Monday, March 31, 2014

പെസ്സൊവ - ഒന്നിനു പിന്നിലൊന്നായി...


 

ഒന്നിനു പിന്നിലൊന്നായി തിക്കിത്തിരക്കുന്ന തിരകൾ
ഹരിതചലനത്തോടെ ചുരുളുന്നു,
കടലോരങളുടെ തവിട്ടുനിറത്തിലേക്ക്
വെളുത്ത പതയൂതിവിടുന്നു.

അലസമേഘങ്ങളൊന്നിനു പിന്നിലൊന്നായി
വർത്തുളചലനത്തോടെ പൊട്ടിവിടരുന്നു,
വിരളമേഘങ്ങൾക്കിടയിലെ വായുവിനെ
സൂര്യൻ ചുട്ടുപൊള്ളിക്കുന്നു.

എന്നോടുദാസീനമായ- ഞാനവളോടെന്നപോലെ-
ഈ തെളിഞ്ഞ പകലിന്റെ മനോഭാവം
കാലമാവിയായിപ്പോവുകയാണെന്ന എന്റെ ബോധത്തിന്‌
തെല്ലുമാശ്വാസമണയ്ക്കുന്നില്ല.

അവ്യക്തവും നിസ്സാരവുമായ ഒരു നൊമ്പരം മാത്രം
എന്റെ ആത്മാവിലേക്കുള്ള കവാടത്തിൽ ഒരു നൊടി നില്ക്കുന്നു,
ഒരു ക്ഷണമെന്നെ തുറിച്ചുനോക്കിയതില്പിന്നെ
കടന്നുപോകുന്നു, ഒന്നിനോടുമല്ലാതൊരു പുഞ്ചിരിയുമായി.

(1918)

No comments: