Thursday, August 1, 2013

ടാഗോർ - മരണമേ, എന്റെ മരണമേ...

tagore

 


ഇത്ര മൃദുവായെന്റെ കാതുകളിൽ മന്ത്രിക്കുന്നതെന്തിനാണു നീ,
മരണമേ, എന്റെ മരണമേ?

പൂക്കൾ വാടുന്ന, കാലികളാലയിലേക്കു മടങ്ങുന്ന സന്ധ്യക്കു
പതുങ്ങിപ്പതുങ്ങി നീയെനിക്കരികിലെത്തുന്നു,
എന്തെന്നെനിക്കു തിരിയാത്തതെന്തൊക്കെയോ നീ പറയുന്നു.
തണുതണുത്ത ചുംബനങ്ങൾ, മയക്കം വരുത്തുന്ന മന്ത്രണങ്ങൾ-
എന്നെ വശപ്പെടുത്താൻ നീ കണ്ട വഴിയിതാണോ,
മരണമേ, എന്റെ മരണമേ?

ഈ വിവാഹത്തിനുണ്ടാവില്ലേ, നാലാളറിയുന്നൊരാഘോഷം?
നിന്റെയാ കരിമ്പൻചെടയിലൊരു പൂമാല പോലും നീ അണിയുകില്ലേ?
നിനക്കു മുന്നിൽ നിന്റെ പതാകയേന്താനാരുമുണ്ടാവില്ലേ?
രാത്രിയെ ദീപ്തമാക്കാനൊരു തീവെട്ടി പോലുമുണ്ടാവില്ലേ,
മരണമേ, എന്റെ മരണമേ?

ശംഖൊലിയും മുഴക്കി നീ വന്നാട്ടെ, ഉറക്കമറ്റ രാത്രിയിൽ നീ കയറിവന്നാട്ടെ,
ഒരു രക്താംബരമെന്നെ നീയുടുപ്പിക്കൂ,
എന്റെ കൈയിൽ പിടിച്ചെന്നെ വിളിച്ചിറക്കൂ.
ക്ഷമ കെട്ടു ചിനയ്ക്കുന്ന കുതിരകളുമായി നിന്റെ തേരു തയാറായിനില്ക്കട്ടെ,
എന്റെ പടിവാതില്ക്കൽ.
എന്റെ മൂടുപടമുയർത്തി സാഭിമാനമെന്റെ മുഖത്തേക്കു നോക്കൂ,
മരണമേ, എന്റ മരണമേ!


(ഉദ്യാനപാലകൻ-81)


No comments: