
എന്റെ കുതിരയെ ലായത്തിൽ നിന്നിറക്കിക്കൊണ്ടുവരാൻ ഞാൻ ആജ്ഞാപിച്ചു. വേലക്കാരന് ഞാൻ പറഞ്ഞതു മനസ്സിലായില്ല. അതിനാൽ ഞാൻ തന്നെ ചെന്ന് കുതിരയെ ജീനിയണിച്ച് അതിന്റെ പുറത്തു കയറി. വിദൂരതയിൽ ഞാനൊരു കാഹളധ്വനി കേട്ടു; അതെന്താണെന്ന് ഞാൻ വേലക്കാരനോടന്വേഷിച്ചു. അവനൊന്നുമറിയില്ലായിരുന്നു; അവൻ യാതൊന്നും കേട്ടതുമില്ല. കവാടത്തിൽ വച്ച് അവൻ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു: 'യജമാനൻ എങ്ങോട്ടു പോവുകയാണ്?' 'എനിക്കറിയില്ല,' ഞാൻ പറഞ്ഞു. 'ഇവിടെ നിന്നു പുറത്തേക്ക്. ഇവിടെ നിന്നു പുറത്തേക്ക്, അത്രമാത്രം. എനിക്കെന്റെ ലക്ഷ്യത്തിലെത്താനുള്ള വഴി അതു മാത്രമാണ്.' 'അപ്പോൾ അങ്ങേയ്ക്കൊരു ലക്ഷ്യമുണ്ട്?' അവൻ ചോദിച്ചു. 'അതെ,' ഞാൻ മറുപടി പറഞ്ഞു. 'അതു ഞാനിപ്പോൾ നിന്നോടു പറഞ്ഞതേയുള്ളു: ഇവിടെ നിന്നു പുറത്തേക്ക്- അതാണെന്റെ ലക്ഷ്യം.'
No comments:
Post a Comment