അത്യുന്നതങ്ങളിൽ
മേഘങ്ങളൊഴുകിനീങ്ങി.
നാലേ നാലെണ്ണം-
നിങ്ങൾ പറഞ്ഞ കൂട്ടമൊന്നുമില്ല.
ഒന്നു മുതൽ മൂന്നു വരെ
അവർ മനുഷ്യരെപ്പോലിരുന്നു,
നാലാമത്തേതോ
ഒരൊട്ടകം.
പിന്നെ,
അവർ കുറേയകലെയലഞ്ഞുപോയതില്പിന്നെ,
വഴിയിൽ വച്ചഞ്ചാമതൊന്ന്
അവർക്കൊപ്പം കൂടി,
അതിൽ നിന്നൊരു സാംഗത്യവുമില്ലാതെ
ആനകളോടാനകളിറങ്ങിയോടി.
ഒടുവിൽ-
ആറാമതൊന്നു വന്നു വിരട്ടിയിട്ടാവാം-
മേഘങ്ങളെങ്ങോ മറഞ്ഞുപോവുകയും ചെയ്തു.
അതില്പിന്നെ,
മേഘങ്ങളെ പതിരു പോലെ
വീശിത്തെറിപ്പിച്ചുകൊണ്ട്
സൂര്യൻ ചവിട്ടിക്കുതിച്ചുവന്നു,
ഒരു മഞ്ഞജിറാഫിനെപ്പോലെ.
(1917)
No comments:
Post a Comment