Saturday, March 15, 2014

മയക്കോവ്സ്കി - കാലുറയിട്ട മേഘം

images (1)

 


എണ്ണമെഴുക്കൊട്ടുന്ന സോഫയിൽ
നീണ്ടുനിവർന്നുകിടക്കുന്ന ഉദ്യോഗസ്ഥനെപ്പോലെ
നനഞ്ഞുചീർത്ത തലച്ചോറിൽ
മനോരാജ്യം കാണുന്ന നിങ്ങളുടെ  ചിന്തകൾ-
ചോരയൊലിക്കുന്ന ഹൃദയത്തുണ്ടു കൊണ്ടു ഞാ-
നതിനെ കളിയാക്കിക്കൊല്ലും,
വെറുപ്പിറ്റുന്ന വാക്കുകൾ കൊണ്ടു ഞാൻ
അടിമുടി നിങ്ങളെപ്പൊള്ളിക്കും.

ഒരൊറ്റ  മുടിയിഴ പോലുമെന്റെയാത്മാവിൽ
നരച്ചിട്ടില്ല,
വൃദ്ധവാത്സല്യമെന്നിൽ നിന്നു നിങ്ങള്‍  പ്രതീക്ഷിക്കയും വേണ്ട!
ദിക്കുകൾ മാറ്റൊലിക്കുന്ന ഇടിനാദവുമായി
ഞാൻ പോകുന്നു-
കാണാൻ സുന്ദരനായ
ഇരുപത്തിരണ്ടുകാരൻ!

സൌമ്യാത്മാക്കളേ,
നിങ്ങളുടെ പ്രണയം
വയലിനിലൊരേകാന്തഗാനം,
അതിലും പരുക്കനായ ഹൃദയങ്ങളേ,
നിങ്ങൾ നിങ്ങളുടെ പ്രണയം
ചെണ്ടകളിലറഞ്ഞുകൊട്ടിക്കോളൂ.
നിങ്ങൾക്കാവുമോ പക്ഷേ,
എന്നെപ്പോലകം പുറം തിരിയാൻ,
രണ്ടു ചുണ്ടുകൾ മാത്രമാവാൻ?
മസ്ലിൻ വിരികളിട്ട സ്വീകരണമുറികളിൽ നിന്നിറങ്ങിവരൂ,
എന്നെക്കണ്ടു പഠിക്കൂ,
മാലാഖമാരെപ്പോലെ വെടിപ്പനായ
ഉദ്യോഗസ്ഥവൃന്ദമേ!
കുശിനിക്കാരി പാചകപുസ്തകത്തിന്റെ താളു മറിക്കുമ്പോലെ
ചുണ്ടു മറിക്കുന്ന സ്ത്രീകളേ, നിങ്ങളും!
നിങ്ങൾക്കേതാണിഷ്ടം,
ഞാനതാവാം-
വെറുമിറച്ചിയായി ചവിട്ടിക്കുതിച്ചു തിമിർക്കണോ?
അതോ,
സൂര്യോദയത്തിലെ നിറഭേദങ്ങളാവണോ?
എത്രയുമാർദ്രഹൃദയൻ,
മനുഷ്യനല്ല,
കാലുറയിട്ടൊരു മേഘം!

പൂവിടുന്ന നീസിൽ എനിക്കു വിശ്വാസമില്ല!
എന്റെ പാട്ടുകളിൽ ഞാൻ പുകഴ്ത്തുന്നു,
ആശുപത്രിക്കിടക്കകൾ പോലെ മുഷിഞ്ഞുനാറുന്ന
പുരുഷന്മാരെ,
പറഞ്ഞുതേഞ്ഞ പഴഞ്ചൊല്ലുകൾ പോലെ
തളർന്നുപോയ സ്ത്രീകളെ.


നീസ് - ഫ്രാൻസിൽ നീസിലെ പ്രസിദ്ധമായ പൂക്കളുടെ ചന്ത.

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

No comments: