക്ഈർത്തിമുദ്രകളില്ല, ഉപഹാരങ്ങളില്ല, ബഹുമതിപത്രങ്ങളില്ല. അവർ നെഞ്ചു വിരിച്ചു നടക്കുന്നു, ആളുകൾ അവരെ ബഹുമാനിക്കുന്നു, സ്ത്രീകൾ അവരെ സ്നേഹിക്കുന്നു, ആൾക്കൂട്ടം അവർക്കായി ആർപ്പു വിളിക്കുന്നു; ഇതിനൊക്കെ കാരണമോ, മനുഷ്യരക്തം ചിന്തുക എന്ന ദൌത്യം അവർ നിറവേറ്റി എന്നതും! അവർ തങ്ങളുടെ മാരകയന്ത്രങ്ങൾ തെരുവുകളിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ സാധാരണക്കാരൻ അസൂയ കാരണം കണ്ണെടുക്കാതെ അതു നോക്കിനില്ക്കുന്നു. അസ്തിത്വത്തിന്റെ ഹൃദയത്തിൽ പ്രകൃതി പ്രതിഷ്ഠിച്ച മഹത്തായ നിയമമാണ് കൊല്ലുക എന്നത്! കൊല്ലുന്നതിനെക്കാൾ സുന്ദരവും കുലീനവുമായ ഒരു പ്രവൃത്തി വേറെയില്ല!
ജൂൺ 30. കൊല്ലുക എന്നതാണു നിയമം; എന്തെന്നാൽ നിത്യയൌവനമാണു പ്രകൃതിക്കു ഹിതം. അബോധപൂർവ്വമായി താൻ ചെയ്യുന്ന പ്രവൃത്തികൾ വഴി അവൾ ഇങ്ങനെ ആക്രോശിക്കുകയാണെന്നു നമുക്കു തോന്നും: “വേഗം, വേഗം, വേഗം!” എത്ര നശിപ്പിക്കുന്നുവോ, അത്രക്കും അവൾ പുതുതാവുകയാണ്.
ജൂലൈ 3. എന്തൊരാനന്ദമായിരിക്കുമത്, അന്യാദൃശവും ആസ്വാദ്യവും: കൊല്ലുക എന്നത്! ജീവനുള്ള, ചിന്തിക്കുന്ന ഒരു ജീവിയെ നിങ്ങൾക്കു മുന്നിൽ കൊണ്ടുനിർത്തുക, അതിൽ ഒരു തുളയുണ്ടാക്കുക, എന്നു പറഞ്ഞാൽ തീരെച്ചെറിയ ഒരു തുള, എന്നിട്ടതിലൂടെ ആ ചുവന്ന ദ്രാവകം, അതായത് ചോര, അതായത് ജീവൻ പുറത്തേക്കൊഴുകുന്നതു കാണുക, പിന്നെ നിങ്ങൾക്കു മുന്നിൽ തണുത്തതും ചിന്താശൂന്യവുമായ ഒരു മാംസപിണ്ഡം മാത്രമുണ്ടാവുക!
ആഗസ്റ്റ് 5. വിധിച്ചും ശിക്ഷിച്ചും വാക്കുകൾ കൊണ്ടു വധിച്ചും കത്തി കൊണ്ടു കൊന്നവനെ ഗില്ലറ്റിൻ കൊണ്ടു കൊന്നും ജീവിതം കഴിക്കുന്ന ഞാൻ, ഞാൻ വധിച്ച ആ ഘാതകരെപ്പോലെ ഞാനും ഒന്നു ചെയ്താൽ, എങ്കിൽ, എങ്കിൽ അതാരറിയാൻ?
ആഗ്സ്റ്റ് 10. ആരറിയാൻ പോകുന്നു? ആരെന്നെ സംശയിക്കാൻ പോകുന്നു, ഇല്ലാതാക്കാൻ എനിക്കു പ്രത്യേകിച്ചു താല്പര്യമൊന്നുമില്ലാത്ത ഒന്നിനെയാണു ഞാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ?
ആഗസ്റ്റ് 22. എനിക്കു സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു കൊച്ചുജന്തുവിനെ കൊന്നു, ഒരു പരീക്ഷണമെന്നനിലയിൽ, ഒരു തുടക്കമെന്ന നിലയിൽ. ജീൻ, എന്റെ വേലക്കാരൻ, ഒരു ഗോൾഡ് ഫിഞ്ചിനെ വളർത്തിയിരുന്നു. ഓഫീസിന്റെ ജനാലക്കടുത്തുള്ള കൂട്ടിലാണ് അതിനെ ഇട്ടിരുന്നത്. ഞാൻ എന്തോ കാര്യം പറഞ്ഞ് അവനെ പുറത്തേക്കയച്ചിട്ട് ആ കൊച്ചുകിളിയെ കൈയിലെടുത്തു; അതിന്റെ ഹൃദയം മിടിക്കുന്നത് ഞാൻ കൈവെള്ളയിലറിഞ്ഞു. അതിന്റെ ഊഷ്മളത ഞാനറിഞ്ഞു. ഞാൻ അതിനെയും കൊണ്ട് മുറിക്കുള്ളിലേക്കു നടന്നു. ഇടക്കിടെ ഞാൻ അതിനെ ഒന്നമർത്തിനോക്കി; അതിന്റെ ഹൃദയമിടിപ്പു കൂടി; ഒരേ സമയം ജുഗുപ്ത്സാവഹവും ആസ്വാദ്യവുമായിരുന്നു എനിക്കത്. ഞാനതിനെ ഞെരിച്ചുകൊല്ലുകയായിരുന്നു. പക്ഷേ അതു പോരാ, എനിക്കു ചോര കാണണം.
പിന്നെ ഞാൻ കത്രികയെടുത്തു, നഖം വെട്ടുന്ന കൊച്ചു കത്രിക. വളരെ പതുക്കെ ഞാൻ അതിന്റെ തൊണ്ടയിൽ മൂന്നു കുത്തു കുത്തി. അതു ചുണ്ടു പിളർത്തി, എന്നിൽ നിന്നു രക്ഷപ്പെടാൻ കുതറി- പക്ഷേ ഞാൻ അതിനെ ഇറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു- ഹാ! ഒരു പേപ്പട്ടിയെ വേണമെങ്കിൽ എനിക്കങ്ങനെ പിടിച്ചുവയ്ക്കാമായിരുന്നു- ചോര ഇറ്റുവീഴുന്നതു ഞാൻ കണ്ടു.
പിന്നെ കൊലപാതകികൾ, യഥാർത്ഥകൊലപാതകികൾ ചെയ്യുന്നതു തന്നെ ഞാനും ചെയ്തു. ഞാൻ കത്രിക കഴുകിവച്ചു, എന്റെ കൈകൾ കഴുകി. ജഡം തോട്ടത്തിലേക്കു കൊണ്ടുപോയി ഒരു സ്ട്രോബറി മരത്തിനടിയിൽ ഞാൻ മറവു ചെയ്തു. ആരും അതു കണ്ടുപിടിക്കാൻ പോകുന്നില്ല. എല്ലാ ദിവസവും എനിക്ക് ആ മരത്തിൽ നിന്ന് ഒരു സ്ട്രോബറി തിന്നാം. എങ്ങനെ ആസ്വദിക്കണമെന്നറിഞ്ഞാല്പിന്നെ ജീവിതം നമുക്ക് എത്ര ആസ്വാദ്യമാകുന്നു!
വേലക്കാരൻ കരഞ്ഞു; തന്റെ കിളി പറന്നുപോയെന്നാണ് അവൻ കരുതിയത്. അവൻ എന്നെ എങ്ങനെ സംശയിക്കാൻ? ആഹാ!
ആഗസ്റ്റ് 25. ഒരു മനുഷ്യനെ കൊല്ലണം! കൊന്നേ പറ്റൂ!
ആഗസ്റ്റ് 30. അതു സാധിച്ചു. പക്ഷേ എത്ര ചെറിയതൊന്ന്! വെർനേയിലെ കാട്ടിൽ നടക്കാൻ പോയതായിരുന്നു. മനസ്സിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. നോക്കൂ! വഴിയിൽ ഒരു കൊച്ചുകുട്ടി, വെണ്ണ പുരട്ടിയ റൊട്ടിയും തിന്നുകൊണ്ട് ഒരു കൊച്ചുകുട്ടി. എന്നെ കണ്ടിട്ട് അവൻ തീറ്റ നിർത്തി എനിക്കു സലാം പറഞ്ഞു.
എന്റെ മനസ്സിൽ ഒരു ചിന്ത കയറിക്കൂടുകയാണ്: “അവനെ കൊന്നാലോ?”
ഞാൻ ചോദിക്കുന്നു: “നീ ഒറ്റയ്ക്കാണോ, മോനേ?”
