Monday, March 10, 2014

മയക്കോവ്സ്കി - കേൾക്കൂ!

941


കേൾക്കൂ, കേൾക്കൂ!
നക്ഷത്രങ്ങൾ കൊളുത്തിവച്ചിരിക്കുന്നുവെങ്കിൽ
അതാവശ്യമുള്ള ഒരാളെങ്കിലുമുണ്ടെന്നല്ലേ അതിനർത്ഥം,
അവയുണ്ടാവണമെന്നാഗ്രഹിക്കുന്ന ഒരാളുണ്ടെന്ന്,
ആ തുപ്പല്പാടുകൾ ഉജ്ജ്വലരത്നങ്ങളാണെന്നു കരുതുന്ന ഒരാളുണ്ടെന്ന്?

ഉച്ചച്ചൂടിലും പൊടിയിലുമാകെത്തളർന്നും ക്ഷുബ്ധനായും
താൻ വൈകിപ്പോയോയെന്നു പേടിച്ചും
ദൈവത്തിനടുത്തേക്കയാളോടിക്കയറിച്ചെല്ലുന്നു.
ദൈവം നീട്ടിപ്പിടിച്ച ഞരമ്പോടിയ കൈകളിൽ
കണ്ണീരോടെ മുത്തിക്കൊണ്ടയാൾ യാചിക്കുന്നു,
ഒരു നക്ഷത്രമെങ്കിലുമുണ്ടാവുമെന്നുറപ്പയാൾക്കു കിട്ടണമെന്ന്.
നക്ഷത്രരഹിതമായൊരു വിധി താങ്ങാൻ തനിക്കാവില്ലെന്ന്
അയാൾ ആണയിടുന്നു.
അയാൾ പിന്നെ മനക്കലക്കത്തോടെ,
എന്നാലൊന്നും പുറമേ കാണിക്കാതെയും,
ചുറ്റിയലഞ്ഞുനടക്കുന്നു,
വഴിയിൽ കാണുന്ന ഒരാളെ പിടിച്ചുനിർത്തി ചോദിക്കുന്നു:
“താങ്കൾക്കു കുഴപ്പമൊന്നുമില്ലല്ലോ?
പേടിയൊന്നുമില്ലല്ലോ?
ഒക്കെശ്ശരിയല്ലേ?”

കേൾക്കൂ, കേൾക്കൂ!
നക്ഷത്രങ്ങൾ കൊളുത്തിവച്ചിരിക്കുന്നുവെങ്കിൽ
അതാവശ്യമുള്ള ഒരാളുണ്ടെന്നല്ലേ അതിനർത്ഥം,
ഓരോ സന്ധ്യയിലും ഒരു നക്ഷത്രമെങ്കിലും
പുരപ്പുറങ്ങൾക്കു മേൽ പിടിച്ചുകയറണമെന്നാഗ്രഹിക്കുന്ന
ഒരാളുണ്ടെന്ന്?

(1914)


No comments: