ആ സംഗീതമരിച്ചിറങ്ങിയ
പാതിചാരിയ വാതിലുകൾ
സാവധാനമടയുന്നു.
കുഴലുകൾ നിശ്ശബ്ദതയിലേക്കു
മുരണ്ടിറങ്ങുന്നു,
നക്ഷത്രങ്ങൾ ഉരുണ്ടുമറയുന്നു,
രാത്രി കനക്കുന്നു,
ഇരുളു നമുക്കു മേൽ താഴ്‌ന്നിറങ്ങുന്നു.
അസ്പഷ്ടമായൊരു പല്ലവി
നിദ്രാണമായ മസ്തിഷ്കത്തെ അലട്ടുന്നു.
എണ്ണമറ്റ മുറികളിൽ നടുചായ്ച്ച്
നാമുറങ്ങുന്നു.
ഏതു സംഗീതത്തിന്റെ
വന്യമായ അവ്യാകൃതിയാണ്
നമ്മുടെ സ്വപ്നങ്ങളിൽ ചുറ്റിത്തിരിയുന്നത്?
ഇരുട്ടത്ത് പൊടുന്നനേ കണ്ണുതുറന്ന്
നാം കരഞ്ഞുവിളിക്കുന്നു,
പിന്നെ വീണ്ടും വീണുറങ്ങുന്നു.
നിലാവു വീഴുന്ന
ഊഷ്മളമായൊരു കടലോരത്ത്
മന്ദമായി പതഞ്ഞുയരുന്ന
കടലലകളാണു നാമെന്ന്
നാം കിനാവു കാണുന്നു.
അല്ലെങ്കിൽ പാതിരാവത്ത്
കാറ്റുപിടിച്ചോടുന്ന മേഘങ്ങളാണെന്ന്
അല്ലെങ്കിൽ തിരക്കിടുന്ന ഇരുട്ടത്ത്
ചിതറിവീഴുന്ന വീണക്കമ്പികളാണെന്ന്
അല്ലെങ്കിൽ മഴയുടെ
പാടുന്ന ശബ്ദമാണെന്ന്...
നാം കണ്ണുതുറക്കുന്നു
ചുരുട്ടയിടുന്ന ഇരുട്ടിനെ തുറിച്ചുനോക്കുന്നു
പിന്നെ വീണ്ടും
കിനാവിലേക്കു മടങ്ങുന്നു.
1 comment:
good one~!
Post a Comment