Thursday, March 20, 2014

മയക്കോവ്സ്കി - അവന്റെ വരവറിയിക്കുന്ന പ്രവാചകൻ

images

 

ബലത്ത പേശിയും ഞരമ്പും പോലെ
ഫലമുറപ്പു തരുന്ന ഒരു പ്രാർത്ഥനയുമില്ല.
എളിമയൊക്കെ പിശാചിനെറിഞ്ഞുകൊടുക്കൂ!
നാമോരോരുത്തരുടെയും അഞ്ചു വിരലുകളിലല്ലേ,
ഈ ലോകത്തിന്റെ കടിഞ്ഞാണുകൾ?

ഇതു വിളിച്ചുപറഞ്ഞതിനാണ്‌
പെട്രോഗ്രാഡിൽ, മോസ്ക്കോയിൽ, ഒഡേസ്സയിൽ, കീവിൽ
കവിയരങ്ങുകൾ എനിക്കു കാൽവരികളായത്!
“അവനെ ക്രൂശിക്ക!”
“അവനെ ക്രൂശിക്ക!”
എന്നു മൂക്കും വിടർത്തി വിളിച്ചുകൂവാതെ
ഒരു പരിഷയും അവിടെങ്ങുമുണ്ടായിരുന്നില്ല.
എന്നാലെനിക്ക്,
ജനങ്ങളേ,
നിങ്ങളിലെന്നെ മുറിപ്പെടുത്തിയവർ പോലും,
എനിക്കേറ്റവുമടുത്തവരായിരുന്നു.

തന്നെ തല്ലുന്ന കൈ നക്കുന്ന
നായയെ കണ്ടിട്ടുണ്ടോ?

ഞാൻ,
സമകാലീനരായ പ്രാകൃതർക്കു
നീട്ടിപ്പറഞ്ഞു രസിക്കാനൊരു തെറിക്കഥയായ ഞാൻ,
കാലത്തിന്റെ മലകളിറങ്ങിവരുന്ന
ഒരുവനെ ഞാൻ മാത്രം കാണുന്നു.

മനുഷ്യർക്കു നോട്ടം നഷ്ടമാവുന്നിടത്തു ഞാൻ കാണുന്നു,
1916 നടന്നടുക്കുന്നത്-
വിശക്കുന്ന ജനങ്ങളാലനുയാതനായി,
തലയിൽ കലാപത്തിന്റെ മുൾക്കിരീടവുമായി.

നിങ്ങളോടൊപ്പം ഞാനുണ്ട്,
ഞാൻ, അവന്റെ വരവറിയിക്കുന്ന പ്രവാചകൻ;
വേദനയുടെ ഓരോ കണ്ണീർത്തുള്ളിയിലും
പിന്നെയും പിന്നെയും ഞാനെന്നെത്തന്നെ  ക്രൂശിക്കുന്നു.
ഇനിമേൽ മാപ്പു കൊടുക്കലുകളില്ല,
ആർദ്രത ബാക്കി നിന്ന ആത്മാവുകൾക്കു ഞാൻ
തീ കൊടുത്തുകഴിഞ്ഞു.
ഒരുനൂറായിരം കോട്ടകൾ തകർക്കുന്നതിലുമതു
ദുഷ്കരമായിരുന്നു.

പിന്നെ,
കലാപം ഘോഷിച്ചുകൊണ്ടവൻ വരുമ്പോൾ,
രക്ഷകനെ വരവേല്ക്കാനായി
നിങ്ങൾ പുറത്തേക്കോടിയിറങ്ങുമ്പോൾ,
ഞാനെന്റെ ആത്മാവിനെ വലിച്ചു പുറത്തേക്കിടും,
അതിനെ നിലത്തിട്ടു ചവിട്ടിപ്പരത്തും,
ചോരയിറ്റുന്ന, ജ്വലിക്കുന്നൊരു പതാകയായി
നിങ്ങൾക്കുയർത്തിപ്പിടിക്കാൻ.

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

No comments: