Saturday, August 29, 2009

ബോദ്‌ലേർ-ഗദ്യകവിതകൾ-2

chimera-a
ഓരോ മനുഷ്യനും അവനവന്റെ വേതാളം

നരച്ചുപരന്നൊരാകാശത്തിന്റെ ചുവട്ടിൽ,ഒരു കൊടിത്തൂവയോ ഒരു മുൾച്ചെടിയോ കണ്ടെടുക്കാനില്ലാത്ത, പുല്ലുപോലും മുളയ്ക്കാത്ത, വിശാലവും പൊടിപാറുന്നതുമായൊരു തുറസ്സിൽ അധോമുഖരായി നടക്കുന്ന കുറേ മനുഷ്യരെ ഞാൻ കണ്ടു.

ഓരോ ആളിന്റെ മുതുകത്തും ഒരു കൂറ്റൻ വേതാളം അള്ളിപ്പിടിച്ചിരിക്കുന്നു; ധാന്യച്ചാക്കു പോലെയോ കൽക്കരിക്കെട്ടുപോലെയോ റോമൻകാലാളുകളുടെ പടക്കോപ്പു പോലെയോ ഭാരം തൂങ്ങുന്നതാണവ.

പക്ഷേ ആ രാക്ഷസജന്തുക്കൾ വെറുമൊരു ഭാരവുമല്ല; ശക്തവും വലിഞ്ഞുമുറുകുന്നതുമായ മാംസപേശികൾ കൊണ്ട്‌ അവരെ പൂണ്ടടക്കം പിടിച്ചു ഞെരിക്കുകയാണവ. അവയുടെ വളർനഖരങ്ങൾ അവരുടെ നെഞ്ചത്താഴ്‌ന്നിറങ്ങിയിരിക്കുന്നു. പണ്ടുകാലത്തെ പടയാളികൾ ശത്രുക്കളെ പേടിപ്പിക്കാനായി എടുത്തുവച്ചിരുന്ന ശിരോകവചങ്ങൾ പോലെ അവയുടെ വിരൂപമായ ശിരസ്സുകൾ അവരുടെ നെറ്റിയിൽ പറ്റിപ്പിടിച്ചുകിടക്കുന്നു.

ഇങ്ങനെ നടക്കുന്നതെന്തിനാണെന്ന് ഞാൻ അവരിൽ ഒരാളോടു ചോദിച്ചു. തനിക്കൊന്നുമറിയില്ലെന്നായിരുന്നു അയാളുടെ മറുപടി; തനിക്കെന്നല്ല, ബാക്കിയുള്ളവർക്കും ഒന്നുമറിയില്ല. തങ്ങൾ എങ്ങോട്ടോ പോവുകയാണ്‌; ഏതോ ഒരു ശക്തി തങ്ങളെ അടിച്ചുനടത്തുകയാണ്‌.

വിചിത്രമെന്നു പറയട്ടെ, തന്റെ കഴുത്തിൽ തൂങ്ങി മുതുകത്തള്ളിപ്പിടിച്ചുകിടക്കുന്ന ആ ഭീകരസത്വം അവരിലൊരാൾക്കു പോലും ഒരു മനശ്ശല്യമായതായിക്കണ്ടില്ല.തന്റെയൊരു ഭാഗമായിട്ടാണ്‌ താൻ അതിനെക്കാണുന്നതെന്നുകൂടി ഒരാൾ പറഞ്ഞു. ഗൗരവം മുറ്റിയതും ക്ഷീണിച്ചതുമായ ആ മുഖങ്ങളിൽ നൈരാശ്യത്തിന്റെ ഒരു പാടുമില്ല. മുഷിഞ്ഞ മാനത്തിന്റെ കമാനത്തിൻ ചുവട്ടിൽ, അതേ ആകാശം പോലെ പരിത്യക്തമായ ഒരു ഭൂമിയിലെ പൊടിമണ്ണിൽ കാലിഴച്ച്‌ ഒരുനാളും ആശ കൈവിടാതിരിക്കാൻ വിധിക്കപ്പെട്ടവരെപ്പോലെ അവർ മുന്നോട്ടു നീങ്ങുകയാണ്‌.അങ്ങനെ ആ നിര എന്നെക്കടന്ന് ചക്രവാളത്തിൽ,ഭൂമി മനുഷ്യദൃഷ്ടിയുടെ ജിജ്ഞാസയ്ക്കു മുന്നിൽ സ്വയം അനാവൃതമാകുന്ന ആ ബിന്ദുവിൽ വച്ച്‌ അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു.

ഈ നിഗൂഢതയുടെ പൊരുളഴിക്കാൻ പിന്നീടു പലപ്പോഴും ഞാൻ മനഃപൂർവം ശ്രമിച്ചുനോക്കി; പക്ഷേ ഉദാസീനത എന്നെ കീഴ്പ്പെടുത്തിക്കളയും.തങ്ങളെ ഞെരിച്ചമർത്തുന്ന ആ വേതാളങ്ങൾ ആ മനുഷ്യരെ എത്ര ഖിന്നരാക്കിയോ, അത്രത്തോളമേ ഞാനും ഖിന്നനായുള്ളു.

1 comment:

വികടശിരോമണി said...

കൊള്ളാമല്ലോ ചങ്ങാതീ,ഈ ശ്രമം.:)
തുടരൂ,കാത്തിരിക്കുന്നു.