Wednesday, March 19, 2014

മയക്കോവ്സ്കി - വസൂരിക്കല കുത്തിയ മഴയുടെ മുഖത്ത്...

Mayakovsky-Poet-Artist

 

വസൂരിക്കല കുത്തിയ മഴയുടെ മുഖത്തു മുഖമമർത്തി
ഞാനിരിക്കുന്നു,
നഗരത്തിന്റെ ഇരമ്പുന്ന വേലിയേറ്റത്തിൽ കുതിർന്നു
ഞാൻ കാത്തിരിക്കുന്നു.

ഊരിപ്പിടിച്ച കത്തിയുമായി
പാതിരാത്രി പാഞ്ഞുനടക്കുന്നു,
കടന്നുപിടിക്കുന്നു,
കുത്തിമലർത്തുന്നു-
ഒരു ദിവസത്തിന്റെ കഥ കഴിക്കുന്നു!
പന്ത്രണ്ടു മണിയതാ, താഴെ വീഴുന്നു,
ആരാച്ചാരറുത്തിട്ട തല പോലെ!

ജനാലച്ചില്ലിൽ നരച്ച മഴത്തുള്ളികളുടെ വിലാപം,
മുഖം വക്രിച്ച നോട്ടെർഡാം പള്ളിയിലെ വ്യാളികൾ*
കൂട്ടക്കരച്ചിലുയർത്തുമ്പോലെ!

നാശം!
അവൾക്കിനിയും വരാറായിട്ടില്ലേ!
നിലവിളികൾ
എന്റെ വായ വലിച്ചുകീറുകയായി.

പിന്നെ ഞാൻ കേട്ടു:
ഒരു ദീനക്കാരൻ
കിടക്കയിൽ നിന്നു പതുക്കെയെഴുന്നേല്ക്കുമ്പോലെ
ഒരു ഞരമ്പു പിടയ്ക്കുന്നു,
പുറത്തേക്കിറങ്ങുന്നു,
കാലു പെറുക്കിവച്ചാദ്യമാദ്യം,
പിന്നെയതോടുന്നു,
ഓടിച്ചാടിനടക്കുന്നു.
പിന്നെ വേറേ രണ്ടിനോടൊപ്പം
നൈരാശ്യത്തിന്റെ വിഭ്രാന്തനൃത്തം വയ്ക്കുന്നു.

മച്ചിൽ നിന്നു കുമ്മായമടർന്നുവീഴുന്നു!

ഞരമ്പുകൾ-
വലുത്,
ചെറുത്,
പലത്-
അവ കുതിച്ചോടുന്നു,
ചവിട്ടിക്കുതിക്കുന്നു,
പിന്നെ
കാലു തളർന്നു വീഴുന്നു!

മുറിക്കുള്ളിലേക്കു രാത്രി ഒലിച്ചിറങ്ങുന്നു,
രാത്രിയുടെ ചെളിക്കുഴമ്പിലേക്ക്
എന്റെ കനം വച്ച കണ്ണുകൾ പൂണ്ടുപോകുന്നു.

പിന്നെയതാ,
മുറിയുടെ പല്ലുകൾ കിടുകിടുക്കുമ്പോലെ
വാതിൽ തുറന്നടയുന്നു.

നീ കടന്നുവരുന്നു,
“ഇന്നാ പിടിച്ചോ!” എന്നപോലെ നിശിതമായി.
മൃദുലമായ കൈയുറകളെ മർദ്ദിച്ചും കൊണ്ടു നീ പറയുന്നു:
“എന്റെ കല്യാണമുറപ്പിച്ചു!”

അതെയോ?
എന്നാലങ്ങനെയാവട്ടെ!
അതിനാർക്കെന്തു ചേതം!
നോക്കൂ-
എത്ര ശാന്തനാണു ഞാനെന്നു നോക്കൂ!
ശവത്തിന്റെ നാഡിമിടിപ്പു പോലെ!

നിനക്കോർമ്മയുണ്ടോ?
ഒരിക്കൽ നീ പറഞ്ഞിരുന്നു:
“ജാക്ക് ലണ്ടൺ*,
പണം,
പ്രണയം,
കാമം”-
ഞാൻ പക്ഷേ, ഒന്നേ കണ്ടുള്ളു:
നിന്നെ- ഒരു മൊണാലിസയെ*.
അതു മോഷണം പോകേണ്ടിയുമിരുന്നു!

അതു മോഷണം പോവുകയും ചെയ്തു!

എന്നാലും ഇനിയും ഞാൻ പോകും,
പുരികമെരിക്കുന്ന തീയുമായി
പ്രണയം കളിച്ചു ഞാൻ ചുറ്റിയടിക്കും.
കത്തിയമർന്ന വീട്ടിനുള്ളിലും
ആളുകൾ അടുപ്പു കൂട്ടില്ലേ!

_____________________________________________________________

* പാരീസിലെ നോട്ടെർഡാം പള്ളിയിലെ വ്യാളീരൂപങ്ങൾ
* ജാക്ക് ലണ്ടൺ മയക്കോവ്സ്കിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു
* ഡാ വിഞ്ചിയുടെ മൊണാലിസ 1911 ആഗസ്റ്റ് 21ന്‌ ലൂവ്രിൽ നിന്നു മോഷണം പോയിരുന്നു

(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

No comments: