Monday, May 11, 2009
കാഫ്ക-മടക്കം
ഞാൻ മടങ്ങിയെത്തിയിരിക്കുന്നു; മുറ്റം കടന്നുവന്ന് ഞാൻ ചുറ്റും നോക്കുകയാണ്. എന്റെയച്ഛന്റെ പഴയ കൃഷിക്കളമാണിത്. നടുക്കു ചെളിവെള്ളം കെട്ടിക്കിടക്കുന്നു. നിരുപയോഗമായ പഴയ പണിയായുധങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് മച്ചിലേക്കുള്ള കോണിപ്പടിയുടെ വഴി മുടക്കിക്കിടക്കുന്നു. കൈവരിയിൽ പൂച്ച പതുങ്ങുന്നു. എന്നോ ഒരിക്കൽ കളിക്കാൻ വേണ്ടി വടിയിൽ ചുറ്റിയ കീറത്തുണി ഇളംകാറ്റിലിളകുന്നു. ഞാൻ വന്നുകഴിഞ്ഞു. ആരാണെന്നെ എതിരേൽക്കുക? അടുക്കളവാതിലിനു പിന്നിൽ ആരാണു നിൽക്കുന്നത്? ചിമ്മിനിയിൽ നിന്നു പുക പൊങ്ങുന്നുണ്ട്; അത്താഴമൊരുക്കുകയാവാം. നിനക്കിവിടെ അവകാശമുള്ളതായി തോന്നുന്നുണ്ടോ? വീടെത്തിയതിന്റെ സ്വസ്ഥത നിനക്കു കിട്ടിയോ? എനിക്കറിയില്ല, എനിക്കൊരു തീർച്ചയുമില്ല. അതെ, ഇതെന്റെ അച്ഛന്റെ വീടു തന്നെ; പക്ഷേ ഓരോ വസ്തുവും, ഞാൻ പാതി മറന്നവ, പാതി അറിയാത്തവ, ഒന്നു മറ്റൊന്നിനരികെ, സ്വന്തം കാര്യങ്ങളിൽ വ്യാപൃതമായിട്ടെന്നപോലെ, നിർവ്വികാരതയോടെ നിലകൊള്ളുന്നു. ഞാൻ ആ പഴയ കർഷകന്റെ മകനാണെങ്കിൽക്കൂടി അവയ്ക്കെന്നെക്കൊണ്ട് എന്തുപയോഗമാണുള്ളത്? അവയെ സംബന്ധിച്ചിടത്തോളം എനിക്കെന്തർത്ഥമാണുള്ളത്? അടുക്കളവാതിലിൽ മുട്ടാൻ എനിക്കു ധൈര്യം വരുന്നില്ല. ഞാൻ അകലെ മാറിനിന്നു കാതോർക്കുന്നതേയുള്ളു; ഒളിച്ചുനിന്നു കേൾക്കുന്നത് മറ്റാരും കണ്ടുപിടിക്കാതിരിക്കാനായി ഞാൻ അകലെ മാറിനിന്നു കാതോർക്കുന്നതേയുള്ളു. അകലെ മാറിനിന്നു കാതോർക്കുന്നതിനാൽ എനിക്കു യാതൊന്നും കേൾക്കാനാവുന്നില്ല; ഞാനാകെ കേൾക്കുന്നത്, ബാല്യകാലത്തിന്റെ നാളുകളിൽ നിന്നു തെന്നിവരുന്ന ഘടികാരത്തിന്റെ നേർത്ത സ്പന്ദനം മാത്രം. അതും ഒരുപക്ഷേ എന്റെ തോന്നലാവാം. അടുക്കളയിൽ പിന്നെ നടക്കുന്നതൊക്കെ അവിടെയിരിക്കുന്നവരുടെ ഒരു രഹസ്യമാണ്; അവർ എന്നിൽ നിന്നു മറച്ചുവയ്ക്കുന്ന ഒരു രഹസ്യം. വാതിലിനു മുന്നിൽ അറച്ചുനിൽക്കുന്നിടത്തോളം കാലം നിങ്ങൾ അന്യനാവുകയേയുള്ളു. ഈ സമയത്ത് ആരെങ്കിലും വാതിൽ തുറന്ന് എന്നോടെന്തെങ്കിലും ചോദിച്ചാൽ എന്താണുണ്ടാവുക? ഞാനും അപ്പോൾ സ്വന്തം രഹസ്യം വിട്ടുകൊടുക്കാൻ മടിക്കുന്ന ഒരാളെപ്പൊലെയല്ലേ പെരുമാറുക?
Labels:
കഥ,
കാഫ്ക,
ജര്‍മ്മന്‍,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment