Saturday, August 31, 2013

അന്ന കാമിയെൻസ്ക - ട്രാമിൽ കണ്ട കൈകൾ

DSCN1077

 

 

മടിത്തട്ടിൽ കൈത്തലങ്ങൾ വച്ചുകൊണ്ട്
ഒരു യുവതി ട്രാമിലിരിക്കുന്നു
കൈയുറകളില്ലാതെ വെണ്ണക്കൽക്കൈകൾ
റാഫേൽ അവളുടെ നഖങ്ങളിൽ കാവി പൂശി
മൈക്കലാഞ്ജലോ തന്റെ മാർബിൾ ലെയ്ത്തിൽ
പത്തു വിരലുകൾ കടഞ്ഞെടുത്തു
ബൻവെനുറ്റോ ഓരോ വിരലിലും
തനിപ്പൊന്നിന്റെ നാരുകൾ പടർത്തി

എന്റെ കൈകൾ പക്ഷേ ഭാരം പേറുന്നവ
അരികിൽ ഞാൻ നില്ക്കുന്നു
തളർന്നും പ്രായമേറിയും
കഴയ്ക്കുന്ന പരന്ന കാലടികളിൽ
ഒരു മഡോണയുടെ കൈകൾ നോക്കിയും


Friday, August 30, 2013

അന്ന കാമിയെൻസ്ക - പേടിക്കേണ്ട

kamienska_sw

 


പേടിക്കേണ്ട യാതനകളിനിയുമനവധിയനുഭവിക്കാനുണ്ടാവും
ഒരു ചതഞ്ഞ സൌഹൃദത്തിന്റെ ഊന്നുവടിയിൽ ചാഞ്ഞുനിന്നോളൂ
തല്ക്കാലത്തേക്കതു നിങ്ങളുടെ അവകാശം തന്നെ
നിങ്ങൾ അവഗണിച്ചുകളഞ്ഞ ഒരു കർത്തവ്യമായിരുന്നു
സന്തോഷവാനായിരിക്കുകയെന്നത്
അശ്രദ്ധമായി കാലമെടുത്തുപയോഗിച്ചവൻ
പുൽത്തകിടിയിലേക്കു വാത്തുകളെയെന്നപോലെ
നാളുകളെ നിങ്ങളിറക്കിവിടുന്നു
പേടിക്കേണ്ട അനവധി തവണ നിങ്ങൾ മരിക്കും
ജീവിതത്തെ സ്നേഹിക്കാൻ ഒടുവിൽ നിങ്ങൾ പഠിക്കും വരെ


പുഷ്കിൻ - പുഷ്പം

DSCN1333a

 


ഒരു പുസ്തകത്തിന്റെ താളുകൾക്കിടയിൽ
ഒരു പൂവിനെ ഞാൻ കണ്ടു;
ഉണങ്ങിയും മണം വറ്റിയും
ആരുടെയുമോർമ്മയിലില്ലാതെയും.
വിചിത്രമായൊരു മനോരാജ്യത്തി-
ലെന്റെ മനസ്സലയുകയായി.
അതു വിടർന്നുനിന്നതെവിടെ?
എപ്പോ,ളേതു വസന്തത്തിൽ?
എത്ര നാളതു വിരിഞ്ഞുനിന്നു?
പിന്നയാരതിറുത്തെടുത്തു?
അപരിചിതമായൊരു കൈ,
അതോ എനിക്കറിയുന്നൊരാൾ?
എന്തിനാണയാളതിനെ
ഈ താളുകൾക്കിടയിൽ വച്ചതും?
ഒരു പ്രണയസല്ലാപത്തിന്റെ ഓർമ്മയ്ക്കോ,
ഒരു വിട പറയലിന്റെ ഓർമ്മയ്ക്കോ?
ഒരു പാടത്തിന്റെ മൌനത്തിലൂടെ,
ഒരു കാടിന്റെ തണലിനടിയിൽ
ഒരേകാന്തസഞ്ചാരത്തിന്റെ ഓർമ്മയ്ക്കോ?
എവിടെയാണയാളിപ്പോൾ, അവളും?
ലോകത്തിന്റെ ഏതു കോണിൽ?
അവരുമതോ മാഞ്ഞുപോയോ,
ഈ താളുകൾക്കിടയിലെ പൂവു പോലെ?


Wednesday, August 28, 2013

ആന്റൺ ചെക്കോഫ് - ഒരു സർക്കാരുദ്യോഗസ്ഥന്റെ മരണം

checkov

 


സുന്ദരമായ ഒരു സായാഹ്നത്തിൽ അത്ര തന്നെ സുന്ദരനായ ഇവാൻ ദിമിത്രിവിച്ച് ചെർവിയാക്കോഫ് എന്ന താഴേക്കിടയിലുള്ള ഒരു സർക്കാരുദ്യോഗസ്ഥൻ തിയേറ്ററിലെ രണ്ടാം നിരയിലിരുന്ന് തന്റെ ഓപ്പെറാ ഗ്ളാസ്സിലൂടെ “കോൺവിയേയിലെ വേഷങ്ങൾ” കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അവിടെ അങ്ങനെ ഇരുന്നു നോക്കുമ്പോൾ അയാൾക്കു തോന്നിയിരുന്നു, സന്തോഷത്തിന്റെ ഏഴാം സ്വർഗ്ഗത്തിലാണു താനെന്ന്. പക്ഷേ പെട്ടെന്ന്...കഥകളിൽ പലപ്പോഴും നാം ഈ ‘പക്ഷേ പെട്ടെന്നി’നെ കണ്ടുമുട്ടാറുണ്ട്; അതിൽ എഴുത്തുകാരെ കുറ്റം പറയാനുമില്ല: അത്രയേറെ അവിചാരിതങ്ങൾ നിറഞ്ഞതാണല്ലോ ജീവിതം! പക്ഷേ പെട്ടെന്ന് അയാളുടെ മുഖം ചുളുങ്ങിക്കൂടി, അയാളുടെ കണ്ണുകൾ പിന്നിലേക്കു മറിഞ്ഞു, ഒരു നിമിഷത്തേക്ക് അയാളുടെ ശ്വാസം നിലച്ചു...അയാൾ ഓപ്പെറാ ഗ്ളാസ്സ് കണ്ണിൽ നിന്നൂരി, എന്നിട്ട് മുന്നിലേക്കു കുനിഞ്ഞു...ആഹ്ച്ചീ! മനസ്സിലായല്ലോ, അയാൾ ഒന്നു തുമ്മി. തുമ്മുന്നതിൽ നിന്ന് ആരും ആരെയും എവിടെയും വിലക്കിയിട്ടൊന്നുമില്ല. കൃഷിക്കാർ തുമ്മാറുണ്ട്, പോലീസ് ആഫീസർമാർ തുമ്മാറുണ്ട്, എന്തിന്‌, കൌൺസിലർമാർ പോലും ചില നേരം തുമ്മിപ്പോവാറുണ്ട്. ചെർവിയാക്കോഫിന്‌ ഒരാശയക്കുഴപ്പവും തോന്നിയില്ല. അയാൾ തൂവാല എടുത്തു മുഖം

തുടച്ചിട്ട് മര്യാദയുള്ള ആരും ചെയ്യുന്ന പോലെ, തന്റെ തുമ്മൽ കൊണ്ട് ആർക്കും ശല്യമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നറിയാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. പക്ഷേ അപ്പോഴാണ്‌ വല്ലാത്തൊരു ആശയക്കുഴപ്പം അയാളെ വന്നു ബാധിച്ചത്. ഒന്നാമത്തെ നിരയിൽ തന്റെ നേരേ മുന്നിലിരുന്ന പ്രായം ചെന്ന ഒരു മാന്യൻ കൈയുറ കൊണ്ട് തന്റെ കഷണ്ടിത്തലയും കഴുത്തും തുടയ്ക്കുന്നത് അയാൾ

ശ്രദ്ധിച്ചു; അദ്ദേഹം തന്നെത്താൻ എന്തോ പിറുപിറുക്കുന്നുമുണ്ട്. ആ മാന്യദേഹം ഹൈവേ വകുപ്പിലെ ജനറൽ ബ്രിസിയാലോഫ് ആണെന്ന് ചെർവിയാക്കോഫ് തിരിച്ചറിഞ്ഞു. “ഞാൻ അദ്ദേഹത്തിനു മേലാണു തുമ്മിയത്!” അയാൾ തന്നോടു തന്നെയായി പിറുപിറുത്തു. “അദ്ദേഹം എന്റെ ബോസ്സല്ല; എന്നാലും ചെയ്തതു ശരിയായില്ല. ഞാൻ ചെന്നു മാപ്പു പറയണം.”

ചെർവിയാക്കോഫ് ഒന്നു ചുമച്ചു കണ്ഠശുദ്ധി വരുത്തിയിട്ട് മുന്നോട്ടാഞ്ഞിരുന്ന് ജനറലിന്റെ ചെവിയിലായി പതുക്കെ പറഞ്ഞു: “ക്ഷമിക്കണം സാർ, ഞാൻ തുമ്മിയത് അങ്ങയുടെ തലയിലേക്കായിപ്പോയി. അതു ഞാൻ അറിയാതെ...”

“സാരമില്ല, സാരമില്ല.”

“ദൈവത്തെയോർത്ത് അങ്ങു ക്ഷമിക്കണം. ഞാൻ വേണമെന്നു വച്ചു ചെയ്തതല്ല...”

“ദയവു ചെയ്ത് ഒന്നിരിക്കാമോ! ആ പറയുന്നതെന്താണെന്ന് ഞാൻ ഒന്നു കേൾക്കട്ടെ!”

ചെർവിയാക്കോഫ് ആളാകെ കുഴങ്ങിപ്പോയി. ഒരു പച്ചച്ചിരിയും ചിരിച്ചുകൊണ്ട് അയാൾ പിന്നെയും സ്റ്റേജിലേക്കു നോക്കി ഇരുന്നു. പക്ഷേ അവിടെ കാണുന്നതിൽ നിന്ന് മുമ്പത്തെപ്പോലെ ഒരു സന്തോഷം അയാൾക്കു കിട്ടിയില്ല. ഉത്ക്കണ്ഠ അയാളിൽ പിടി മുറുക്കാൻ തുടങ്ങിയിരുന്നു. ഇടവേള സമയത്ത് അയാൾ ബ്രിസിയാലോഫിനടുത്തു ചെന്ന് പരുങ്ങി നിന്നുകൊണ്ട് ഇങ്ങനെ മന്ത്രിച്ചു:

“ഞാൻ അങ്ങയുടെ മേലൊന്നു തുമ്മിപ്പോയി സാർ. അങ്ങതു ക്ഷമിക്കണം. ഞാൻ...ഞാനതു വേണമെന്നു വച്ചു...“

”ഹൊ, തനിക്കിതു മതിയാക്കിക്കൂടേ! ഞാൻ അതൊക്കെ അപ്പോഴേ മറന്നു കഴിഞ്ഞു; എന്നിട്ടു താൻ അതു വീണ്ടും പൊക്ക്ക്കിപ്പിടിച്ചു കൊണ്ടു വരികയാ?“ ക്ഷമ നശിച്ച ജനറൽ തറപ്പിച്ചു പറഞ്ഞു.

താനതു മറന്നുകളഞ്ഞുവെന്നാണ്‌ അദ്ദേഹം പറയുന്നതെങ്കിലും ആ കണ്ണുകളിൽ ദേഷ്യം കാണാനുണ്ട്, സംശയദൃഷ്ടിയോടെ ജനറലിനെ നോക്കിക്കൊണ്ട് ചെർവിയാക്കോഫ് മനസ്സിലോർത്തു. അദ്ദേഹം സംസാരിക്കാൻ തന്നെ തയാറാവുന്നില്ല. അദ്ദേഹത്തെ മനസ്സിലാക്കിക്കൊടുക്കുക തന്നെ വേണം, താനതു വേണമെന്നു വച്ചു ചെയ്തതല്ല എന്ന്, തുമ്മുക എന്നത് ഒരു പ്രകൃതിനിയമമാണെന്ന്. ഞാൻ മനഃപൂർവ്വം അദ്ദേഹത്തിന്റെ മേൽ തുമ്മുകയായിരുന്നുവെന്ന് അല്ലെങ്കിൽ അദ്ദേഹം കരുതും. ഇപ്പോഴില്ലെങ്കിലും പിന്നീടദ്ദേഹം അങ്ങനെ തന്നെ ചിന്തിക്കും.

ചെർവിയാക്കോഫ് വീട്ടിലെത്തിയിട്ട് താൻ കാണിച്ച മര്യാദകേടിനെക്കുറിച്ചു ഭാര്യയോടു പറഞ്ഞു. അവർ തീരെ നിസ്സാരമായിട്ടാണ്‌ ആ സംഭവത്തെ കണ്ടതെന്ന് അയാൾക്കു തോന്നി. ആദ്യം അവർക്ക് ഒരു പേടി തോന്നിയിരുന്നു; പക്ഷേ ബ്രിസിയാലോഫ് തങ്ങളുടെ ബോസ്സ് അല്ലെന്നറിഞ്ഞപ്പോൾ അവരുടെ അങ്കലാപ്പും ശമിച്ചു.

”എന്നാലും അദ്ദേഹത്തെ ചെന്നുകണ്ട് മാപ്പു പറയുന്നതാണു ബുദ്ധി,“ അവർ അയാളെ ഉപദേശിച്ചു, ”അല്ലെങ്കിൽ മനുഷ്യരോടു പെരുമാറാൻ നിങ്ങൾക്കറിയില്ലെന്ന് അദ്ദേഹം കരുതിയേക്കും.“

”അതു തന്നെ! ഞാൻ അപ്പോൾത്തന്നെ മാപ്പു പറഞ്ഞിരുന്നു. പക്ഷേ ഒരു പ്രത്യേക മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം...അദ്ദേഹം പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. അല്ല, സംസാരിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല.“

അടുത്ത ദിവസം ചെർവിയാക്കോഫ് ഷേവു ചെയ്ത്, അലക്കിയ യൂണിഫോമുമിട്ട് ബ്രിസിയാലോഫിനെ കാണാൻ പോയി, എല്ലാം വിശദീകരിച്ചു കൊടുക്കാൻ. അവിടെ ചെല്ലുമ്പോൾ സ്വീകരണമുറിയിൽ നിവേദനങ്ങളുമായി എത്തിയ ഒരു കൂട്ടം ആൾക്കാർക്കിടയിൽ ഇരിക്കുകയാണ്‌ ജനറൽ. കുറേപ്പേരുടെ ആവാലാതികൾ കേട്ടതിനു ശേഷം അദ്ദേഹം മുഖമുയർത്തി ചെർവിയാക്കോഫിനെ നോക്കി.

“അങ്ങോർക്കുന്നുണ്ടാവുമോ, ഇന്നലെ അർക്കേഡിയായിൽ വച്ച്...” അയാൾ തുടങ്ങി, “ഞാൻ ഒന്നു തുമ്മിയത് അങ്ങയുടെ മേൽ തെറിച്ചുവീണു; ഞാനതു വേണമെന്നു വച്ചു ചെയ്തതല്ല, അങ്ങു ക്ഷമി...”

”എന്തസംബന്ധമാണിത്! താനെന്താണിപ്പറയുന്നത്? തനിക്കെന്താ വേണ്ടത്?“

അദ്ദേഹത്തിന്‌ എന്നോടു സംസാരിക്കണമെന്നില്ല, വിളറിവെളുത്തു കൊണ്ട് ചെർവിയാക്കോഫ് ഓർത്തു. അദ്ദേഹം ആകെ ദേഷ്യത്തിലാണ്‌; ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കണം

ജനറൽ അവസാനത്തെ പരാതിക്കാരനെയും പിരിച്ചയച്ചിട്ട് ഉള്ളിലേക്കു പോകാൻ തിരിയുമ്പോൾ ചെർവിയാക്കോഫ് പിന്നാലെ ചെന്ന് ഇങ്ങനെ മുറുമുറുത്തു: “സാർ, ഞാൻ അങ്ങയെ ശല്യപ്പെടുത്താൻ ധൈര്യപ്പെടുന്നത് അങ്ങേയറ്റത്തെ കുറ്റബോധം കൊണ്ടു മാത്രമാണ്‌; അന്നു ഞാനത് വേണമെന്നു വച്ചു ചെയ്തതല്ല. സാർ അതു മനസ്സിലാക്കണം.”

കരയാൻ പോകുന്നൊരു മുഖഭാവത്തോടെ ജനറൽ കൈ എടുത്തു വീശി.

“താനെന്നെ കളിയാക്കുകയാണല്ലോ,” പിന്നിൽ വാതിൽ വലിച്ചടയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

ഇതിലെന്തു കളിയാക്കലാണ്‌? ചെർവിയാക്കോഫ് തന്നെത്താൻ ചോദിച്ചു. അങ്ങനെയൊരു കാര്യമേയില്ല. ജനറൽ ആയിട്ടും അദ്ദേഹത്തിനു കാര്യം മനസ്സിലാവുന്നില്ലല്ലോ! ഇനി ഞാൻ ആ പൊങ്ങച്ചക്കാരന്റെയടുത്ത് മാപ്പു പറയാനൊന്നും പോകുന്നില്ല. അയാളു പോയി തുലയട്ടെ! ഒരു കത്തെഴുതിയേക്കാം; പക്ഷേ ഞാനിനി അയാളെ കാണാൻ പോകില്ല. ദൈവത്തിനാണെ, ഞാൻ പോകില്ല

വീട്ടിലേക്കു നടക്കുമ്പോൾ ചെർവിയാക്കോഫിന്റെ മനസ്സിൽ ഇതൊക്കെയായിരുന്നു.പക്ഷേ അയാൾ കത്തെഴുതുക ഉണ്ടായില്ല. എത്രയൊക്കെ ചിന്തിച്ചിട്ടും എന്താണെഴുതേണ്ടതെന്ന് അയാൾക്കൊരു രൂപവും കിട്ടിയില്ല. അതിനാൽ എല്ലാം നേരിട്ടു വിശദീകരിക്കാൻ അയാൾക്കു പിറ്റേന്നു വീണ്ടും പോകേണ്ടിവന്നു.

“ഞാൻ ഇന്നലെ അങ്ങയെ വന്നു ശല്യപ്പെടുത്തിയിരുന്നു, സാർ,” ജനറൽ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ചെർവിയാക്കോഫ് വിക്കിവിക്കി പറഞ്ഞു, “അതു പക്ഷേ, അങ്ങു പറഞ്ഞപോലെ കളിയാക്കാൻ ആയിരുന്നില്ല, സാർ. അങ്ങയുടെ ദേഹത്തു തുമ്മിയതിനു മാപ്പു പറയാൻ വന്നതായിരുന്നു ഞാൻ...കളിയാക്കുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു പോലുമില്ല. ഞാനതിനു

ധൈര്യപ്പെടുമോ? കളിയാക്കുക എന്നാൽ മനുഷ്യരെ ബഹുമാനമില്ലാതാവുക എന്നല്ലേ അർത്ഥം? അതു ഞാൻ...”

”കടന്നുപോ!“ മുഖമാകെച്ചുവന്ന്, അടിമുടി വിറച്ചുകൊണ്ട് ജനറൽ അലറി.

“എന്താ, സാർ?” ഭീതി കൊണ്ടു മോഹാലസ്യപ്പെട്ടപോലെ ആയിക്കൊണ്ട് ചെർവിയാക്കോഫ് ചോദിച്ചു.

“കടന്നുപോകാൻ!” തറയിൽ ആഞ്ഞുചവിട്ടിക്കൊണ്ട് ജനറൽ ആക്രോശിച്ചു.

ചെർവിയാക്കോഫിന്‌ നെഞ്ചിലെന്തോ തകർന്നുടയുന്നപോലെ തോന്നി. ഒന്നും കാണാതെയും ഒന്നും കേൾക്കാതെയും അയാൾ പുറത്തേക്കിറങ്ങി വേച്ചുവേച്ച് വീട്ടിലേക്കു നടന്നു... ഒരു യന്ത്രപ്പാവയെപ്പോലെ വീട്ടിൽ വന്നുകയറിയ അയാൾ യൂണിഫോം ഊരാതെ സോഫയിൽ ചെന്നുകിടന്നു...മരിച്ചു.


Sunday, August 25, 2013

അന്ന കാമിയെൻസ്ക - നീതിമാന്മാർ

kamienska4

 


മൌനം പാലിക്കുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
മൂഢമായ ചോദ്യങ്ങൾക്കുത്തരം നല്കാത്തവരെ

നമ്മുടെ അമ്മമാരെക്കുറിച്ചു ഞാനോർക്കുന്നു
മരണശേഷവും നമ്മെ സ്നേഹിക്കുന്നവരെ

പൊറുക്കാനറിയുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
എണ്ണത്തിൽ കുറവാണവരെങ്കിലും

ശാന്തമനസ്കരായി മരിക്കുന്ന ക്യാൻസർ രോഗികളെക്കുറിച്ചു ഞാനോർക്കുന്നു
വീടുകളിലെത്തിച്ചേരാത്തവരെക്കുറിച്ചും

തെരുവുകളിൽ അവമാനിതരാവുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
വീണിടത്തു നിന്നു തന്നെത്താന്നെഴുന്നേല്ക്കുന്നവരെ

ഊന്നുവടികൾ കൈകളിൽ നിന്നു തെറിച്ചുപോയവരെ
കണ്ണടകൾ തകർന്നുപോയവരെ

തങ്ങൾ കാര്യം പറയുകയാണെന്നു വിശ്വസിക്കുന്ന പരദൂഷണക്കാരെ ഞാനോർക്കുന്നു
ചുണ്ടനക്കുക മാത്രം ചെയ്യുന്നവരെ

നുണകൾക്കു കാതു കൊടുക്കാൻ വിസമ്മതിക്കുന്നവരെയും ഞാനോർക്കുന്നു
നീതിമാന്മാരെക്കുറിച്ചു ഞാനോർക്കുന്നു

അവർക്കു തലയ്ക്കു മേൽ പ്രകാശവലയങ്ങളില്ല
അവർ തങ്ങളുടേതായൊന്നും ശേഷിപ്പിച്ചുപോകുന്നുമില്ല


Saturday, August 24, 2013

അന്ന കാമിയെൻസ്ക - വിളക്ക്

DSCN0384

 


ഉള്ളു തുറക്കാനല്ല ഉൾക്കൊള്ളാനാണു ഞാനെഴുതുന്നത്
യാതൊന്നുമെനിക്കു തെളിഞ്ഞുകിട്ടാറില്ല
അതു തുറന്നുസമ്മതിക്കുന്നതിലെനിക്കു മടിയില്ല
ഈ അറിവില്ലായ്മ ഒരു മേപ്പിളിലയുമായി പങ്കു വയ്ക്കുന്നതിലെനിക്കു നാണക്കേടുമില്ല
അതിനാൽ എന്റെ ചോദ്യങ്ങൾ ഞാൻ സമർപ്പിക്കുന്നത്
എന്നെക്കാളറിവു കൂടിയ വാക്കുകൾക്കു മുന്നിൽ
നമ്മെക്കാൾ ചിരായുസ്സുകളായ വസ്തുക്കൾക്കു മുന്നിൽ
യാദൃച്ഛികമായി കിട്ടുന്നതാവട്ടെ അറിവെന്നു ഞാൻ കാത്തുനില്ക്കുന്നു
മൌനത്തിൽ നിന്നു വരട്ടെ ബോധമെന്നു ഞാൻ പ്രതീക്ഷ വയ്ക്കുന്നു
ആകസ്മികമായിട്ടെന്തോ ഒന്നു സംഭവിച്ചുവെന്നു വരാം
മറഞ്ഞുകിടക്കുന്ന നേരു കൊണ്ടതു തുടിച്ചുവെന്നു വരാം
എണ്ണവിളക്കിന്റെ തിരിനാളമെന്നപോലെ
ഒരിക്കൽ നാമതിനു മുന്നിൽ തല കുമ്പിട്ടു നിന്നിരുന്നു
നമുക്കു വളരെ ചെറുപ്പമായിരുന്നപ്പോൾ
മുത്തശ്ശി കത്തി കൊണ്ടപ്പം മുറിക്കുമ്പോൾ
നമുക്കന്നു സർവതിനെയും വിശ്വാസവുമായിരുന്നു
ഇന്നു ഞാനുള്ളു തുറന്നാഗ്രഹിക്കുന്നതും മറ്റൊന്നിനെയല്ല
ആ വിശ്വാസത്തെ


Friday, August 23, 2013

അന്ന കാമിയെൻസ്ക - താക്കോൽ

e69d01e8-3eac-4d56-a957-cd566bd27fbalink to image

 


ചരടിൽ കോർത്ത ഒരു താക്കോൽ കഴുത്തിലിട്ട്
ഒരു ബാലൻ നടക്കുന്നു.
വീടില്ലാത്തതിന്റെ ഒരു പ്രതീകം.
തന്റെ ഒഴിഞ്ഞ വീട് അവൻ കൂടെക്കൊണ്ടുനടക്കുന്നു,
എപ്പോൾ വേണമെങ്കിലും അവനതിലേക്കു മടങ്ങിച്ചെല്ലാം,
പക്ഷേ അവൻ മടങ്ങിപ്പോകില്ല,
കാരണം ഒഴിഞ്ഞ പുരകൾ വീടുകളാവില്ലല്ലോ.
അതു കൊണ്ടുകളയരുത്, പോകുമ്പോൾ അമ്മ പറഞ്ഞിരുന്നു.
അത്താഴം മേശപ്പുറത്തുണ്ട്.
ഒരു ദിവസം അവനു താക്കോലു നഷ്ടപ്പെടും,
സ്വപ്നത്തിലെന്നപോലെ അവനലഞ്ഞുനടക്കും,
നെഞ്ചത്തവൻ പറിച്ചുനോക്കും.
അതവിടെ ഉണ്ടായിരുന്നതാണല്ലോ,
കട്ടിയുള്ള ചരടിൽ കോർത്തത്.
താക്കോലുമായി ഒരു കൊച്ചുബാലൻ.
പോകുന്ന വഴിയ്ക്ക് ഞാനവനെ കണാറുണ്ട്,
എനിക്കവനെ സഹായിക്കാനേ കഴിയുന്നില്ല.
എല്ലാ താക്കോലുകളും നഷ്ടപ്പെട്ടവളാണു ഞാനും.


Thursday, August 22, 2013

അന്ന കാമിയെൻസ്ക - സ്വർഗ്ഗം

WomenLiberated

ഓഷ്വിറ്റ്സ് കോൺസെണ്ട്രേഷൻ ക്യാമ്പിൽ നിന്നു മോചിതരായ സ്ത്രീകൾ


നീതി നടപ്പാകുമെന്നായിരുന്നു എന്റെ വിശ്വാസം.
അതിനാൽ എന്റെ മുടിയിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കരഞ്ഞില്ല.
എന്റെ മുഖത്തു കാരണമില്ലാതെ പ്രഹരിച്ചപ്പോൾ
നിശ്ശബ്ദം ഞാനതു സഹിച്ചു.
കണ്ണില്പെട്ടതും അല്ലാത്തതുമായ അപവാദങ്ങൾ,
നഷ്ടപ്പെട്ട സമ്പാദ്യങ്ങൾ, കത്തിച്ച കളിപ്പാവ,
യൌവനത്തിനു പകരം വന്നുചേർന്ന യുദ്ധം,
എന്നിൽ നിന്നു മോഷ്ടിച്ച ഹാൻഡ്ബാഗ്,
അവർ കണ്ടുകെട്ടിയ എന്റെ സൈക്കിൾ,
എനിക്കു പരിചയമില്ലാത്തവരെക്കൊണ്ടു നിറഞ്ഞ വൃദ്ധസദനം,
കാരണമില്ലാതെയുള്ള കലഹങ്ങൾ,
മരണമെന്നു പേരുള്ള ആ കള്ളൻ,
ഞാനർഹിക്കാത്ത ഏകാന്തത,
അനീതികളുടെ ഈ പട്ടികയിൽ ഞാൻ മുങ്ങിത്താണു.
ഇപ്പോൾ ഞാൻ കാത്തുകാത്തിരിക്കുന്നു,
കുത്തിയൊലിക്കുന്ന കണ്ണീരു തുടയ്ക്കാൻ വരും,
സർവതും തന്റെ ആലിംഗനത്തിലൊതുക്കുന്ന ആ പിതാവ്,
ശൂന്യതയെന്ന്.


അന്ന കാമിയെൻസ്ക - വേനലൊടുവിൽ

DSCN0172

 


ഇനി ഞാനൊന്നടച്ചിരിക്കാൻ പോകുന്നു
അരമുള്ള വൈക്കോലു കൊണ്ടൊരറയുണ്ടാക്കി അതിനുള്ളിൽ
ആദി മുതല്ക്കെല്ലാമെനിക്കൊന്നാലോചിച്ചെടുക്കണം

ഒരില ഒരു വേര്‌ ഒരുറുമ്പ് ഒരു മുയൽ
കടൽ ഒരു മേഘം ഒരു കല്ല്

അവയെക്കുറിച്ചെല്ലാമെനിക്കോർക്കണം
പാപി
തന്റെ പാപങ്ങളെണ്ണിയെണ്ണിയോർക്കുമ്പോലെ

എനിക്കെന്നോടു തന്നെ ചോദിക്കണം
പച്ചപ്പിന്റെ നാട്ടുകാരനല്ലാതെപോയതിൽ
വല്ലാതെ പശ്ചാത്തപിക്കുന്നുവോ ഞാനെന്ന്

എനിക്കെന്നെത്തന്നെ ചോദ്യം ചെയ്യണം
ഏതു വഴിക്കു പോകണമെന്നെത്ര തവണ
വേരുകളോടു ഞാനാരാഞ്ഞുവെന്ന്

ചെയ്ത കുറ്റങ്ങൾ ഞാനേറ്റുപറയും
ജലത്തിനു മുന്നിൽ
മേഘത്തിനും ബിർച്ചുമരത്തിനും മുന്നിൽ
ഞാനവരുടെ കാലു കഴുകും
അവരുടെ മുറിവുകൾ വച്ചുകെട്ടും

പച്ചിലകൾ മർമ്മരമുതിർക്കുന്നൊരു ജീവിതത്തോ-
ടെന്തു കൊണ്ടെനിക്കു സമരസപ്പെട്ടുകൂടാ
മരണത്തിന്റെ സ്വപ്നങ്ങൾക്കിടയിലെനിക്കെന്തുകൊണ്ടുറങ്ങിക്കിടന്നുകൂടാ

ഇലകളേ
ഉദാസീനമായ മണ്ണിലേക്കടർന്നു വീഴാൻ
എന്നെപ്പഠിപ്പിക്കൂ


Wednesday, August 21, 2013

അന്ന കാമിയെൻസ്ക - നിഘണ്ടുക്കൾ

0106link to image

 


എത്ര കവിതകളാണ്‌ നിഘണ്ടുക്കളിൽ ഉറങ്ങിക്കിടക്കുന്നത്
വൈക്കോല്ക്കൂനയിൽ സൂചികളെന്നപോലെ
ഇനിയും പിറക്കാത്ത കവികളെത്ര
രോഷത്തിന്റെ ഇഴയടുത്ത വലയ്ക്കുള്ളിൽ
പൊതിഞ്ഞുകിടക്കുന്നവർ
മനസ്സലിഞ്ഞ കുമ്പസാരങ്ങളെത്രയാണവിടെ
അവമാനങ്ങളെത്ര
വ്യാജങ്ങളെത്ര

മൌനത്തിന്റെ മരുപ്പറമ്പുകളുമെത്ര
കാലടികൾ പതിയാതെ
ജനവാസമില്ലാതെ


Tuesday, August 20, 2013

അന്ന കാമിയെൻസ്ക - മരിക്കൽ

Ivan_Grohar_-_Deklica_na_mrtvaškem_odrulink to image

 


അതെത്രയും വേഗമാവണേയെന്നു പ്രാർത്ഥിക്കുകയായിരുന്നു സകലരും
ഇനിയെത്രനേരം ദൈവമേ അയാൾ നെടുവീർപ്പിട്ടു
അഭാവത്തിലേക്കയാൾ കണ്ണു നട്ടുകഴിഞ്ഞിരുന്നു
ഒരു പശ്ചാത്താപവും അയാൾക്കുണ്ടായിരുന്നുമില്ല
ഹൃദയം പക്ഷേ മിടിച്ചുകൊണ്ടേയിരുന്നു
എന്തിനോ കാത്തുനില്ക്കുകയാണെന്നപോലെ
ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നപോലെ
പിന്നെയും ചെറുത്തുനില്ക്കുകയാണെന്നപോലെ

ഒടുവിൽ ദൈവം ഒരു സ്പർശത്താൽ
കഥയില്ലാത്ത ആ ഹൃദയത്തെ നിശബ്ദമാക്കി
പിന്നെയുണ്ടായതത്രയ്ക്കൊരു നിശബ്ദതയായിരുന്നു
ഇല്ലാത്ത മാതിരി


അന്ന കാമിയെൻസ്ക - മുത്തശ്ശനും മുത്തശ്ശിയും

124929.plink to image

 


ഫോട്ടോയിലെത്ര സന്തുഷ്ടരാണവർ,
നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും,
ഒരു പച്ചില പോലെ ജീവൻ തുടിക്കുന്നവർ.
ചെറുപ്പമായ നമ്മുടെ മുത്തശ്ശി
ഭർത്താവിന്റെ തോളത്തു സ്നേഹത്തോടെ തല ചായ്ച്ചിരിക്കുന്നു.
മുത്തശ്ശനിനിയുമറിഞ്ഞിട്ടില്ല താൻ മരിച്ചിരിക്കുന്നുവെന്ന്.
വാച്ചിന്റെ ചെയിൻ കൊണ്ടലങ്കരിച്ച നെഞ്ചു വീർപ്പിച്ചദ്ദേഹം നില്ക്കുന്നു.
മരിച്ചുപോയ നമ്മുടെ ചെറുപ്പക്കാരിമുത്തശ്ശിയെ
അതിസ്നേഹത്തോടദ്ദേഹമണച്ചുപിടിച്ചിരിക്കുന്നു.
പ്രസന്നമായൊരു വേനലിന്റെ പൊയ്പ്പോയ പ്രഭാതങ്ങളിൽ
തങ്ങളൊരുമിച്ചിരുന്നാഹാരം കഴിച്ചിരുന്ന വരാന്തയിൽ
തനിക്കൊപ്പമിരിക്കുന്നവർ, തന്റെ സഹോദരങ്ങളും മക്കളും,
അവർ മരിച്ചിരിക്കുന്നുവെന്നദ്ദേഹമിനിയുമറിഞ്ഞിട്ടില്ല.
നമ്മുടെ മുത്തശ്ശിക്കറിയുകയേയില്ല,
തന്റെ വിരലുകൾ തിരുപ്പിടിക്കുന്നതൊരു തണുത്ത ജപമാലയെയെന്ന്.
മുത്തശ്ശിയുടെ ഒന്നു ചരിഞ്ഞ ആ കഴുത്തിൽ നമുക്കു കേൾക്കാം,
ആനന്ദത്തിന്റെ ഗാനാലാപം,
നിർജ്ജീവമായ വീണയിൽ സംഗീതമെന്നപോലെ.


Monday, August 19, 2013

അന്ന കാമിയെൻസ്ക - ഭാരം പേറുന്നവർ

562092_3515924014418_1479685002_n

 


പത്താം നിലയിലേക്കു പിയാനോകൾ ചുമന്നു കേറ്റുന്നവർ
അലമാരകളും ശവപ്പെട്ടികളും ചുമക്കുന്നവർ
വിറകുകെട്ടുമായി ചക്രവാളത്തിനു നേർക്കു വേച്ചുവേച്ചു നടക്കുന്ന വൃദ്ധൻ
മുൾച്ചെടിക്കെട്ടു മുതുകത്തു പേറിനടക്കുന്ന സ്ത്രീ
കുഞ്ഞുങ്ങളെ കിടത്തുന്ന ഉന്തുവണ്ടിയിൽ
ഒഴിഞ്ഞ വോഡ്ക്കാക്കുപ്പികളിട്ടു നടക്കുന്ന ഭ്രാന്തത്തി
ഇവരെല്ലാം ഉയർത്തപ്പെടും
ഒരു കടല്ക്കാക്കയുടെ തൂവൽ പോലെ ഒരു കരിയില പോലെ
ഒരു മുട്ടത്തോടു പോലെ തെരുവിലൊരു പത്രക്കടലാസ്സിന്റെ തുണ്ടു പോലെ


ഭാരം പേറുന്നവർ ഭാഗ്യവാന്മാർ
എന്തെന്നാൽ അവർ ഉയർത്തപ്പെടുമല്ലോ


Sunday, August 18, 2013

അന്ന കാമിയെൻസ്ക - കുരിശിൽ

la_pieta___stone_statue_png_by_evelivesey-d5s2mqklink to image


കുരിശിൽ മരിക്കുകയായിരുന്നു അവൻ
ഒരാശുപത്രിക്കിടക്കയിൽ
അവന്റെയരികിൽ നിന്നിരുന്നു
ഏകാകിത
കദനങ്ങൾക്കമ്മ

അടച്ചുപൂട്ടിയ ചുണ്ടുകൾ
കെട്ടിയിട്ട കാലടികൾ
ദൈവമേ എന്റെ ദൈവമേ
നീയെന്നെക്കൈവിട്ടതെന്തേ

ഒരാകസ്മികനിശബ്ദത
എല്ലാം നടന്നുകഴിഞ്ഞു
ഒരു മനുഷ്യനും
ദൈവത്തിനുമിടയിൽ
നടക്കേണ്ടേതെല്ലാം

1986 മെയ് 8


കാമിയെൻസ്കയുടെ അവസാനത്തെ കവിത; മരിക്കുന്നതിനു മൂന്നു ദിവസം മുമ്പെഴുതിയത്


Saturday, August 17, 2013

അന്ന കാമിയെൻസ്ക - വ്യർത്ഥം

 

peonies-at-window-by-muffet-fcc

 


ബാല്യത്തിൽ നിന്നേ ഞാൻ ചുമക്കുന്നതാണ്‌
ഈ മാറാപ്പിത്രയും:
ഒരു കറുത്ത പെട്ടിയിലിട്ടടച്ച അച്ഛന്റെ വയലിൻ,
‘ഉത്തമം സ്നേഹിതരുമായി സഹഭോജനം’
എന്ന ലിഖിതവുമായി ഒരു ദാരുഫലകം,
ഒരിടുങ്ങിയ വഴി
അതിൽ ഒരു കുതിരയുടെയും വണ്ടിയുടെയും കടന്നുപോകുന്ന നിഴലുമായി,
പൂപ്പലു പാടു വീഴ്ത്തിയ ഒരു ഭിത്തി,
മടക്കിവയ്ക്കാവുന്ന ഒരു കുട്ടിക്കിടക്ക,
മാടപ്രാവുകളുടെ പടമുള്ള ഒരു പാലിക,
ജീവിതത്തെക്കാൾ ഈടു നില്ക്കുന്ന വസ്തുക്കൾ,
പഴയൊരലമാരയ്ക്കു മേൽ
സ്റ്റഫ്ഫു ചെയ്തുവച്ച പക്ഷി,
ഹാ, കോണികളുടെയും വാതിലുകളുടെയും
ഈ കൂറ്റൻ പിരമിഡും.
അത്രയെളുപ്പമല്ല,
ഇത്രയധികം പേറിനടക്കുകയെന്നത്.
ഇതിലൊന്നുപോലുമൊഴിവാക്കുകയില്ല
അന്ത്യം വരെ ഞാനെന്നതും എനിക്കറിയാം.
ഒടുവിൽ എവിടെയുമല്ലാത്തൊരിടത്തു നിന്ന്
ബുദ്ധിമതിയായ എന്റെ അമ്മ വന്ന് എന്നോടു പറയുന്നു,
“അതൊക്കെക്കളയൂ, എന്റെ പൊന്നുമോളേ,
അതിലൊന്നും ഒരർത്ഥവുമില്ല.“


Friday, August 16, 2013

അന്ന കാമിയെൻസ്ക - “നോക്കൂ” അമ്മ പറയുകയാണ്‌

munch_dead-mother

Munch – Dead Mother


“നോക്കൂ” എന്റെ സ്വപ്നത്തിൽ വന്ന് അമ്മ പറയുകയാണ്‌,
“നോക്കൂ, മേഘങ്ങൾക്കിടയിലേക്കൊരു കിളി പറന്നുയരുന്നു.
നീയെന്താണതിനെക്കുറിച്ചെഴുതാത്തത്,
എന്തു ഭാരമാണ്‌, എന്തു വേഗമാണതിനെന്ന്?

”പിന്നെ ഈ മേശപ്പുറത്തെന്താ-
റൊട്ടിയുടെ മണം, പിഞ്ഞാണത്തിന്റെ കിലുക്കം.
ഇനിയും നീ എന്നെക്കുറിച്ചു പറയേണ്ട കാര്യമില്ല.
ഞാൻ വിശ്രമിക്കുന്നേടത്തു ഞാനെന്നൊന്നില്ല.

“ഞാൻ പൊയ്ക്കഴിഞ്ഞു, ഞാൻ നിലച്ചു കഴിഞ്ഞു,
എനിക്കിതുകൊണ്ടു മതിയായി: ശുഭരാത്രി!”
അതിനാൽ ഈ കവിത ഞാനെഴുതുന്നതു കിളികളെക്കുറിച്ച്,
റൊട്ടിയെക്കുറിച്ച്...മമ്മാ. മമ്മാ.


Wednesday, August 14, 2013

അന്ന കാമിയെൻസ്ക - തെരുവുകളുടെ മുഖങ്ങൾ

63472_10200241441976341_797133532_n_thumb[2]

 


തെരുവുകളുടെ മുഖങ്ങൾ നിശബ്ദമാണ്‌, ജനാലകൾ അന്ധമാവുന്നു,
പാളങ്ങളുടെ തണുത്ത സിരകൾ ഒച്ചയില്ലാതെ വിറ കൊള്ളുന്നു.
നനഞ്ഞ നടവഴിയുടെ കണ്ണാടിയിൽ ആകാശം തൂങ്ങിനില്ക്കുന്നു
ആലിപ്പഴങ്ങൾ നിറഞ്ഞ കാരീയമേഘങ്ങളുമായി.

എന്റെ അമ്മ ഒരാശുപത്രിയിൽ കിടന്നു മരിക്കുകയാണ്‌.
വെളുത്തു ജ്വലിക്കുന്ന കിടക്കവിരിപ്പിൽ നിന്ന്
അവർ കൈപ്പടമുയർത്തുന്നു- പിന്നെ കൈ താഴെ വീഴുന്നു.
എന്നെ കുളിപ്പിക്കുമ്പോൾ വേദനിപ്പിച്ചിരുന്ന കല്യാണമോതിരം
അവരുടെ മെലിഞ്ഞ വിരലിൽ നിന്നൂരിപ്പോകുന്നു.

മരങ്ങൾ മഞ്ഞുകാലത്തെ ഈർപ്പം മോന്തിക്കുടിക്കുന്നു.
കല്ക്കരി നിറച്ച വണ്ടിക്കടിയിൽ കുതിര തല താഴ്ത്തിനില്ക്കുന്നു.
ഗ്രാമഫോണിൽ ബാഹും മൊസാർട്ടും ഭ്രമണം ചെയ്യുന്നു,
ഭൂമി സൂര്യനെ ചുറ്റുന്ന പോലെ.

അവിടെ, ഒരാശുപത്രിയിൽ എന്റെ അമ്മ കിടന്നു മരിക്കുകയാണ്‌.
എന്റ മമ്മ.


Tuesday, August 13, 2013

അന്ന കാമിയെൻസ്ക - കൃതജ്ഞത

P9130050

 


ഒരു ചണ്ഡവാതമെന്റെ മുഖത്തേക്കൊരു മഴവില്ലെറിഞ്ഞു
അതിനാൽ ഞാൻ മോഹിച്ചു മഴയ്ക്കടിയിൽ വീണുകിടക്കാൻ
ഞാനിരിക്കാനിടം കൊടുത്ത ഒരു വൃദ്ധയുടെ കൈകളിലുമ്മ വയ്ക്കാൻ
അവർ ജീവനോടിരിക്കുന്നു എന്ന വസ്തുത കൊണ്ടു മാത്രമായി
സർവരോടും നന്ദി പറയാൻ
ഒന്നു മന്ദഹസിക്കാൻ കൂടി ചിലനേരമെനിക്കു തോന്നിയിരുന്നു
തളിരിലകളോടു ഞാൻ കൃതജ്ഞയായിരുന്നു
വെയിലത്തു മലരാനവ മനസ്സു കാണിച്ചുവെന്നതിനാൽ
കുഞ്ഞുങ്ങളോടു ഞാൻ കൃതജ്ഞയായിരുന്നു
ഈ ലോകത്തേക്കു വരാനവർക്കിനിയും വൈമുഖ്യം വന്നിട്ടില്ലെന്നതിനാൽ
വൃദ്ധരോടു ഞാൻ കൃതജ്ഞയായിരുന്നു
അന്ത്യം വരെക്കും പിടിച്ചുനില്ക്കാനുള്ള ധൈര്യമവർ കാണിക്കുന്നുവെന്നതിനാൽ
നിറയെ നന്ദിയായിരുന്നു ഞാൻ
ഞായറാഴ്ചകളിൽ നിറയുന്ന ധർമ്മപ്പെട്ടി പോലെ
ഈ സമയത്തു മരണമെനിക്കരികിൽ വന്നുനിന്നിരുന്നെങ്കിൽ
ഞാനവളെ ആലിംഗനം ചെയ്തേനെ

കൃതജ്ഞത അശരണമായൊരു പ്രണയമാണ്‌
ചിതറിപ്പോയതും


Monday, August 12, 2013

അന്ന കാമിയെൻസ്ക - നിന്റെ സ്വപ്നങ്ങളുറങ്ങുന്നതെവിടെ

annakamienska

 


നിന്റെ സ്വപ്നങ്ങളിപ്പോളുറങ്ങുന്നതെവിടെ
നിന്റെ പേടികൾ കൂടു കൂട്ടുന്നതെവിടെ
നിന്റെ വിശപ്പുകൾ മുരളുന്നതെവിടെ
ഒരു ഗ്രഹം കൈയിൽ നിന്നു വീണുപോകുന്നു
നിന്റെ മഞ്ഞുകൾ കുഞ്ഞുറക്കത്തിലായതെവിടെ
കാതരകളായ മാൻപേടകൾ കുതുകികളായ മുയലുകൾ
സൌമ്യജീവികളായ മാടപ്രാവുകൾ കർക്കശക്കാരായ പാതകൾ

ഓരോ രാത്രിയിലും ഞാനുറങ്ങാൻ കിടക്കുന്നു
അവർക്കരികെ


Sunday, August 11, 2013

അന്ന കാമിയെൻസ്ക - മൂന്നു കുരിശുകൾ

Three_crosses

 


ഒന്നാമത്തെ കുരിശിൽ നൈരാശ്യമാണ് മരിക്കുന്നത്
അതിനാലതു ദൈവനിന്ദ ചെയ്യുകയാണ് പരാതി പറയുകയാണ്
രണ്ടാമത്തെ കുരിശിൽ പശ്ചാത്താപമാണ് മരിക്കുന്നത്
അതിനാലതു കാത്തിരിപ്പു തുടരുകയാണ്
മൂന്നാമത്തേതിൽ ഭൂമിക്കൊത്ത നടുവിൽ
ഉടലുകളിൽ പാവനമായത് പ്രാണൻ വെടിയും
എല്ലാവർക്കുമുള്ളത് ഒരേ ഇരുട്ടു തന്നെ ആകാശത്ത്
എല്ലാവർക്കുമുള്ളത് അമ്മയായ ഒരേ മണ്ണു തന്നെ പാറയ്ക്കടിയിൽ


അന്ന കാമിയെൻസ്ക - മാലാഖമാർ

wp_chaplin4_800

 


മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
ജാക്കറ്റു ധരിച്ചവർ ഫാഷനല്ലാതായിക്കഴിഞ്ഞ വേഷങ്ങൾ ധരിച്ചവർ
അവർ മേശക്കരികിലിരിക്കുന്നു ബിയറു കുടിക്കുന്നു സല്ലപിക്കുന്നു
കോട്ടുവായിടുന്നു വൈകി ഉറങ്ങാൻ പോകുന്നു
ആ അലമാരയിൽ ഒരു വെള്ളച്ചിറകു കിടക്കുന്നതു കാണാം
മരിച്ചവരോടവർക്കവജ്ഞയില്ല
അവരുടെ യാതനകളോടും വിയർപ്പിനോടുമില്ല
അവർക്കറിയാം എത്ര ദുഷ്കരമാണു മരിക്കുകയെന്ന്
വസന്തകാലത്തു കലപ്പ വലിക്കുമ്പോലെയാണതെന്ന്
ഡോക്ടറുടെ വെളുത്ത കോട്ടിൽ ദീനക്കാർക്കു മേലവർ കുനിഞ്ഞുനില്ക്കുന്നു
പ്രായമായവരോടവർ പറയുന്നു അല്ല ഇതൊക്കെ നമുക്കു സഹിക്കാതെ പറ്റുമോ
കഷണ്ടിയുടെ പ്രകാശവലയവുമായി നരച്ച മുടിയുമായി
അവർ ചിലപ്പോൾ ഒരു പുരോഹിതനുമാവുന്നു
മേശ മേൽ നെറ്റി മുട്ടിച്ച് ഒറ്റയ്ക്കിരുന്നു കരയുന്നവൻ
പെട്ടെന്നതാ അവർ ഒരു കവിവചനം വിളിച്ചുപറയുന്നു
അവരുടെ താരസ്വരം ഒരു സിംഫണിയിലൂടെ തുളച്ചുകയറുന്നു
മരിക്കാൻ സമ്മതമില്ലാത്ത ചെറുപ്പക്കാരുടെ സ്ഥാനം അവരേറ്റെടുക്കുന്നു
അല്ലെങ്കിലവർ സർജ്ജന്റെ കത്തിക്കടിയിൽ നിന്നു പെട്ടെന്നപ്രത്യക്ഷരാവുന്നു
അനസ്തീഷ്യാവിദഗ്ധൻ ഓടിവന്നൊച്ചയെടുക്കുന്നു സിരകൾ തുന്നിക്കൂട്ടൂ
അവർ പക്ഷേ അകലെയായിക്കഴിഞ്ഞു
സ്വർഗ്ഗത്തിലെത്തിക്കഴിഞ്ഞു
ഒരു മേഘത്തിന്റെ മർമ്മരമേ അരികിൽ കേൾക്കാനുള്ളു
ഒരു മേഘത്തിന്റെ മർമ്മരം മാത്രം
മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
പ്രജ്ഞയുടെ ചൂണ്ടയിട്ട് അവർ ഓരോ ശബ്ദവും ആശയവും പിടിച്ചെടുക്കുന്നു
സത്യം നിറച്ച തമലകളിൽ നിന്ന് അവരൊരല്പം പകർന്നെടുക്കുന്നു
അവർ അപ്പം മൊരിച്ചെടുക്കുന്നു വെള്ളവീഞ്ഞിൽ മീൻ നുറുക്കിയിടുന്നു
നല്ല തമാശകളവർ രസിച്ചുകേൾക്കും
ചിരിക്കുമ്പോളവരുടെ കണ്ണിന്റെ വെള്ള തിളങ്ങുന്നതു കാണാം
ചന്ദ്രനിലേക്കു വിക്ഷേപിച്ച പേടകത്തിൽ
സ്പേസ് സ്യൂട്ടുമിട്ട് അവരിലൊരാൾ കയറിക്കൂടിയിട്ടുണ്ടോയെന്നു നമുക്കറിയില്ല
ഫ്ളെമിഷ് പെയിന്റിംഗുകളിലെപ്പോലത്ര ബലത്തതാണവരുടെ കാൽവണ്ണകൾ
വെള്ളത്തിലിറങ്ങിനില്ക്കുന്ന നിറം വിളർത്ത മൂരികളെപ്പോലുടൽ കനത്തവരാണവർ
തീക്ഷ്ണമായൊരു കാരുണ്യത്തിന്റെ ബലവുമവരിലുണ്ട്
സ്നേഹശീലമായൊരിളംകാറ്റിൽ അവരുടെ ഉടയാടകൾ പാറുന്നു
പല്ലുഡോക്ടറെ കാണാൻ അവർ ക്ഷമയോടെ കാത്തിരിക്കുന്നതു കാണാം
ആരുമില്ലാത്തൊരു കസേരയിൽ
ഒടുവിൽ അകത്തേക്കു കടക്കുന്നതും അവരായിരിക്കും
അവർ പോയ പിന്നാലെ ഒരു നീണ്ട നിശബ്ദത വീഴുന്നു
മാലാഖമാരാണവരെന്നു നിങ്ങൾ തിരിച്ചറിയുന്നതുമങ്ങനെ


Saturday, August 10, 2013

അന്ന കാമിയെൻസ്ക - ഒഴിഞ്ഞ ഇടങ്ങൾ

Anna Kamienska

 


                                       നാം തിടുക്കപ്പെടുക, മനുഷ്യരെ സ്നേഹിക്കാൻ

                                      (ജാൻ ത്വാർദോവ്സ്കി)

 

ഒരാളെപ്പോലും സ്നേഹിക്കാൻ എനിക്കു കഴിഞ്ഞില്ല
അത്രയൊക്കെ ഞാൻ തിടുക്കപ്പെട്ടിട്ടും
ഒഴിഞ്ഞ ഇടങ്ങളെയേ ഞാൻ സ്നേഹിച്ചുകൂടൂ എന്നപോലെയായിരുന്നു
ആശ്ളേഷത്തിലേക്കെത്താതെ വീണുതൂങ്ങുന്ന കൈകളെ
ശിരസ്സുപേക്ഷിച്ചുപോയ തൊപ്പിയെ
എഴുന്നേറ്റു മുറി വിട്ടു പോകേണ്ട ചാരുകസേരയെ
എടുത്തു നോക്കാതായിക്കഴിഞ്ഞ പുസ്തകങ്ങളെ
ഒരു വെള്ളിയിഴ ശേഷിച്ച ചീർപ്പിനെ
വളരുന്ന കുഞ്ഞുങ്ങൾക്കൊതുങ്ങാതായിക്കഴിഞ്ഞ കിടക്കകളെ
വേണ്ടാത്തതൊക്കെ കുത്തിനിറച്ച വലിപ്പുകളെ
നഗ്നപാദയായി ലോകം വിട്ടുപോയൊരു പാദത്തിന്റെ
വടിവു പൂണ്ട ഷൂസുകളെ
ശബ്ദങ്ങൾ താഴ്ന്നുതാഴ്ന്നു നിശബ്ദമാവുന്ന ഫോണുകളെ
സ്നേഹിക്കാൻ അത്രയേറെ ഞാൻ തിടുക്കപ്പെട്ടു
സ്വാഭാവികമായും എനിക്കതിനായതുമില്ല


Friday, August 9, 2013

അന്ന കാമിയെൻസ്ക - നഗരത്തിന്റെ ഭൂപടം

anna kamienska

 


ഈ നഗരം പ്രണയത്തിന്റെ ഭൂപടം
ഞാൻ നിന്നെ കണ്ടുമുട്ടിയ തെരുവിവിടെ
നമ്മുടെ ചുണ്ടുകളിൽ മഞ്ഞു പെയ്തതിവിടെ
നാം വിട പറഞ്ഞു പിരിഞ്ഞതിവിടെ
നിന്റെ കണ്ണുകൾ അന്നേറെനേരം പിന്നാലെ വന്നിരുന്നു
നമ്മുടെ പാതകൾ പരിണയിച്ചതിവിടെ
നമ്മുടെ കൈകൾ കൂടു കണ്ടതിവിടെ
രോഗിയായ നിന്നെക്കാണാൻ ഞാനോടിവന്നതിവിടെ
നിന്നെയും കൊണ്ടൊടുവിൽ ഞാൻ വണ്ടിയോടിച്ചെത്തിയതിവിടെ
നീ എന്നിൽ നിന്നൊളിഞ്ഞിരിക്കുന്നതിവിടെ
നിന്നെ ഞാനെന്നുമെന്നും തേടിനടക്കുന്നതിവിടെ


Thursday, August 8, 2013

അന്ന കാമിയെൻസ്ക - ജന്തുക്കളുടെ ആത്മാക്കൾ

OLYMPUS DIGITAL CAMERA

 


ജന്തുക്കളുടെ ആത്മാക്കളേ
നായ്ക്കൾ കടിച്ചുനുറുക്കിയ ഇളമാനിന്റെ
ഒരു ചെവി വിണ്ടുകീറി
തല കീഴായി തൂങ്ങിക്കിടക്കുന്ന മുയലിന്റെ
തലയില്ലാതെ ചാടുന്ന പൂവൻ കോഴിയുടെ
പോയ വഴിയേ ചോര കൊണ്ടു ചാലിടുന്ന പെൺപട്ടിയുടെ
ഒരു വേലിക്കടിയിൽ നിർജ്ജീവമായ കണ്ണുകളോടെ കിടക്കുന്ന പ്രാവിന്റെ
ഹാ ജന്തുക്കളുടെ ആത്മാക്കളേ
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ


അന്ന കാമിയെൻസ്ക - കവിതയുടെ പടിവാതില്ക്കൽ വച്ച്

6702547999_0cb4e93947

 


കവിതയുടെ പടിവാതില്ക്കൽ വച്ച്
നിങ്ങളുടെ ആത്മാവിൽ നിന്ന്
വിദ്വേഷത്തിന്റെ പൊടിയും മണ്ണും തട്ടിക്കളയുക
വികാരാവേശങ്ങൾ മാറ്റിവയ്ക്കുക
വാക്കുകളെ അവ മലിനപ്പെടുത്തരുതല്ലോ

ആ ഇടത്തിലേക്ക് ഒറ്റയ്ക്കു കാലെടുത്തുവയ്ക്കുക
വസ്തുക്കളുടെ ആർദ്രത നിങ്ങളെ വന്നുപൊതിയും
ഇരുട്ടിലേക്കു നിങ്ങളെ ആനയിച്ചുകൊണ്ടുപോകും
ലോകം കാണുന്ന കണ്ണു നഷ്ടപ്പെട്ടവനാണു നിങ്ങളെന്നപോലെ

പേരുള്ളതായിട്ടുള്ളതെല്ലാം അവിടെ മടങ്ങിയെത്തും
വെളിച്ചത്തിൽ കുളിച്ചുനില്ക്കും
നീയും ഞാനുമതിലന്യോന്യം കണ്ടെത്തും
മൂടൽമഞ്ഞിൽ മുങ്ങിപ്പോയ രണ്ടു മരങ്ങൾ പോലെ


Wednesday, August 7, 2013

അന്ന കാമിയെൻസ്ക - ഒരു ചോരത്തുള്ളി

anna kamienska

ഒരു ചോരത്തുള്ളി, വായുവിൽ ചാലിച്ചത്
ഒരു കവിത
ഒരപ്പക്കഷണം
പ്രഭാതവെളിച്ചത്തിലൊരല്പം
നിന്റെ ജീവിതത്തിൽ നിന്നൊരു നിമിഷവും
ഇതില്പരമെനിക്കെന്തു കിട്ടാൻ


Friday, August 2, 2013

മരിൻ സൊരെസ്ക്യു - സ്വന്തം പേരു പരിചയമാവുന്നതിനെക്കുറിച്ച്

marin-sorescu

 


നിങ്ങൾ നടക്കാൻ പഠിച്ചതില്പിന്നെ,
വസ്തുക്കളെ ഇന്നതിന്നതെന്നു പറയാൻ പഠിച്ചതില്പിന്നെ,
കുട്ടി എന്ന നിലയ്ക്കുള്ള നിങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
എന്താത്?
അവർ നിങ്ങളോടു ചോദിച്ചുകൊണ്ടേയിരിക്കും.
നിങ്ങൾ പതറുന്നു, വിക്കുന്നു,
ഒഴുക്കോടൊരു മറുപടി പറയാൻ തുടങ്ങിക്കഴിഞ്ഞാല്പിന്നെ
നിങ്ങൾക്ക് സ്വന്തം പേര്‌ ഒരു പ്രശ്നമല്ലാതാവുന്നു.

നിങ്ങൾ സ്വന്തം പേരു മറന്നുതുടങ്ങിയാൽ
അതു ഗൌരവത്തിലെടുക്കേണ്ടതു തന്നെ.
എന്നു വച്ചു നിരാശനാവുകയും വേണ്ട,
ഒരിടവേളയ്ക്കു തുടക്കമാവുകയായി.

നിങ്ങളുടെ മരണം കഴിഞ്ഞയുടനെ,
കണ്ണുകളുടെ മൂടൽ മാറുമ്പോൾ,
നിത്യാന്ധകാരത്തിൽ
നിങ്ങൾക്കു കണ്ണു പറ്റിത്തുടങ്ങുമ്പോൾ,
നിങ്ങളുടെ ഒന്നാമത്തെ ഉത്കണ്ഠ
(നിങ്ങൾ പണ്ടേ മറന്നത്,
നിങ്ങളോടൊപ്പം കുഴിയിലിട്ടു മൂടിയത്)
സ്വന്തം പേരു പരിചയമാവുക എന്നതാണ്‌.
നിങ്ങളുടെ പേരു പലതുമാവാം,
-അതെന്തുമാവാം-
സൂര്യകാന്തി, ജമന്തി, ചെറി,
കരിങ്കിളി, കുരുവി, മാടപ്രാവ്,
ഡെയ്സി, തെന്നൽ-
അല്ലെങ്കിലിതെല്ലാമാവാം.
തനിക്കു പിടി കിട്ടി എന്നമട്ടിൽ
നിങ്ങളൊന്നു തലയനക്കിയാൽ
ഒക്കെശ്ശരിയായി:
ഒന്നു ഞണുങ്ങിയതെങ്കിലും
ഗോളാകൃതിയായ ഭൂമി
നക്ഷത്രങ്ങൾക്കിടയിൽ
ഒരു പമ്പരം പോലെ കിടന്നുകറങ്ങിയെന്നും വരാം.


Thursday, August 1, 2013

ടാഗോർ - മരണമേ, എന്റെ മരണമേ...

tagore

 


ഇത്ര മൃദുവായെന്റെ കാതുകളിൽ മന്ത്രിക്കുന്നതെന്തിനാണു നീ,
മരണമേ, എന്റെ മരണമേ?

പൂക്കൾ വാടുന്ന, കാലികളാലയിലേക്കു മടങ്ങുന്ന സന്ധ്യക്കു
പതുങ്ങിപ്പതുങ്ങി നീയെനിക്കരികിലെത്തുന്നു,
എന്തെന്നെനിക്കു തിരിയാത്തതെന്തൊക്കെയോ നീ പറയുന്നു.
തണുതണുത്ത ചുംബനങ്ങൾ, മയക്കം വരുത്തുന്ന മന്ത്രണങ്ങൾ-
എന്നെ വശപ്പെടുത്താൻ നീ കണ്ട വഴിയിതാണോ,
മരണമേ, എന്റെ മരണമേ?

ഈ വിവാഹത്തിനുണ്ടാവില്ലേ, നാലാളറിയുന്നൊരാഘോഷം?
നിന്റെയാ കരിമ്പൻചെടയിലൊരു പൂമാല പോലും നീ അണിയുകില്ലേ?
നിനക്കു മുന്നിൽ നിന്റെ പതാകയേന്താനാരുമുണ്ടാവില്ലേ?
രാത്രിയെ ദീപ്തമാക്കാനൊരു തീവെട്ടി പോലുമുണ്ടാവില്ലേ,
മരണമേ, എന്റെ മരണമേ?

ശംഖൊലിയും മുഴക്കി നീ വന്നാട്ടെ, ഉറക്കമറ്റ രാത്രിയിൽ നീ കയറിവന്നാട്ടെ,
ഒരു രക്താംബരമെന്നെ നീയുടുപ്പിക്കൂ,
എന്റെ കൈയിൽ പിടിച്ചെന്നെ വിളിച്ചിറക്കൂ.
ക്ഷമ കെട്ടു ചിനയ്ക്കുന്ന കുതിരകളുമായി നിന്റെ തേരു തയാറായിനില്ക്കട്ടെ,
എന്റെ പടിവാതില്ക്കൽ.
എന്റെ മൂടുപടമുയർത്തി സാഭിമാനമെന്റെ മുഖത്തേക്കു നോക്കൂ,
മരണമേ, എന്റ മരണമേ!


(ഉദ്യാനപാലകൻ-81)