മുതിർന്നാല്പിന്നെ തിരക്കായി,
കീശ നിറയെ കാശായി.
പ്രണയം വേണോ?
വേണമല്ലോ-
ഒരു നൂറു റൂബിളിനു തന്നാട്ടെ!
പക്ഷേ ഞാൻ,
വീടില്ലാത്തവൻ,
കീറത്തുണി ചുറ്റിയവൻ,
തുള വീണ കീശകളിൽ
കൈകളിറക്കി
ഞാനലഞ്ഞുനടന്നു.
രാത്രിയാകുന്നു.
നിങ്ങൾ നിങ്ങളുടെ
ഏറ്റവും നല്ല മുഖങ്ങളെടുത്തുവയ്ക്കുന്നു.
ഭാര്യമാരുടെയോ വിധവകളുടെയോ മേൽ
ആത്മാവിന്റെ ഭാരങ്ങളിറക്കിവയ്ക്കുന്നു.
ഞാനോ,
ഞാൻ മോസ്ക്കോയുടെ കനൽച്ചുംബനങ്ങളിൽ
പൊള്ളിക്കിടന്നു,
സദോവയാതെരുവിന്റെ തീരാത്ത ചുറകളിൽ
ശ്വാസം മുട്ടി ഞാൻ കിടന്നു.
വികാരം കൊടുമ്പിരിക്കൊള്ളുന്ന കിടപ്പറകളിൽ
നിങ്ങളുടെ കാമുകിമാരുടെ ഹൃദയഘടികാരങ്ങൾ
മൃദുമൃദുവായി സ്പന്ദിക്കുന്നു.
സ്ട്രാസ്റ്റ്നോയാ കവലയിൽ ആകാശം നോക്കിക്കിടക്കുമ്പോൾ
ഞാൻ കേട്ടതു പക്ഷേ,
നഗരഹൃദയങ്ങളുടെ ഇടിമുഴക്കങ്ങളായിരുന്നു.
കുടുക്കുകളഴിച്ചു കുപ്പായം പറത്തിവിട്ട്,
ഹൃദയത്തെ കാറ്റുകൊള്ളിച്ച്,
തെരുവിലെ വെയിലിനും കലക്കവെള്ളത്തിനും
ഞാനെന്നെ തുറന്നുവച്ചിരിക്കുന്നു.
പ്രണയങ്ങളുമായി കടന്നുവരൂ,
കാമങ്ങളുമായി ചവിട്ടിക്കയറൂ,
എന്റെ ഹൃദയം എന്റെ കൈ വിട്ടുപോയിരിക്കുന്നു!
അന്യരിൽ ഹൃദയത്തിന്റെ സ്ഥാനമെവിടെയാണെന്ന്
എനിക്കറിയാം-
എല്ലാവർക്കുമറിയാം, നെഞ്ചത്താണത്,
കുപ്പായത്തിനു തൊട്ടു താഴെയാണത്.
എന്റെ കാര്യത്തിൽ പക്ഷേ,
ശരീരനിർമ്മിതിയിലെന്തോ പിശകിയെന്നു തോന്നുന്നു-
ഒരു കൂറ്റൻ ഹൃദയം മാത്രമാണെന്റെ ശരീരം!
ഇരുപതു കൊല്ലത്തിനുള്ളിൽ
എത്ര വസന്തങ്ങൾ
എന്റെ പൊള്ളുന്ന ഉടലുൾക്കൊള്ളുന്നു!
അസഹനീയമാണതിന്റെ ഭാരം,
വ്യയം ചെയ്യാത്ത ഊർജ്ജം-
കവിതയിലെല്ലന്നല്ല,
ജീവിതത്തിലും.
No comments:
Post a Comment