Friday, March 7, 2014

മയക്കോവ്സ്കി - കുലച്ചുനിർത്തിയ മഴവില്ലു കാണുമ്പോൾ

mayakovsky8

 


കുലച്ചുനിർത്തിയ മഴവില്ലു കാണുമ്പോൾ,
പൊട്ടും പൊടിയുമില്ലാതാകാശം നീലിച്ചു തിളങ്ങുന്നതു കാണുമ്പോൾ,
പറയൂ,
നിങ്ങളുടെ തോളെല്ലുകൾ രണ്ടുമൊന്നു പിടയ്ക്കാറില്ലേ?
ദുരിതം വളച്ച മുതുകെല്ലിൽ നിന്നു
കുപ്പായത്തിന്റെ ജഡഭാരം വലിച്ചെറിഞ്ഞു
രണ്ടു ചിറകുകൾ മലർക്കെത്തുറക്കുന്നതു
നിങ്ങൾ സ്വപ്നം കാണാറില്ലേ?
അല്ലെങ്കിൽ,
നക്ഷത്രങ്ങളുമായി രാത്രിയുരുണ്ടുനീങ്ങുമ്പോൾ,
വന്‍കരടിയും ചെറുകരടിയും *
മുരണ്ടും കൊണ്ടിരതേടിയിറങ്ങുമ്പോൾ,
നിങ്ങൾക്കൊരു പൊറുതികേടു വരാറില്ലേ?
നിങ്ങളൊന്നാശിച്ചുപോകാറില്ലേ?...
ഹാ, ഉണ്ട്, ഉണ്ടെന്നേ,
അതുമെത്ര!
നമുക്കു പക്ഷേ കൈകാലുകളിളക്കാനാവുന്നില്ല.
ആകാശമോ, അതിനൊടുക്കമില്ല,
അതിനതിരില്ല.

(1923)


(*സപ്തർഷികളും ധ്രുവനുമടങ്ങിയ രണ്ടു നക്ഷത്രമണ്ഡലങ്ങൾ )

No comments: