കല്ലുകൊണ്ടു പണിത പുത്തൻപള്ളിയുടെ നിഴൽപ്പാടിലായി ഒരു തൊഴുത്തു നിൽക്കുന്നു. അതിനുള്ളിൽ നരച്ച കണ്ണുകളും നരച്ച താടിയുമുള്ള ഒരു മനുഷ്യൻ കാലിച്ചൂരിനിടയിൽ മലർന്നുകിടപ്പുണ്ട്. ഉറക്കം കാത്തുകിടക്കുന്ന അതേ എളിമയോടെ അയാൾ മരണം കാത്തുകിടക്കുകയാണ്. പകൽ വിപുലവും നിഗൂഢവുമായ നിയമങ്ങൾക്കു വിധേയമായി ആ ദരിദ്രമായ കുടിലിനുള്ളിൽ നിഴലുകളെ സ്ഥാനം മാറ്റുകയും മാറ്റിമറിക്കുകയും ചെയ്യുന്നു. വെളിയിൽ ഉഴുത നിലങ്ങൾ പരന്നുകിടക്കുന്നു. കരിയില മൂടിയ ഒരു കിടങ്ങ്; അതിനുമപ്പുറം കാടു തുടങ്ങുന്നിടത്തെ കറുത്ത ചെളിയിൽ ഒരു ചെന്നായയുടെ അസ്പഷ്ടമായ കാൽപാടുകൾ. മറവിയിൽപ്പെട്ട ഈ മനുഷ്യൻ സ്വപ്നം കണ്ടുറങ്ങുകയാണ്. പ്രാർത്ഥനയ്ക്കു മണി മുട്ടുന്നതു കേട്ട് അയാളുണരുന്നു. ഇംഗ്ലീഷ്‌നാടുകളിൽ പള്ളിമണികൾ വൈകുന്നേരത്തെ ചടങ്ങുകളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ഈ മനുഷ്യൻ കുട്ടിയായിരിക്കുമ്പോൾ വോഡന്റെ മുഖം കണ്ടിരിക്കുന്നു,പവിത്രമായ ഭീതിയും ഭക്തിപാരവശ്യവും കണ്ടിരിക്കുന്നു,റോമൻ നാണയങ്ങളും കനത്ത അങ്കികളും അണിയിച്ച വിലക്ഷണമായ ദാരുവിഗ്രഹം കണ്ടിരിക്കുന്നു,കുതിരകളും നായ്ക്കളും തടവുകാരും ബലിയർപ്പിക്കപ്പെടുന്നതു കണ്ടിരിക്കുന്നു. പുലർച്ചയ്ക്കു മുമ്പ് അയാൾ മരിക്കും; അയാളോടൊപ്പം പാഗൻ അനുഷ്ഠാനങ്ങളുടെ അവസാനത്തെ നേർസാക്ഷ്യങ്ങളും എന്നെന്നേക്കുമായി മറയും. ഈ സാക്സൺ മരിക്കുന്നതോടെ ലോകം അൽപം കൂടി ദരിദ്രമാവാൻ പോവുകയാണ്.
സ്ഥലനിബദ്ധമായ വസ്തുക്കളും സംഭവങ്ങളും ഒരാളുടെ മരണത്തോടെ ഇല്ലാതാവുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം; എന്നാൽ ഓരോ മരണവേദനയോടുമൊപ്പം ഒന്നോ അനന്തമോ ആയ കാര്യങ്ങളാണ് നാശമടയുന്നത്.അങ്ങനെയല്ലാതാവണമെങ്കിൽ തിയോസൊഫിസ്റ്റുകൾ സങ്കൽപ്പിക്കുന്ന മാതിരി ഒരു പ്രപഞ്ചസ്മൃതി ഉണ്ടാവണം. ക്രിസ്തുവിനെക്കണ്ട അവസാനത്തെ കണ്ണുകൾ ഊതിക്കെടുത്തിയ ഒരു നാൾ കാലപ്രവാഹത്തിലുണ്ട്; ആരോ ഒരാൾ മരിച്ചതോടെ ജൂനിനിലെ യുദ്ധവും ഹെലന്റെ പ്രേമവും മരണപ്പെട്ടു. ഞാൻ മരിക്കുന്ന ദിവസം എന്നോടൊപ്പം മരിക്കുന്നതെന്താവാം? കരുണമോ ലോലമോ ആയ ഏതു ബിംബമാവാം ലോകത്തിനു നഷ്ടമാവുക? മാസിഡോണിയോ ഫെർണാണ്ടസിന്റെ ശബ്ദമോ? സരാനോവിലെ തുറസ്സിൽക്കണ്ട ചെമ്പൻകുതിരയുടെ രൂപമോ?ഒരു മഹോഗണിമേശയുടെ വലിപ്പിനുള്ളിലിരിക്കുന്ന ഗന്ധകക്കട്ടയോ?
--------------------------------------------------------------------------------------------------------------------------------
വോഡൻ-ക്രിസ്തുമതത്തിനു മുമ്പ് ആംഗ്ലോ-സാക്സൺ നാടുകളിൽ പ്രചാരത്തിലിരുന്ന പാഗൻ മതത്തിലെ പ്രധാനദേവൻ.
ജൂനിൻ യുദ്ധം-1824 ആഗസ്റ്റ് ആറിന് പെറുവിലെ ജൂനിൻ പ്രവിശ്യയിൽ സൈമൊൺ ബൊളീവറുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം.
മാസിഡോണിയോ ഫെർണാണ്ടെസ്(1874-1952)-അർജന്റീനിയിയൻ സാഹിത്യകാരൻ.
No comments:
Post a Comment