നിന്നെക്കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞു ഞാനുണരുന്നു. നിന്റെ ചിത്രവും ഇന്നലെ നാമൊരുമിച്ചു പങ്കിട്ട മുഗ്ധസായാഹ്നവും എന്റെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. സമാനതകളില്ലാത്ത ഓമനേ, ജോസഫൈൻ, എന്തസാധാരണമായ പ്രഭാവമാണെന്റെ ഹൃദയത്തിൽ നീ ചെലുത്തിയത്! നീ കോപിച്ചിരിക്കുകയാണോ? നിന്റെ മുഖത്തു ഞാൻ കാണുന്നതു വിഷാദമാണോ? നിന്റെ മനസ്സു വേവലാതിപ്പെടുകയാണോ?...ശോകം കൊണ്ടെന്റെ നെഞ്ചു നീറുന്നു; നിന്റെ കാമുകനു സ്വസ്ഥതയെന്നതുണ്ടാവില്ല. എന്നാലെന്നെ ആമഗ്നമാക്കുന്ന തീവ്രവികാരങ്ങൾക്കു വഴങ്ങി നിന്റെ ചുണ്ടുകളിൽ നിന്ന്, നിന്റെ ഹൃദയത്തിൽ നിന്ന് എന്നെ എരിച്ചടക്കുന്ന ഒരഗ്നി കവരാനെനിക്കായാൽ ഇനിയും പലതുമെനിക്കു പ്രതീക്ഷിക്കാമെന്നാണോ? ഹാ! ഇന്നലെ രാത്രിയിലാണെനിക്കു പൂർണ്ണബോദ്ധ്യമായത്, എത്ര അയഥാർത്ഥമായ ഒരു ധാരണയാണ് നിന്റെ ചിത്രം നല്കുന്നതെന്ന്!
നീ ഇന്നുച്ചയ്ക്കു മടങ്ങുകയാണല്ലോ; മൂന്നു മണിക്കൂറിനുള്ളിൽ ഞാൻ നിന്നെ വന്നു കാണാം.
അത്രയും നേരത്തേക്ക്, എന്റെ പ്രിയകാമുകീ, ഒരായിരം ചുംബനങ്ങൾ; അതിലൊന്നുപോലും നീ മടക്കിത്തരികയും വേണ്ട; എന്തെന്നാൽ എന്റെ ചോരയ്ക്കതു തീ കൊളുത്തുമല്ലോ!
പാരീസ്, 1795 ഡിസംബർ
നെപ്പോളിയൻ ജോസഫൈനെഴുതിയത്
No comments:
Post a Comment