“അതെ, സാർ.”
“ഈ കാട്ടിൽ നീ ആകെ ഒറ്റയ്ക്ക്?”
“അതെ, സർ.”
അവനെ കൊല്ലാനുള്ള ആഗ്രഹം ലഹരി പോലെ എന്റെ തലയ്ക്കു പിടിച്ചു. ഞാൻ സാവധാനം അവനടുത്തേക്കു ചെന്നു; അവൻ ഓടിപ്പോകാൻ നോക്കുകയാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു ഞാൻ. പിന്നെ ഞാൻ പെട്ടെന്ന് അവന്റെ തൊണ്ടയ്ക്കു കയറിപ്പിടിച്ചു. അവൻ ആ കൊച്ചുകൈകൾ കൊണ്ട് എന്റെ കൈത്തണ്ടയിൽ പിടിച്ചുകിടന്നു. കാറ്റത്തു തൂവലിളകും പോലെ അവന്റെ ദേഹം കിടന്നു പിടഞ്ഞു. പിന്നെ അവൻ അനങ്ങാതായി. ഞാൻ ജഡമെടുത്ത് ഒരു കുണ്ടിലേക്കെറിഞ്ഞു; മീതെ കുറച്ചു പായലും വാരിയിട്ടു. ഞാൻ വീട്ടിൽ മടങ്ങിയെത്തി സുഖമായി അത്താഴം കഴിച്ചു. എത്ര ചെറിയൊരു വസ്തുവായിരുന്നു അത്! രാത്രിയിൽ ഞാനാകെ സന്തോഷത്തിലായിരുന്നു, മനസ്സിനു നല്ല ലാഘവം തോന്നി; രാത്രി മുഴുവൻ ഞാൻ പ്രിഫെക്റ്റിന്റെ കൂടെ ചെലവഴിച്ചു. അന്നു ഞാൻ ഒരുപാടു തമാശകൾ പറഞ്ഞുവെന്ന് അവർ പറഞ്ഞു. പക്ഷേ ഞാനിനിയും ചോര കണ്ടിട്ടില്ല! എനിക്കു സമാധാനമായിട്ടില്ല.
ആഗസ്റ്റ് 31. കുട്ടിയുടെ ജഡം കണ്ടെടുക്കപ്പെട്ടു. അവർ കൊലപാതകിയെ തിരയുകയാണ്. ആഹാ!
സെപ്തംബർ 1. രണ്ടു തെണ്ടികളെ അറസ്റ്റു ചെയ്തു. തെളിവുകളൊന്നും കിട്ടിയിട്ടില്ല.
സെപ്തംബർ 2. അച്ഛനമ്മമാർ എന്നെ കാണാൻ വന്നിരുന്നു. അവർ കരഞ്ഞു! ആഹാ!
ഒക്റ്റോബർ 6. ഒന്നും പുറത്തു വന്നിട്ടില്ല. അലഞ്ഞുനടക്കുന്ന ഏതോ ഒരുത്തൻ ചെയ്തതാവണം. ആഹാ! ചോരയൊഴുകുന്നതു കാണാൻ പറ്റിയിരുന്നെങ്കിൽ ഇതിനകം എനിക്കു സ്വസ്ഥത കിട്ടിയേനെ!
ഒക്റ്റോബർ 10. ഒന്നു കൂടി. രാവിലെ ഭക്ഷണം കഴിഞ്ഞ് ഞാൻ പുഴക്കരയിലൂടെ നടക്കുകയാണ്. ഒരു മരത്തിനടിയിൽ ഒരു മീൻപിടുത്തക്കാരൻ കിടന്നുറങ്ങുന്നതു ഞാൻ കണ്ടു. ഉച്ചനേരമായിരുന്നു. ഒരു മൺകോരി, എനിക്കു മാത്രമായി അവിടെ കൊണ്ടുവച്ചപോലെ, അടുത്തുള്ള ഉരുളക്കിഴങ്ങുപാടത്തു കിടപ്പുണ്ടായിരുന്നു.
ഞാൻ അതെടുത്തു തിരിച്ചുവന്നു; ഒരു ഗദ പോലെ അതുയർത്തിപ്പിടിച്ചിട്ട് അതിന്റെ ഒരറ്റം കൊണ്ട് അയാളുടെ തലയ്ക്ക് ഒറ്റയടി; അയാളുടെ തല പിളർന്നു. ഹൊ! അയാളുടെ ചോര കുത്തിയൊലിച്ചു- ഇളംചുവപ്പുനിറത്തിലുള്ള ചോര. വളരെ സാവധാനം അതു വെള്ളത്തിലേക്കൊഴുകി. കാലുകൾ അമർത്തിച്ചവിട്ടി ഞാൻ നടന്നുപോയി. ഞാനഥവാ ആരുടെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ! ആഹാ! ഒരൊന്നാന്തരം കൊലപാതകിക്കുള്ള ഉരുപ്പടി തന്നെ ഞാൻ!
ഒക്റ്റോബർ 25. മീൻപിടുത്തക്കാരന്റെ സംഭവം വലിയ ഒച്ചപ്പാടിനു കാരണമായിരിക്കുന്നു. അയാളോടൊപ്പം വല വീശാൻ പോയ അനന്തരവന്റെ മേൽ കൊലക്കുറ്റം ചുമത്തിയിരിക്കുന്നു.
ഒക്റ്റോബർ 26. അനന്തരവൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് പ്രോസിക്യൂട്ടർ കൊണ്ടുപിടിച്ചു വാദിച്ചു. എല്ലാവർക്കും അതു വിശ്വാസമായിരിക്കുന്നു.. ആഹാ! ആഹാ!
ഒക്റ്റോബർ 27. അനന്തരവന്റെ വാദം ഫലിക്കുന്നില്ല. താനന്ന് റൊട്ടിയും ചീസും വാങ്ങാൻ ഗ്രാമത്തിൽ പോയിരിക്കുകയായിരുന്നുവെന്ന് അയാൾ വാദിക്കുന്നു. തന്റെ അഭാവത്തിലാണ് അമ്മാവന്റെ കൊല നടന്നതെന്ന് അയാൾ ആണയിടുന്നു. ആരു വിശ്വസിക്കാൻ?
ഒക്റ്റോബർ 28. അനന്തരവൻ കുറ്റമേറ്റപോലെയാണ്, അത്രയ്ക്കാണ് എല്ലാവരും കൂടി അവന്റെ തല തിന്നത്! ആഹാ! നീതി!
നവംബർ 15. അനന്തരവനെതിരെ അനിഷേദ്ധ്യമായ തെളിവുകൾ കിട്ടിയിരിക്കുന്നു; അമ്മാവന്റെ അനന്തരാവകാശി അയാളായിരുന്നു. കേസിന്റെ അവസാനവാദം കേൾക്കുന്നതു ഞാനാണ്.
1852 ജനുവരി 25. മരണം! മരണം! മരണം! ഞാൻ അവനു മരണശിക്ഷ വിധിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ പ്രസംഗം ഒരു മാലാഖയുടേതു പോലിരുന്നു! ആഹാ! ഒന്നു കൂടി! അവന്റെ വധശിക്ഷ നടപ്പാക്കുന്നതു പോയിക്കാണണം!
മാർച്ച് 10. അതു കഴിഞ്ഞു. ഇന്നു രാവിലെ അവനെ ഗില്ലറ്റിനിൽ വച്ചു. അവൻ ഒന്നാന്തരമായി മരിച്ചു! ഒന്നാന്തരമായി! എനിക്കു സന്തോഷം തോന്നി! ഒരു മനുഷ്യന്റെ തല മുറിച്ചുമാറ്റുന്നതു കാണാൻ എന്തു രസമാണല്ലേ!
ഇനി എനിക്കു കാത്തിരിക്കാം; എനിക്കു കാത്തിരിക്കാം. എത്രയും ചെറിയൊരു സംഗതി മതി ഞാൻ പിടിയിലാവാൻ.
നോട്ടുബുക്കിൽ പേജുകൾ പിന്നെയും ഉണ്ടായിരുന്നുവെങ്കിലും പുതിയ കുറ്റകൃത്യങ്ങളൊന്നും പരാമർശിച്ചുകണ്ടില്ല.
കുറ്റവാളികളുടെ മനഃശാസ്ത്രമറിയുന്ന ഒരു ഡോക്ടർക്കു മുന്നിൽ ഈ ദാരുണമായ കഥ വിവരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഈ പൈശാചികജീവിയുടെ നൈപുണ്യവും ഭീകരതയും ഒത്തുചേർന്ന അനേകം ഭ്രാന്തന്മാർ പുറമേക്കറിയാതെ ലോകത്തു ജീവിച്ചിരിപ്പുണ്ടെന്നാണ്.