Friday, March 28, 2014

മയക്കോവ്സ്കി - നമ്മുടെ പടയണി

2590950 link to image

 

ധിക്കാരത്തിന്റെ ചുവടുകൾ കവലകൾ ചവിട്ടിമെതിക്കട്ടെ!
ധൃഷ്ടശിരസ്സുകൾ മലമുടികൾ പോലുയർന്നുനില്ക്കട്ടെ!
മറ്റൊരു പ്രളയം കൊണ്ടു നാം നഗരങ്ങൾ കഴുകിയെടുക്കും!
ആ മുഹൂർത്തമോർത്തതാ, ലോകം വിറക്കൊള്ളുകയായി!

എത്ര മന്ദഗതിയാണീ കൊല്ലങ്ങളെന്ന വണ്ടികൾ.
എത്ര മടി പിടിച്ചവയാണീ നാളുകളെന്ന മൂരികൾ.
നമ്മുടെ ദൈവം വേഗതയുടെ ദൈവം,
നമ്മുടെ ഹൃദയം- നമ്മുടെ യുദ്ധപടഹം.

നമ്മുടേതിലും പകിട്ടേറിയ പതാകയേതിരിക്കുന്നു?
ഏതു വെടിയുണ്ടകൾക്കാവും നമ്മെ ദംശിക്കാൻ?
നമുക്കായുധങ്ങൾ നമ്മുടെ പാട്ടുകൾ,
നമ്മുടെ പൊന്നോ, നമ്മുടെ ഗർജ്ജനങ്ങൾ!

പുല്പരപ്പേ, മണ്ണിൽ പച്ച വിരിയ്ക്കൂ!
ഞങ്ങളുടെ പകലുകൾക്കു പൊന്നു കൊണ്ടരികു വയ്ക്കൂ!
മഴവില്ലേ, കാലത്തിന്റെ വേഗക്കുതിരകൾക്കു നല്കൂ,
നിറങ്ങൾ കൊണ്ടു കടിഞ്ഞാണുകളും കടിവാളങ്ങളും!

ആകാശമതാ, നക്ഷത്രപ്പൊലിമ മറച്ചുവയ്ക്കുന്നു.
ഹ, അതില്ലാതെ ഞങ്ങൾ പാട്ടുകൾ നെയ്തോളാം!
ഹേ, വൻകരടീ, താനൊന്നമർന്നു മുരണ്ടാട്ടെ:
ഉടലോടെ ഞങ്ങൾ സ്വർഗ്ഗത്തേക്കുയരട്ടെ!

ആനന്ദമുള്ളു നിറയ്ക്കുമ്പോളതിനെക്കുറിച്ചു പാടൂ!
അരുവികൾ നമ്മുടെ സിരകളിലൊഴുകട്ടെ!
ഹൃദയമേ, ഒന്നു വേഗം മിടിയ്ക്കൂ!
നമ്മുടെ നെഞ്ചുകളതിനിലത്താളം പിടിയ്ക്കട്ടെ!

(1917)

*വൻകരടി- ആകാശത്തിന്റെ ഉത്തരാർദ്ധഗോളത്തിൽ ദൃശ്യമാവുന്ന നക്ഷത്രരാശി.

No comments: