Tuesday, April 22, 2014

സോറെൻ കീർക്കെഗോർ - ആത്മസംതൃപ്തിയെക്കുറിച്ച്

kierkegaard_sketch-04

 

ഒരാൾക്കു പ്രായമേറുന്തോറും അയാൾക്കു ജീവിതത്തെക്കുറിച്ചു കൂടുതൽ അറിയാമെന്നാകുന്നു, സ്വസ്ഥത അയാളുടെ പരിഗണനയിലേക്കു കൂടുതലായി കടന്നുവരുന്നു, അതയാൾക്കു കൂടുതൽ ആസ്വാദ്യവുമാകുന്നു. ചുരുക്കത്തിൽ ഒരാൾ സമർത്ഥനാവുന്ന തോതനുസരിച്ച് അയാൾ അസംതൃപ്തനുമാവുകയാണ്‌. ഒരാൾക്കൊരിക്കലും പൂർണ്ണമായ, കേവലമായ തൃപ്തി കിട്ടാൻ പോകുന്നില്ല; ഏറിയോ കുറഞ്ഞോ തൃപ്തനായതുകൊണ്ടു വലിയ കാര്യമില്ലെന്നിരിക്കെ, അതിലും ഭേദം ഒട്ടും തൃപ്തനാവാതിരിക്കുകയാണെന്നും പറയാം. ഈ പ്രശ്നത്തെക്കുറിച്ചു നന്നായി ചിന്തിച്ചു നോക്കിയിട്ടുള്ള ഏതൊരാളും എന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കില്ല: അതായത്, ഒരാളുടെ ആയുസ്സെടുത്താൽ അതിൽ ഒരര മണിക്കൂറു തികച്ചുണ്ടാവില്ല, അയാൾ പൂർണ്ണതൃപ്തി അനുഭവിച്ചുവെന്നു പറയാൻ. ആ തരം സംതൃപ്തിക്കു വേണ്ടത് ഭക്ഷണവും വസ്ത്രവും മാത്രമല്ലെന്നതു പിന്നെ എടുത്തു പറയേണ്ടതുമില്ലല്ലൊ. അതിനോടടുത്ത ഒരനുഭവം ഒരിക്കൽ എനിക്കുണ്ടായി. പതിവില്ലാത്ത മനപ്രസാദത്തോടെയാണ്‌ അന്നു കാലത്ത് ഞാൻ ഉറക്കമുണർന്നത്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത മാതിരി നേരം കഴിയുന്തോറും എന്റെ മന:സ്വാസ്ഥ്യം കൂടിവരികയുമായിരുന്നു. കൃത്യം ഒരു മണിക്ക് ഞാൻ എന്റെ പരകോടിയിലെത്തി: പൂർണ്ണതൃപ്തിയുടെ തല ചുറ്റിക്കുന്ന കൊടുമുടി ഞാൻ കയറി: മനോഭാവങ്ങളളക്കുന്ന ഒരു മുഴക്കോലിനും അളന്നെത്താനാവാത്തത്, കവിതയുടെ ഉഷ്ണമാപിനിയിൽ പോലും വരാത്തത്.എന്റെ ഉടലിപ്പോൾ ഗുരുത്വാകർഷണത്തിന്റെ ഭാരമറിയുന്നില്ല. എനിക്കൊരുടലില്ലെന്ന പോലെയായിരുന്നു; എന്തെന്നാൽ ഉടലിന്റെ ഓരോ ഭാഗവും അതാതിന്റെ ധർമ്മങ്ങൾ പൂർണ്ണതയോടെ നിർവഹിക്കുകയായിരുന്നു, ഓരോ ഞാരമ്പും ആത്മാനന്ദം കൊള്ളുകയായിരുന്നു, നാഡീസ്പന്ദനമാവട്ടെ, ആ നിമിഷത്തിന്റെ നിർവൃതി എന്നെ ഓർമ്മിപ്പിക്കുന്ന ഒരു സംഗീതത്തിനു താളം പിടിക്കുകയുമായിരുന്നു. നടക്കുമ്പോൾ ഞാനൊഴുകുകയായിരുന്നു, മണ്ണിൽ നിന്നുയർന്നു വായു പകുത്തു നീങ്ങുന്ന പക്ഷിയെപ്പോലല്ല, ചോളപ്പാടത്തിനു മേൽ ഇളംകാറ്റു പോലെ, അഭിലാഷമുള്ളിലടക്കിയ തിരകളുടെ ദോളനം പോലെ, മേഘങ്ങളുടെ സ്വപ്നാടനം പോലെ. എന്റെ സത്ത സുതാര്യമായിരുന്നു, കടലിന്റെ തെളിഞ്ഞ കയങ്ങൾ പോലെ, രാത്രിയുടെ സ്വയംതൃപ്തമായ നിശ്ചലത പോലെ, മധ്യാഹ്നത്തിന്റെ പതിഞ്ഞ ആത്മഭാഷണം പോലെ. മനസ്സിന്റെ ഓരോ ഭാവവും സംഗീതാത്മകമായി അനുരണനം ചെയ്തു. ഓരോ ചിന്തയും, അതിനിസ്സാരമായതു മുതൽ അതിഗഹനമായതു വരെ, തന്നെ കൈക്കൊള്ളുവാൻ എന്നെ ക്ഷണിക്കുകയായിരുന്നു, സമൃദ്ധാനന്ദത്തോടെ ക്ഷണിക്കുകയായിരുന്നു. ഓരോ അനുഭൂതിയുടെ വരവും ഞാൻ മുൻകൂട്ടിയറിഞ്ഞിരുന്നു, അങ്ങനെ അവ എന്നിൽത്തന്നെ ഉണരുകയായിരുന്നു. പ്രപഞ്ചമാകെ എന്നോടു പ്രണയത്തിലായ പോലെയായിരുന്നു; എന്റെ സത്തയോടൊത്തു സ്പന്ദിക്കുകയായിരുന്നു സർവതും. എല്ലാമെനിക്കു വെളിപ്പെട്ടു, എല്ലാ പ്രഹേളികകളും എനിക്കു പൊരുളു തിരിഞ്ഞു, അതിന്റെ പ്രഹർഷത്തിൽ സർവതുമെനിക്കു വിശദമായി, ഏറ്റവും വഷളായ ഒരഭിപ്രായം പോലും, ഏറ്റവും വെറുപ്പിക്കുന്ന കാഴ്ച പോലും, ഏറ്റവും മാരകമായ സംഘട്ടനം പോലും.

കൃത്യം ഒരു മണിക്കാണ്‌ ആത്മോല്ക്കർഷത്തിന്റെ ഉച്ചിയിൽ ഞാനെത്തുന്നതെന്നു മുമ്പു പറഞ്ഞിരുന്നല്ലൊ. പെട്ടെന്നാണ്‌ എന്റെ കണ്ണിൽ എന്തോ വന്നുപെടുന്നത്. ഒരു രോമമോ കീടമോ പൊടിയോ എന്ന് എനിക്കു മനസ്സിലായില്ല. അതേ മുഹൂർത്തത്തിൽ തന്നെ  നൈരാശ്യത്തിന്റെ കൊടുംഗർത്തത്തിലേക്കു ഞാൻ മുങ്ങിത്താണു എന്നതു പക്ഷേ, എനിക്കു മനസ്സിലാവുകയും ചെയ്തു. എന്നെപ്പോലെ ആത്മസംതൃപ്തിയുടെ കൊടുമുടി കയറിയ, അതേ സമയം പൂർണ്ണതൃപ്തിയുടെ പരിധി ഏതറ്റം വരെ പോകാമെന്നു ചിന്തിച്ചുനോക്കിയിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകുന്നതേയുള്ളു ഇത്. അതിൽ പിന്നെ പൂർണ്ണവും കേവലവുമായ തൃപ്തി എന്നെങ്കിലും അനുഭവിക്കാമെന്നുള്ള മോഹം ഞാൻ ഉപേക്ഷിച്ചു. എപ്പോഴുമില്ലെങ്കിലും ഇടയ്ക്കെപ്പോഴെങ്കിലും പൂർണ്ണതൃപ്തി അനുഭവിച്ചാൽ കൊള്ളാമെന്ന മോഹം പോലും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.

(ആവർത്തനം 1843)

No comments: