Sunday, March 23, 2014

മയക്കോവ്സ്കി - എന്റെ പാഠശാല

images (1)

 

നിങ്ങൾക്കു ഫ്രഞ്ചറിയാം?
പെരുക്കപ്പട്ടികയറിയാം?
വിഭക്തിപ്രത്യയങ്ങളറിയാം?
-ആയിക്കോ!
അതുമുരുക്കഴിച്ചിരുന്നോ!
എന്നാൽ ഞാനൊന്നു ചോദിക്കട്ടെ?
വീടുകൾ പാടുമ്പോൾ
കൂടെപ്പാടാൻ നിങ്ങൾക്കറിയുമോ?
ട്രാമുകൾ വിലപിക്കുന്ന
ഭാഷ നിങ്ങൾക്കറിയുമോ?
ഒരു മനുഷ്യക്കുഞ്ഞിന്റെ
കണ്ണു വിരിയേണ്ട താമസം,
നിങ്ങളതിന്റെ കൈകളിൽ
പാഠപുസ്തകങ്ങളും
നോട്ടുബുക്കുകളും വച്ചുകൊടുക്കുന്നു.
ഞാനെന്റെ അക്ഷരമാല പഠിച്ചതു പക്ഷേ,
തെരുവുകളിൽ നിന്ന്,
ഇരുമ്പിന്റെയും തകരത്തിന്റെയും
താളുകളിൽ നിന്ന്.
നിങ്ങൾ ലോകത്തെ
കൈവെള്ളയിലെടുക്കുന്നു,
വിരൽത്തുമ്പുകൾ കൊണ്ടു തിരിച്ചു
നിങ്ങൾ പഠിപ്പിക്കുന്നു-
നിങ്ങൾക്കു ഭൂഗോളം
വെറുമൊരു കളിപ്പാട്ടം.
ഞാനെന്റെ ഭൂമിശാസ്ത്രം പഠിച്ചതു
വാരിയെല്ലുകൾ കൊണ്ടായിരുന്നു:
കൂരയില്ലാത്ത രാത്രികളിൽ
വെറും മണ്ണിൽ കിടന്നിട്ടായിരുന്നു.
ബ്രഹ്മാണ്ഡപ്രശ്നങ്ങളിൽ കൊണ്ടിടിച്ച്
ഐലോവ്സ്കി തല പൊളിക്കുന്നു:
“ബാർബറോസയുടെ താടി-
അതു ശരിക്കും ചെമ്പിച്ചതായിരുന്നോ?”
ആയാലെന്താ?
ആർക്കു വേണം,
ആ പൊടി പിടിച്ച ചരിത്രം?
എന്റെ കാതുകളിൽ
മോസ്ക്കോ പറഞ്ഞ കഥകൾ-
അതാണെന്റെ ചരിത്രം.
തിന്മയെ ചെറുക്കാൻ
നിങ്ങൾ ദൊബ്രോല്യുബോവിനെ
ഉയർത്തിപ്പിടിക്കുന്നു;
പേരു പോലെ തന്നെ
അതെത്ര ദുർബലം!
ചെറുപ്പം തൊട്ടേ എനിക്കു വെറുപ്പായിരുന്നു,
പിത്തക്കാടികളെ-
സ്വന്ത പാട്ടു വിറ്റാണു ഞാൻ
അത്താഴം കഴിച്ചിരുന്നതെന്നതിനാൽ.
നിങ്ങൾ പഠിക്കുന്നതു ചന്തത്തിലിരിക്കാൻ,
പെണ്ണുങ്ങളുടെ മുഖത്തു പുഞ്ചിരി വിടർത്താൻ.
ആ പൊള്ളത്തലകൾക്കുള്ളിൽ
ചിന്തകളുടെ കിലുക്കം,
തകരപ്പാട്ടയിൽ നാണയക്കിലുക്കം പോലെ!
രാത്രികളിലൊറ്റയ്ക്കു ഞാൻ
കെട്ടിടങ്ങളോടു സംസാരിച്ചു,
ജലസംഭരണികളോടു ദീർഘസംഭാഷണം ചെയ്തു.
മേല്പുരകൾ ജനാലക്കാതുകൾ കൊണ്ടു
ഞാൻ പറഞ്ഞതൊക്കെ പിടിച്ചെടുത്തു;
അതില്പിന്നെ,
കാറ്റാടിനാവുകൾ കൊണ്ടവർ
തോരാത്ത സംസാരമായിരുന്നു-
പോയ രാത്രിയെപ്പറ്റി,
ഓരോ രാത്രിയെപ്പറ്റിയും.
(1922)

 

*ഐലോവ്സ്കി - വിപ്ളവപൂർവ്വറഷ്യയിൽ ചരിത്രപാഠപുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായിരുന്നു.

*ദൊബ്രോല്യുബോവ്- റഷ്യൻ ജനായത്തവാദിയും സാഹിത്യവിമർശകനും.  പേരിനർത്ഥം “നന്മയെ സ്നേഹിക്കുന്നവൻ” എന്ന്.

No comments: