അങ്കഗണിതം, വ്യാകരണം, വേറെയും നൂറു പാഠങ്ങൾ-
നിങ്ങളുടെ കൌമാരത്തിന്റെ നിറം കെടുത്താൻ
അങ്ങനെയനേകങ്ങൾ.
എന്നെപ്പക്ഷേ അഞ്ചാം ക്ളാസ്സിലേ പുറത്താക്കി;
പിന്നെയെന്റെ പഠിപ്പു നടന്നത്
മോസ്കോയിലെ ജയിൽമുറികളിൽ.
നിങ്ങൾ നിങ്ങളുടെ പതുപതുത്ത ബൂർഷ്വാലോകത്ത്
മുടി ചുരുണ്ട, കവിളു തുടുത്ത ഭാവഗായകരെ വളർത്തിയെടുക്കുന്നു.
ആർക്കു വേണം,
മടിത്തട്ടുകളിലിരുന്നുള്ള ആ ഓമനനായ്ക്കുരകൾ!
പക്ഷേ ഞാൻ പ്രണയം പഠിച്ചത്
ബുട്ടൈർക്കിയിലെ ജയിൽമുറിയിൽ.
കാടിന്റെ മർമ്മരം കേട്ടു കാലു തളരാനോ?
കടലിന്റെ കാഴ്ച കണ്ടു നെടുവീർപ്പിടാനോ?
അതിനെന്നെക്കിട്ടില്ല!
മരണമുറിയെന്നവർ വിളിക്കുന്ന
നൂറ്റിമൂന്നാം നമ്പർ തടവറയുടെ താക്കോല്പഴുതുമായി
ഞാൻ പ്രണയത്തിലായി.
നിങ്ങളെന്നും സൂര്യനുദിക്കുന്നതു കാണുന്നു,
എന്നും സൂര്യനസ്തമിക്കുന്നതു കാണുന്നു;
എന്നിട്ടു നിങ്ങൾ പറയുന്നു,
“വാങ്ങാനും വില്ക്കാനും പറ്റിയില്ലെങ്കിൽ
ഇത്രധികം വെളിച്ചം കൊണ്ടെനിക്കെന്തു ലാഭം?”
ഞാനോ, ഞാനന്ന്,
എന്റെ ചുമരിലോടിക്കളിക്കുന്ന
ഒരു സൂചിപ്പൊട്ടോളം പോന്ന സൂര്യവെളിച്ചത്തിനായി
എന്റെ ലോകം മൊത്തം കൊടുത്തേനെ.
ബുട്ടൈർക്കി- മോസ്ക്കോയിലെ ബുട്ടൈർസ്കായ ജയിൽ; വിപ്ളവപ്രവർത്തനം നടത്തിയെന്നതിന്റെ പേരിൽ ഈ ജയിലിലെ 103 നമ്പർ മുറിയിൽ മയക്കോവ്സ്കി ഏകാന്തത്തടവിലായിരുന്നു, 1909-10 കാലത്ത്.
No comments:
Post a Comment