Friday, February 28, 2014

യോസെഫ് അത്തില്ല - അമ്മ

attila

 


ഒരാഴ്ചയായി ഞാനോർത്തോർത്തിരിക്കുന്നു,
എന്റമ്മയെത്തന്നെ ഞാൻ ചിന്തിച്ചിരിക്കുന്നു-
തോരയിടാനൊക്കത്തു തുണിക്കെട്ടും പേറി
മച്ചിന്റെ കോണി കേറിയന്നമ്മ പോയിരുന്നു.

ഞാനന്നു ഞാൻ മാത്രം നിറഞ്ഞവനായിരുന്നു,
കരഞ്ഞും തൊഴിച്ചുമന്നു ഞാൻ ലഹള കൂട്ടിയിരുന്നു-
തോരയിടുന്ന തുണികൾക്കൊരമ്മ വേണ്ട,
അമ്മ എന്നെ എടുക്കൂ, മച്ചിലേക്കെന്നെക്കൊണ്ടുപോകൂ.

അമ്മയെന്നെ നോക്കിയില്ല, ഒന്നും മിണ്ടിയില്ല,
അതിനൊന്നുമവർക്കു നേരവുമുണ്ടായില്ല;
അയക്കോലിൽ തുണികളൊന്നൊന്നായി നിരന്നു,
വെളുത്തും വൃത്തിയായും കാറ്റത്തവ പാറുകയായി.

കരയരുതായിരുന്നെന്നോർക്കുമ്പോളിന്നു വൈകുന്നു;
എന്തൊരതികായയായിരുന്നു എന്റെ അമ്മ!
അവരുടെ നരച്ച മുടിയിഴകളാകാശത്തു പാറുന്നു,
അവർ മുക്കിയ നീലത്തിലാകാശം തെളിയുന്നു.

(1925 )


യോസെഫ് അത്തില്ല (1905-1937)- ഹംഗേറിയൻ കവി. തൊഴിലാളിവർഗ്ഗകുടുംബത്തിൽ ജനിച്ചു. മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയി. ദുരിതം നിറഞ്ഞ കുട്ടിക്കാലം. അനാഥാലയങ്ങളുടെയും ബന്ധുക്കളുടെയും സംരക്ഷണയിലായി​‍ൂന്നു കുറച്ചുകാലം. അവരുടെ പീഡനം സഹിക്കാതെ അമ്മയുടെ അടുത്തേക്കു തന്നെ തിരിച്ചുപോയി. പതിനാലാമത്തെ വയസ്സിൽ അമ്മ മരിച്ചു. പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസം. അദ്ധ്യാപകനാകാനുള്ള ആഗ്രഹം പ്രകോപനപരമായ കവിത എഴുതി എന്ന ആരോപണത്താൽ നടന്നില്ല. പിന്നീടുള്ള ജീവിതം എഴുതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. ഈ കാലത്ത് സ്കിസോഫ്രേനിയായുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന്‌ റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയായിട്ടില്ല.


Thursday, February 27, 2014

കാഫ്ക - ലക്ഷ്യം

1309730401_910215_0000000005_album_normal


കുതിരയെ ലായത്തിൽ നിന്നിറക്കിക്കൊണ്ടു വരാൻ ഞാൻ ആജ്ഞാപിച്ചു. വേലക്കാരന്‌ ഞാൻ പറഞ്ഞതു മനസ്സിലായില്ല. ഒടുവിൽ ഞാൻ തന്നെ ലായത്തിൽ പോയി കുതിരയെ ജീനിയണിച്ച് അതിന്റെ പുറത്തു കയറി. അകലെ ഒരു ബ്യൂഗിൾ വിളി ഞാൻ കേട്ടു. അതെന്താണെന്ന് ഞാൻ അവനോടു ചോദിച്ചു. അവനു യാതൊന്നും അറിയില്ലായിരുന്നു, അവൻ യാതൊന്നും കേട്ടിരുന്നുമില്ല. കവാടത്തിൽ വച്ച് അവൻ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു: “യജമാനൻ എങ്ങോട്ടു പോകുന്നു?” “എനിക്കറിയില്ല,” ഞാൻ പറഞ്ഞു, “ഇവിടെ നിന്നൊന്നകലെപ്പോവുക. ഇവിടെനിന്നകലെപ്പോവുക. ഇവിടെ നിന്നകലെയ്ക്കകലെയ്ക്കു പോവുക, അങ്ങനെയേ എനിക്കെന്റെ ലക്ഷ്യമെത്താൻ കഴിയൂ.” “അപ്പോൾ അങ്ങെയ്ക്കൊരു ലക്ഷ്യമുണ്ട്?” അവൻ ചോദിച്ചു. “അതെ,” ഞാൻ പറഞ്ഞു, “ അതു ഞാനിപ്പോൾ നിന്നോടു പറഞ്ഞതല്ലേയുള്ളു? ഇവിടെ നിന്നകലെ- അതാണെന്റെ ലക്ഷ്യം.” “അങ്ങു യാത്രയ്ക്കു വേണ്ടതൊന്നും കരുതീട്ടില്ലല്ലോ,” അവൻ പറഞ്ഞു. “എനിക്കൊന്നും ആവശ്യമില്ല,” ഞാൻ പറഞ്ഞു, “അത്ര ദീർഘമാണു യാത്ര എന്നതിനാൽ വഴിയിൽ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ വിശന്നു മരിക്കട്ടെ. ഒരു കരുതലും എന്നെ രക്ഷിക്കില്ല. എന്തെന്നാൽ, ഭാഗ്യത്തിന്‌, ശരിക്കും പരിധിയറ്റൊരു യാത്രയാണത്.”
(1922)


(യജമാനന്‌ തന്റെ ലക്ഷ്യമറിയാം; ആ ലക്ഷ്യം പക്ഷേ, വേലക്കാരനു മനസ്സിലാകുന്നതല്ല. ഒരു സാധാരണക്കാരനു ലഭ്യമല്ലാത്ത ഒരു വീക്ഷണം ആവശ്യപ്പെടുന്ന ലക്ഷ്യമാണത്. യജമാനനും പക്ഷേ, കാര്യമായ വിവരമില്ലാത്ത ഒരു നിയോഗവുമാണത്. ഇവിടെ നിന്നകലെ- ആ കല്പനയാണ്‌ അയാളെ സംബന്ധിച്ചിടത്തോളം തന്റെ നിയോഗം. ചോദ്യങ്ങൾ ഉയരുന്നുവെങ്കിലും വേലക്കാരന്‌ തന്റെ യജമാനനോട് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല; ഒരാൾ പറയുന്നത് മറ്റൊരാൾക്കു പിടി കിട്ടാത്ത രീതിയിൽ അത്ര മൌലികമായ ഒരു വിച്ഛേദം അവർക്കിടയിലുണ്ട്. യാത്രക്കിടയിൽ എന്തു കഴിക്കും എന്നതാണ്‌ വേലക്കാരന്റെ ഉത്ക്കണ്ഠയെങ്കിൽ, നമ്മുടെ ഭൌതികാവശ്യങ്ങൾക്ക് ഒരു സ്ഥാനവുമില്ലാത്ത ഒരു അതിഭൌതികയാത്രയെക്കുറിച്ചാണ്‌ യജമാനൻ സംസാരിക്കുന്നത്. അയാൾ തന്റെ യജമാനനിൽ നിന്നു വേർപെട്ടു പോയിരിക്കുന്നു. അവർ അന്യോന്യം സംസാരിക്കുന്നുണ്ടെങ്കിലും അവർ സംസാരിക്കുന്നത് വിഭിന്നദിശകളിലേക്കാണ്‌, തമ്മിൽ ബന്ധമില്ലാത്ത യാഥാർത്ഥ്യങ്ങളിലേക്കാണ്‌. ഇത് അസംബന്ധമായി നമുക്കു തോന്നുന്നു. പരസ്പരം നോക്കിനില്ക്കുന്ന രണ്ടു യാഥാർത്ഥ്യങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടെങ്കിലും പരസ്പരം മൂകരാണ്‌. മനുഷ്യർ പരസ്പരം ചോദ്യം ചോദിക്കുന്നുവെങ്കിലും ഒരു പൊതുബോധത്തിന്റെ അഭാവത്തിൽ വാക്കുകൾ അവരെ ഒഴിഞ്ഞു പോവുകയാണ്‌. ഇതിനെ അസംബന്ധമെന്നു പറയുമ്പോൾ എത്ര ആഴത്തിലാണ്‌ മനുഷ്യൻ മനുഷ്യനിൽ നിന്നകന്നുപോയിരിക്കുന്നതെന്ന് നാം നമുക്കു തന്നെ വെളിപ്പെടുത്തുകയാണ്‌. From William Kluback- The Parable, The Paradox, The Question)

 


Sunday, February 16, 2014

വിക്തോർ യൂഗോ - നാളെപ്പുലർച്ചെ പാടങ്ങളിൽ വെളിച്ചം പടരുമ്പോൾ...

hugo


നാളെപ്പുലർച്ചെ പാടങ്ങളിൽ വെളിച്ചം പടരുമ്പോൾ
നീയെന്നെക്കാത്തിരിക്കുമിടത്തേക്കു ഞാൻ യാത്രയാകും.
കാടുകൾ ഞാൻ കടക്കും, കുന്നുകൾ കയറി ഞാൻ പോകും.
ഇനിയും നിന്നിൽ നിന്നകന്നുകഴിയാനെനിക്കാവില്ല.

ഉള്ളിലുള്ളതല്ലാതൊന്നുമെന്റെ കണ്ണുകൾ കാണില്ല,
നടക്കുമ്പോളൊരു ശബ്ദവുമെന്റെ കാതുകൾ കേൾക്കില്ല.
ഏകാകിയായി, അജ്ഞാതനായി, കുനിഞ്ഞും കൈകൾ പിണച്ചും
വിഷാദിച്ചു നടക്കുമ്പോൾ പകലുമെനിക്കു രാത്രിയാകും.

പൊന്നു പോലന്തിയുരുകുന്നതെന്റെ കണ്ണുകൾ കാണില്ല,
അകലെ തുറയടുക്കുന്ന കപ്പല്പായകൾ ഞാൻ കാണില്ല.
അവിടെയെത്തുമ്പോൾ നിന്റെ കുഴിമാടത്തിൽ ഞാനർപ്പിക്കും,
പന്നലിലകളും മണിപ്പൂക്കളും കൊണ്ടൊരു പുഷ്പചക്രം.


Friday, February 14, 2014

യവ്തുഷെങ്കോ - അന്തിമവിശ്വാസം

images


അത്ര വക്രതയാണു നമുക്കെന്നതിനാൽ
മോക്ഷം നമുക്കു പറഞ്ഞിട്ടുള്ളതല്ലെന്നു വരുമോ,
റോക്കറ്റുകൾ ചിറകു വച്ചുയരുന്ന ഒരു കാലത്ത്
ചിറകു മുളയ്ക്കാത്തവയാണു നമ്മുടെ ചിന്തകളെന്നും?

അവസാനത്തെ പുഴയിലേക്കു നോക്കിനില്ക്കുന്ന
വളർച്ച മുരടിച്ച ബിർച്ചുമരം
കുമിളയിടുന്ന തിളവെള്ളത്തിൽ കാണുന്നത്
അവസാനത്തെ മനുഷ്യനെയാണെന്നു വരുമോ?

ബിഗ് ബൻ, സെയിന്റ് ബാസിൽ, നോത്രുദാം
ഇതൊന്നും ശേഷിക്കില്ലെന്നു വരുമോ,
നമ്മുടെ അവസാനത്തെ കാൽവയ്പ്പുകളിൽ
ന്യൂട്രോൺ നുരകളാണു വന്നലയ്ക്കുന്നതെന്നും?

എനിക്കു വിശ്വാസമല്ല പക്ഷേ,
ഈ ഗ്രഹം, ചെറിമരങ്ങൾ, കിളികൾ, കുഞ്ഞുങ്ങൾ,
നശിക്കാനുള്ളവയാണവയെന്ന്.
ഈ അവിശ്വാസമാണെന്റെ അന്തിമവിശ്വാസം.

ഇനി മേൽ ഗോപുരങ്ങൾക്കുള്ളിൽ
തലയോട്ടികൾ കൂമ്പാരം കൂടില്ല.
യുദ്ധത്തിനു ശേഷമല്ല, അതിനു മുമ്പായിരിക്കും
അവസാനത്തെ ന്യൂറംബർഗുണ്ടാവുന്നതും.

ഭൂമിയിലെ അവസാനത്തെ പട്ടാളക്കാരൻ
തോൾവാറു വലിച്ചൊരു ചാലിലേക്കെറിയും,
അതിന്മേൽ തുമ്പികൾ വന്നിരിക്കുന്നത്
ശാന്തനായി കണ്ടുനില്ക്കും.

തെമ്മാടിത്തരങ്ങളെല്ലാം അവസാനിക്കും.
ജനങ്ങളറിയും- നാമൊരേ കുടുംബം.
അവസാനത്തെ ഭരണകൂടം
സ്വയം പിരിച്ചുവിടുകയും ചെയ്യും.

