31. സകാതാ
ഹഗുരോമലയിൽ നിന്നു ഞങ്ങൾ പോയത് ത്‌സുരുഗാ-ഓകാ എന്ന കോട്ട കെട്ടിയ പട്ടണത്തിലേക്കാണ്. നഗായമാ ഷിഗേയുകി ആയിരുന്നു ഞങ്ങളുടെ ആതിഥേയൻ. എന്റെ ഒരു ശിഷ്യനായ സുഷി സാകിചിയും ഹഗുരോയിൽ നിന്ന് ഞങ്ങളോടൊപ്പം പോന്നിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരുകൂട്ടം കവിതകളെഴുതി.
പിന്നെ ഞങ്ങൾ ഒരു തോണിയെടുത്ത് സകാതാതുറമുഖത്തെത്തി. അവിടെ വൈദ്യരായ എൻആൻ ഫുഗ്യോകുവിന്റെ വീട്ടിൽ അന്നു താമസിച്ചു.
വെയിൽ പൊള്ളുന്ന മലയിറങ്ങി
കാറ്റൂതുന്ന കടലോരമെത്തി
അന്തിക്കുളിരു കൊണ്ടു ഞാൻ.
ചുടുന്ന വേനൽസൂര്യനെ
കടലിൽക്കൊണ്ടു തള്ളിയല്ലോ
മോഗാമിപ്പുഴ!
32. കിസാഗതാ
എന്റെ യാത്ര തുടങ്ങിയതിൽപ്പിന്നെ പുഴയും മലയും കടലും കരയുമൊരുക്കുന്ന സൗന്ദര്യവിധാനത്തിന്റെ എണ്ണമറ്റ നിദർശനങ്ങൾ ഞാൻ കണ്ടുകഴിഞ്ഞിരിക്കുന്നു. എന്നിട്ടുകൂടി സകാതായ്ക്ക് ഇരുപത്തിനാലു മൈൽ വടക്കുകിഴക്കുള്ള കിസാഗതാ എന്ന തടാകത്തിന്റെ അത്ഭുതാവഹമായ സൗന്ദര്യം ദർശിക്കാനുള്ള ത്വരയെ അടക്കാൻ എനിക്കായില്ല. കുന്നുകൾ കയറിയും പാറക്കെട്ടുകൾ നിറഞ്ഞ കടലോരം പിടിച്ചും പൂഴിപ്പരപ്പിൽ കാലു പുതഞ്ഞും ഒരു പത്തു മൈൽ ഞങ്ങൾ നടന്നിട്ടുണ്ടാവും; അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു; കടലിൽ നിന്ന് ഒരു കാറ്റു വീശി പൂഴി പറത്താൻ തുടങ്ങി. ഒപ്പം മഴയുടെ നേർത്ത മൂടുപടവും വന്നുവീണു. ചൊക്കായ് മല പോലും കാഴ്ചയിൽ നിന്നു മാഞ്ഞു. ഇരുട്ടത്തു കണ്ണുപിടിക്കാതെ നടന്നുനീങ്ങുമ്പോൾ ഞാനോർക്കുകയായിരുന്നു, ഈ മഴയത്ത് ഇത്ര സുന്ദരമാണു കാര്യങ്ങളെങ്കിൽ മാനം തെളിയുമ്പോൾ എന്തൊക്കെയാണു ഞാൻ കാണാനിരിക്കുന്നത്! ഞങ്ങൾ ഒരു മുക്കുവന്റെ കുടിലിൽ കയറിക്കൂടി അന്നവിടെ കഴിച്ചുകൂട്ടി.
തെളിഞ്ഞ ആകാശവും തിളങ്ങുന്ന സൂര്യനുമാണ് പിറ്റേന്നു പ്രഭാതത്തിൽ ഞങ്ങളെ സ്വാഗതം ചെയ്തത്. ഞങ്ങൾ ഒരു തോണിയിൽ കിസാഗതായിലേക്കു യാത്രയായി. കവിയും ഭിക്ഷുവുമായ നൊയീൻ മൂന്നുകൊല്ലം ഏകാന്തവാസമനുഷ്ഠിച്ച തുരുത്തു കണ്ടതിൽപ്പിന്നെ ഞങ്ങൾ അതിനടുത്തുള്ള മറ്റൊരു ദ്വീപിൽ ചെന്നിറങ്ങി. അവിടെ ഞങ്ങൾ പുരാതനമായൊരു ചെറിമരം കണ്ടു. 'ചെറിപ്പൂക്കൾക്കു മേലാളുകൾ തോണി തുഴഞ്ഞുപോകുന്നു'വെന്ന് സെയ്ഗ്യോ ആദരിച്ചത് ഈ വൃദ്ധവൃക്ഷത്തെയാണ്. തടാകത്തിനു തൊട്ടായി ജിംഗുചക്രവർത്തിനിയെ അടക്കിയതെന്നു പറയുന്ന ഒരു ശവമാടവും കന്മാൻ ജൂ-ജീ എന്നു പേരായ ഒരു ക്ഷേത്രവും കണ്ടു. ചക്രവർത്തിനി ഇവിടെ സന്ദർശത്തിനെത്തി എന്ന വസ്തുത എന്നെ തെല്ലൊന്നാശ്ചര്യപ്പെടുത്തി; ചരിത്രപരമായി അതു ശരിയാണോ എന്ന സംശയവും എനിക്കുണ്ടായി.
ക്ഷേത്രത്തിനു മുന്നിലെ വിശാലമായ മണ്ഡ്‌അപത്തിലിരുന്ന് മുളംതട്ടികൾ ചുരുട്ടിക്കയറ്റിയപ്പോൾ അത്യസാധാരണമായ ഒരു ദൃശ്യം എന്റെ കണ്മുന്നിൽ അനാവൃതമായി. തെക്കുഭാഗത്തായി തടാകത്തിൽ നിഴൽ വീഴ്ത്തിക്കൊണ്ട് ഒരു സ്തംഭം പോലെ ആകാശത്തെ താങ്ങിനിൽക്കുന്ന ചൊക്കായ്മല; പടിഞ്ഞാറ് ഉയാമുയാകവാടം വഴി തടഞ്ഞുനിൽക്കുന്നു. അകിതായിലേക്കുള്ള വഴി ഒരു വരമ്പിനു മേൽ കിഴക്കോട്ടു നീണ്ടുകിടക്കുന്നു. വടക്ക് തിരകൾ ആഞ്ഞടിക്കുന്ന സമുദ്രമുഖം-ഷിയോഗോഷി. രണ്ടു മൈൽ മാത്രം നീളവും വീതിയുമുള്ള ഒരു തടാകമാണു കിസാഗതായെങ്കിൽപ്പോലും അതെന്നെ മത്‌സുഷിമായെ ഓർമ്മപ്പെടുത്തി. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു: മത്‌സുഷിമാ പ്രസാദപൂർണ്ണമായ സൗന്ദര്യമാണെങ്കിൽ കിസാഗതാ വിഷാദം തടവിയ ഒരു മുഖമാണ്. ഏകാന്തമാണത്, പരിത്യക്തമാണത്, ഏതോ പാപപരിഹാരത്തിനായി തപസ്സനുഷ്ടിക്കുന്ന പോലെയാണത്. പീഡിതമായൊരു മനുഷ്യാത്മാവിനോട് വല്ലാത്തൊരു സാദൃശ്യം!
കിസാഗതായിലെ മഴയത്ത്
മിമോസാപ്പൂക്കൾ നനയുമ്പോൾ
പ്രേമപീഡിതയായ ഹ്സി-ഷിയെ
ഓർക്കുന്നു ഞാൻ.
കൊക്കുകളുടെ നീൾക്കാലുകളെ
കടൽവെള്ളം ചുഴലുമ്പോൾ
എന്തു കുളിരാണതിന്.
കുടിലിൻ മുറ്റത്തു പലകയുമിട്ട്
മുക്കുവരിരിക്കുന്നു;
കുളിരുന്നൊരു സായന്തനം
അവർ നുകരുന്നു.
തെയ്ജി എഴുതിയത്
പാറമേൽ കൂടുവച്ച
കടൽക്കിളിയേ,
തിരകൾ നിനക്കു
വാക്കു തന്നുവോ?
സോറാ എഴുതിയത്
33. എച്ചിഗോ
സകാതാ വിടാൻ മടിച്ച് പലനാൾ ഞങ്ങൾ അവിടെ തങ്ങി. ഒടുവിൽ ഹൊകുറികുപാതയിലെ മലകൾക്കു മേൽ ഉരുണ്ടുകൂടുന്ന വിദൂരമേഘങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ വീണ്ടും യാത്രയായി. പക്ഷേ കാഗാപ്രവിശ്യയുടെ തലസ്ഥാനം മുന്നൂറു മൈൽ ദൂരെയാണെന്നറിഞ്ഞപ്പോൾ എന്റെ മനസ്സിടിഞ്ഞുപോയി. എന്നാൽപ്പോലും ഞങ്ങൾ യാത്ര മുടക്കിയില്ല. നെസുകവാടം കടന്ന് എച്ചിഗോപ്രവിശ്യയിലൂടെ എച്ചുപ്രവിശ്യയിലേക്കുള്ള ഇച്ചിബുരികവാടം വരെ ഞങ്ങൾ യാത്ര തുടർന്നു. അപ്പോഴേക്കും ഒമ്പതു ദിവസം കഴിഞ്ഞിരിക്കുന്നു. മഴയും ചൂടും ഒപ്പം പഴയൊരു വ്യാധിയും കൂടി എന്നെ ക്ഷീണിപ്പിച്ചുകളഞ്ഞു. അതിനാൽ എനിക്കധികമൊന്നും എഴുതാനായില്ല.
ഏഴാംമാസത്തിലാറാംനാൾ
രാവിനൊരു ഭാവമാറ്റം.
കലങ്ങിയ കടൽപ്പതയ്ക്കു മേൽ
സതോദ്വീപിലേക്കു പരക്കുന്നു
ക്ഷീരപഥം!
No comments:
Post a Comment