ഞാന്‍ ആരെയെങ്കിലും വക്കീലായി വച്ചിട്ടുണ്ടോയെന്ന് എനിക്കു യാതൊരു തീര്‍ച്ചയുമില്ലായിരുന്നു; അതിനെക്കുറിച്ച് കൃത്യമായിട്ടെന്തെങ്കിലും കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞുമില്ല; കണ്ട മുഖങ്ങളൊക്കെ പരിചയമില്ലാത്തവയായിരുന്നു; എനിക്കെതിരേ വന്നവരും ഇടനാഴികളില്‍ വച്ചു ഞാന്‍ കണ്ടുമുട്ടികൊണ്ടിരുന്നവരുമായ ആളുകളില്‍ മിക്കവരും തടിച്ചുകൊഴുത്ത കിഴവികളെപ്പോലെയിരുന്നു; അവര്‍ ശരീരമാകെ മറയ്‌ക്കുന്ന, നീലയും വെള്ളയും വരകളുള്ള വലിയ മുന്നാരത്തുണികള്‍ ധരിച്ചിരുന്നു; വയര്‍ തടവിക്കൊണ്ടേയിരുന്നു; മുന്നോട്ടും പിന്നോട്ടും വിലക്ഷണമായി ആടിയുലഞ്ഞുകൊണ്ടേയിരുന്നു. ഇതൊരു നീതിന്യായക്കോടതിയാണോ എന്നുപോലും കണ്ടുപിടിക്കാന്‍ എനിക്കായില്ല. അതിനെ ശരിവയ്‌ക്കുന്ന ചില വസ്‌തുതകളുണ്ടായിരുന്നു; എതിരുനില്‍ക്കുന്നവ വേറേയുണ്ടായിരുന്നു. ഇതൊരു നീതിന്യായക്കോടതിയാണെന്ന് എന്നെയോര്‍മ്മിപ്പിച്ചത് മറ്റെന്തിനേക്കാളുമുപരി അകലെനിന്ന് തോരാതെ കേട്ടുകൊണ്ടിരുന്ന ഒരു മൂളക്കമാണ്; ഏതു ദിക്കില്‍നിന്നാണ് അതുവരുന്നതെന്നു പറയാന്‍ നിങ്ങള്‍ക്കാവില്ല; സകലമുറികളിലും അതു വ്യാപിച്ചിരുന്നതിന്റെ തോതുവച്ചു നോക്കിയാല്‍ അതു സര്‍വ്വദിക്കില്‍നിന്നും വരുന്നതായി സങ്കല്‍പ്പിക്കാതെ തരമില്ലായിരുന്നു; അതല്ലെങ്കില്‍ കുറച്ചുകൂടി സംഭവ്യമായിതോന്നിയപോലെ, നിങ്ങള്‍ എവിടെയാണോ നില്‌ക്കാനിടയായത്, അവിടെത്തന്നെയാണ് ആ മൂളലിന്റെ ഉറവിടവും എന്നുവേണമെങ്കിലും സങ്കല്‌പ്പിക്കാമായിരുന്നു; പക്ഷേ അതൊരു വിഭ്രമമാകാനെ വഴിയുള്ളൂ, ശബ്ദം കേള്‍ക്കുന്നതു ദൂരെനിന്നാണല്ലോ. ഇടുങ്ങിയതും അനാര്‍ഭാടമായ കമാനങ്ങള്‍ താങ്ങുന്നതും, ഉയരമുള്ള അനലംകൃതമായ വാതിലുകള്‍ ഉള്ളിലേക്കു തിരിയുന്നതുമായ ആ ഇടനാഴികള്‍ ഗംഭീരമായ നിശബ്ദതയ്‌ക്ക് വേണ്ടിമാത്രം സൃഷ്ടിച്ചവയാണെന്ന് തോന്നിപ്പോയി; ഒരു കാഴ്‌ചബംഗ്ലാവിന്റെയോ ഗ്രന്ഥശാലയുടെയോ ഇടനാഴികളാണവ. പക്ഷേ നീതിന്യായക്കോടതിയല്ല ഇതല്ലങ്കില്‍പ്പിന്നെ ഞാനെന്തിനാണ് ഇവിടെ വക്കീലിനെത്തിരഞ്ഞു നടക്കുന്നത്? അതിനുകാരണം, ഞാന്‍ എവിടെയും ഒരു വക്കീലിനെ അന്വേഷിച്ചുനടക്കുയാണ് എന്നതത്രെ; അയാളെ എവിടെയും ആവശ്യമാണ്; മറ്റെങ്ങുമല്ലങ്കില്‍ കോടതിയിലെങ്കിലും അയാളുടെ ആവശ്യം വരും; കാരണം കോടതിയില്‍ വിധി കല്‌പിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാവണമല്ലൊ. നിയമം നടത്തുന്നത് ന്യായം നോക്കാതെയും തോന്നിയതുപോലെയാണെന്നും വന്നാല്‍പ്പിന്നെ ജീവിതം അസാധ്യമാകും; കോടതി നിയമത്തിന്റെ പ്രതാപത്തെ അതിന്റെ പൂര്‍ണ്ണവ്യാപ്‌തിയില്‍ വ്യാപരിക്കാന്‍ അനുവദിക്കുന്നു എന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം; അതിന്റെ ഒരേയൊരു കര്‍ത്താവ്യവും അതാണല്ലോ. നിയമത്തിനുള്ളില്‍ ആരോപണവും വക്കാലത്തും വിധികല്‌പിക്കലും മാത്രമേയുള്ളൂ; അതിന്മേല്‍ ഒരു വ്യക്തി നടത്തുന്ന ഏതിടപെടലും ഒരപരാധമായിട്ടാണു വരിക. വിധിനിര്‍ണ്ണയത്തിന്റെ കാര്യം പക്ഷെ വ്യത്യസ്‌തമാണ്; അങ്ങുമിങ്ങും നിന്ന്, സ്‌നേഹിതന്മാരിലും ശത്രുക്കളിലും നിന്ന്, കുടുംബത്തിലും പൊതുജീവിതത്തിലും നിന്ന്, നഗരത്തിലും ഗ്രാമത്തിലും നിന്ന്- ചുരുക്കത്തില്‍ സര്‍വ്വസ്ഥലത്തുനിന്നുമുള്ള അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് വിധി നിര്‍ണ്ണയിക്കുക. ഇവിടെ വക്കീലന്മാര്‍ അവശ്യം ആവശ്യമായ ഘടകമത്രെ; വക്കീലന്മാര്‍ എത്രയെങ്കിലുമുണ്ട്; ഏറ്റവും കേമന്മാരായ വക്കീലന്മാര്‍. ജീവനുള്ള ഒരു ഭിത്തിപോലെ അടുങ്ങിയടുങ്ങിയിരിക്കുകയാണവര്‍; ആ ജഡപ്രകൃതികളെ ഇളക്കിവിടുക എന്നത് വലിയ അദ്ധ്വാനമത്രെ. പക്ഷെ വാദികള്‍, സൂത്രക്കാരായ ആ കുറുക്കന്മാര്‍, ഒളിഞ്ഞുനോട്ടക്കാരായ ആ കീരികള്‍, ആ കൊച്ചുചുണ്ടെലികള്‍-അവര്‍ ഏതിടുങ്ങിയ പഴുതിലൂടെയും കടന്നുപോകും; വക്കീലന്മാരുടെ കാലുകള്‍ക്കിടയിലൂടെയും അവര്‍ പാഞ്ഞുപോകും. അതിനാല്‍ ജാഗ്രത! ഞാന്‍ വന്നിരിക്കുന്നതെന്തിനാണ്? ഞാന്‍ വക്കീലന്മാരെ നോക്കിനടക്കുകയാണ്. പക്ഷേ ഈ നിമിഷം വരെ ഒരാളെയും കണ്ടുകിട്ടിയിട്ടില്ല; ആ കിഴവികള്‍ വരുന്നതും പോകുന്നതുമേ കാണാനുള്ളു. തിരഞ്ഞുനടക്കുകയായിരുന്നില്ലെങ്കില്‍ ഞാനിതിനകം ഉറങ്ങിപ്പോയേനേ. ശരിയായ സ്ഥലത്തല്ല ഞാന്‍ എത്തിയിരിക്കുന്നത്-കഷ്ടം, ശരിയായ സ്ഥലത്തല്ല ഞാനെത്തിയിരിക്കുന്നതെന്ന തോന്നല്‍ മനസ്സില്‍ നിന്നൊഴിവാക്കാന്‍ എനിക്കു കഴിയുന്നില്ല. ഞാന്‍ പോകേണ്ടിയിരുന്നത് എല്ലാതരം ആള്‍ക്കാരും- നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുവരുന്നവര്‍, എല്ലാ വര്‍ഗ്ഗത്തിലും പെടുന്നവര്‍, എല്ലാ തൊഴിലും ചെയ്യുന്നവര്‍, എല്ലാ പ്രായത്തിലും പെട്ടവര്‍- ഒരുമിച്ചുകൂടൂന്ന ഒരു സ്ഥലത്താണ്; ദയാലുക്കളും, ശേഷിമാന്മാരും, എന്റെ കാര്യത്തില്‍ താല്‌പര്യമെടുക്കുന്നവരുമായ ആള്‍ക്കാരെ ഒരു ജനക്കൂട്ടത്തിനിടയില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കാനുള്ള അവസരം എനിക്കു കിട്ടേണ്ടതായിരുന്നു. ഒരു പക്ഷേ അതിനേറ്റവും യോജിച്ച സ്ഥലം ഒരു വലിയ ഉത്സവപ്പറമ്പായിരിക്കും; അതിനു പകരം ഞാന്‍ ഈ ഇടനാഴികളില്‍ ചുറ്റിപ്പറ്റിനടക്കുകയാണ്; ഇവിടെയാണെങ്കില്‍ ആ കിഴവികളെയേ കാണാനുള്ളു; അവര്‍ പോലും അധികമില്ല.' അതേ പഴയ മുഖങ്ങള്‍; ആ കുറച്ചു പേര്‍ പോലും, അവരുടെ ആ മന്ദഗതി ഇരിക്കെത്തന്നെ, എന്റെ പിടിയില്‍ വരുന്നുമില്ല; എന്നില്‍ നിന്നു വഴുതിമാറി, മഴമേഘങ്ങളെപ്പോലെ ഒഴുകിപ്പോവുകയാണവര്‍; എനിക്കറിയാത്ത കര്‍മ്മങ്ങളില്‍ വ്യാപൃതരാണവര്‍. എങ്കില്‍പ്പിന്നെ എന്തിനാണ് ഞാന്‍ കവാടത്തിലെഴുതിവച്ചിരിക്കുന്ന ബോര്‍ഡുപോലും വായിച്ചുനോക്കാതെ നേരേ ഈ കെട്ടിടത്തിലേക്ക് ഓടിവന്നു കയറി ഈ ഇടനാഴികളില്‍ എത്തിപ്പെടുകയും, വല്ലാത്തൊരു നിര്‍ബ്ബന്ധബുദ്ധിയോടെ ഇവിടെത്തന്നെ തങ്ങിനില്‍ക്കുകയും (കെട്ടിടത്തിനു മുന്നിലെത്തിയതും നടക്കല്ലുകള്‍ ഓടിക്കയറിയതുമൊന്നും എന്റെ ഓര്‍മ്മയിലേയില്ല!) ചെയ്യുന്നത്? പക്ഷേ മടങ്ങിപ്പോകാന്‍ എനിക്കു സാദ്ധ്യമല്ല; ഈ സമയനഷ്ടം, ഞാന്‍ തെറ്റായ പാതയിലായിരുന്നു എന്ന കുമ്പസാരം എനിക്കു താങ്ങാവുന്നതിലധികമായിരിക്കും. എന്ത്? ഹ്രസ്വവും ബദ്ധപ്പെട്ടതുമായ ഈ ജീവിതത്തിനിടയില്‍ ക്ഷമകെട്ട ആ മൂളലിന്റെ അകമ്പടിയോടെ കോണിപ്പടിയിറങ്ങി ഞാന്‍ ഓടണമെന്നോ? സാദ്ധ്യമല്ല. നിങ്ങള്‍ക്കനുവദിച്ചിരിക്കുന്ന സമയം എത്രയോ ഹ്രസ്വമാണ്; അതില്‍ ഒരു നിമിഷം നഷ്ടപ്പെടുത്തിയാല്‍ നിങ്ങളുടെ ജീവിതമാകെ നഷ്ടമായിക്കഴിഞ്ഞു; അതിലധികം ദൈര്‍ഘ്യം അതിനില്ല; നിങ്ങള്‍ക്കു നഷ്ടമാകുന്ന സമയത്തിന്റെ അത്ര ദൈര്‍ഘ്യമേ അതിനുള്ളു. ആയതുകൊണ്ട് നിങ്ങള്‍ നടക്കാനിറങ്ങിക്കഴിഞ്ഞു എന്നാണെങ്കില്‍, എന്തുവന്നാലും അതു തുടര്‍ന്നുപോവുക; നിങ്ങള്‍ക്കു നേടാനേയുള്ളു, നഷ്ടപ്പെടാനൊന്നുമില്ല; നടന്നു നടന്നൊടുവില്‍ ഒരു കിഴുക്കാംതൂക്കായ ചരിവിനപ്പുറത്തേക്കു നിങ്ങള്‍ മറിഞ്ഞുവീണുവെന്നു വന്നേക്കാം. പക്ഷേ ഒന്നുരണ്ടടി നടന്നതിനുശേഷം നിങ്ങള്‍ പിന്തിരിഞ്ഞ് കോണിപ്പടി ഇറങ്ങിയോടിയിരുന്നുവെങ്കില്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ താഴെവീഴുമായിരുന്നു- ഒരു പക്ഷേ എന്നല്ല, നിശ്ചയമായിത്തന്നെ. അതിനാല്‍ ഇടനാഴികളില്‍ യാതൊന്നും കണ്ടില്ലെന്നു വന്നാല്‍ വാതിലുകള്‍ തുറന്നുനോക്കുക; വാതിലുകള്‍ക്കു പിന്നിലും യാതൊന്നും കണ്ടില്ലെങ്കില്‍ മുകളില്‍ വേറെയും നിലകളുണ്ടല്ലോ; അവിടെയും യാതൊന്നും കണ്ടില്ലെങ്കില്‍, പേടിക്കേണ്ട, വീണ്ടും കോണിപ്പടി ഓടിക്കയറുക: നിങ്ങള്‍ കേറികൊണ്ടിരിക്കുന്നിടത്തോളം കാലം കോണിപ്പടികള്‍ അവസാനിക്കുകയില്ല; കയറിപ്പോകുന്ന കാലടികള്‍ക്കു ചുവട്ടില്‍ അവ മുകളിലേക്കു വളര്‍ന്നുകയറിക്കൊണ്ടേയിരിക്കും.
(1936)
വക്കീലന്മാരുടെ ആവശ്യകതയെക്കുറിച്ചുള്ള ആഖ്യാതാവിന്റെ ആലോചനകള്‍ക്കും ഏതെന്നു തെളിച്ചു പറയാത്ത ഒരു കെട്ടിടത്തിന്റെ ഇടനാഴികളില്‍ അവര്‍ക്കായി നടത്തിയ വിഫലമായ അന്വേഷണ ത്തിനും ശേഷം സംവാദരൂപത്തിലുള്ള ഒരു വിചിന്തനത്തിലേക്ക് ആഖ്യാനം തിരിയുന്നു. ഈ പുതിയ വീക്ഷണത്തില്‍ ‘ഞാന്‍’ പുറത്തുള്ള ഒരു നിരീക്ഷകനായി സ്വയം മാറുന്നു. അവസാനമെത്തു ന്നതോടെ സൂക്ഷ്‌മമായ മറ്റൊരു തകിടം മറിച്ചിലും നടക്കുന്നുണ്ട്: സംഭാഷണം ഒരു പ്രഭാഷണമായി മാറുകയും, വക്കീലിനെ അന്വേഷിച്ചു വന്നയാള്‍ സ്വന്തം പ്രതിനിധി എന്ന സ്ഥാനം കൂടി ഏറ്റെടുക്കുകയുമാ ണ്; തന്നോടെന്ന പോലെ തനിക്കു വേണ്ടിക്കൂടിയുമാണ് അയാള്‍ സംസാരിക്കുന്നത്. ആജ്ഞാസ്വരത്തില്‍ അയാള്‍ തന്നെത്തന്നെ ഉപ ദേശിക്കുകയാണ്, ഫലം അനിശ്ചിതമാണെങ്കില്‍ക്കൂടി താഴെയും മുക ള്‍നിലകളി ലും കോണിപ്പടികളിലും അന്വേഷണം തുടരാന്‍: “നിങ്ങള്‍ കയറിക്കൊണ്ടേയിരിക്കുന്നിടത്തോളം കാലം കോണിപ്പടികള്‍ അവ സാനിക്കുകയുമില്ല; കയറുന്ന കാലടികള്‍ക്കടിയില്‍ അവ വളര്‍ന്നുക യറിക്കൊണ്ടേയിരിക്കും.” ഉത്തമപുരുഷനായ ‘ഞാനി’ല്‍ നിന്ന് മദ്ധ്യമ പുരുഷനായ ‘നിങ്ങളി’ലേക്കുള്ള ഈ മാറ്റം ഊന്നുന്നത് ആഖ്യാതാ വിന്റെ സന്ദിഗ്‌ധാവസ്ഥയിലാണ്. അടിസ്ഥാനപരമായി ഒരു സ്ഥാന മാറ്റം, ഉത്തരവാദിത്തത്തിന്റെ വച്ചുമാറല്‍ നടക്കുകയാണ്. കാഫ്‌ക കഥാപുരുഷനെ തന്നില്‍ നിന്നു തന്നെ ഇറങ്ങിപ്പോരാന്‍, മുകളിലേക്കു കയറിപ്പോകുമ്പോള്‍ത്തന്നെ കഥയില്‍ നിന്നിറങ്ങിപ്പോരാനും വിടുകയാണ്. തന്റെ കഥാഖ്യാനത്തിന്റെ ഘടകമായ പരിപ്രേക്ഷ്യങ്ങളുടെ സാധ്യതകളും പരിമിതികളും കണ്ടെത്തുന്നതിന് കഥയെ തുറന്നിടുകയുമാണദ്ദേഹം.
(Doreen Densky- Proxies in Kafka)
Wednesday, April 2, 2014
കാഫ്ക - വക്കീലന്മാര്‍
Labels:
കഥ,
കാഫ്ക,
ജര്‍മ്മന്‍,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment