മരിയാ!
അടുത്തുവരൂ, മരിയാ!
നിർലജ്ജമായ നഗ്നതയോടെ,
അഥവാ ഭീതിയുടെ വിറയോടെ
നിന്റെ ചുണ്ടുകളുടെ വാടാത്ത ചാരുതയെനിക്കു തരൂ
ഞാനും എന്റെ ഹൃദയവും
മേയ്മാസത്തിന്റെ ആഹ്ളാദങ്ങളറിഞ്ഞിട്ടേയില്ല,
ഒരുനൂറേപ്രിലുകളിൽ
തളഞ്ഞുകിടക്കുകയാണു ഞങ്ങൾ.
മരിയാ!
ഡയാനയ്ക്കു സ്തുതി പാടുന്ന കവികളുണ്ട്,
എന്നാൽ ഞാൻ,
നൂറു ശതമാനം മനുഷ്യൻ,
അടിമുടി ഉടലായവൻ,
ഞാൻ നിന്റെ ഉടലേ യാചിക്കുന്നുള്ളു,
ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുമ്പോലെ:
“ദൈവമേ,
അന്നന്നത്തെ അപ്പം
ഞങ്ങൾക്കു നല്കേണമേ!”
തരൂ, മരിയാ!
മരിയാ!
നിന്റെ പേരു ഞാൻ മറക്കുമോയെന്നു
പേടി തോന്നുകയാണെനിക്ക്,
രാത്രിയിൽ നൊന്തുപെറ്റൊരു വാക്കിനെ,
ദൈവതുല്യമായൊരു വാക്കിനെ
താൻ മറന്നുപോകുമോയെന്നു കവി പേടിക്കുമ്പോലെ.
മരിയാ!
നിന്റെ ഉടലിനെ ഞാൻ സ്നേഹിക്കാം,
പൊന്നു പോലതിനെ ഞാൻ കാക്കാം,
യുദ്ധത്തിൽ അംഗഭംഗം വന്ന പട്ടാളക്കാരൻ,
ഇനി ഫലമില്ലാതായവൻ,
ഒറ്റയ്ക്കായവൻ,
അവൻ തന്റെ ഒറ്റക്കാലിനെ
പരിപാലിക്കുമ്പോലെ.
മരിയാ-
നിനക്കതാവശ്യമില്ല?
നിനക്കതാഗ്രഹമില്ല?
ഹാ!
എങ്കിൽ,
എങ്കിൽ ഏകനായി ഞാൻ മടങ്ങിയേക്കാം,
കണ്ണീരിൽ കുതിർന്ന ഹൃദയത്തെയെടുത്തു ഞാൻ പോയേക്കാം,
തീവണ്ടി കേറിച്ചതഞ്ഞ കാല്പാദവുമായി
കൂട്ടിലേക്കു കയറുന്ന നായയെപ്പോലെ.
(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)
No comments:
Post a Comment