Friday, March 14, 2014

മയക്കോവ്സ്കി - തീ പിടിച്ച ഹൃദയം

mayakovsky10


“ഹലോ!”
“ആരാണു സംസാരിക്കുന്നത്?”
അമ്മ?
അമ്മേ!
നിങ്ങളുടെ മകന്‌
ഒന്നാന്തരം വയ്യായ്കയാണമ്മേ!
അവന്റെ ഹൃദയത്തിനു തീ പിടിച്ചിരിക്കുന്നമ്മേ!
ല്യൂഡായോടും ഓല്യായോടും പറയൂ,
അവരുടെ സഹോദരൻ ഒരു കെണിയിൽപെട്ടുപോയെന്ന്.
അവന്റെ പൊള്ളുന്ന വായ തുപ്പുന്ന ഓരോ വാക്കും
ഒരു തമാശ പോലും
തീ പിടിച്ചൊരു വേശ്യാലയത്തിൽ നിന്നെടുത്തു ചാടുന്ന
ഉടുതുണിയില്ലാത്ത തേവിടിശ്ശികളെപ്പോലെയാണമ്മേ!

ആളുകൾ ചുറ്റും നോക്കുകയാണ്‌-
മാംസം കരിഞ്ഞ മണം പോലെ.
ഇതാ, അവർ വരികയായി!
വെട്ടിത്തിളങ്ങുന്ന ഹെൽമറ്റുകൾ!
തീ പിടിക്കാത്ത സ്യൂട്ടുകൾ!
അഗ്നിശമനക്കാരേ,
തീ പിടിച്ച ഹൃദയങ്ങൾക്കു മേൽ കയറുമ്പോൾ
അത്രയ്ക്കമർത്തിച്ചവിട്ടരുതേ!
ഇതെനിക്കു വിട്ടുതരൂ!
കണ്ണുകളിൽ നിന്നു
വീപ്പക്കണക്കിനു കണ്ണുനീരു ഞാൻ പമ്പു ചെയ്യാം!
ഞാനെന്റെ വാരിയെല്ലുകളിൽ ചവിട്ടി
പുറത്തു ചാടാം.
ഞാനിതാ, ഇതാ, ഇതാ, ഇതാ, ചാടാൻ പോകുന്നു!
ഹാ, അതു പൊളിഞ്ഞുവീണിരിക്കുന്നു!
സ്വന്തം ഹൃദയത്തിൽ നിന്നു നിങ്ങൾക്കു പുറത്തു ചാടാനാവില്ല!
എന്റെ പുകഞ്ഞ മുഖത്തു നിന്ന്
ചുണ്ടുകളുടെ വിള്ളലുകൾക്കിടയിലൂടെ
കത്തിക്കരിഞ്ഞൊരു ചുംബനം പുറത്തു ചാടുന്നു.
എനിക്കു പാടാൻ വയ്യമ്മേ!
എന്റെ ഹൃദയത്തിന്റെ അൾത്താരയിൽ
ഗായകസംഘത്തിനു തീ പിടിച്ചിരിക്കുന്നു!

കത്തിക്കരിഞ്ഞ വാക്കുകൾ
കുഞ്ഞുങ്ങൾ എരിയുന്ന പുരയിൽ നിന്നെന്നപോലെ
എന്റെ തലയോട്ടിക്കുള്ളിൽ നിന്നു പുറത്തു ചാടുന്നു.
ഒരിക്കൽ ലൂസിറ്റാനിയായുടെ കത്തുന്ന തട്ടുകളിൽ നിന്ന്
ഭീതിയുടെ എരിയുന്ന കൈകൾ ആകാശത്തേക്കു നോക്കി
നിലവിളിച്ചതുമിങ്ങനെയായിരുന്നു.
എന്റെ അന്ത്യരോദനമേ,
വരും നൂറ്റാണ്ടുകളോടു നീയെങ്കിലും വിളിച്ചുപറയൂ,
“എനിക്കു തീ പിടിച്ചിരിക്കുന്നു!”


ലൂസിറ്റാനിയ- 1915ൽ ജർമ്മൻകാർ മുക്കിയ ബ്രിട്ടീഷ്  യാത്രക്കപ്പൽ; 1198 യാത്രക്കാരും ജോലിക്കാരും മരിച്ചു
(കാലുറയിട്ട മേഘം എന്ന കവിതയിൽ നിന്ന്)

No comments: