ഒരു ബാറിന്റെ മൂലയ്ക്കു ചുരുണ്ടുകൂടി ഞാനിരിക്കുന്നു,
സ്വന്തമാത്മാവിനു മേൽ,
മേശവിരിക്കു മേൽ, സർവതിനും മേൽ
ഞാൻ ചാരായം തട്ടിയൊഴിക്കുന്നു;
മറ്റേ മൂലയ്ക്കെനിക്കു കാണാം,
മഡോണ,
വട്ടക്കണ്ണുകളുമായി,
എന്നെത്തന്നെ നോക്കിയിരിക്കുന്നു.
എന്തിനാണീ നാറുന്ന,
ചാരായക്കടയിലിഴയുന്ന ജനത്തെ
കടുംചായത്തിൽ വരച്ച ദീപ്തി കൊണ്ടു
നീ അനുഗ്രഹിക്കുന്നത്?
കാണുന്നില്ലേ?-
ആ ഗാഗുൽത്താക്കാരനു മേൽ
പിന്നെയും പിന്നെയുമവർ കാർക്കിച്ചുതുപ്പുന്നതും
ബറബാസ്സിനെ തരൂയെന്നവരാർക്കുന്നതും
നീ കാണുന്നില്ലേ?
വിധി ആ വിധമായതുകൊണ്ടാവാം,
ഈ മനുഷ്യത്തൊഴുത്തിലെ മറ്റേതൊരു മുഖത്തിലും
പുതുമയേറിയതല്ല
എന്റെ മുഖമെന്നായതും;
എന്നാലും നിന്റെ പുത്രരിൽ
ഞാനാവാം,
അത്യുത്തമൻ.
ഇഹലോകത്തിന്റെ
ചെറുകിടസുഖങ്ങളിലഭിരമിക്കുമവരെ
ഒരു ത്വരിതമരണം കൊണ്ടനുഗ്രഹിച്ചാലും;
അവരുടെ ആണ്മക്കളങ്ങനെ പിതാക്കന്മാരാകട്ടെ,
പെണ്മക്കൾ ഗർഭിണികളും.
അവരുടെ നവജാതശിശുക്കൾക്കുണ്ടാകട്ടെ,
കിഴക്കു നിന്നു വന്ന പണ്ഡിതന്മാരുടെ
തല നരച്ച ജ്ഞാനം,
എന്റെ കവിതകളിൽ നിന്നു പേരുകളെടുത്ത്
സ്വന്തം സന്തതികൾക്കു ജ്ഞാനസ്നാനവും
ചെയ്യട്ടെയവർ.
ഞാൻ,
ഇംഗ്ളണ്ടിനെയും അതിന്റെ യന്ത്രങ്ങളെയും
ഘോഷിക്കുന്നവൻ,
സുവിശേഷത്തിൽ തിക്കിത്തിരക്കുന്ന
മാലാഖമാരുടെയും അപ്പോസ്തലന്മാരുടെയും നിരയിൽ
ഞാനാവാം പതിമൂന്നാമൻ.
രാവെന്നും പകലെന്നുമില്ലാതെ
വൃത്തികെട്ട ഒച്ചയിൽ
എന്റെ അശ്ലീലഭാഷണം
ഒച്ചപ്പെടുന്നിടങ്ങളിലെല്ലാം
എന്റെയാത്മാവിൽ വിരിയുന്ന പൂക്കൾ മണക്കുകയാവാം,
യേശുക്രിസ്തുവെന്നും വരാം.
(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)
No comments:
Post a Comment