Thursday, March 6, 2014

മയക്കോവ്സ്കി - ലിലിച്കാ! ഇതൊരു കത്തിനു പകരം

mayakibrik


സിഗററ്റുപുക കാർന്നുതിന്നുന്ന മുറി
ക്രുച്ചോനിക്കിന്റെ നരകത്തിൽ നിന്നൊരദ്ധ്യായം.
ആ  ജനാലയ്ക്കൽ നീയിരിക്കുമ്പോൾ
ഭ്രാന്തനെപ്പോലെ
നിന്റെ കൈ ഞാൻ തലോടിയതു
നീയോർക്കുന്നുവോ?
ഇന്നതേയിടത്തു നീയിരിക്കുന്നു,
ഉരുക്കുകവചത്തിനുള്ളിൽ
പൂട്ടിവച്ച ഹൃദയവുമായി.
ഇനിയൊരു നാൾ
ശപിച്ചും കൊണ്ടെന്നെ നീ
ആട്ടിയിറക്കിയെന്നു വരാം.
ശാന്തമാകൂ ഹൃദയമേ,
ചുറ്റികയടി പോലെന്തിനു പിടയ്ക്കുന്നു?
പുലമ്പിയും തല പുകഞ്ഞും
നൈരാശ്യത്തിന്റെ പ്രഹരമേറ്റും
തെരുവിലേക്കു
ഞാനെന്റെ ഉടലെടുത്തെറിയും.
അങ്ങനെ വരുത്തരുതേ,
എന്റെ പ്രിയേ, എന്റെ ഓമനേ!
നമുക്കിപ്പോൾത്തന്നെ വിട പറയാം.
എന്തായാലും,
എവിടെയ്ക്കോടിപ്പോകാൻ നീ നോക്കിയാലും
നിന്റെ മേലെന്റെ പ്രണയം
ഒരു കൂറ്റൻ ഭാരമായി തൂങ്ങിക്കിടക്കുമല്ലോ.
എന്റെ യാതനയുടെ വേദന
ഒരിക്കൽക്കൂടി കരഞ്ഞുപറയാൻ
എന്നെയൊന്നനുവദിക്കൂ.
പകലന്തിയോളം വിയർപ്പൊഴുക്കിയ ഉഴവുകാള
ഒടുവിലൊരു കുളത്തിൽ ചെന്നു
മുങ്ങിക്കിടക്കും.
എനിക്കു പക്ഷേ
നിന്റെ പ്രണയമല്ലാതൊരു കടലുമില്ല
ചെന്നുകിടക്കാൻ.
നിന്റെ പ്രണയമോ,
ഞാനെത്ര കണ്ണീരൊഴുക്കിയാലും
ഒരു തുള്ളി  വിശ്രമം തരികയുമില്ല.
ആനയ്ക്കു തളരുമ്പോൾ
പൊള്ളുന്ന മണലിൽ ചെന്നവൻ
രാജകീയമായി കിടക്കുന്നു.
എനിക്കു പക്ഷേ,
നിന്റെ പ്രണയമല്ലാതൊരു
സൂര്യനില്ല.
എന്നാലെനിക്കറിയില്ല,
നീയെവിടെയെന്ന്,
ആരാണു നിന്റെ കൈ തലോടുന്നതെന്ന്.
ഇങ്ങനെയാണൊരു കവിയെ
നീ ദ്രോഹിക്കുന്നതെങ്കിൽ
പണത്തിനും പേരിനും വേണ്ടി
അയാൾ പ്രണയം വച്ചുമാറിയേനെ.
എനിക്കു പക്ഷേ
നിന്റെ പേരിന്റെ കിലുക്കവും മിനുക്കവുമല്ലാതെ
ഈ ലോകത്തൊരാനന്ദവുമില്ല.
ഒരു കയറിന്റെ കുരുക്കിൽ
ഞാൻ തല വച്ചുകൊടുക്കില്ല,
കോണിപ്പടിയിൽ നിന്നു ഞാനെടുത്തുചാടില്ല,
ഞാൻ വിഷം കുടിക്കില്ല,
ചെന്നിയിൽ കാഞ്ചി ചേർത്തമർത്തുകയുമില്ല.
ഒരു കത്തിമുനയ്ക്കുമാവില്ല,
നിന്റെ നോട്ടം പോലെന്നെത്തറച്ചുനിർത്താൻ.
നാളെ നീ മറക്കും
ഞാനാണു നിന്നെ കിരീടമണിയിച്ചതെന്ന്,
പൂവു പോലൊരു ഹൃദയം
നിനക്കായെരിച്ച ഞാൻ.
പൊള്ളയായ നാളുകളുടെ ഉത്സവത്തിരക്കിൽ
എന്റെ പുസ്തകത്താളുകൾ
നിന്റെ കാലടികൾക്കു ചുറ്റും പാറിനടക്കും.
എന്റെ വാക്കുകൾക്കാകുമോ,
കരിയിലകളാണവയെങ്കിലും,
പിടയ്ക്കുന്ന ഹൃദയവുമായി
നിന്നെ തടുത്തുനിർത്താൻ?

ഹാ, നീയിറങ്ങിപ്പോകുമ്പോൾ
നിന്റെ കാലടികൾക്കടിയിലൊരു
പരവതാനിയെങ്കിലുമാവട്ടെ,
എന്റെ പ്രണയം!

1916 മേയ് 26


1915 വേനല്ക്കാലത്തു പരിചയപ്പെട്ട ലിലി ബ്രിക്കിനു സമർപ്പിച്ച കവിത.
ക്രുച്ചോനിക്കിന്റെ നരകം- “നരകത്തിലെ കളികൾ” എന്ന പേരിൽ എ. ക്രുച്ചോനിക്കും വി. ഖ്ളെബ്നിക്കോവും ചേർന്നെഴുതിയ ഫ്യൂച്ചറിസ്റ്റ് കവിതയെക്കുറിച്ചുള്ള സൂചന.


No comments: