നിന്നെ സ്നേഹിക്കാതെ ഒരു പകലു പോലും ഞാൻ കഴിച്ചിട്ടില്ല; നിന്നെപ്പുണരാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചിട്ടില്ല; നിന്നിൽ നിന്നകന്നു കഴിയാൻ എന്നെ നിർബന്ധിതനാക്കുന്ന എന്റെ ആത്മാഭിമാനത്തെയും ഉത്ക്കർഷേച്ഛയെയും ശപിക്കാതെ ഒരു കപ്പു ചായ പോലും ഞാൻ കുടിച്ചിട്ടില്ല. എന്റെ കർത്തവ്യങ്ങൾക്കു നടുവിൽ, അതിനി പട നയിക്കുമ്പോഴാകട്ടെ, അല്ലെങ്കിൽ പട്ടാളക്കാരുടെ തമ്പുകൾ സന്ദർശിക്കുമ്പോഴാകട്ടെ, എനിക്കെത്രയും പ്രിയപ്പെട്ട ജോസഫൈൻ മാത്രമേ എന്റെ നെഞ്ചിൽ കയറി നില്ക്കുന്നുള്ളു, എന്റെ മനസ്സിൽ കുടിയേറുന്നുള്ളു, എന്റെ ചിന്തകളിൽ നിറയുന്നുള്ളു. റോൺ നദിയിലെ കുത്തൊഴുക്കിന്റെ വേഗതയിലാണു ഞാൻ നിന്നിൽ നിന്നകന്നു പോകുന്നതെങ്കിൽ അത്രയും പെട്ടെന്നു നിന്നെ വീണ്ടും കാണാൻ വേണ്ടിയാണത്. പാതിരാത്രിക്കെഴുന്നേറ്റു ഞാൻ ജോലിക്കു പോകുന്നുണ്ടെങ്കിൽ എന്റെ ഓമനയുടെ വരവു രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം നേരത്തേയാക്കാൻ വേണ്ടി മാത്രമാണ്. എന്നിട്ടും 23നും 26നും അയച്ച കത്തുകളിൽ നീയെന്നെ ‘നിങ്ങൾ’ എന്നു വിളിക്കുന്നു. ‘നിങ്ങൾ’- അതു നീയാണ്. ഹ! വൃത്തികെട്ടവളേ! നിനക്കെങ്ങനെയായി ഇങ്ങനെയൊരു കത്തെഴുതാൻ! എന്തു തണുപ്പാണതിന്! പിന്നെ 23നും 26നും ഇടയിലുള്ള ആ നാലു ദിവസങ്ങൾ; നിന്റെ ഭർത്താവിനൊരു കത്തെഴുതാൻ മറക്കുന്നത്ര നിനക്കെന്താണവിടെ ചെയ്യാനുണ്ടായിരുന്നത്?...ഹാ, എന്റെ ഓമനേ, ആ ‘നിങ്ങൾ’, ആ നാലു ദിവസവും- എനിക്കു മുമ്പുണ്ടായിരുന്ന ആ ഉദാസീനതയിലേക്കു മടങ്ങിപ്പോകാൻ എന്നെ പ്രേരിപ്പിക്കുകയാണവ. ഇതിനു കാരണക്കാരനായ വ്യക്തി ആരായാലും അവൻ മുടിഞ്ഞുപോകട്ടെ! അതിനുള്ള പിഴയും ശിക്ഷയുമായി അവനനുഭവിക്കട്ടെ, എന്നെ ബോദ്ധ്യപ്പെടുത്തുന്നൊരു തെളിവു കിട്ടിയാൽ ഞാൻ അനുഭവിക്കുമായിരുന്നതൊക്കെയും! അതിലും ഭയങ്കരമായൊരു നരകപീഡയുണ്ടാവില്ല! അതിലുമുഗ്രമായൊരു വിഷസർപ്പം പ്രതികാരദേവതകൾക്കുമുണ്ടാവില്ല! നിങ്ങൾ! നിങ്ങൾ! ഹാ, എന്റെ ആത്മാവു കുഴഞ്ഞുപോകുന്നു; എന്റെ ഹൃദയം തളഞ്ഞുപോകുന്നു, കാടു കേറുന്ന ചിന്തകളാൽ ഞാൻ ഭീതനായിപ്പോകുന്നു...നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞു; പക്ഷേ ആ നഷ്ടവും നീ നികത്തും. പിന്നെ ഒരു നാൾ നിനക്കെന്നോടുള്ള സ്നേഹം നിലയ്ക്കും; അതൊന്നു പറയുകയെങ്കിലും ചെയ്യൂ: അങ്ങനെ ഞാനറിയട്ടെ, ഇങ്ങനെയൊരു നിർഭാഗ്യത്തിനു ഞാനർഹനായതെങ്ങനെയെന്ന്...വിട, എന്റെ ഭാര്യേ: എന്റെ ജീവിതത്തിന്റെ വേദനയും ആനന്ദവും പ്രത്യാശയും ചാലകശക്തിയുമായിരുന്നവളേ; ഞാൻ സ്നേഹിക്കുന്നവളേ, ഞാൻ ഭയക്കുന്നവളേ, പ്രകൃതിയിലേക്കെന്നെ അടുപ്പിക്കുന്ന മൃദുലവികാരങ്ങളും ഇടിമിന്നൽ പോലെ പ്രക്ഷുബ്ധമായ പ്രചണ്ഡാവേഗങ്ങളും കൊണ്ടെന്നെ നിറയ്ക്കുന്നവളേ. ഞാൻ നിന്നോടു ചോദിക്കുന്നതു ശാശ്വതമായ പ്രണയമല്ല, വിശ്വാസ്യതയല്ല, വെറും...വെറും സത്യം മാത്രം, അതിരില്ലാത്ത സത്യസന്ധത മാത്രം. ‘എനിക്കു നിങ്ങളോടുള്ള സ്നേഹം കുറഞ്ഞു’ എന്നു നീ പറയുന്ന ആ ദിവസമായിരിക്കും എന്റെ പ്രണയത്തിന്റെ അന്ത്യം കുറിക്കുക, എന്റെ ജീവിതത്തിന്റെ അന്ത്യവും. തിരികെക്കിട്ടാതെ സ്നേഹിക്കാൻ മാത്രം അധമമാണെന്റെ ഹൃദയമെങ്കിൽ ഞാനതിനെ പിച്ചിച്ചീന്തും. ജോസഫൈൻ! ജോസഫൈൻ! ഞാൻ ഇടയ്ക്കു നിന്നോടു പറഞ്ഞിട്ടുള്ളതോർമ്മയുണ്ടോ: പൌരുഷവും നിശ്ചയദാർഢ്യവുമുറ്റ ഒരു പ്രകൃതമാണ് പ്രകൃതി എനിക്കു കല്പിച്ചു തന്നതെന്ന്? അതു നിന്റേതു നെയ്തെടുത്തതു പക്ഷേ ലോലമായ കസവുനൂലും മാറാലയും കൊണ്ടായിരുന്നു. നിനക്കെന്നെ സ്നേഹമില്ലാതായിക്കഴിഞ്ഞോ? ക്ഷമിക്കണേ, എനിക്കാകെയുള്ള പ്രണയമേ, തമ്മിൽ പൊരുതുന്ന ശക്തികളാൽ പീഡിതമാണെന്റെ ഹൃദയം.
ഞാൻ പോകട്ടെ! ഹാ! നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞുവെങ്കിൽ നീയെന്നെ സ്നേഹിച്ചിട്ടു തന്നെയുണ്ടാവില്ല. അങ്ങനെയെങ്കിൽ എത്ര സഹതാപാർഹനാണു ഞാൻ!
ബോണപ്പാർട്ട്
നെപ്പോളിയൻ ജോസഫൈനെഴുതിയത് (1796)