Monday, August 31, 2009

ബോദ്‌ലെയെർ-വൃദ്ധയുടെ നൈരാശ്യം,കണ്ണാടി

baude2

വൃദ്ധയുടെ നൈരാശ്യം

ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോൾ ചുക്കിച്ചുളിഞ്ഞ ആ കിഴവി എത്രയാഹ്ലാദിച്ചു-എല്ലാവരും അവന്റെ മേൽ വാത്സല്യം കോരിച്ചൊരിയുകയാണ്‌;എല്ലാവർക്കും അവനെ സന്തോഷിപ്പിക്കണം. ആ വൃദ്ധയെപ്പോലെ അവനുമൊരുറപ്പില്ല; അവനുമില്ല പല്ലും മുടിയും.

അങ്ങനെ മുഖത്തൊരിളിഭ്യച്ചിരിയുമായി ഗോഷ്ടികാട്ടി അവനെ ചിരിപ്പിക്കാമെന്ന വിചാരവുമായി അവർ അവനടുത്തേക്കു ചെന്നു.പേടിച്ചുപോയ കുട്ടി പക്ഷേ ആ പാവം കിഴവിയുടെ പിടിയിൽ നിന്നു കുതറിമാറി അലറിക്കരയുകയാണുണ്ടായത്‌.

കിഴവി പിന്നെ തനിക്കു പറഞ്ഞിട്ടുള്ള നിത്യമായ ഏകാന്തതയിലേക്കു പിൻവലിഞ്ഞ്‌ ഒരു മൂലയ്ക്കു ചെന്നിരുന്നു കരഞ്ഞു:'കഷ്ടം,ഭാഗ്യംകെട്ട കിഴവികളായ ഈ സ്ത്രീകൾക്ക്‌ ഇനി ആരെയും സന്തോഷിപ്പിക്കാനാവില്ല, നിഷ്കളങ്കനായ ഒരു ശിശുവിനെപ്പോലും. ഞങ്ങൾ സ്നേഹിക്കാൻ ചെല്ലുമ്പോൾ കുട്ടികൾ വിരണ്ടോടുകയാണ്‌.'

bonsai2

കണ്ണാടി

കണ്ടാലറയ്ക്കുന്ന ഒരാൾ കടന്നുവന്ന് കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി.
'നിങ്ങളെന്തിനു കണ്ണാടിയിൽ നോക്കുന്നു? അതിൽ സ്വയം കണ്ടിട്ട്‌ നിങ്ങൾക്ക്‌ ഒരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല.'

അയാളുടെ മറുപടി ഇതായിരുന്നു: 'എന്റെ സാറേ,1789-ലെ വിപ്ലവത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പ്രകാരം അവകാശങ്ങളുടെ കാര്യത്തിൽ മനുഷ്യർ തമ്മിൽ ഒരു വ്യത്യാസവുമില്ല. അപ്പോൾ കണ്ണാടിയിൽ നോക്കാനുള്ള അവകാശം എനിക്കുണ്ട്‌-അതുകൊണ്ടെനിക്ക്‌ സന്തോഷമുണ്ടാകുന്നുണ്ടോ ഇല്ലയോ എന്നത്‌ ഞാനും എന്റെ മനഃസാക്ഷിയും തമ്മിലുള്ള ഒരേർപ്പാടാണ്‌.'

സാമാന്യയുക്തിയുടെ വശത്തുനിന്നു നോക്കുമ്പോൾ ഞാൻ പറഞ്ഞതു തന്നെയാണു ശരി; പക്ഷേ നിയമത്തിന്റെ ഭാഗത്തുൻ നിന്നു നോക്കുമ്പോൾ അയാൾക്കു തെറ്റിയിട്ടുമില്ല.

Sunday, August 30, 2009

ബോദ്‌ലേർ-ഗദ്യകവിതകൾ-3

 

ഉന്നം പിഴക്കാത്തവൻ

 

baud

കാടുകടന്നുപോകുമ്പോൾ ഒരു ഷൂട്ടിംഗ്‌ ഗാലറി കണ്ട്‌ അയാൾ വണ്ടി നിർത്താൻ പറഞ്ഞു;സമയം കൊല്ലാൻ വേണ്ടി വെടിപയ്പ്പിൽ തന്റെ ഉന്നം എങ്ങനെയുണ്ടെന്ന് ഒന്നു പരീക്ഷിക്കാം-ആ ഭീകരജന്തുവിനെ കൊല്ലുക എന്നത്‌ ഏതു മനുഷ്യന്റെയും സ്വാഭാവികവും ന്യായവുമായ ഒരു പ്രവൃത്തിയാണല്ലോ. എന്നിട്ടയാൾ തന്റെ സുന്ദരിയായ,ആരാധ്യയായ,അഭിശപ്തയായ ഭാര്യയുടെ നേർക്കു കൈ നീട്ടി-തന്റെ എത്രയോ സന്തോഷങ്ങൾക്ക്‌,എത്രയോ വേദനകൾക്ക്‌,തന്റെ പ്രതിഭയ്ക്കു തന്നെയും അയാൾ കടപ്പെട്ടിരിക്കുന്നത്‌ നിഗൂഢയായ ആ സ്ത്രീയോടാണല്ലോ.

കുറേ വെടിയുണ്ടകൾ ലക്ഷ്യം കാണാതെപോയി; ഒന്നാകട്ടെ,മച്ചിൽ ചെന്നുകൊള്ളുകയും ചെയ്തു.തന്റെ ഭർത്താവിന്റെ വൈദഗ്ധ്യമില്ലായ്മയെ കളിയാക്കിക്കൊണ്ട്‌ അവൾ വശ്യമായി പൊട്ടിച്ചിരിച്ചപ്പോൾ അയാൾ വെട്ടിത്തിരിഞ്ഞുകൊണ്ട്‌ അവളോടു പറഞ്ഞു,' നേരേ മുന്നിൽ തലയും വെട്ടിച്ച്‌ ഗർവ്വോടെ നിൽക്കുന്ന ആ പാവയെ നോക്കൂ. എന്റെ ദേവതേ, അതു നീയാണെന്നു ഞാൻ സങ്കൽപ്പിക്കുകയാണ്‌!.' എന്നിട്ടയാൾ കണ്ണുകളടച്ചുകൊണ്ട്‌ കാഞ്ചി വലിച്ചു. പാവയുടെ തല കൃത്യമായി അറ്റുവീണു.

പിന്നെ അയാൾ തന്റെ സുന്ദരിയായ,ആരാധ്യയായ,അഭിശപ്തയായ ഭാര്യയുടെ,തനിക്കൊഴിവാക്കാനാവാത്ത, തന്നോടു കരുണയറ്റ ആ ദേവതയുടെ കരം ഗ്രഹിച്ച്‌ ബഹുമാനത്തോടെ ചുംബിച്ചുകൊണ്ടു പറഞ്ഞു,'എന്റെ പ്രിയപ്പെട്ട മാലാഖേ, എന്റെ നൈപുണ്യത്തിന്‌ ഞാൻ നിന്നോട്‌ എത്രമേൽ കടപ്പെട്ടിരിക്കുന്നുവേന്നോ!'

Saturday, August 29, 2009

ബോദ്‌ലേർ-ഗദ്യകവിതകൾ-2

chimera-a
ഓരോ മനുഷ്യനും അവനവന്റെ വേതാളം

നരച്ചുപരന്നൊരാകാശത്തിന്റെ ചുവട്ടിൽ,ഒരു കൊടിത്തൂവയോ ഒരു മുൾച്ചെടിയോ കണ്ടെടുക്കാനില്ലാത്ത, പുല്ലുപോലും മുളയ്ക്കാത്ത, വിശാലവും പൊടിപാറുന്നതുമായൊരു തുറസ്സിൽ അധോമുഖരായി നടക്കുന്ന കുറേ മനുഷ്യരെ ഞാൻ കണ്ടു.

ഓരോ ആളിന്റെ മുതുകത്തും ഒരു കൂറ്റൻ വേതാളം അള്ളിപ്പിടിച്ചിരിക്കുന്നു; ധാന്യച്ചാക്കു പോലെയോ കൽക്കരിക്കെട്ടുപോലെയോ റോമൻകാലാളുകളുടെ പടക്കോപ്പു പോലെയോ ഭാരം തൂങ്ങുന്നതാണവ.

പക്ഷേ ആ രാക്ഷസജന്തുക്കൾ വെറുമൊരു ഭാരവുമല്ല; ശക്തവും വലിഞ്ഞുമുറുകുന്നതുമായ മാംസപേശികൾ കൊണ്ട്‌ അവരെ പൂണ്ടടക്കം പിടിച്ചു ഞെരിക്കുകയാണവ. അവയുടെ വളർനഖരങ്ങൾ അവരുടെ നെഞ്ചത്താഴ്‌ന്നിറങ്ങിയിരിക്കുന്നു. പണ്ടുകാലത്തെ പടയാളികൾ ശത്രുക്കളെ പേടിപ്പിക്കാനായി എടുത്തുവച്ചിരുന്ന ശിരോകവചങ്ങൾ പോലെ അവയുടെ വിരൂപമായ ശിരസ്സുകൾ അവരുടെ നെറ്റിയിൽ പറ്റിപ്പിടിച്ചുകിടക്കുന്നു.

ഇങ്ങനെ നടക്കുന്നതെന്തിനാണെന്ന് ഞാൻ അവരിൽ ഒരാളോടു ചോദിച്ചു. തനിക്കൊന്നുമറിയില്ലെന്നായിരുന്നു അയാളുടെ മറുപടി; തനിക്കെന്നല്ല, ബാക്കിയുള്ളവർക്കും ഒന്നുമറിയില്ല. തങ്ങൾ എങ്ങോട്ടോ പോവുകയാണ്‌; ഏതോ ഒരു ശക്തി തങ്ങളെ അടിച്ചുനടത്തുകയാണ്‌.

വിചിത്രമെന്നു പറയട്ടെ, തന്റെ കഴുത്തിൽ തൂങ്ങി മുതുകത്തള്ളിപ്പിടിച്ചുകിടക്കുന്ന ആ ഭീകരസത്വം അവരിലൊരാൾക്കു പോലും ഒരു മനശ്ശല്യമായതായിക്കണ്ടില്ല.തന്റെയൊരു ഭാഗമായിട്ടാണ്‌ താൻ അതിനെക്കാണുന്നതെന്നുകൂടി ഒരാൾ പറഞ്ഞു. ഗൗരവം മുറ്റിയതും ക്ഷീണിച്ചതുമായ ആ മുഖങ്ങളിൽ നൈരാശ്യത്തിന്റെ ഒരു പാടുമില്ല. മുഷിഞ്ഞ മാനത്തിന്റെ കമാനത്തിൻ ചുവട്ടിൽ, അതേ ആകാശം പോലെ പരിത്യക്തമായ ഒരു ഭൂമിയിലെ പൊടിമണ്ണിൽ കാലിഴച്ച്‌ ഒരുനാളും ആശ കൈവിടാതിരിക്കാൻ വിധിക്കപ്പെട്ടവരെപ്പോലെ അവർ മുന്നോട്ടു നീങ്ങുകയാണ്‌.അങ്ങനെ ആ നിര എന്നെക്കടന്ന് ചക്രവാളത്തിൽ,ഭൂമി മനുഷ്യദൃഷ്ടിയുടെ ജിജ്ഞാസയ്ക്കു മുന്നിൽ സ്വയം അനാവൃതമാകുന്ന ആ ബിന്ദുവിൽ വച്ച്‌ അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു.

ഈ നിഗൂഢതയുടെ പൊരുളഴിക്കാൻ പിന്നീടു പലപ്പോഴും ഞാൻ മനഃപൂർവം ശ്രമിച്ചുനോക്കി; പക്ഷേ ഉദാസീനത എന്നെ കീഴ്പ്പെടുത്തിക്കളയും.തങ്ങളെ ഞെരിച്ചമർത്തുന്ന ആ വേതാളങ്ങൾ ആ മനുഷ്യരെ എത്ര ഖിന്നരാക്കിയോ, അത്രത്തോളമേ ഞാനും ഖിന്നനായുള്ളു.

Friday, August 28, 2009

ബോദ്‌ലേർ-ഗദ്യകവിതകൾ-1

Baudelaire-Gustave_Courbet_033

അപരിചിതൻ

പറയൂ, മനുഷ്യാ, നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നതാരെയാണ്‌?നിങ്ങളുടെ അച്ഛനെ,അമ്മയെ,സഹോദരിയെ,സഹോദരനെ?

എനിക്കച്ഛനില്ല,അമ്മയില്ല,സഹോദരിയില്ല,സഹോദരനില്ല.

എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ?

എനിക്കീ നിമിഷം വരെ അർത്ഥമില്ലാത്തതാണ്‌ അങ്ങനെയൊരു വാക്ക്‌.

നിങ്ങളുടെ രാജ്യത്തെ?

അതേതു രേഖാംശത്തിലാണെന്നെനിക്കറിയില്ല.

അപ്പോൾ സൗന്ദര്യത്തെയായിരിക്കും.

മരണമില്ലാത്ത ആ ദേവതയെ ഞാൻ സ്നേഹിച്ചേനെ.

സ്വർണ്ണം?

നിങ്ങൾക്കു നിങ്ങളുടെ ദൈവത്തെയെന്നപോലെ വെറുപ്പാണെനിക്കതിനെ.

പിന്നെന്തിനെയാണു ഹേ, വിചിത്രനായ മനുഷ്യാ, നിങ്ങൾ സ്നേഹിക്കുന്നത്‌?

ഞാൻ സ്നേഹിക്കുന്നതു മേഘങ്ങളെയാണ്‌,ഒഴുകിനീങ്ങുന്ന മേഘങ്ങളെ, ആ അത്ഭുതമേഘങ്ങളെ.

Thursday, August 27, 2009

ലീബോ-സുരാപാനം നിലാവത്ത്‌

 

LiBai

പൂമരങ്ങൾക്കിടെ കള്ളിൻകുടവുമായ്‌
ഒറ്റയ്ക്കിരുന്നു ഞാൻ മോന്തി.
കൂടുവാനാരുമില്ലെന്നോടു, മേലേക്കു
കോപ്പയും കാട്ടി ഞാൻ ചൊല്ലി:
അല്ലേയെൻ ചന്ദ്ര, നീ താഴേക്കു വന്നാലു-
മെന്റെ നിഴലിനെക്കൂട്ടി.
കഷ്ടമേ, ചന്ദ്രനു മോന്താനുമായീല
നിഴലെന്റെ പിന്നാലെ തൊങ്ങി.
എന്നാലുമെന്തീ വസന്താവസാനത്തിൽ
ഇരുവരെൻ തോഴന്മാരായി.
ആടി ഞാൻ പാടി ഞാൻ,ചന്ദ്രനും പ്രീതനായ്‌,
നിഴലെന്റെ പിന്നാലെ കിടധീം.
പ്രാണനും പ്രാണനായ്‌ മൂന്നുപേരങ്ങനെ
വെളിവെനിക്കുള്ളൊരുകാലം.
പിന്നെയെൻ ബോധവുമെങ്ങോപോയ്‌,മൂവരു-
മന്യോന്യം കാണാതെ പോയി.
അല്ലേയെൻ ചങ്ങാതിമാരേ നമുക്കിനി
ആകാശഗംഗയിൽ വച്ചുകൂടാം!

 

 

ലീ ബോ(701-762)-ടാങ്ങ്‌ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. ദു ഫുവിനോടൊപ്പം ചൈനീസ്‌ സാഹിത്യത്തിലെ ഏറ്റവും വലിയ കവിയായി കണക്കാക്കപ്പെടുന്നു.

ഹ്ജാമെൽ സോഡെൻബെർഗ്‌-യജമാനനെ പിരിഞ്ഞ നായ

image

അയാൾ മരിച്ചപ്പോൾ ആ കറുത്ത നായയെ നോക്കാൻ ആരുമില്ലാതായി. തന്റെ യജമാനനെയോർത്ത്‌ അവൻ ഏറെ നാൾ വേദനിച്ചു. എന്നുവച്ച്‌ അവൻ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ തലചായ്ച്ച്‌ ചാവാനൊന്നും പോയില്ല. അതൊരു പക്ഷേ ആ സ്ഥലം എവിടെയാണെന്ന് അവനറിയാത്തതുകൊണ്ടാവാം; അതല്ലെങ്കിൽ ജീവിതാസക്തി നശിച്ചിട്ടില്ലാത്ത, ആയുസ്സ്‌ ഇനിയും ബാക്കിയുള്ള ഒരു നായ്ക്കുട്ടിയായിരുന്നു അവൻ എന്നതു കൊണ്ടാവാം.
നായ്ക്കൾ രണ്ടുതരമാണ്‌:യജമാനൻ ഉള്ളവയും യജമാനനില്ലാത്തവയും. പുറമേ നോക്കിയാൽ രണ്ടും തമ്മിൽ വലിയ വ്യത്യാസം കാണണമെന്നില്ല. വീടില്ലാത്ത ഒരു നായ മറ്റു നായ്ക്കളെപ്പോലെതന്നെ, ചിലപ്പോൾ അവയെക്കാളും നന്നായി തടിച്ചുകൊഴുത്തിരിക്കുന്നതായി കാണാം. അപ്പോൾ അതിലല്ല വ്യത്യാസം;മനുഷ്യനാണ്‌ നായ്ക്കളുടെ പരമസത്ത, അതായത്‌ ദൈവം. അനുസരിക്കാനും പിന്തുടരാനും ആശ്രയിക്കാനുമുള്ള ഒരു യജമാനൻ. ഒരു നായയുടെ ജിവിതത്തിന്റെ ആത്യന്തികസാരമെന്നാൽ അതു തന്നെയാണെന്നു വേണമെങ്കിൽ പറയാം. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും  അവൻ യജമാനനെക്കുറിച്ചുള്ള ഓർമ്മയിൽ മുഴുകിക്കഴിയുകയാണെന്നു ഞാൻ പറയുന്നില്ല. യജമാനന്റെ ചുവടുകൾ പിന്തുടരുകയല്ല അവന്റെ ആകെയുള്ള പ്രവൃത്തി. പലപ്പോഴും അവൻ തന്റേതായ ചില ഏർപ്പാടുകളിൽ മുഴുകുന്നുണ്ട്‌: ചില മൂലകളുടെ മണം പിടിച്ചും തന്റെ തരക്കാരുമായി ബന്ധം പുലർത്തിയും തരം കിട്ടിയാൽ ഒരെല്ലിൻകഷണം തട്ടിയെടുത്തോടിയും അങ്ങനെ നടക്കുന്നത്‌ അവന്റെ ജീവിതത്തിൽ ഉൾപ്പെട്ടതുതന്നെയാണ്‌. പക്ഷേ യജമാനന്റെ ചൂളംവിളി മുഴങ്ങേണ്ട താമസം, താൻ തിരഞ്ഞ മൂലകളും എല്ലിൻകഷണവും തന്റെ ചങ്ങാതിമാരുമൊക്കെ പിന്നിൽ വിട്ട്‌ അവൻ അദ്ദേഹത്തിനടുത്തേക്ക്‌ പാഞ്ഞുപോവുകയായി.

എങ്ങനെയാണു മരിച്ചതെന്നോ, എവിടെയാണടക്കിയതെന്നോ തനിക്കറിയാത്ത യജമാനനെയോർത്ത്‌ ആ നായ ഏറെനാൾ ദുഃഖിച്ചുകഴിഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മയുണർത്തുന്ന യാതൊന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോയതോടെ അവൻ അദ്ദേഹത്തെ മറന്നുതുടങ്ങി. അവന്റെ യജമാനൻ താമസിച്ചിരുന്ന തെരുവിൽ അദ്ദേഹത്തിന്റെ ഗന്ധം തങ്ങിനിന്നിരുന്നില്ല. മറ്റൊരു നായയുമായി കളിച്ചുകൊണ്ടുനിൽക്കേ ചിലപ്പോൾ ഒരു ചൂളംവിളി വായുവിനെ തുളച്ചുകേറും. അടുത്ത നിമിഷം മറ്റേ നായ അസ്ത്രം വിട്ടപോലെ അതു ലക്ഷ്യമാക്കി പായുകയായി. അവൻ കാതു കൂർപ്പിച്ചു നിൽക്കും. പക്ഷേ തന്റെ യജമാനന്റെ ചൂളംവിളി അവന്റെ കാതിൽ വീണില്ല. അങ്ങനെയങ്ങനെ അവൻ തന്റെ യജമാനനെ മറന്നു. എന്നുതന്നെയല്ല, ഒരുകാലത്ത്‌ തനിക്കൊരു യജമാനൻ ഉണ്ടായിരുന്ന കാര്യം തന്നെ അവൻ മറന്നു. യജമാനനെ പിരിഞ്ഞു ജീവിക്കാൻ ഒരു നായയ്ക്കു സാധ്യമാണ്‌ എന്ന ചിന്ത പോലുമുദിക്കാത്ത ഒരു കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നു എന്നതു പോലും അവൻ മറന്നു. ഒരുകാലത്ത്‌ നല്ല നിലയിൽ കഴിഞ്ഞിരുന്ന ഒരു നായ എന്നതായി അവന്റെ അവസ്ഥ. പുറമേ പക്ഷേ, അവനു വലിയ തരക്കേടൊന്നും കണ്ടില്ല. ഒരു നായയുടേതായ രീതിയിൽ അവൻ ജീവിച്ചുപോയി. ഇടയ്ക്കൊക്കെ ചന്തയിൽ നിന്നു ഭക്ഷണം മോഷ്ടിച്ചും, തന്റെ ഉദ്യമങ്ങൾക്കിടെ തല്ലു കൊണ്ടും, ക്ഷീണിക്കുമ്പോൾ എവിടെയെങ്കിലും കിടന്നുറങ്ങിയും അവന്റെ നാളുകൾ നീങ്ങി. അവനു ചങ്ങാതിമാരും എതിരാളികളുമുണ്ടായിരുന്നു. ഇന്നവൻ തന്നെക്കാൾ ദുർബലനായ ഒരു നായയുടെ മേൽ തന്റെ ശൗര്യം കാട്ടിയെങ്കിൽ അടുത്ത ദിവസം തന്നെക്കാൾ ശക്തനായ മറ്റൊരു നായയുടെ ശൗര്യം അവന്റെ ദേഹത്തു മുറിപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു.
തന്റെ യജമാനൻ താമസിച്ചിരുന്ന തെരുവിൽ അതിരാവിലെ തന്നെ അവൻ ചുറ്റിത്തിരിഞ്ഞുനടക്കുന്നതു കാണാം. അവൻ ആ സ്ഥലം വിട്ടുപോകാഞ്ഞത്‌ വെറും ശീലം കൊണ്ടുമാത്രമായിരുന്നു. അങ്ങനെയിരിക്കുമ്പോൾക്കാണാം, എന്തോ പ്രധാന കാര്യം സാധിക്കാനുണ്ടെന്ന ഭാവത്തിൽ മുൻപിൻ നോക്കാതെ അവൻ പാഞ്ഞുപോവുകയാണ്‌; പോകുന്നവഴി അവൻ തന്റെ ഒരു പരിചയക്കാരനെ മണത്തറിയുന്നുമുണ്ട്‌; പക്ഷേ അവനു നിൽക്കാൻ നേരമില്ല; അവൻ ഓടുകയാണ്‌. ഇപ്പോഴതാ, അവൻ താഴെ കുത്തിയിരുന്ന് ഉശിരോടെ പിടലി ചൊറിയുകയാണ്‌. അപ്പോഴാണ്‌ ഒരു നിലവറയുടെ വാതിൽ തുറന്ന് ഒരു പൂച്ച തെരുവിലേക്കിറങ്ങിയത്‌. അവൻ അതിന്റെ പിന്നാലെ പാഞ്ഞു. കുറേനേരം അതിനെ പിന്തുടർന്ന ശേഷം പെട്ടെന്ന് സ്വന്തം കാര്യം ഓർമ്മ വന്നപോലെ അവൻ വീണ്ടും ഓടിപ്പോവുകയാണ്‌. അടുത്ത വളവു തിരിഞ്ഞ്‌ അവൻ മറയുകയായി.

