Wednesday, October 30, 2013

പ്രണയലേഖനങ്ങൾ - 2

napoleon-1

ജോസഫൈൻ,

എനിക്കു നിന്നോടുള്ള സ്നേഹമൊക്കെ തീർന്നു; ഇന്നെനിക്കു നിന്നെ വെറുപ്പായിരിക്കുന്നു. അറയ്ക്കുന്ന, നിന്ദ്യയായ, ബുദ്ധി കെട്ട കുലട. നീ എനിക്കു കത്തെഴുതുന്നതേയില്ലല്ലോ. നിനക്കു നിന്റെ ഭർത്താവിനെ സ്നേഹമില്ലാതായിരിക്കുന്നു. നിന്റെ കത്തുകൾ എന്തു മാത്രം സന്തോഷമാണയാൾക്കു നല്കുന്നതെന്നറിഞ്ഞിരുന്നിട്ടും ഒരാറു വരിയെഴുതാൻ നിനക്കു കഴിയുന്നില്ല!

പിന്നെ പകലു മുഴുവൻ ഭവതിക്കെന്താണു പണി? തന്നെ ആത്മാർത്ഥമായി പ്രേമിക്കുന്ന ഒരാൾക്കു കത്തെഴുതാനുള്ള നേരം കൂടി അപഹരിക്കുന്നത്ര ഗൌരവമുള്ള എന്തിടപാടാണവിടെയുള്ളത്? നീ അയാൾക്കു വാഗ്ദാനം ചെയ്ത ആർദ്രവും അചഞ്ചലവുമായ പ്രേമത്തെ, ആ പ്രേമത്തെ മാറ്റിവയ്ക്കാൻ, ശ്വാസം മുട്ടിക്കാൻ ശക്തമായ ആ ബന്ധം എന്താവാം? നിന്റെ നിമിഷങ്ങൾ കവരുന്ന, നിന്റെ നാളുകളെ ഭരിക്കുന്ന, സ്വന്തം ഭർത്താവിൽ നിന്നു ശ്രദ്ധ തിരിക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന ഈ പുതിയ കാമുകൻ ആരാണോ? കരുതിയിരുന്നോളൂ, ജോസഫൈൻ! ഒരു രാത്രിയിൽ കാണാം, വാതിലുകൾ തകർന്നു വീഴുന്നതും ഞാൻ അവിടെ പ്രത്യക്ഷനാവുന്നതും.

സത്യം പറയട്ടെ പൊന്നേ,  നിന്നെക്കുറിച്ച് ഒരു വിവരവും കിട്ടാത്തതിനാൽ ഞാനാകെ അസ്വസ്ഥനായിരിക്കുന്നു; എന്റെ ഹൃദയത്തെ ആഹ്ളാദം കൊണ്ടു വീർപ്പു മുട്ടിക്കുന്ന ആ സുന്ദരപദങ്ങൾ ഉപയോഗിച്ച് ഒരു നാലുപുറം നിറയുന്ന കത്തു നീ എഴുതിയാട്ടെ.

ഇനി അധികം വൈകാതെ നിന്നെ എന്റെ കൈകൾക്കുള്ളിലൊതുക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ. ഒരു ലക്ഷം ചുടുചുംബനങ്ങൾ അന്നു ഞാൻ നിന്റെ മേൽ ചൊരിയും, ഉഷ്ണമേഖലയിലെ സൂര്യനെപ്പോലെരിയുന്നവ.

ബോണപ്പാർട്ട്
വെറോണ, 1796 നവംബർ

(നെപ്പോളിയൻ ബോണപ്പാർട്ട് ജോസഫൈനെഴുതിയത്)

No comments: