സാദി എന്ന കവി മാറിലേ ചുംബിച്ചിരുന്നുള്ളുവത്രേ!
ക്ഷമിക്കൂ പൊന്നേ, ഞാനതെങ്ങനെയും പഠിച്ചെടുക്കാം!
യൂഫ്രട്ടീസിനപ്പുറത്തെ പനിനീർപ്പൂക്കൾ കണ്ടാൽ
മനുഷ്യസുന്ദരികളെക്കാൾ സുന്ദരമെന്നു നീ പാടുന്നു.
ധനികനാണെങ്കിൽ ഞാനതനുവദിക്കുമായിരുന്നില്ല:
ആ ചെടികളെല്ലാം ഞാൻ വെട്ടിവീഴ്ത്തുമായിരുന്നു.
എന്റെ ഓമന, ഷാഗനെയെക്കാളൊരു വസ്തുവും
ഈ വിപുലലോകത്തതിമനോഹരമായിക്കൂടാ!
എന്നെ ഉപദേശിക്കരുത്, ഞാനതു കേൾക്കില്ല;
പ്രമാണങ്ങൾ പഴയതും പുതിയതുമെനിക്കു വേണ്ട
കവിയായിപ്പിറന്നവനാണെന്നതിനാൽത്തന്നെ
കവിയായി വേണം ഞാൻ ചുംബിക്കാൻ നിന്നെ!
(1924 ഡിസംബർ 19 )
യസെനിൻ(1895-1925) ഒരിക്കലും ഇറാനിൽ പോയിട്ടില്ലെങ്കിലും സാദി, ഫിർദൌസി, ഒമർ ഖയ്യാം തുടങ്ങിയ പേഴ്സ്യൻ കവികളുടെ സ്വാധീനത്തിൽ പേഴ്സ്യൻ വിഷയങ്ങൾ പ്രമേയമാക്കി ഒരു കൂട്ടം കവിതകൾ 1924-25ൽ അദ്ദേഹം എഴുതിയിരുന്നു. കവിത കൊണ്ട് ഒരു ചികിത്സയായിരുന്നു അദ്ദേഹത്തിനത്. തന്റെ വ്യക്തിജീവിതത്തിലെ വേവലാതികൾക്കും തന്റെ നാടിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കുമുള്ള ഒരു ശമനൌഷധമാണ് താൻ ഭാവനയിൽ കണ്ട പേഴ്സ്യയിൽ അദ്ദേഹം തേടിയത്. ഷാഗനെ എന്ന സുന്ദരിയെ സംബോധന ചെയ്തു കൊണ്ടുള്ളതാണ് പല കവിതകളും. ഷാഗനെ തന്റെ കവിത തന്നെയാണെന്ന് അദ്ദേഹം പിന്നെ തിരിച്ചറിയുന്നുമുണ്ട്. ഈ പേഴ്സ്യൻ ഭ്രമം അല്പകാലത്തേക്കേ ഉണ്ടായുള്ളു. ആ സ്വപ്നസാമ്രാജ്യത്തെ തകർത്തുകൊണ്ട് വർത്തമാനകാലറഷ്യ വീണ്ടും കവിതയിലേക്കു കയറിവരുന്നു.
No comments:
Post a Comment