ഉഷ്ണപ്പുണ്ണു പിടിച്ചവന്റെ മൂക്കു പോലെ തെരുവിടിഞ്ഞുതാണിരുന്നു,
പുഴയാകെ പൊട്ടിയൊലിക്കുന്ന കാമാസക്തിയായിരുന്നു.
ഒരു കുഞ്ഞില പോലും ബാക്കിവയ്ക്കാതെ
അടിവസ്ത്രങ്ങൾ ഊരിയെറിഞ്ഞ ഉദ്യാനങ്ങൾ
ജൂൺ പകുതിക്കു മേൽ കാലു കവച്ചുകിടന്നിരുന്നു.
പട്ടണക്കവലയിലേക്കു ഞാൻ കയറിച്ചെന്നു;
കത്തിക്കരിഞ്ഞ ചില കെട്ടിടങ്ങൾ
ഒരു ചുവന്ന വിഗ്ഗു പോലെ ഞാൻ തലയിലെടുത്തുവച്ചിരുന്നു.
ആളുകളെന്നക്കണ്ടു വിരണ്ടുമാറി-
പാതി ചവച്ചൊരാക്രോശത്തിന്റെ പിടയുന്ന കാലുകൾ
ബിസ്കറ്റു പോലെന്റെ വായിൽ നിന്നു തൂങ്ങിക്കിടന്നിരുന്നല്ലോ.
ഇല്ല, ആരുമെന്നെപ്പക്ഷേ പഴിക്കില്ല,
ആരുമെന്നെ കൂക്കിവിളിക്കില്ല;
ഒരു പ്രവാചകന്റേതു പോലെ,
എന്റെ പാതകൾ പൂക്കൾ വാരിവിതറിയതാകും.
അവർക്കറിയാം, ആ മൂക്കു കുഴിഞ്ഞവർക്കറിയാം-
ഞാനാണവരുടെ കവി.
ഒരു കള്ളുകട പോലെ
നിങ്ങളുടെ അന്ത്യവിധിനാളെന്നെ പേടിപ്പെടുത്തുന്നു!
വേശ്യകൾ തിടമ്പു പോലെന്നെ തോളിലെടുത്തു നടക്കും,
കത്തുന്ന കെട്ടിടങ്ങൾക്കിടയിലൂടെന്നെയും കൊണ്ടു
നഗരപ്രദക്ഷിണം നടത്തും;
ദൈവത്തിനു മുന്നിൽ സ്വയം ന്യായികരിക്കാൻ
അവരെന്നെയെടുത്തുകാട്ടും.
എന്റെ കുഞ്ഞുപുസ്തകം വായിച്ചു ദൈവത്തിനു കരച്ചിലു പൊട്ടും-
വാക്കുകളലല്ല, പിടച്ചിലുകൾ തുന്നിക്കൂട്ടിയതാണത്.
എന്റെ കവിതകൾ കക്ഷത്തിടുക്കിപ്പിടിച്ചും കൊണ്ടയാൾ
ആകാശത്തു മുഴുവൻ പാഞ്ഞുനടക്കും,
കിതച്ചും കൊണ്ടയാളവ തന്റെ അസ്മാദികളെ വായിച്ചുകേൾപ്പിക്കും.
(1914)
No comments:
Post a Comment