എനിക്കു മലമ്പനിയാണെന്നു കരുതുന്നുവോ?
ജ്വരം കടുത്തവന്റെ പ്രലാപങ്ങളാണെന്നു തോന്നുന്നുവോ?
അല്ല!
നടന്നതാണിത്.
ഒഡേസയിൽ വച്ചു നടന്നതാണിത്.
“നാലു മണിക്കു ഞാൻ വരും,” മരിയ പറഞ്ഞിരുന്നു.
എട്ട്.
ഒമ്പത്.
പത്ത്.
സന്ധ്യ ജനാലകളിൽ നിന്നു പുറന്തിരിഞ്ഞു,
ഇരുട്ടിന്റെ പേക്കിനാവിലേക്കതു ചവിട്ടിക്കുതിച്ചുപോയി,
കനപ്പിച്ച മുഖവുമായി,
ഡിസംബറിന്റെ തണുപ്പുമായി.
അതു പോയ പുറകേ
കവരവിളക്കുകൾ നാവു നീട്ടിക്കാണിക്കുന്നു,
പൈശാചികമായട്ടഹസിക്കുന്നു.
നിങ്ങൾക്കിപ്പോളെന്നെക്കണ്ടാൽ തിരിച്ചറിയില്ല-
ഞരങ്ങിയും
കോച്ചിവലിച്ചും
ഞരമ്പു പിടഞ്ഞൊരു
മാംസപിണ്ഡം.
ഇങ്ങനെ കോലം കെട്ടൊരു സത്വത്തിനെന്തു വേണം?
കോലം കെട്ടതെങ്കിലും അതിനു പലതും വേണം!
ആരോർക്കുന്നു,
തന്നെ വെങ്കലത്തിൽ വാർത്തെടുത്തതാണെന്ന്,
തന്റെ ഹൃദയം നിറയെ ഉരുക്കും കട്ടിമഞ്ഞുമാണെന്ന്?
രാത്രിയിൽ
ആത്മാവിനൊരാഗ്രഹമേയുള്ളു,
തന്റെ ലോഹപാരുഷ്യം
ഒരു മൃദുലതയിൽ,
ഒരു സ്ത്രൈണമാർദ്ദവത്തിൽ
അമുഴ്ത്തി ഒളിപ്പിക്കണമെന്ന്.
അങ്ങനെ
ജനാലക്കൽ
കൂനിക്കൂടി ഞാനിരിക്കുന്നു,
എന്റെ നെറ്റിയിൽ പൊള്ളി ജനാലച്ചില്ലുരുകുന്നു.
ഇന്നു പ്രണയമുണ്ടാകുമോ,
അതോ ഉണ്ടാവില്ലേ?
വലുതോ
അതോ ചെറുതോ?
ഇത്രയും ചെറിയൊരുടൽ
അത്രയും വലിയൊരു പ്രണയം താങ്ങുന്നതെങ്ങനെ?
അതിനൊരു കുഞ്ഞുപ്രണയം മതി,
ഒരു കുഞ്ഞാടിനെപ്പോലെ കാതരമായ പ്രണയം,
കാറുകളുടെ ഹോണടി കേൾക്കുമ്പോൾ
വിരളുന്ന പ്രണയം,
കുതിരവണ്ടികളുടെ കുടമണികളെ
ആരാധിക്കുന്ന പ്രണയം.
(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)
No comments:
Post a Comment