ഒരുനൂറെല്ലുകളും ഒമ്പതു ദ്വാരങ്ങളുമുള്ള എന്റെ ഈ മർത്ത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട്; മറ്റൊരു പേരു കിട്ടാത്തതിനാൽ ഞാനതിനെ കാറ്റു പിടിച്ച ഒരാത്മാവ് എന്നു വിളിക്കട്ടെ. കാറ്റൊന്നനങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീല തന്നെയാണത്. എന്റെയുള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുമ്പ് കവിതയെഴുത്തിലേക്കു തിരിഞ്ഞു; ഒരു രസത്തിനു തുടങ്ങിയതാണെങ്കിലും പിന്നീടത് ആയുഷ്കാലചര്യയായി മാറുകയാണുണ്ടായത്. മനസ്സു മടുത്ത് അതു തന്റെ നിയോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ട്; മറ്റു ചിലപ്പോഴാവട്ടെ, അന്യർക്കു മേൽ പൊട്ടവിജയങ്ങൾ ഘോഷിച്ചുകൊണ്ട് അതു നെഞ്ചു വിരിച്ചു നിന്നിട്ടുമുണ്ട്. എന്തിനു പറയുന്നു, കവിതയെഴുത്തു തുടങ്ങിയതിൽപ്പിന്നെ അതിനു മനസ്സമാധാനമെന്നതുണ്ടായിട്ടില്ല; ഒന്നല്ലെങ്കിൽ മറ്റൊരു സന്ദേഹം അതിനെ അലട്ടാൻ വന്നുകൊണ്ടിരിക്കും. ഒരിക്കലത്ത് ജീവിതസുരക്ഷിതത്വം കൊതിച്ച് സർക്കാരുദ്യോഗത്തിൽ ചേരാനൊരുങ്ങിയതാണ്; മറ്റൊരിക്കലാവട്ടെ, തന്റെ അജ്ഞതയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാൻ ഒരു പണ്ഡിതനാവാനും കൊതിച്ചിരുന്നു.പക്ഷേ കവിതയോടുള്ള അദമ്യമായ പ്രേമം കാരണം രണ്ടും നടക്കാതെപോയി. കവിതയെഴുത്തല്ലാതെ മറ്റൊരു വിദ്യയും അതിനറിയില്ല എന്നതാണു വാസ്തവം; അക്കാരണം കൊണ്ടുതന്നെയാണ് അതു കവിതയിൽ അന്ധമായി തൂങ്ങിപ്പിടിച്ചുകിടക്കുന്നതും.
*
ഏതൊരു കലയുമെടുത്തോളൂ,അതിൽ യഥാർത്ഥമികവു കാണിച്ചവർക്കെല്ലാം പൊതുവായിട്ടൊരു ഗുണമുണ്ടാവും: പ്രകൃതിയെ അനുസരിക്കാനുള്ള ശ്രദ്ധ; ഋതുഭേദങ്ങൾക്കൊപ്പം പ്രകൃതിയുമായി ഒന്നാകാനുള്ള ഒരു മനസ്സ്. അങ്ങനെയൊരു മനസ്സ് എന്തു കണ്ടാലും അതൊരു പൂവായിരിക്കും; ആ മനസ്സു സ്വപ്നം കാണുന്നതൊക്കെ ചന്ദ്രനുമായിരിക്കും. കിരാതമായ ഒരു മനസ്സേ പൂവല്ലാതെ മറ്റൊന്നിനെ മുന്നിൽ കാണുന്നുള്ളു; മൃഗീയമായ ഒരു മനസ്സേ ചന്ദ്രനല്ലാതെ മറ്റൊന്നിനെ സ്വപ്നം കാണുന്നുള്ളു. അപ്പോൾ കലാകാരനുള്ള ആദ്യപാഠം ഇതാണ്: തന്നിലെ കിരാതനെയും മൃഗത്തെയും കീഴമർത്തുക,പ്രകൃതിയെ അനുസരിക്കുക,പ്രകൃതിയിൽ ലയിക്കുക.
*
യഥാർത്ഥജ്ഞാനത്തിന്റെ ലോകത്തേക്ക് മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ സൗന്ദര്യത്തിന്റെ നേരറിയാൻ നിത്യജീവിതത്തിലേക്കു മടങ്ങുക എന്നതാണു പ്രധാനം. നിങ്ങൾ എന്തു ചെയ്താലുമാകട്ടെ, അതിനൊക്കെ നമ്മുടെയെല്ലാം ആത്മാവായ കവിതയുമായി ബന്ധമുണ്ടാവണം എന്നതു മറക്കരുത്.
*
പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്.അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ,അതായത് ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ-നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ-അതു യഥാർത്ഥകവിതയല്ല,നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്.
*
മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്; കരിക്കട്ട കൊണ്ടു വരയുകയാണ് എന്റെ രീതി.
*
വേനല്‍ക്കു ചൂളയും തണുപ്പത്തു വിശറിയുമാണ് എന്റെ കവിത.