ഒരാഴ്ചയായി ഞാനോർത്തോർത്തിരിക്കുന്നു,
എന്റമ്മയെത്തന്നെ ഞാൻ ചിന്തിച്ചിരിക്കുന്നു-
തോരയിടാനൊക്കത്തു തുണിക്കെട്ടും പേറി
മച്ചിന്റെ കോണി കേറിയന്നമ്മ പോയിരുന്നു.
ഞാനന്നു ഞാൻ മാത്രം നിറഞ്ഞവനായിരുന്നു,
കരഞ്ഞും തൊഴിച്ചുമന്നു ഞാൻ ലഹള കൂട്ടിയിരുന്നു-
തോരയിടുന്ന തുണികൾക്കൊരമ്മ വേണ്ട,
അമ്മ എന്നെ എടുക്കൂ, മച്ചിലേക്കെന്നെക്കൊണ്ടുപോകൂ.
അമ്മയെന്നെ നോക്കിയില്ല, ഒന്നും മിണ്ടിയില്ല,
അതിനൊന്നുമവർക്കു നേരവുമുണ്ടായില്ല;
അയക്കോലിൽ തുണികളൊന്നൊന്നായി നിരന്നു,
വെളുത്തും വൃത്തിയായും കാറ്റത്തവ പാറുകയായി.
കരയരുതായിരുന്നെന്നോർക്കുമ്പോളിന്നു വൈകുന്നു;
എന്തൊരതികായയായിരുന്നു എന്റെ അമ്മ!
അവരുടെ നരച്ച മുടിയിഴകളാകാശത്തു പാറുന്നു,
അവർ മുക്കിയ നീലത്തിലാകാശം തെളിയുന്നു.
(1925 )
യോസെഫ് അത്തില്ല (1905-1937)- ഹംഗേറിയൻ കവി. തൊഴിലാളിവർഗ്ഗകുടുംബത്തിൽ ജനിച്ചു. മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയി. ദുരിതം നിറഞ്ഞ കുട്ടിക്കാലം. അനാഥാലയങ്ങളുടെയും ബന്ധുക്കളുടെയും സംരക്ഷണയിലായിൂന്നു കുറച്ചുകാലം. അവരുടെ പീഡനം സഹിക്കാതെ അമ്മയുടെ അടുത്തേക്കു തന്നെ തിരിച്ചുപോയി. പതിനാലാമത്തെ വയസ്സിൽ അമ്മ മരിച്ചു. പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസം. അദ്ധ്യാപകനാകാനുള്ള ആഗ്രഹം പ്രകോപനപരമായ കവിത എഴുതി എന്ന ആരോപണത്താൽ നടന്നില്ല. പിന്നീടുള്ള ജീവിതം എഴുതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. ഈ കാലത്ത് സ്കിസോഫ്രേനിയായുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന് റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയായിട്ടില്ല.
No comments:
Post a Comment