അങ്ങനെ അവന്റെ നാളുകൾ നീങ്ങി; ആണ്ടുകൾ ഒന്നൊന്നായി കടന്നുപോയി. അങ്ങനെയങ്ങനെ താനറിയാതെ അവനൊരു കിഴവൻനായയുമായി.

തണുത്തീറനായ, മൂടിക്കെട്ടിയ ഒരു സന്ധ്യ. മഴ മുറിഞ്ഞുമുറിഞ്ഞു പെയ്തുകൊണ്ടിരുന്നു. ആ കിഴവൻനായ പകലു മുഴുവനും നഗരത്തിന്റെ മറ്റൊരു ഭാഗത്ത്‌ അലഞ്ഞുനടക്കുകയായിരുന്നു. ചെറുതായി നൊണ്ടിക്കൊണ്ട്‌ അവൻ ആ തെരുവിലേക്കു കടന്നുവന്നു. തലയും പിടലിയും നരച്ച കറുത്ത രോമക്കുപ്പായത്തിൽ നിന്ന് മഴവെള്ളം കുടഞ്ഞുകളയാനായി അവൻ ഒന്നുരണ്ടു തവണ നിന്നു. ഇടത്തും വലത്തും മണം പിടിച്ചുകൊണ്ട്‌ അവൻ ഒരു ഗേറ്റിനുള്ളിലേക്കു കയറിപ്പോയി. തിരിച്ചുവരുമ്പോൾ കൂടെ മറ്റൊരു നായയുമുണ്ടായിരുന്നു. താമസിയാതെ മൂന്നമതൊരാളും കൂടെച്ചേർന്നു. ഇവർ രണ്ടുപേരും കളിച്ചുനടക്കുന്ന പ്രായക്കാരായിരുന്നു. അവർ അവനെ കളിയിൽ കൂടാൻ വിളിച്ചുവെങ്കിലും അവൻ അപ്പോൾ ആ മനഃസ്ഥിതിയിലായിരുന്നില്ല. തന്നെയുമല്ല, മഴ കനക്കുകയും ചെയ്തിരുന്നു. ഒരു ചൂളംവിളി മുഴങ്ങി; തുളച്ചുകേറുന്ന, ദീർഘമായ ഒരു ചൂളംവിളി. കിഴവൻനായ ഒപ്പം നിന്നവരെ നോക്കി; പക്ഷേ അവർ അതു ശ്രദ്ധിച്ചിട്ടില്ല; ആ ചൂളം വിളിച്ചത്‌ അവരിലാരുടേയും യജമാനനല്ലല്ലോ. കിഴവൻനായ കാതു കൂർപ്പിച്ചു. അവനു പെട്ടെന്ന് അസാധാരണമായിട്ടെന്തോ തോന്നി. ചൂളംവിളി വീണ്ടുമുയർന്നു. എന്തു ചെയ്യണമെന്നറിയാതെ കിഴവൻനായ അങ്ങോട്ടുമിങ്ങോട്ടുമോടി. തന്റെ യജമാനൻ വിളിക്കുകയാണ്‌, താൻ ഉടനെ അദ്ദേഹത്തിനടുത്തെത്തേണ്ടതാണ്‌. മൂന്നാമതും ചൂളംവിളി കേട്ടു. പഴയതുപോലെ നീണ്ടുനിന്നതും തുളച്ചുകയറുന്നതുമായ ചൂളംവിളി. എവിടെയാണദ്ദേഹം? ഏതു ദിക്കിലാണദ്ദേഹം? ഞാനെന്റെ യജമാനനിൽ നിന്നു വേർപിരിയാനിടയായതെങ്ങനെ? അതെന്നായിരുന്നു? ഇന്നലെയോ അതോ ഒരു നിമിഷം മുമ്പോ? അദ്ദേഹത്തിന്റെ രൂപമെന്തായിരുന്നു? ഗന്ധമെന്തായിരുന്നു? എവിടെ, എവിടെയാണദ്ദേഹം? അവൻ അവിടെയെങ്ങും ഓടിനടന്നു; കടന്നുപോയവരെയൊക്കെ മണത്തുനോക്കി; അവരിലാരും പക്ഷേ, അവന്റെ യജമാനനായിരുന്നില്ല; അവർക്കതിനു മനസ്സുമുണ്ടായിരുന്നില്ല. അവൻ തിരിഞ്ഞു തെരുവിന്റെ മൂലയിലേക്കോടി. അവിടെ നിന്നുകൊണ്ട്‌ അവൻ നാലുപാടും നോക്കി. അവന്റെ യജമാനൻ അവിടെയെങ്ങുമില്ല. അവൻ വീണ്ടും തെരുവിലേക്കു പാഞ്ഞുവന്നു. ചെളിയിൽ കുളിച്ചും മഴവെള്ളം തെറിപ്പിച്ചും അവൻ ഓടിക്കിതച്ചു. ഒടുവിൽ അവൻ ഒരു നാൽക്കവലയിൽ കുത്തിയിരുന്നു; പിന്നെ ചെടപിടിച്ച തല ഉയർത്തി ആകശത്തേക്കു നോക്കി അവൻ മോങ്ങി.
വിസ്മൃതനായ, യജമാനനില്ലാത്ത ഒരു നായ ആകാശത്തേക്കു നോക്കി നിർത്താതെ നിർത്താതെ ഇങ്ങനെ മോങ്ങുന്നത്‌ നിങ്ങൾ എന്നെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ? മറ്റു നായ്ക്കൾ വാലും താഴ്ത്തിയിട്ട്‌ പതുക്കെ മാറിപ്പോവുകയാണ്‌; അവനു സഹായമോ സാന്ത്വനമോ നൽകാൻ അവർക്കാകില്ല.
*

സോഡൻബർഗ്‌ (1869-1941) -സ്വീഡിഷ്‌ സാഹിത്യകാരൻ. ഡോ.ഗ്ലാസ്‌ പ്രസിദ്ധമായ നോവൽ. ഗെർട്ട്‌റൂഡ്‌ എന്ന നാടകം കാൾ ഡ്രെയർ(പാഷൻ ഓഫ്‌ ജോവാൻ ഓഫ്‌ ആർക്ക്‌ എന്ന പ്രസിദ്ധമായ സിനിമയുടെ സംവിധായകൻ) സിനിമയാക്കീട്ടുണ്ട്‌.

Wednesday, August 26, 2009

ബോർഹസ്‌ -സാക്ഷി

 

180px-Georg_von_Rosen_-_Oden_som_vandringsman,_1886_(Odin,_the_Wanderer)

കല്ലുകൊണ്ടു പണിത പുത്തൻപള്ളിയുടെ നിഴൽപ്പാടിലായി ഒരു തൊഴുത്തു നിൽക്കുന്നു. അതിനുള്ളിൽ നരച്ച കണ്ണുകളും നരച്ച താടിയുമുള്ള ഒരു മനുഷ്യൻ കാലിച്ചൂരിനിടയിൽ മലർന്നുകിടപ്പുണ്ട്‌. ഉറക്കം കാത്തുകിടക്കുന്ന അതേ എളിമയോടെ അയാൾ മരണം കാത്തുകിടക്കുകയാണ്‌. പകൽ വിപുലവും നിഗൂഢവുമായ നിയമങ്ങൾക്കു വിധേയമായി ആ ദരിദ്രമായ കുടിലിനുള്ളിൽ നിഴലുകളെ സ്ഥാനം മാറ്റുകയും മാറ്റിമറിക്കുകയും ചെയ്യുന്നു. വെളിയിൽ ഉഴുത നിലങ്ങൾ പരന്നുകിടക്കുന്നു. കരിയില മൂടിയ ഒരു കിടങ്ങ്‌; അതിനുമപ്പുറം കാടു തുടങ്ങുന്നിടത്തെ കറുത്ത ചെളിയിൽ ഒരു ചെന്നായയുടെ അസ്പഷ്ടമായ കാൽപാടുകൾ. മറവിയിൽപ്പെട്ട ഈ മനുഷ്യൻ സ്വപ്നം കണ്ടുറങ്ങുകയാണ്‌. പ്രാർത്ഥനയ്ക്കു മണി മുട്ടുന്നതു കേട്ട്‌ അയാളുണരുന്നു. ഇംഗ്ലീഷ്‌നാടുകളിൽ പള്ളിമണികൾ വൈകുന്നേരത്തെ ചടങ്ങുകളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ഈ മനുഷ്യൻ കുട്ടിയായിരിക്കുമ്പോൾ വോഡന്റെ മുഖം കണ്ടിരിക്കുന്നു,പവിത്രമായ ഭീതിയും ഭക്തിപാരവശ്യവും കണ്ടിരിക്കുന്നു,റോമൻ നാണയങ്ങളും കനത്ത അങ്കികളും അണിയിച്ച വിലക്ഷണമായ ദാരുവിഗ്രഹം കണ്ടിരിക്കുന്നു,കുതിരകളും നായ്ക്കളും തടവുകാരും ബലിയർപ്പിക്കപ്പെടുന്നതു കണ്ടിരിക്കുന്നു. പുലർച്ചയ്ക്കു മുമ്പ്‌ അയാൾ മരിക്കും; അയാളോടൊപ്പം പാഗൻ അനുഷ്ഠാനങ്ങളുടെ അവസാനത്തെ നേർസാക്ഷ്യങ്ങളും എന്നെന്നേക്കുമായി മറയും. ഈ സാക്സൺ മരിക്കുന്നതോടെ ലോകം അൽപം കൂടി ദരിദ്രമാവാൻ പോവുകയാണ്‌.

സ്ഥലനിബദ്ധമായ വസ്തുക്കളും സംഭവങ്ങളും ഒരാളുടെ മരണത്തോടെ ഇല്ലാതാവുന്നു എന്നത്‌ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം; എന്നാൽ ഓരോ മരണവേദനയോടുമൊപ്പം ഒന്നോ അനന്തമോ ആയ കാര്യങ്ങളാണ്‌ നാശമടയുന്നത്‌.അങ്ങനെയല്ലാതാവണമെങ്കിൽ തിയോസൊഫിസ്റ്റുകൾ സങ്കൽപ്പിക്കുന്ന മാതിരി ഒരു പ്രപഞ്ചസ്മൃതി ഉണ്ടാവണം. ക്രിസ്തുവിനെക്കണ്ട അവസാനത്തെ കണ്ണുകൾ ഊതിക്കെടുത്തിയ ഒരു നാൾ കാലപ്രവാഹത്തിലുണ്ട്‌; ആരോ ഒരാൾ മരിച്ചതോടെ ജൂനിനിലെ യുദ്ധവും ഹെലന്റെ പ്രേമവും മരണപ്പെട്ടു. ഞാൻ മരിക്കുന്ന ദിവസം എന്നോടൊപ്പം മരിക്കുന്നതെന്താവാം? കരുണമോ ലോലമോ ആയ ഏതു ബിംബമാവാം ലോകത്തിനു നഷ്ടമാവുക? മാസിഡോണിയോ ഫെർണാണ്ടസിന്റെ ശബ്ദമോ? സരാനോവിലെ തുറസ്സിൽക്കണ്ട ചെമ്പൻകുതിരയുടെ രൂപമോ?ഒരു മഹോഗണിമേശയുടെ വലിപ്പിനുള്ളിലിരിക്കുന്ന ഗന്ധകക്കട്ടയോ?

--------------------------------------------------------------------------------------------------------------------------------

വോഡൻ-ക്രിസ്തുമതത്തിനു മുമ്പ്‌ ആംഗ്ലോ-സാക്സൺ നാടുകളിൽ പ്രചാരത്തിലിരുന്ന പാഗൻ മതത്തിലെ പ്രധാനദേവൻ.
ജൂനിൻ യുദ്ധം-1824 ആഗസ്റ്റ്‌ ആറിന്‌ പെറുവിലെ ജൂനിൻ പ്രവിശ്യയിൽ സൈമൊൺ ബൊളീവറുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം.
മാസിഡോണിയോ ഫെർണാണ്ടെസ്‌(1874-1952)-അർജന്റീനിയിയൻ സാഹിത്യകാരൻ.

Tuesday, August 25, 2009

ചാൾസ്‌ സിമിക്‌ - കവിതകൾ

 

Charles_Simic

തണ്ണിമത്തങ്ങകൾ

പഴക്കടകളിൽ
ഹരിതബുദ്ധന്മാർ-
നമ്മൾ പുഞ്ചിരി കഴിക്കുന്നു
പല്ലുകൾ തുപ്പികളയുന്നു.

 

ഫോർക്ക്‌

ഈ വിചിത്രവസ്തു
നരകത്തിൽനിന്ന്
നേരേയിങ്ങിഴഞ്ഞെത്തിയതാവണം.
നരഭോജി കഴുത്തിലണിഞ്ഞ
പക്ഷിക്കാലിനെപ്പോലെയുണ്ടിത്‌.
നിങ്ങളതിനെ കൈയ്യിലെടുക്കുമ്പോൾ
ഒരിറച്ചിക്കഷണത്തിൽ കുത്തിയിറക്കുമ്പോൾ
പക്ഷിയുടെ ശേഷിച്ച ഭാഗങ്ങളെക്കുറിച്ചു
ചിന്തിക്കുക സാധ്യമാണ്‌.
അതിന്റെ തല
നിങ്ങളുടെ മുഷ്ടി പോലെ
വലുതും രോമരഹിതവും ചുണ്ടില്ലാത്തതും
അന്ധവുമത്രെ.

 

കവി

വേനൽച്ചൂടിൽ ഒഴിഞ്ഞ പേജിൽ
ഇണചേരുന്നയീച്ചകളാണു വാക്കുകൾ;
കവി അതു കൗതുകത്തോടെ
കണ്ടുനിൽക്കുന്ന ഒരാൾ മാത്രം.

 

ചാൾസ്‌ സിമിക്‌ 1936-ൽ ബെൽഗ്രാഡിൽ ജനിച്ചു. പതിനാറാമത്തെ വയസ്സിൽ
അമേരിക്കയിലേക്കു കുടിയേറി. പാരീസ്‌ റിവ്യൂവിന്റെ കവിതാവിഭാഗം എഡിറ്ററായിരുന്നു.

Monday, August 24, 2009

കോൺറാഡ്‌ എയ്കെൺ (1889-1973)-കവിത

image

ആ സംഗീതമരിച്ചിറങ്ങിയ
പാതിചാരിയ വാതിലുകൾ
സാവധാനമടയുന്നു.
കുഴലുകൾ നിശ്ശബ്ദതയിലേക്കു
മുരണ്ടിറങ്ങുന്നു,
നക്ഷത്രങ്ങൾ ഉരുണ്ടുമറയുന്നു,
രാത്രി കനക്കുന്നു,
ഇരുളു നമുക്കു മേൽ താഴ്‌ന്നിറങ്ങുന്നു.
അസ്പഷ്ടമായൊരു പല്ലവി
നിദ്രാണമായ മസ്തിഷ്കത്തെ അലട്ടുന്നു.
എണ്ണമറ്റ മുറികളിൽ നടുചായ്ച്ച്‌
നാമുറങ്ങുന്നു.
ഏതു സംഗീതത്തിന്റെ
വന്യമായ അവ്യാകൃതിയാണ്‌
നമ്മുടെ സ്വപ്നങ്ങളിൽ ചുറ്റിത്തിരിയുന്നത്‌?
ഇരുട്ടത്ത്‌ പൊടുന്നനേ കണ്ണുതുറന്ന്
നാം കരഞ്ഞുവിളിക്കുന്നു,
പിന്നെ വീണ്ടും വീണുറങ്ങുന്നു.
നിലാവു വീഴുന്ന
ഊഷ്മളമായൊരു കടലോരത്ത്‌
മന്ദമായി പതഞ്ഞുയരുന്ന
കടലലകളാണു നാമെന്ന്
നാം കിനാവു കാണുന്നു.

അല്ലെങ്കിൽ പാതിരാവത്ത്‌
കാറ്റുപിടിച്ചോടുന്ന മേഘങ്ങളാണെന്ന്
അല്ലെങ്കിൽ തിരക്കിടുന്ന ഇരുട്ടത്ത്‌
ചിതറിവീഴുന്ന വീണക്കമ്പികളാണെന്ന്
അല്ലെങ്കിൽ മഴയുടെ
പാടുന്ന ശബ്ദമാണെന്ന്...
നാം കണ്ണുതുറക്കുന്നു
ചുരുട്ടയിടുന്ന ഇരുട്ടിനെ തുറിച്ചുനോക്കുന്നു
പിന്നെ വീണ്ടും
കിനാവിലേക്കു മടങ്ങുന്നു.

Saturday, August 22, 2009

സുനിൽ ഗംഗോപാധ്യായ- ഞാൻ അൽപ്പം വൈകിപ്പോയി



ഞാൻ ചെന്നിടത്തൊക്കെ
വാതിലുകൾ കൊട്ടിയടച്ചിരുന്നു.
അവർ എന്നോടു ചോദിച്ചു:
അൽപ്പം കാത്തുകൂടേ?
ഇനി കരിമൊട്ടുകൾ മാത്രം
ശേഷിച്ച സ്ഥിതിക്ക്‌?
കുഴഞ്ഞ വിരലുകൾ മാറത്തു ചേർത്ത്‌
ശിശിരത്തിലെ കൊഴിയുന്ന ഇലകളെപ്പോലെ
അവർ ചിരിച്ചു:
ഈ നേരമല്ലാത്ത നേരത്ത്‌
നിങ്ങൾ എന്തിനു വന്നു?
ഇനി എന്തു ശേഷിപ്പുണ്ട്‌?
പോയ വസന്തമേളയോടെ
എല്ലാം കഴിഞ്ഞു.
വിളക്കുകൾ കെട്ടുപോയി,
കമ്പികൾ പൊട്ടിപ്പോയി,
മുറിയിലൊക്കെയും പൊടിയടിഞ്ഞു,
തുരുമ്പിച്ച താഴുകൾ ഇനി തുറക്കുകയില്ല-
വീട്ടുകാരിക്ക്‌ വിരലിൽ കുഷ്ടമാണ്‌.

തവിഞ്ഞ ജ്വാലകൾ പോലെ
കുനിഞ്ഞ ശിരസ്സുകൾ തേങ്ങുന്നു;
മറ്റുള്ളവർ തങ്ങളുടെ ഹൃദയങ്ങളിലെ
വന്ധ്യമായ തണുപ്പിൽ ചുരുണ്ടുകൂടുന്നു:
മരണമിപ്പോഴും ദൂരെയാണല്ലോ.
ചോരയും ഉടഞ്ഞ കല്ലുകളും
തെരുവുകളിൽ അടിഞ്ഞുകൂടുന്നു.
തോപ്പുകളിൽ പൂക്കളുടെ മണമില്ല.
കരിഞ്ഞ പൂക്കൾ കാറ്റിൽ പ്രേതങ്ങളെപ്പോലെ
നൃത്തം വയ്ക്കുന്നു.

എനിക്കു മുമ്പേ വന്നവൻ
സൗന്ദര്യത്തെ കൊള്ളയടിക്കുന്നവനായിരുന്നു-
അഴിച്ചുവിട്ടൊരു തെമ്മാടി,
മരണത്തോളം ശക്തനായവൻ,
ജീവിതത്തിന്റെ ഗതിഭേദങ്ങളെപ്പോലെ
പേടിപ്പെടുത്തുന്നവൻ.
ഈ നശ്വരമായ ഇടത്താവളങ്ങളുടെ
സൗന്ദര്യത്തെ കൊള്ളയടിക്കാൻ
അ രഹസ്യസഞ്ചാരി എനിക്കു മുമ്പേ വന്നു.
ഇപ്പോഴെല്ലാം നശിച്ചുകിടക്കുന്നു:
നിന്റെ കഴുത്തിന്റെ തകർന്ന ചരിത്രം,
എഴുതിയതു മായ്ച്ചെഴുതിയ താളിയോലകൾ പോലെ
നിന്റെ കണ്ണുകളും ചുണ്ടുകളും.
ഞാനൊന്നു വൈകിപ്പോയി-
വഴി ദീർഘവും വളഞ്ഞതുമായിരുന്നു;
ഓടിയെത്തിയിട്ടും ഞാൻ വൈകിപ്പോയി.
കൊള്ള കഴിഞ്ഞിരുന്നു,
മാനഭംഗം പൂർണ്ണമായിരുന്നു.
വിതുമ്പുന്ന ചുണ്ടുകളുമായി
അവർ കാത്തുനിന്നു.
*

Friday, August 21, 2009

കവിതകൾ


ജാനിൻ ഹാതവേ-മടുത്ത ലോകം

പ്രഭാതത്തിന്റെ വിസ്മയിപ്പിക്കുന്ന ശാന്തിയിൽ
യുക്തിയുടെയോ ഭാഷണത്തിന്റെയോ
പരുക്കൻകോണുകൾക്കും മുന്നേ,
നിറങ്ങൾക്കും വളവുകൾക്കും മേലേകൂടി
ഒരു സ്ത്രീ തുളുമ്പിവീഴുന്നു-
ഒരു തൂവൽസ്വപ്നം പോലെ
ഭൂമിയുടെ വളവിന്നലങ്കാരം വച്ചു പായുന്ന
ഒരു മാനെപ്പോലെ.
മനോഹരമായ ഒരു രൂപത്തിൽ
വളയുന്ന ദേഹം
പിന്നീടേതോ ഒരു ഗഹനവനത്തിൽ
പോയിമറയുന്നു.
അവിടെ
അമ്പരന്നുപോയ ദൈവം
ഒരു വെള്ളമയിലായി വിരിയുന്നു.
*


റീൽ ഫാച്ചർ-പുരാവസ്തുഗവേഷകർ

അവർ പുരാതനമായ ഒരു ഗുഹ
ഇളക്കിമറിച്ചു;
കല്ലടരുകൾക്കിടയിൽ
മനുഷ്യക്കുരങ്ങുകളുടെ
ഒരു കുടുംബത്തെ
അവർ കണ്ടെത്തി.

അവർ കൽത്തറ
ഇളക്കിമാറ്റി;
വിള്ളലുകൾക്കിടയിൽ നിന്ന്
കുഞ്ഞുങ്ങൾ ഉണർന്നുവന്നു.

അവർ കന്മതിലുകൾ
തല്ലിപ്പൊളിച്ചു;
വിചിത്രമായ ചോദ്യചിഹ്നങ്ങളെപ്പോലെ
ചുരുണ്ടുകൂടിക്കിടന്ന തലയോടുകൾ
അവർ കണ്ടെത്തി.
*

Thursday, August 20, 2009

ഹെർമൻ ഹെസ്സെ -സീഗ്ലർ എന്നു പേരുള്ള ഒരാൾ


ഒരിക്കൽ ബ്രാവുർ ഗാസ്സെയിൽ സീഗ്ലർ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. നാം നിത്യേന തെരുവിൽ കണ്ടുമുട്ടുന്ന തരക്കാരനായിരുന്നു ഈ സീഗ്ലറും. നമുക്കൊരിക്കലും അവരുടെ മുഖങ്ങൾ ശരിക്കോർമ്മനിൽക്കാറില്ല; കാരണം അവർക്കെല്ലാം ഒരേ മുഖം തന്നെയാണുള്ളത്‌: ഒരു പൊതുവായ മുഖം.

അത്തരം ആൾക്കാർ എന്തൊക്കെയാണോ അതൊക്കെത്തന്നെയായിരുന്നു സീഗ്ലറും; അവർ എന്തൊക്കെച്ചെയ്യുമോ അതൊക്കെയായിരുന്നു സീഗ്ലറുടെ ചെയ്തികളും. അയാൾക്കു ബുദ്ധിക്കു കുറവൊന്നുമുണ്ടായിരുന്നില്ല; എന്നുവച്ച്‌ പ്രത്യേകിച്ചെന്തെങ്കിലും കഴിവുകളുണ്ടായിരുന്നുവെന്നു പറയാനുമില്ല. അയാൾ സുഖിമാനും പണത്തെ സ്നേഹിക്കുന്നയാളുമായിരുന്നു; നന്നായി വസ്ത്രധാരണം ചെയ്യാൻ അയാൾക്കിഷ്ടമായിരുന്നു; പിന്നെ, മിക്ക മനുഷ്യരെയും പോലെ ഭീരുത്വവും കണക്കിനുണ്ടായിരുന്നു. അയാളുടെ ജീവിതത്തെയും പ്രവൃത്തികളെയും ഭരിച്ചിരുന്നത്‌ ആഗ്രഹങ്ങളും അവ നേടിയെടുക്കാനുള്ള ശ്രമങ്ങളുമായിരുന്നില്ല, മറിച്ച്‌ വിലക്കുകളായിരുന്നു, ശിക്ഷയെക്കുറിച്ചുള്ള ഭീതിയായിരുന്നു. എന്നിരിക്കിലും ഒരുകൂട്ടം നന്മകളും അയാളിലുണ്ടായിരുന്നു. മൊത്തത്തിൽ നോക്കിയാൽ ചാരിതാർത്ഥ്യം തോന്നുന്ന രീതിയിൽ നോർമ്മലായ ഒരു ചെറുപ്പക്കാരൻ. അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനവും താൽപര്യജനകവുമായ സംഗതി സ്വന്തം ശരീരമായിരുന്നു.മറ്റെല്ലവരേയും പോലെ അയാളും സ്വയം കണക്കാക്കിപ്പോന്നത്‌ താൻ ഒരു വ്യക്തിയാണെന്നായിരുന്നു; യഥാർത്ഥത്തിൽ അയാൾ ഒരു വർഗ്ഗത്തിന്റെ മാതൃക മാത്രമായിരുന്നു. മറ്റുള്ളവരെപ്പോലെ അയാൾക്കും ലോകത്തിന്റെ കേന്ദ്രബിന്ദു താനും തന്റെ ജീവിതവുമായിരുന്നു. അയാൾക്കു സംശയങ്ങളേയില്ലായിരുന്നു; വസ്തുതകൾ സ്വന്തം ധാരണകൾക്കു വിപരീതമായി വരുന്ന സന്ദർഭങ്ങളിൽ അയാൾ വിപ്രതിപത്തിയോടെ കണ്ണുപൂട്ടിക്കളയും.

ആധുനികമനുഷ്യനായ സ്ഥിതിക്ക്‌ പണത്തിന്റെ മാത്രമല്ല, മറ്റൊരു ശക്തിയുടെ,ശാസ്ത്രത്തിന്റെ, കൂടി ആരാധകനായിരുന്നു അയാൾ. ശാസ്ത്രം എന്നാൽ ഇന്നതാണെന്ന് കൃത്യമായി പറയാൻ അയാൾക്കു കഴിയണമെന്നില്ല; സ്റ്റാറ്റിസ്റ്റിക്സും ഒരുപക്ഷേ അൽപം ബാക്റ്റീരിയോളജിയും കൂടിക്കലർന്ന ഒന്നാണ്‌ അയാളുടെ മനസ്സിലുണ്ടായിരുന്നത്‌. എന്തുമാത്രം പണവും മതിപ്പുമാണ്‌ രാഷ്ട്രം ശാസ്ത്രത്തിനു നൽകുന്നതെന്ന കാര്യം അയാൾക്കറിയാമായിരുന്നു. ക്യാൻസർഗവേഷണത്തോട്‌ പ്രത്യേകിച്ചൊരാഭിമുഖ്യം തന്നെ അയാൾക്കുണ്ടായിരുന്നു; അയാളുടെ അച്ഛൻ മരിച്ചത്‌ ക്യാൻസർ പിടിച്ചാണല്ലോ. സീഗ്ലറിന്‌ ഉറച്ച വിശ്വാസമായിരുന്നു, അതിൽപ്പിന്നെ ഇത്ര സ്തുത്യർഹമായ വികാസം പ്രാപിച്ച ശാസ്ത്രം തനിക്ക്‌ ആ ഗതി വരുത്തില്ലയെന്ന്.

ബാഹ്യദൃഷ്ടിയിൽ സീഗ്ലറെ വ്യതിരിക്തനാക്കി നിർത്തിയത്‌ തന്റെ കഴിവിനുമതീതമായ രീതിയിൽ വസ്ത്രധാരണം ചെയ്യാനുള്ള പ്രവണതയാണ്‌. അതെല്ലായ്പ്പോഴും തനതു വർഷത്തെ ഫാഷനിലുമായിരിക്കും. അതേസമയം നടപ്പുമാസത്തെ ഫാഷൻ സ്വീകരിക്കുകയെന്നത്‌ അയാൾക്കു താങ്ങാനാവാത്തതായിരുന്നതിനാൽ അതൊക്കെ വിഡ്ഡിത്തം നിറഞ്ഞ ജാഡകൾ എന്നുപറഞ്ഞ്‌ അയാൾ തള്ളിക്കളയുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തിൽ അയാൾക്കു വലിയ വിശ്വാസമായിരുന്നു; അതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിലും സ്നേഹിതന്മാർക്കിടയിലും വച്ച്‌ അയാൾ തന്റെ മേലുദ്യോഗസ്ഥന്മാരെയും സർക്കാരിനെയും കുറിച്ച്‌ പരുക്കൻ ഭാഷയിൽ സംസാരിക്കാറുണ്ടായിരുന്നു. ഞാൻ ഈ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട്‌ ഏറെനേരമായെന്നു തോന്നുന്നു. എന്തായാലും നമുക്കടുപ്പം തോന്നുന്ന ഒരു ചെറുപ്പക്കാരനായിരുന്നു സീഗ്ലർ. അദ്ദേഹം പോയതിലൂടെ വലിയൊരു നഷ്ടമാണ്‌ നമുക്കു സംഭവിച്ചിരിക്കുന്നത്‌. അസാധാരണവും അകാലത്തിലുള്ളതുമായ ഒരു പരിണതിയാണല്ലോ അദ്ദേഹത്തിനു വന്നുപെട്ടത്‌. അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളും ന്യായമായ പ്രതീക്ഷകളും അങ്ങനെ നിഷ്ഫലമായിപ്പോയി.

hessek12

സീഗ്ലർ ഞങ്ങളുടെ നഗരത്തിൽ എത്തുന്നത്‌ ഒരു ഞായറാഴ്ചയാണ്‌. അന്നത്തെ ദിവസം വിനോദത്തിനായി നീക്കിവയ്ക്കാമെന്ന് അയാൾ തീരുമാനിച്ചു. സുഹൃത്തെന്നു പറയാൻ ആരെയും അയാൾ സമ്പാദിച്ചുകഴിഞ്ഞിട്ടില്ല; ഏതെങ്കിലും ക്ലബ്ബിൽ ചേരാനും അയാൾ തീരുമാനമെടുത്തിരുന്നില്ല. ഒരുപക്ഷേ അതുതന്നെയാവണം അയാളുടെ നാശത്തിനു കാരണമായതും: ഒറ്റയ്ക്കാവുന്നത്‌ ആർക്കും നല്ലതിനല്ല.

വെറുതെ കറങ്ങിനടക്കാമെന്നാണ്‌ അയാൾക്ക്‌ ആദ്യം മനസ്സിൽ വന്നത്‌. ദീർഘനേരത്തെ ആലോചന്യ്ക്കുശേഷം അയാൾ തീരുമാനിച്ചു കാഴ്ചബംഗ്ലാവ്‌ കാണാൻ പോകാമെന്ന്. ഞായറാഴ്ച രാവിലെ കാഴ്ചബംഗ്ലാവ്‌ സൗജന്യമായി കയറിക്കാണാം; ചെറിയൊരു ഫീസു കൊടുത്താൽ ഉച്ചതിരിഞ്ഞ്‌ മൃഗശാലയിലും കയറാം.

അങ്ങനെ അയാൾ കാഴ്ചബംഗ്ലാവിലേക്കു യാത്രയായി. തനിക്കു വളരെ പ്രിയപ്പെട്ട, തുണിബട്ടൺ പിടിപ്പിച്ച സൂട്ടാണ്‌ അയാൾ ധരിച്ചിരുന്നത്‌; ചുവന്ന വാർണ്ണീഷു തേച്ച ഭംഗിയുള്ള ഒരു ഊന്നുവടിയും അയാൾ കൈയിലെടുത്തിരുന്നു. അതയാൾക്ക്‌ ഒരന്തസ്സും വൈശിഷ്ട്യവുമേകി. പക്ഷേ എന്തു ചെയ്യാം, അയാൾക്കു വലിയ നീരസമുളവാക്കിക്കൊണ്ട്‌ അത്‌ ഗേറ്റിൽ സൂക്ഷിക്കേണ്ടിവന്നു.

വിശാലമായ മുറികളിൽ കാണാനില്ലാത്തതായി ഒന്നുമില്ലായിരുന്നു. സർവ്വശക്തനായ ശാസ്ത്രത്തിനു നന്ദി പറഞ്ഞുകൊണ്ട്‌ ആ വിനീതസന്ദർശകൻ കാഴ്ചവസ്തുക്കൾ നോക്കിക്കണ്ടു. ശാസ്ത്രത്തെ വിശ്വസിക്കാമെന്ന് ഇവിടെയും തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ഷോക്കേസിലെ വിശദീകരണക്കുറിപ്പുകൾ വായിക്കവെ അയാൾ മനസ്സിൽ പറഞ്ഞു. ആ കുറിപ്പുകൾ സഹായിച്ച്‌ അവിടത്തെ തട്ടുമുട്ടുസാധനങ്ങൾ, അതായത്‌ തുരുമ്പെടുത്ത താക്കോലുകളും, പൊട്ടിയതും ക്ലാവു പിറ്റിച്ചതുമായ ആഭരണങ്ങളുമൊക്കെ, അയാളിൽ വലിയ താൽപര്യമുളവാക്കി.എത്ര വിസ്മയാവഹമാണ്‌ ശാസ്ത്രത്തിന്റെ രീതി-അത്‌ എല്ലാറ്റിനെയും ചുഴിഞ്ഞു നോക്കുന്നു, എല്ലാറ്റിനെയും മനസ്സിലാക്കുന്നു, എല്ലാറ്റിനും പേരു കണ്ടുപിടിക്കുകയും ചെയ്യുന്നു. അതെയതെ, വൈകാതെതന്നെ അത്‌ ക്യാൻസറിന്റെ ശല്യമൊഴിവാക്കാൻ പോവുകയാണ്‌; ഇനിയഥവാ അതു മരണത്തെത്തന്നെ നിഷ്കാസനം ചെയ്തേക്കാനും മതി.

രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന അലമാരച്ചില്ലിൽ തന്റെ പ്രതിബിംബം തെളിഞ്ഞുകണ്ടപ്പോൾ അയാൾ ഒരുനിമിഷം നിന്ന് തന്റെ കോട്ടും സൂട്ടും ടൈയുടെ കെട്ടുമൊക്കെ ശരിയല്ലേയെന്നു നോക്കി തൃപ്തി വരുത്തി. എന്നിട്ട്‌ പുതിയൊരാത്മവിശ്വാസത്തോടെ അയാൾ അടുത്ത ഭാഗത്തേക്കു നടന്നു. പഴയകാലത്തെ ചില മരപ്പണികൾ അയാൾ ശ്രദ്ധയോടെ നോക്കിക്കണ്ടു. അതു ചെയ്തവർ കേമന്മാർ തന്നെ, പക്ഷെ വലിയ കഴമ്പില്ല: ഔദാര്യഭാവത്തോടെ അയാൾ മനസ്സിൽ പറഞ്ഞു. ഓരോ മണിക്കൂറിലും ദന്തരൂപങ്ങൾ നൃത്തം വയ്ക്കുന്ന പഴയൊരു ഘടികാരവും അയാളുടെ ക്ഷമാപൂർവമായ അംഗീകാരത്തിനു വിധേയമായി. പിന്നെ അയൾക്ക്‌ അൽപം മുഴിച്ചിൽ തോന്നിത്തുടങ്ങി; അയാൾ കൂടെക്കൂടെ വാച്ചെടുത്തു നോക്കി; അതു പുറത്തെടുത്തു നോക്കുന്നതിൽ ഗൂഢമായ ഒരാനന്ദവും അയാൾ കണ്ടെത്തിയിരുന്നു, കാരണം അതു കട്ടിസ്വർണ്ണം കൊണ്ടുടാക്കിയതായിരുന്നു; അയാളുടെ അച്ഛൻ കൊടുത്തതാണത്‌.

ഉച്ചഭക്ഷണത്തിന്‌ ഇനിയും സമയമുണ്ടെന്ന് അയാൾ ഖേദത്തോടെ കണ്ടു. അതിനാൽ അയാൾ മറ്റൊരു മുറിയിലേക്കു കടന്നു. അതിലെത്തിയപ്പോൾ അയാളുടെ കൗതുകം വീണ്ടുമുണർന്നു. മധ്യകാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളാണ്‌ അതിലുണ്ടായിരുന്നത്‌-മന്ത്രവാദഗ്രന്ഥങ്ങൾ,ഉറുക്കുകൾ,ആഭിചാരത്തിനുള്ള ഒരുക്കുകൾ,എന്തിന്‌ മൂശയും ചാണക്കല്ലുകളും വലിയ പാനകളും ഉലകളുമൊക്കെയടക്കം ഒരാൽക്കെമിസ്റ്റിന്റെ പണിയാല അങ്ങനെത്തന്നെ ഒരു മൂലയ്ക്ക്‌ കൊണ്ടുവന്നു വച്ചിരുന്നു. ആ ഭാഗം കയറു കെട്ടി തിരിച്ചിരിക്കുകയായിരുന്നു; സന്ദർശകർ പ്രദർശനവസ്തുക്കളിൽ തൊടുന്നതു വിലക്കിക്കൊണ്ടുള്ള ഒരറിയിപ്പുമുണ്ടായിരുന്നു. പക്ഷേ അത്തരം അറിയിപ്പുകൾ ആരു കണക്കിലെടുക്കാൻ? സീഗ്ലർ മുറിയിൽ ഒറ്റയ്ക്കായിരുന്നുതാനും.

കയറിനു മുകളിലൂടെ കൈയെത്തിച്ച്‌ ആ നിഗൂഢവസ്തുക്കളിൽ ചിലത്‌ അയാൾ തൊട്ടുനോക്കി. മധ്യകാലഘട്ടത്തെക്കുറിച്ചും അക്കാലത്തെ തമാശ തോന്നിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും അയാൾ വായിക്കുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ബാലിശമായ അസംബന്ധങ്ങളുടെ പേരിൽ അക്കാലത്തുള്ളവർ സമയം കളഞ്ഞിരുന്നുവെന്നത്‌ അയാൾക്ക്‌ അവിശ്വസനീയമായിത്തോന്നി; മന്ത്രവാദങ്ങൾ പോലെയുള്ള ഭോഷത്തങ്ങൾ എന്തുകൊണ്ട്‌ നിരോധിക്കപ്പെടാതെപോയി എന്നതും അയാൾക്കു പിടികിട്ടിയില്ല. ആൽക്കെമിയെ വേണമെങ്കിൽ ഒഴിവാക്കാം; കാരണം കെമിസ്റ്റ്‌റി എന്ന ഉപയോഗപ്രദമായ ശാസ്ത്രം ഉരുത്തിരിഞ്ഞത്‌ അതിൽ നിന്നാണല്ലോ. കർത്താവേ, ഈ സ്വർണ്ണനിർമ്മാതാക്കളുടെ ചാണക്കല്ലുകളും കൺകെട്ടുവിദ്യകളും വേണ്ടിവന്നുവല്ലോ ഇന്ന് ആസ്പിരിനും വാതകബോംബുകളും ഉണ്ടാവാൻ എന്നോർക്കുമ്പോൾ!

അന്യമനസ്കനായി ചെറിയ ഉണ്ട പോലത്തെ ഒരു സാധനം അയാൾ കൈ എത്തിച്ചെടുത്തു. ഗുളികരൂപത്തിൽ, ഇരുണ്ട നിറമുള്ള ഒരു വസ്തു. ഭാരമില്ലാത്ത ആ ഉണക്കഗുളിക അയാൾ ഒന്നു തിരുപ്പിടിച്ച ശേഷം തിരിയെ വയ്ക്കാൻ തുടങ്ങുമ്പോഴാണ്‌ പിന്നിൽ ആരോ നടന്നുവരുന്നതു കേട്ടത്‌. അയാൾ തിരിഞ്ഞുനോക്കി; പുതിയൊരാൾ കടന്നുവന്നിരിക്കുന്നു. ഗുളിക കൈയിലുള്ളത്‌ സീഗ്ലറെ വിഷമത്തിലാക്കി; ആ അറിയിപ്പ്‌ അയാൾ വായിച്ചതുമാണല്ലോ. അയാൾ കൈ ചുരുട്ടി പോക്കറ്റിലാഴ്ത്തിക്കൊണ്ട്‌ പുറത്തേക്കു നടന്നു.

തെരുവിലെത്തുന്നതുവരെ അയാൾ പിന്നെ ഗുളികയുടെ കാര്യം ഓർത്തില്ല. അയാൾ അതു പോക്കറ്റിൽ നിന്നെടുത്ത്‌ എറിഞ്ഞുകളയാൻ തുടങ്ങുകയായിരുന്നു. അതിനുമുമ്പ്‌ അയാൾ അതു മൂക്കിനടുത്തേക്കു കൊണ്ടുവന്ന് ഒന്നു മണപ്പിച്ചുനോക്കി. കുന്തിരിക്കത്തിന്റേതുപോലെ നേർത്തൊരു മണമായിരുന്നു; അയാൾക്ക്‌ അതൊരുവിധം ഹൃദ്യമായിത്തോന്നുകയും ചെയ്തു. അയാൾ ഗുളിക പോക്കറ്റിൽത്തന്നെയിട്ടു.

പിന്നെ അയാൾ ഒരു ഹോട്ടലിൽ കയറി ഓർഡർ കൊടുത്തിട്ട്‌ കാത്തിരുന്നു. അതിനിടയിൽ അയാൾ ചില പത്രങ്ങൾ മറിച്ചുനോക്കുകയും, ടൈയിൽ തിരുപ്പിടിക്കുകയും, ചുറ്റുമിരുന്നവരെ അവരുടെ വസ്ത്രധാരണത്തിന്റെ തോതനുസരിച്ച്‌, ബഹുമാനത്തോടെയോ ഗർവ്വോടെയോ വീക്ഷിക്കുകയും ചെയ്തു. പക്ഷേ ആഹാരമെത്താൻ വീണ്ടും വൈകുന്നതു കണ്ടപ്പോൾ അയാൾ, താൻ മനഃപൂർവ്വമല്ലാതെ മോഷ്ടിച്ച ആ ഗുളിക പോക്കറ്റിൽ നിന്നെടുത്ത്‌ ഒന്നു മണത്തുനോക്കി. പിന്നെ അയാൾ നഖം കൊണ്ട്‌ അതൊന്നു ചുരണ്ടിനോക്കി. ഒടുവിൽ ശിശുസഹജമായ ഒരു പ്രേരണയ്ക്കു വഴങ്ങി അയാൾ അത്‌ വായിലേക്കിടുകയും ചെയ്തു. അരുചിയൊന്നും തോന്നിയില്ല; പെട്ടെന്നുതന്നെ അതലിഞ്ഞുപോവുകയും ചെയ്തു. ഒരു കവിൾ ബീർ കൂടി കഴിച്ചപ്പോഴേക്കും ആഹാരം എത്തുകയും ചെയ്തു.

രണ്ടുമണിക്ക്‌ നമ്മുടെ ചെറുപ്പക്കാരൻ ട്രാമിൽ നിന്നിറങ്ങി മൃഗശാലയിലേക്കു പോയി ഒരു ടിക്കറ്റെടുത്തു.

സ്നേഹഭാവത്തിൽ പുഞ്ചിരി തൂകിക്കൊണ്ട്‌ അയാൾ ആൾക്കുരങ്ങുകളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനടുത്തേക്കു ചെന്നു. അവിടെ ചിമ്പാൻസികളെയിട്ടിരുന്ന വലിയൊരു കൂടിനു മുന്നിൽ അയാൾ നിൽപ്പു പിടിച്ചു. ഒരു പൊണ്ണൻ ചിമ്പാൻസി അയാളെ നോക്കി കണ്ണിറുക്കിക്കാണിച്ചു. എന്നിട്ട്‌ സൗഹൃദഭാവത്തിൽ തലയാട്ടിക്കൊണ്ട്‌ മുഴങ്ങുന്ന സ്വരത്തിൽ അയാളോടു ചോദിച്ചു: 'ഇതെപ്പടി ചേട്ടാ!'
സീഗ്ലർ ഞെട്ടിപ്പോയി. വല്ലാതെ പേടിച്ച്‌ അയാൾ അവിടെനിന്നു മാറിപ്പോയി. ധൃതിയിൽ നടന്നകലുമ്പോൾ പിന്നിൽ ആ വാനരൻ തന്നെ ഭത്സിക്കുന്നത്‌ അയാൾ കേട്ടു: 'ഇവനിത്ര വമ്പു കാണിക്കാൻ എന്തിരിക്കുന്നു! തന്തയില്ലാത്ത കഴുത!'

അയാൾ പോയത്‌ വാലുനീളമുള്ള കുരങ്ങന്മാരുടെയടുത്തേക്കാണ്‌. അവർ കിടന്നു തുള്ളിച്ചാടുകയായിരുന്നു. 'ഇത്തിരി പഞ്ചാര തന്നേ ചങ്ങാതീ!" അവർ ആർത്തുവിളിച്ചു. അയാളുടെ കൈയിൽ പഞ്ചസാരയില്ലെന്നു കണ്ടപ്പോൾ അവർക്കു കോപമായി. അവർ അയാളെ നോക്കി ഗോഷ്ടി കാണിക്കുകയും നാട്യക്കാരൻ എന്നു വിളിച്ചധിക്ഷേപിക്കുകയും അയാളെ ഇളിച്ചുകാട്ടുകയും ചെയ്തു. അയാൾക്കു താങ്ങാവുന്നതിൽ അധികമായിരുന്നു അത്‌. സംഭ്രാന്തചിത്തനായി അവിടെനിന്നുമോടി അയാൾ മാനുകളുടെയടുത്തേക്കു ചെന്നു; അവയുടെ പെരുമാറ്റം ഇത്ര വഷളാവില്ല എന്നായിരുന്നു അയാളുടെ പ്രതീക്ഷ.

തറവാടിയായ വലിയൊരു കലമാൻ അഴികൾക്കടുത്തുനിന്ന് അയാളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. സീഗ്ലർക്ക്‌ പെട്ടെന്നൊരുൾക്കിടിലം തോന്നി. ആ മാന്ത്രികഗുളിക വിഴുങ്ങിയതിൽപ്പിന്നെ അയാൾക്ക്‌ മൃഗങ്ങളുടെ ഭാഷ മനസ്സിലാകുമെന്നായിരിക്കുന്നു. ആ കലമാൻ തന്റെ കണ്ണുകൾ കൊണ്ട്‌, രണ്ടു വലിയ കപിലനേത്രങ്ങൾ കൊണ്ട്‌ അയാളോടു സംസാരിച്ചു. അതിന്റെയാ നിശ്ശബ്ദമായ നോട്ടത്തിൽ ആഭിജാത്യവും സഹനവും വിഷാദവും നിറഞ്ഞുനിന്നു; പിന്നെ, തന്നെ കാഴ്ചവസ്തുവാക്കുന്ന ഈ മനുഷ്യന്റെ നേർക്ക്‌ അളവറ്റതും ഗംഭീരവുമായ ഒരവജ്ഞയും. മൂകവും രാജകീയവുമായ ആ നേത്രഭാഷയിൽ സീഗ്ലർ വായിച്ചു, താൻ, ഈ തൊപ്പിയും വടിയും സ്വർണ്ണവാച്ചും സൂട്ടും ധരിച്ച താൻ, ഒരു കീടത്തേക്കാൾ ഒട്ടും മേന്മ കൂടിയവനല്ലെന്ന്-തറയിലിട്ട്‌ ചവിട്ടിയരക്കേണ്ട ഒരു മൂട്ട!

കലമാനിനനുടുത്തുനിന്ന് അയാൾ വരയാടിനടുത്തേക്കോടി; അവിടെനിന്ന് പുള്ളിമാനിനടുത്തേക്കും ലാമയുടെയും കാട്ടുപന്നികളുടെയും കരടികളുടെയുമടുത്തേക്കോടി. അവയെല്ലാം അയാളെ ആക്ഷേപിച്ചുവെന്നല്ല; പക്ഷേ എല്ലാവർക്കും അയാളോടവജ്ഞയായിരുന്നു. അവയുടെ സംഭാഷണം ശ്രദ്ധിച്ച അയാൾക്ക്‌ മനുഷ്യരോടുള്ള അവയുടെ മനോഭാവമെന്താണെന്നു മനസ്സിലായി; അതു വേദനയുളവാക്കുന്നതുമായിരുന്നു. ലക്ഷണംകെട്ട, നാറുന്ന, അന്തസ്സില്ലാത്ത ഈ ഇരുക്കാലികളെ തങ്ങളുടെ കോമാളിവേഷവുമണിഞ്ഞ്‌ സ്വതന്ത്രവിഹാരം നടത്താൻ അഴിച്ചുവിട്ടിരിക്കുന്നതിലായിരുന്നു അവയ്ക്കേറെയത്ഭുതം.

ഒരു പ്യൂമ തന്റെ കുട്ടിയോടു സംസാരിക്കുന്നത്‌ അയാൾ കേട്ടു; മനുഷ്യർക്കിടയിൽ സാധാരണമല്ലാത്ത അന്തസ്സും വിവേകവും നിറഞ്ഞ ഒരു സംഭാഷണം. അഴകുള്ള ഒരു പുലി സന്ദർശകന്മാരെന്ന ഈ പ്രാകൃതന്മാരെക്കുരിച്ച്‌ തനിക്കുള്ള അഭിപ്രായം സംക്ഷിപ്തവും ഉചിതവും മാന്യവുമായ വാക്കുകളിൽ പ്രകടിപ്പിക്കുന്നത്‌ അയാൾ കേട്ടു. സിംഹത്തിന്റെ കണ്ണുകളിൽ കൂടുകളും മനുഷ്യരുമില്ലാത്ത കാനനവൈപുല്യത്തിന്റെ വിസ്മയം അയാൾ കണ്ടു. ഒരുണക്കമരക്കൊമ്പിൽ ഒരു കാട്ടുപുള്ള്‌ ഏകാകിയും അഭിമാനിയുമായി വിഷാദത്തോടെയിരിക്കുന്നതും ഒരുകൂട്ടം മാടത്തകൾ അന്തസ്സും ക്ഷമയും നർമ്മവും കൊണ്ട്‌ തടവുജീവിതത്തെ പ്രതിരോധിക്കുന്നതും അയാൾ കണ്ടു.

തന്റെ ചിന്താരീതികളൊക്കെ നഷ്ടമായി വിഷാദത്തിലാണ്ട സീഗ്ലർ നൈരാശ്യത്തോടെ തന്റെ സഹജീവികളിലേക്കു തിരിഞ്ഞു. തന്റെ ഭീതിയും ദുരിതവും മനസ്സിലാക്കുന്ന കണ്ണുകൾ തേടി അയാളുഴന്നു; ആശ്വാസപ്രദവും വിവേകമുറ്റതും ശാന്തി നൽകുന്നതുമായ എന്തെങ്കിലുമൊന്നു കേൾക്കാമെന്ന പ്രതീക്ഷയോടെ അയാൾ സംഭാഷണങ്ങൾ ചെവിയോർത്തു; അഭിജാതമായ ഒരു ചേഷ്ടയ്ക്കായി അയാൾ ചുറ്റുമുള്ളവരെ നിരീക്ഷിച്ചു.

പക്ഷേ അയാൾ നിരാശനായതേയുള്ളു. അയാൾ വാക്കുകളും ശബ്ദങ്ങളും കേട്ടു; ചേഷ്ടകളും നോട്ടങ്ങളും കണ്ടു. പക്ഷേ അയാളിപ്പോൾ എല്ലാം കാണുന്നത്‌ ഒരു മൃഗത്തിന്റെ ദൃഷ്ടിയിലൂടെയായതിനാൽ അയാൾക്കു കാണാൻ കഴിഞ്ഞത്‌ ദുഷിച്ചതും കാപട്യം നിറഞ്ഞതുമായ ഒരു പ്രാകൃതക്കൂട്ടത്തെയാണ്‌: സർവ്വമൃഗജാതികളും ചേർന്നുള്ള ഒരു വിരൂപമിശ്രണം.

ഹതാശനായി അയാൾ അലഞ്ഞുനടന്നു. അയാൾക്ക്‌ തന്നോടുതന്നെ അവജ്ഞ തോന്നി. അയാൾ തന്റെ വടിയും കൈയ്യുറകളും ഒരു പൊന്തയിലേക്കു വലിച്ചെറിഞ്ഞു. പിന്നെ അയാൾ തന്റെ തൊപ്പിയും ചെരുപ്പും ടൈയും ഊരിയെറിഞ്ഞിട്ട്‌ കലമാൻകൂടിന്റെ കമ്പിയഴികളിൽ മുഖമമർത്തി തേങ്ങിക്കരയുമ്പോൾ അയാൾക്കു ചുറ്റും ആളുകൾ കൂട്ടം കൂടുകയും കാവൽക്കാർ അയാളെ പിടികൂടി ഭ്രാന്താശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.

Wednesday, August 19, 2009

യൊരൂബാ നാടൻപാട്ട്‌-ആന

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

തേങ്ങിക്കരയുന്ന കാട്ടിനുള്ളിൽ
അന്തിച്ചിറകൊതുക്കിന്നടിയിൽ
ആകെക്കറുത്തൊരു രാവിതാ പോയ്‌
ചാഞ്ഞുറങ്ങാൻ വിടകൊണ്ടുവല്ലോ.
പേടിവിളർത്തൊരു താരങ്ങളും
മാനം വിട്ടോടിമറഞ്ഞുവല്ലോ.
ചന്ദ്രനും മേലേയിരുണ്ടുപോയി,
ഭൂതങ്ങളൂരിലിറങ്ങയായി.

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

പേടിച്ചരണ്ടൊരു കാട്ടിനുള്ളിൽ
ഇലകളടക്കി മരമുറങ്ങി,
കൊമ്പുകളിൽത്തൂങ്ങി കണ്ണടച്ചു
ആടിക്കളിക്കുന്ന മൊച്ചകളും.
കാലൊച്ച കേൾക്കാതൊതുങ്ങിമാറി
കേഴകൾ മെല്ലെന്നു നീങ്ങുന്നതാ;
പുൽക്കൊടിയൊന്നു കടിച്ചു പിന്നെ
കാതോർത്തു നിൽക്കുന്നു പേടിയോടെ.
അരമുള്ള പാട്ടും നിറുത്തിവച്ചു
ചീവീടു മിണ്ടാതിരിക്കയായി.

ആനവേട്ടക്കാരാ വില്ല്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

പേമാരി കൊട്ടിവീഴുന്ന കാട്ടിൽ
കാലുവലിച്ചുനടന്നിടുന്നോൻ
ആരാലും വെല്ലുവാനായിടാത്തോൻ
ആനയച്ചന്നെഴുന്നള്ളുകയായ്‌.
താൻ കുത്തിയിട്ട മരങ്ങൾക്കിടെ
നിന്നു, നടന്നോ,ല തിന്നും പിന്നെ
പിടിയുടെ ചൂരു പിടിച്ചുമവൻ
ചിന്നം വിളിച്ചുനടന്നിടുന്നേ.
ആനയച്ചോ, ഞങ്ങൾ നിന്റെ നീക്കം
ദൂരെ നിന്നേ പാർത്തുവന്നുവല്ലോ.

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

നീയൊഴിച്ചാരുമില്ലാത്ത കാട്ടിൽ
ആനവേട്ടക്കാരാ പേടിക്കല്ലേ.
നിന്റെ കണ്മുന്നിലിറച്ചിയാണേ,
കുന്നുപോൽ നീങ്ങുമിറച്ചിയാണേ.
നെഞ്ഞു കുളിർക്കുന്ന നല്ലിറച്ചി,
നമ്മുടെ ചട്ടിയിൽ വേവും തുണ്ടം.
നമ്മുടെ പല്ലുകൾ താഴും തുണ്ടം.
ചോന്നുകൊഴുത്തുള്ള നല്ലിറച്ചി
ആവി പറക്കുന്ന ചോരക്കോപ്പ.

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.
*

Tuesday, August 18, 2009

ഓഗ്ഡൻ നാഷ്‌-കവിതകൾ



1
ഞാനിന്നു പള്ളിയിൽ പോയില്ല


ഞാനിന്നു പള്ളിയിൽ പോയില്ല 
അതെന്തുകൊണ്ടാണെന്ന് 
കർത്താവിനറിയാമെന്നാണെന്റെ വിശ്വാസം. 
നീലച്ച തിരകൾ വെളുത്തുപതയ്ക്കുകയായിരുന്നു, 
കുഞ്ഞുങ്ങൾ പൂഴിയിൽ ഓടിക്കളിക്കുകയായിരുന്നു. 
എനിക്കിത്രയേ നാളുകളുള്ളുവെന്ന് അദ്ദേഹത്തിനറിയാം 
വേനലിത്രയേയുള്ളുവെന്ന് അദ്ദേഹത്തിനറിയാം. 
ഞാനെന്റെ പട്ടും പടവും മടക്കിക്കഴിഞ്ഞാൽ 
പിന്നെത്രനാൾ വേണമെങ്കിലും 
ഒരുമിച്ചിരിക്കാമെന്നും അദ്ദേഹത്തിനറിയാം.



2
കിഴവന്മാർ


ഈ കിഴവന്മാർക്കു മരിച്ചൂടേയെന്നാണ്‌ 
ആളുകളുടെ മനസ്സിൽ. 
കിഴവന്മാർ മരിക്കുമ്പോൾ 
അവർക്കൊരു ദുഃഖവുമില്ല. 
കിഴവന്മാർ മറ്റൊരു വകയാണ്‌. 
ആളുകൾ അവരെ നോക്കുന്നത്‌ 
'എന്നാണിയാൾ...' എന്നാണ്‌. 
കിഴവന്മാർ മരിക്കുമ്പോൾ 
ആളുകൾക്കൊരു കുലുക്കവുമില്ല. 
പക്ഷേ ഒരു കിഴവൻ മരിക്കുമ്പോൾ 
മറ്റു കിഴവന്മാർക്ക്‌ അതു മനസ്സിലാവും.



3
ഈച്ച


ദൈവം ഒരീച്ചയെ സൃഷ്ടിച്ചു ,
എന്തിനെന്നു പറയാനും വിട്ടു.


***

Sunday, August 16, 2009

ഇക്ക്യു (1394-1481)-സെന്‍ കവിതകള്‍

*
ഒരുമാസം മുമ്പിന്നലെ
ഇരന്നു വാങ്ങിയതാണു ഞാൻ.
മടക്കുന്നതത്രയും
ഈ മാസത്തിലിന്നു ഞാൻ.
ആകെയുള്ളതഞ്ചാണ്‌
നാലും വീടിക്കഴിഞ്ഞു ഞാൻ;
ആദിശൂന്യതയൊന്നിന്‌
കടക്കാരനാണു ഞാൻ.
*
"ഒറ്റയ്ക്കു വന്നു ഞാൻ,
മടങ്ങുന്നതൊറ്റയ്ക്ക്‌"-
അതുമൊരു മായ തന്നെ.
വരൂ, പഠിപ്പിക്കാം ഞാൻ
വരാതിരിക്കാൻ
പോകാതിരിക്കാൻ.
*
തിന്നും കുടിച്ചും
ഉറങ്ങിയും വീണ്ടുമുണർന്നും
നമുക്കു ജീവിതം തീരുന്നു.
അതിൽപ്പിന്നെന്തു ചെയ്യാൻ?
മരിക്കുക തന്നെ.
*
പൂമ്പാറ്റ മുഖം തൊട്ടു
പാറിനിൽക്കെ
എത്രനേരമുറങ്ങുമവൾ?
*
ആരും വരാനില്ലെങ്കിൽ
അതാണെനിക്കേറെയിഷ്ടം.
കൂട്ടിരിക്കാനെനിക്കു
കരിയിലകൾ മതി,
കൊഴിഞ്ഞ പൂക്കൾ മതി.
തന്നിഷ്ടം നടത്തുന്ന
കിഴവനൊരു സെൻഗുരു-
പടുമരത്തിൽപ്പൊടുന്നനെ
വിടരുന്നു പൂവുകൾ.
*
കാടും പാടവും കല്ലും പുല്ലും-
അവരാണെന്നിഷ്ടതോഴന്മാർ.
ഇതേവരെ നടന്ന വഴി
മാറിനടക്കില്ലീ ഭ്രാന്തമേഘം.
ഈ ലോകത്തു പിശാചെങ്കിൽ
എന്തിനു ഭയക്കണം ഞാൻ
വരാനുള്ള ലോകത്തെ.
*
ഇരുന്നിടത്തേക്കു മടങ്ങുമീ ദേഹം-
തിരഞ്ഞാൽ കിട്ടാത്തതിനെ
തിരഞ്ഞുപോകരുത്‌.
*
ജനനത്തിൻ പ്രകൃതി
അറിയില്ലാർക്കും-
ഉറവിലേക്കു മടങ്ങുന്നു നാം
പൊടിയായി മാറുന്നു നാം.
*
വ്യർത്ഥമാണൊക്കെയും!
ദൃഢഗാത്രനൊരു ചങ്ങാതി
ഇന്നു കാലത്ത്‌;
ചിതയിലെ പുകച്ചുരുൾ
ഇന്നു വൈകിട്ട്‌.
*
കത്തിച്ചാലതു ചാരമാകുന്നു
കുഴിച്ചിട്ടാൽ മണ്ണാകുന്നു.
ബാക്കിവയ്ക്കുന്നതെന്തു നാം
നാം ചെയ്ത പാപങ്ങളോ?
*
മൂന്നുലോകത്തും ചെയ്ത പാപങ്ങൾ
മാഞ്ഞുപോകുമെന്നോടൊപ്പം.
*
അന്യർക്കു വായിക്കാൻ
എഴുതിവച്ചിട്ടു പോവുക-
അതുമൊരു വ്യർത്ഥസ്വപ്നം.
വായിക്കാനാരുമില്ലെന്ന്
ഉണരുമ്പോളറിയുന്നു ഞാൻ.
*

Saturday, August 15, 2009

ഇക്ക്യു (1394-1481)-സെന്‍ കവിതകള്‍

flower1

*
ആരും കുഴിക്കാത്തൊരു കിണർ-
ഓളങ്ങൾ നിറഞ്ഞത്‌-
രൂപമില്ലാത്ത,ഭാരമില്ലാത്ത ഒരാൾ
ദാഹം തീർക്കുന്നതിൽ.
*
നിങ്ങൾ വിളിക്കുമ്പോൾ
ഞാൻ വിളികേൾക്കുന്നതെങ്ങനെ?
നിങ്ങളുടെ ജീവനപഹരിക്കുകയാണത്‌.
*
ചോദ്യങ്ങളെഴുതിവച്ച്‌
നിങ്ങളുറങ്ങാൻ കിടക്കുന്നു-
ഉണരുമ്പോൾ
നിങ്ങളുമില്ല.
*
ഈ പാഴ്ക്കിനാവും ഉന്മാദവും
ഇത്ര മനോഹരമായതെങ്ങനെ?
*
ചങ്ങാതിയെ ചിതയിൽ വച്ചു പോരുമ്പോൾ
സ്വന്തം മരണം പോലെ
പുകയുന്നതെന്നുള്ളിൽ.
*
അന്യന്റെ വീട്ടുവഴി
ഇരുളടഞ്ഞതാണെന്നു
പറയുന്നു നിങ്ങൾ-
സ്വന്തം ഹൃദയത്തിൻ വഴി
പായൽ പിടിച്ചതി-
നെന്തു പറയും നിങ്ങൾ?
*
വീണു കിട്ടുന്നതല്ല മനശ്ശാന്തി-
ഉരിയാട്ടമില്ലാത്ത ചുമരും നോക്കി
ആറുകൊല്ലമിരിക്കുക;
നിങ്ങളുടെ മുഖത്തെ നിങ്ങൾ
മെഴുകുതിരിയെരിയുമ്പോലെ
എരിഞ്ഞുതീരട്ടെ.
*
പോരിനു പോകുമ്പോളെന്തു സെൻ?-
വടിയെടുത്തടിയ്ക്കുക
ശത്രുക്കളെ.
*
എൻപതു കഴിഞ്ഞു
ബലം കെട്ട ഞാൻ
ബുദ്ധനു നിവേദിക്കുന്നു
സ്വന്തം മലം.
*

Thursday, August 13, 2009

ഇക്ക്യു (1394-1481)-സെന്‍ കവിതകള്‍

ikkyu1
*
ഞാൻ ചെയ്ത ദുഷ്ചെയ്തികളൊക്കെ
ചിതയിലെ പുകയാകും-
അതുപോലെ ഞാനും പോകും.
*
മഴ പെയ്യട്ടെ,പെയ്യാതിരിക്കട്ടെ
നനഞ്ഞ മുണ്ടിന്നറ്റം
പൊക്കിപ്പിടിച്ചു നടന്നോളൂ.
*
ഒരു മണവും മണക്കുന്നില്ല ഞാൻ
ഒരു നിറവും കാണുന്നില്ല ഞാൻ-
വസന്തമൊന്നു വന്നോട്ടെ
ചില്ലകളിൽ കാണാമവയെ.
*
സുഖവും ദുഃഖവും
തെളിഞ്ഞ മനസ്സിനൊന്നു പോൽ-
ഒരു മലയും മറയ്ക്കില്ല ചന്ദ്രനെ.
*
തോണിയുണ്ട്‌
തോണിയില്ല-
തോണി മുങ്ങിയാൽ
രണ്ടുമില്ല.
*
നിങ്ങൾ നിങ്ങളല്ലാതെ
മറ്റാരാകാൻ?
അതിനാൽ
നിങ്ങൾ സ്നേഹിക്കുന്ന മറ്റേയാളും
നിങ്ങൾ തന്നെ.
*
ഇരുളടഞ്ഞ ശൂന്യതയാണ്‌
ചിലനേരം ഞാൻ-
സ്വന്തം മുണ്ടിന്റെ മടക്കുകളിൽ
ഒളിക്കാനാവുന്നില്ലെനിക്ക്‌.
*
വാളിന്നിരുതലകൾ
ജീവിതവും മരണവും;
ഏതേതെ-
ന്നറിയില്ലാർക്കും.
*
ഉറയിൽക്കിടക്കുമ്പോഴും
നിന്നെക്കാണുന്നുണ്ടെ-
ന്നുടവാൾ.
*
മിന്നുന്ന വാളുറയിൽ
മരം കൊണ്ടൊരു വാൾ-
അതാരെയും കൊല്ലില്ല
ആരെയും രക്ഷിക്കില്ല.
*