അവസാനത്തെ ചൂഷകൻ
പല്ലില്ലാത്ത വായ തുറന്ന്
അവസാനത്തെ നാണയമെടുത്തു വിഴുങ്ങും,
ആരും കാണാതൊരു നാരങ്ങാമിട്ടായി പോലെ.

അവസാനത്തെ ഭീരുവായ പത്രാധിപരാവട്ടെ,
താൻ നശിപ്പിച്ച സർവതും
സ്റ്റേജിൽ കയറിനിന്നൊന്നായി വായിക്കാൻ
നിത്യശിക്ഷക്കു വിധിക്കപ്പെടും.

അവസാനത്തെ ബ്യൂറോക്രാറ്റിന്റെ തൊള്ളയിൽ
അയാളിനി മിണ്ടരുത്, അനങ്ങരുത് എന്നതിനായി,
അയാൾക്കുള്ള ശമ്പളമായി,
അവസാനത്തെ റബ്ബർ സ്റ്റാമ്പ് കുത്തിത്തിരുകും.

അവസാനനാളുകളെക്കുറിച്ചുള്ള ഭീതിയില്ലാതെ
ഭൂഗോളം പിന്നെയും തിരിയും;
അവസാനത്തെ മഹാകവി എന്നൊരാൾ
ഭാഷയിൽ ജനിക്കുകയുമില്ല.

(1982 )


Thursday, February 13, 2014

മഹമൂദ് ദർവീശ് - എന്തു ശേഷിക്കും?

download


വെണ്മേഘങ്ങളുടെ നേർച്ചയിൽ നിന്നെന്തു ശേഷിക്കും?
-എൽഡർബറിയുടെ  ഒരു പൂവ്
നീലത്തിരയുടെ തൂവാനത്തിൽ നിന്നെന്തു ശേഷിക്കും?
-കാലത്തിന്റെ മൂർച്ഛന
ഒരു ഹരിതചിന്തയുടെ രക്തസ്രാവത്തിൽ നിന്നെന്തു ശേഷിക്കും?
-ദേവതാരത്തിന്റെ ഞരമ്പുകളിലോടുന്ന ജലം
പ്രണയത്തിന്റെ കണ്ണീരിൽ നിന്നെന്തു ശേഷിക്കും?
-വയലറ്റു നിറത്തിലൊരു പാട്
സത്യാന്വേഷണത്തിന്റെ മൺപൊടിയിൽ നിന്നെന്തു ശേഷിക്കും?
-ശ്രദ്ധയുടെ പാത
അജ്ഞാതത്തിലേക്കുള്ള മഹാപ്രസ്ഥാനത്തിൽ നിന്നെന്തു ശേഷിക്കും?
-സഞ്ചാരി കുതിരയുടെ കാതിൽ മൂളിയ ഗാനം
സ്വപ്നമെന്ന മരീചികയിൽ നിന്നെന്തു ശേഷിക്കും?
-വയലിൻ കമ്പികളിൽ ആകാശത്തിന്റെ വിരല്പാടുകൾ
ഉള്ളതില്ലാത്തതിനെ കണ്ടതിൽ നിന്നെന്തു ശേഷിക്കും?
-ദിവ്യമായൊരു രക്ഷാബോധം
അറബിക്കവിയുടെ വചനത്തിൽ നിന്നെന്തു ശേഷിക്കും?
-ഒരു ഗർത്തം...ഒരു പുകവള്ളിയും
നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിന്നെന്തു ശേഷിക്കും?
-എവിടെയെന്നതു മറക്കണമെന്ന അനിവാര്യമായ ഓർമ്മപ്പെടുത്തൽ!


Wednesday, February 12, 2014

മഹമൂദ് ദർവീശ് - ഒന്നുമെനിക്കിഷ്ടമാകുന്നില്ല

OLYMPUS DIGITAL CAMERA



ഒന്നുമെനിക്കിഷ്ടമാകുന്നില്ല
ബസ്സിലെ യാത്രക്കാരൻ പറയുന്നു-
റേഡിയോ പ്രഭാതപത്രങ്ങൾ കുന്നുമ്പുറത്തെ കോട്ടകൾ.
എനിക്കു കരച്ചിൽ വരുന്നു/
ഡ്രൈവർ പറയുന്നു: സ്റ്റോപ്പെത്തുന്നതു വരെ കാക്കൂ,
പിന്നെ ഒറ്റയ്ക്കിരുന്ന് വേണ്ടുന്നത്ര കരഞ്ഞോളൂ/
ഒരു സ്ത്രീ പറയുന്നു: എനിക്കും.
ഒന്നുമെനിക്കിഷ്ടമാകുന്നില്ല.
ഞാൻ എന്റെ മകന്‌ എന്റെ ശവക്കുഴിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു,
അവനതിഷ്ടമായി, അവൻ അവിടെക്കിടന്നുറക്കവുമായി,
എന്നോടു യാത്ര പോലും പറയാതെ/
ഒരു കോളേജു വിദ്യാർത്ഥി പറയുന്നു: എനിക്കും ഒന്നുമിഷ്ടമാകുന്നില്ല.
പുരാവസ്തുശാസ്ത്രമാണു ഞാൻ പഠിച്ചത്,
എന്നിട്ടെന്റെ സ്വത്വം ഒരു ശിലയിലും ഞാൻ കണ്ടില്ല.
ഞാൻ ശരിക്കും ഞാൻ തന്നെയാണോ?/
ഒരു പട്ടാളക്കാരൻ പറയുന്നു: എനിക്കും.
ഒന്നുമെനിക്കിഷ്ടമാകുന്നില്ല.
ഒരിക്കലും എന്നെ വിട്ടുപോകാത്ത ഒരു പ്രേതത്തിന്
എന്നും എനിക്കു കാവലിരിക്കേണ്ടിവരുന്നു/
ഡ്രൈവർ ക്ഷോഭത്തോടെ പറയുന്നു:
ഇതാ നാം അവസാനത്തെ സ്റ്റോപ്പെത്താറായി,
എല്ലാവരും ഇറങ്ങാനൊരുങ്ങിക്കോ.../
അപ്പോൾ എല്ലാവരും വിളിച്ചുകൂവുകയായി:
അതിനുമപ്പുറത്തുള്ളതാണു ഞങ്ങൾക്കു വേണ്ടത്,
വണ്ടി പോകട്ടെ!
ഞാനാണെങ്കിൽ ഇങ്ങനെ പറഞ്ഞു:
ഞാൻ ഇവിടെ ഇറങ്ങിക്കോട്ടെ.
ഞാനും അവരെപ്പോലെ തന്നെയാണ്‌,
ഒന്നുമെനിക്കിഷ്ടമാകുന്നില്ല,
പക്ഷേ യാത്ര ചെയ്തെനിക്കു മതിയായി.


Tuesday, February 11, 2014

വീസ്വാവ ഷിംബോർസ്ക - ഘാതകർ

szymborska (4)

 


ദിവസങ്ങളായി അവർ ആലോചനയിലാണ്‌,
ചാവും വരെ കൊല്ലുന്നതെങ്ങനെയെന്ന്,
എത്ര പേരെക്കൊന്നാൽ അത്രയും പേരാകുമെന്ന്.
ഇതൊഴിച്ചാൽ- അതിരുചിയോടവർ ആഹാരം കഴിക്കുന്നു,
പ്രാർത്ഥിക്കുന്നു, കാലു കഴുകുന്നു, കിളികൾക്കു തീറ്റ കൊടുക്കുന്നു,
കക്ഷം ചൊറിഞ്ഞുകൊണ്ടു ഫോൺ ചെയ്യുന്നു,
വിരലു മുറിയുമ്പോൾ ചോര വാർക്കുകയും ചെയ്യുന്നു.
ഇനി സ്ത്രീകളാണെങ്കിൽ
അവർ നാപ്കിൻ വാങ്ങുന്നു, മസ്കാര വാങ്ങുന്നു,
പൂത്താലത്തിൽ വയ്ക്കാൻ പൂക്കൾ വാങ്ങുന്നു,
പൊയ്പ്പോയ നല്ല നാളുകളെക്കുറിച്ചു തമാശ പറയുന്നു,
ഫ്രിഡ്ജു തുറന്ന് നാരങ്ങാവെള്ളമെടുത്തു കുടിക്കുന്നു,
രാത്രിയിൽ ചന്ദ്രനെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നു,
മൃദുസംഗീതവുമായി കാതിൽ ഇയർഫോൺ തിരുകുന്നു
പിന്നെ പുലരും വരെ സുഖനിദ്രയിൽ മുഴുകുന്നു
-എന്നു പറഞ്ഞാൽ
അവരുടെ ആലോചനയിലുള്ള കാര്യം

രാത്രിയിൽത്തന്നെ നടപ്പാക്കേണ്ടതില്ലെങ്കിൽ.


Monday, February 10, 2014

ഘനി കാശ്മീരിയുടെ കവിതകൾ

images


1
എന്നെ മുക്കിത്താഴ്ത്തുവാൻ വിധേ,
കാറ്റായി കടലിളക്കിമറിക്കേണ്ട:
ഒരു മീൻചിറകാണെന്റെ തോണിക്കു പായ-
അതു നിനക്കറിയുന്നതല്ലേ!

2
ആത്മാവുടലിന്റെ തടവിലായിരുന്നപ്പോൾ
എന്റെ കവിതയ്ക്കു പേരു കിട്ടിയിരുന്നതേയില്ല:
കസ്തൂരിഗന്ധം വായുവിൽ പരക്കാൻ
കസ്തൂരിമാനിനു ജീവൻ കൊടുക്കേണ്ടിവന്നു!

3
എന്നെച്ചോദിച്ചാരുമെത്തിയില്ല,
എന്നെക്കളിയാക്കാൻ വന്ന
എന്റെ ചിരിയുടെ മാറ്റൊലിയല്ലാതെ.

4
അന്യരുടെ പൂന്തോപ്പുകളിൽ
അസൂയയോടെ ഞാൻ നോക്കില്ല:
എന്റെ അഭിലാഷങ്ങൾ പുഷ്പിക്കുന്ന-
തെന്റെ തന്നെ കളിമണ്ണിൽ.

5
നിന്റെയൊരു വിവരണം കൊണ്ടു തന്നെ
ആഖ്യാനങ്ങൾക്കെല്ലാമന്ത്യമായി;
നിന്റെയനർഘനാമത്താൽ
എന്റെ ചുണ്ടുകൾ മുദ്രിതവുമായി.

6
എന്റെ രോഗമെന്തെന്നു
വൈദ്യനറിയാതെപോയി:
എന്റെ നാവു മൂകമായിരുന്നു,
നാഡി അതിലേറെയും.

7
അലയുന്ന മനസ്സിനെ തടുക്കാൻ
ഉള്ളഴിഞ്ഞ പ്രാർത്ഥന മതി:
തൊഴുന്ന കൈകൾ മതി,
പല താഴുകളും തുറക്കാൻ.

8

മെഴുകുതിരിക്കെന്നപോലെ ഘനീ,
മൌനം നമുക്കു മരണമത്രേ:
ജീവനുള്ളവരാണു നാമെന്ന്
നാവിലൂടല്ലാതെങ്ങനെ നാം തെളിയിക്കും?

9
എന്നെപ്പോലാരുമറിയുന്നില്ല,
നഗ്നതയുടെ കടലാഴം:
കുമിളയെപ്പോലൊന്നുതന്നെ
എന്റെയുടലുമുടയാടയും.

10
കിഴവന്മാരുടെ മുതുകുകൾ
കുനിഞ്ഞിരിക്കുന്നതെന്താവാം?
അവർ മണ്ണിൽ തേടുകയാണോ,
നഷപ്പെട്ട യൌവനം?

11
ഇന്നലെ മരിച്ചവന്റെ കുഴിമാടം
ഇന്നെനിക്കു വെളിവു തന്നു;
എന്നെ തട്ടിയുണർത്തിയത്
ഉറങ്ങാൻ പോയവന്റെ കാലടികൾ.

12
സ്വന്തം ലാഘവത്തിൽ ഘനീ,
ആരോടു ഞാനെന്നെയുപമിക്കാൻ?
എന്റെതന്നെ നിഴലല്ലാതെ
ഒരു മുഴക്കോലും കാണുന്നില്ല.

13
സ്വന്തമുപജീവനത്തിനായി
ഇരിക്കുമിടം വിട്ടിറങ്ങാറില്ല കവി:
നാവിനു വേണ്ടതൊക്കെ
വായ്ക്കുള്ളിൽത്തന്നെ കിട്ടുന്നില്ലേ!

14
തല നരച്ചുവെളുക്കുമ്പോൾ
മരണത്തിന്റെ ഭാരം കുറയുന്നു:
പുലർച്ചെക്കണ്ട സ്വപ്നത്തിനുണ്ട്,
അതിന്റേതായൊരാനന്ദം.

15
എത്ര തണുത്തുപോയിരിക്കുന്നു,
മനുഷ്യരുടെ ഹൃദയങ്ങൾ:
എരിയുന്ന സൂര്യനല്ലാതെ
ഒരൂഷ്മളമുഖവും ഞാൻ കാണുന്നില്ല.

16
ഒറ്റയാകാൻ
അത്രയ്ക്കാശയാണു നിങ്ങൾക്കെങ്കിൽ
ഒറ്റ മരം മതി
നിങ്ങൾക്കൊരു വീടു പണിയാൻ.

17
വസന്തകാലത്തു ഘനീ,
നിറങ്ങളനവധിയാണുദ്യാനത്തിൽ;
തോട്ടക്കാരന്റെ ചൂലോ,
ചിത്രകാരന്റെ ബ്രഷു പോലെ!

18
അനേകമർത്ഥങ്ങൾ
കടലിലടങ്ങുന്നുവെങ്കിലും
എന്റേതൊരു മുത്ത്,
അവരുടേതു കുമിളയും!

19
ജീവിച്ചിരിക്കെ അറിയില്ല,
ആരുമറിയില്ല ഘനീ,
കുഴിമാടത്തിൽ ഹൃദയത്തെ
കാത്തിരിക്കുന്ന സാന്ത്വനം

20
അദ്വൈതം നൂറ്റു
മൻസൂർ നൂലെടുത്ത നാൾ
ജപമാലയും പൂണൂലും
ഒന്നു തന്നെയായി.

21
യുക്തിയുടെ പിടി വിടുമ്പോൾ
ആത്മാവു രാക്ഷസനുമാകുന്നു;
മോശയുടെ കൈ വിട്ടപ്പോഴല്ലേ,
വടി സർപ്പമായതും?

22
ഒരു പിച്ചച്ചട്ടി പോലും
ദാരിദ്ര്യമെനിക്കു ബാക്കിവച്ചില്ല;
അതുമെടുത്തു നടക്കേണ്ടല്ലോ
എന്നതെനിക്കാശ്വാസവുമായി!

23
ശോകത്തിന്റെ രാത്രികൾ പരിചയമായവൻ,
ശലഭം ശാന്തി കണ്ടെത്തുന്നു,
വിളക്കിന്റെ കാൽച്ചുവട്ടിൽ.

24
ഒന്നുമില്ലെന്നാവുമ്പോൾ
മനുഷ്യൻ തേടിയിറങ്ങുന്നു;
ഇരിപ്പിടം വിട്ടിറങ്ങാതെ
തിരികല്ലല്ലാതൊന്നുമില്ല.

25
കുഴിമാടത്തിനുള്ളിൽ നിന്നും
ഒരു വിളി കേട്ടുകൊണ്ടേയിരിക്കുന്നു:
വരൂ, മണ്ണിന്റെ കണ്ണിന്‌
തന്നെക്കാണാൻ കൊതിയായി!

26
ജീവിതം കഴിഞ്ഞുപോയി,
നരകൾ ചിലതു ബാക്കിയായി:
വർത്തകസംഘത്തിന്റെ കഥ പറയാൻ
അടുപ്പു കൂട്ടിയ ചാരം മാത്രം.

27
എത്ര കാലമാണൊരാൾ
ഒരിടത്തു തന്നെയിരിക്കുക?
ഘടികാരത്തിലെ മണൽത്തരി പോലെ
തന്നിൽത്തന്നെ സഞ്ചരിക്കുക?

28
സൃഷ്ടിയുടെ തോപ്പിൽ നിന്നും
നമുക്കു കിട്ടിയതു ശോകത്തിന്റെ ഫലം മാത്രം;
നാം നട്ട തൈമരം
വളർന്നതു വിലാപവൃക്ഷമായി.

29
ജീവിതത്തിൽ സമാധാനം-
അതറിയാനുള്ള ഭാഗ്യമെനിക്കുണ്ടായില്ല;
ശവപ്പറമ്പിലൊരു കോണിനായി
ജീവിതമാണു ഞാൻ കൊടുത്ത വില.

30
മെഴുകുതിരിയെപ്പോലെന്റെ യാത്രാലക്ഷ്യം
എന്റെ ചുവട്ടടിയിലായിരുന്നു;
ഞാനിരുന്നു,
എന്റെ യാത്രയും തീർന്നു.


മുഹമ്മദ് താഹിർ ഘനി(മ.1669)- കാശ്മീരിലെ ഏറ്റവും മഹാനായ പേഴ്സ്യൻ കവി.


Saturday, February 8, 2014

മഹമൂദ് ദർവീശ് - കാമസൂത്രത്തിൽ നിന്നൊരു പാഠം

Mujer caminando. 2
 

ഇന്ദ്രനീലം പതിച്ച ചഷകവുമായി
അവളെക്കാത്തുനില്ക്കുക,
സായാഹ്നത്തിൽ, തടാകക്കരയിൽ, പനിനീർപ്പൂക്കളുടെ പരിമളത്തിനിടയിൽ
അവളെക്കാത്തുനില്ക്കുക,
മലയിറങ്ങാൻ പരിശീലിച്ച കുതിരയുടെ ക്ഷമയുമായി
അവളെക്കാത്തുനില്ക്കുക,
ഒരു രാജാവിന്റെ ഉന്നതരുചികളുമായി
അവളെക്കാത്തുനില്ക്കുക,
വെണ്മേഘങ്ങൾ നിറച്ച ഏഴു തലയിണകളുമായി
അവളെക്കാത്തുനില്ക്കുക,
സ്ത്രൈണസുഗന്ധമെരിയുന്ന ധൂപപാത്രവുമായി
അവളെക്കാത്തുനില്ക്കുക,
കുതിരപ്പുറങ്ങളിൽ പൌരുഷത്തിന്റെ ചന്ദനഗന്ധവുമായി
അവളെക്കാത്തുനില്ക്കുക,
അവൾ വരാൻ വൈകിയെന്നാൽക്കൂടി
അവളെക്കാത്തുനില്ക്കുക,
അവൾ നേരത്തെയെത്തിയെന്നാൽക്കൂടി
അവളെക്കാത്തുനില്ക്കുക,
അവളുടെ മുടിപ്പിന്നലിൽ നിന്നു കിളികളെ വിരട്ടിയോടിക്കാതെ
അവളെക്കാത്തുനില്ക്കുക,
ഉദ്യാനത്തിൽ തന്റെ സൌന്ദര്യത്തിന്റെ സിംഹാസനത്തിൽ
അവൾ സ്വസ്ഥം വന്നിരിക്കും വരെ
അവളെക്കാത്തുനില്ക്കുക,
ഈ വിചിത്രഗന്ധമവൾ നെഞ്ചിലേറ്റും വരെ
അവളെക്കാത്തുനില്ക്കുക,
മേഘപാളികൾ പോലവൾ തന്റെ കാൽവണ്ണയിൽ നി-
ന്നുടയാടകളൊന്നൊന്നായുയർത്തുന്നതിനായി
അവളെക്കാത്തുനില്ക്കുക,
പാല്പതയിൽ ചന്ദ്രൻ മുങ്ങിത്താഴുന്നതു കണ്ടുനില്ക്കാനായി
മട്ടുപ്പാവിലേക്കവളെക്കൊണ്ടുപോവുക,
അവളെക്കാത്തുനില്ക്കുക,
വീഞ്ഞിനും മുമ്പേ അവൾക്കു ജലം നല്കുക,
അവളുടെ മാറത്തു മയങ്ങുന്ന രണ്ടു തിത്തിരിപ്പക്ഷികളിൽ കണ്ണുപോകാതെ
അവളെക്കാത്തുനില്ക്കുക,
വെണ്ണക്കൽത്തളിമത്തിലവൾ തന്റെ ചഷകം വയ്ക്കുമ്പോൾ
മഞ്ഞുതുള്ളി നിറയ്ക്കാനെന്ന വ്യാജേന
അവളുടെ കൈയിൽ പതിയെ സ്പർശിക്കുക,
അവളെക്കാത്തുനില്ക്കുക,
കാതരമായൊരു വയലിൻതന്ത്രിയോടു പുല്ലാങ്കുഴലെന്ന പോലെ
അവളോടു മിണ്ടുക,
നാളെയെന്താണുണ്ടാവുകയെന്നറിവുള്ളവരാണിരുവരുമെന്നപോലെ
അവളെക്കാത്തുനില്ക്കുക,
വലയം വലയമായി അവളുടെ രാത്രി വിളക്കിയെടുക്കുക,
രാത്രി നിങ്ങളോടു പറയട്ടെ:
ഈ പ്രപഞ്ചത്തിൽ ശേഷിച്ചവർ നിങ്ങളിരുപേർ മാത്രം,
നീ ആഗ്രഹിച്ച മരണത്തിലേക്കവളെക്കൊണ്ടുപോവുക,
അവളെക്കാത്തുനില്ക്കുക!…


Saturday, February 1, 2014

മഹമൂദ് ദർവീശ് - മർമ്മരം

mahmoud-darwish


മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.