Monday, February 10, 2014

ഘനി കാശ്മീരിയുടെ കവിതകൾ

images


1
എന്നെ മുക്കിത്താഴ്ത്തുവാൻ വിധേ,
കാറ്റായി കടലിളക്കിമറിക്കേണ്ട:
ഒരു മീൻചിറകാണെന്റെ തോണിക്കു പായ-
അതു നിനക്കറിയുന്നതല്ലേ!

2
ആത്മാവുടലിന്റെ തടവിലായിരുന്നപ്പോൾ
എന്റെ കവിതയ്ക്കു പേരു കിട്ടിയിരുന്നതേയില്ല:
കസ്തൂരിഗന്ധം വായുവിൽ പരക്കാൻ
കസ്തൂരിമാനിനു ജീവൻ കൊടുക്കേണ്ടിവന്നു!

3
എന്നെച്ചോദിച്ചാരുമെത്തിയില്ല,
എന്നെക്കളിയാക്കാൻ വന്ന
എന്റെ ചിരിയുടെ മാറ്റൊലിയല്ലാതെ.

4
അന്യരുടെ പൂന്തോപ്പുകളിൽ
അസൂയയോടെ ഞാൻ നോക്കില്ല:
എന്റെ അഭിലാഷങ്ങൾ പുഷ്പിക്കുന്ന-
തെന്റെ തന്നെ കളിമണ്ണിൽ.

5
നിന്റെയൊരു വിവരണം കൊണ്ടു തന്നെ
ആഖ്യാനങ്ങൾക്കെല്ലാമന്ത്യമായി;
നിന്റെയനർഘനാമത്താൽ
എന്റെ ചുണ്ടുകൾ മുദ്രിതവുമായി.

6
എന്റെ രോഗമെന്തെന്നു
വൈദ്യനറിയാതെപോയി:
എന്റെ നാവു മൂകമായിരുന്നു,
നാഡി അതിലേറെയും.

7
അലയുന്ന മനസ്സിനെ തടുക്കാൻ
ഉള്ളഴിഞ്ഞ പ്രാർത്ഥന മതി:
തൊഴുന്ന കൈകൾ മതി,
പല താഴുകളും തുറക്കാൻ.

8

മെഴുകുതിരിക്കെന്നപോലെ ഘനീ,
മൌനം നമുക്കു മരണമത്രേ:
ജീവനുള്ളവരാണു നാമെന്ന്
നാവിലൂടല്ലാതെങ്ങനെ നാം തെളിയിക്കും?

9
എന്നെപ്പോലാരുമറിയുന്നില്ല,
നഗ്നതയുടെ കടലാഴം:
കുമിളയെപ്പോലൊന്നുതന്നെ
എന്റെയുടലുമുടയാടയും.

10
കിഴവന്മാരുടെ മുതുകുകൾ
കുനിഞ്ഞിരിക്കുന്നതെന്താവാം?
അവർ മണ്ണിൽ തേടുകയാണോ,
നഷപ്പെട്ട യൌവനം?

11
ഇന്നലെ മരിച്ചവന്റെ കുഴിമാടം
ഇന്നെനിക്കു വെളിവു തന്നു;
എന്നെ തട്ടിയുണർത്തിയത്
ഉറങ്ങാൻ പോയവന്റെ കാലടികൾ.

12
സ്വന്തം ലാഘവത്തിൽ ഘനീ,
ആരോടു ഞാനെന്നെയുപമിക്കാൻ?
എന്റെതന്നെ നിഴലല്ലാതെ
ഒരു മുഴക്കോലും കാണുന്നില്ല.

13
സ്വന്തമുപജീവനത്തിനായി
ഇരിക്കുമിടം വിട്ടിറങ്ങാറില്ല കവി:
നാവിനു വേണ്ടതൊക്കെ
വായ്ക്കുള്ളിൽത്തന്നെ കിട്ടുന്നില്ലേ!

14
തല നരച്ചുവെളുക്കുമ്പോൾ
മരണത്തിന്റെ ഭാരം കുറയുന്നു:
പുലർച്ചെക്കണ്ട സ്വപ്നത്തിനുണ്ട്,
അതിന്റേതായൊരാനന്ദം.

15
എത്ര തണുത്തുപോയിരിക്കുന്നു,
മനുഷ്യരുടെ ഹൃദയങ്ങൾ:
എരിയുന്ന സൂര്യനല്ലാതെ
ഒരൂഷ്മളമുഖവും ഞാൻ കാണുന്നില്ല.

16
ഒറ്റയാകാൻ
അത്രയ്ക്കാശയാണു നിങ്ങൾക്കെങ്കിൽ
ഒറ്റ മരം മതി
നിങ്ങൾക്കൊരു വീടു പണിയാൻ.

17
വസന്തകാലത്തു ഘനീ,
നിറങ്ങളനവധിയാണുദ്യാനത്തിൽ;
തോട്ടക്കാരന്റെ ചൂലോ,
ചിത്രകാരന്റെ ബ്രഷു പോലെ!

18
അനേകമർത്ഥങ്ങൾ
കടലിലടങ്ങുന്നുവെങ്കിലും
എന്റേതൊരു മുത്ത്,
അവരുടേതു കുമിളയും!

19
ജീവിച്ചിരിക്കെ അറിയില്ല,
ആരുമറിയില്ല ഘനീ,
കുഴിമാടത്തിൽ ഹൃദയത്തെ
കാത്തിരിക്കുന്ന സാന്ത്വനം

20
അദ്വൈതം നൂറ്റു
മൻസൂർ നൂലെടുത്ത നാൾ
ജപമാലയും പൂണൂലും
ഒന്നു തന്നെയായി.

21
യുക്തിയുടെ പിടി വിടുമ്പോൾ
ആത്മാവു രാക്ഷസനുമാകുന്നു;
മോശയുടെ കൈ വിട്ടപ്പോഴല്ലേ,
വടി സർപ്പമായതും?

22
ഒരു പിച്ചച്ചട്ടി പോലും
ദാരിദ്ര്യമെനിക്കു ബാക്കിവച്ചില്ല;
അതുമെടുത്തു നടക്കേണ്ടല്ലോ
എന്നതെനിക്കാശ്വാസവുമായി!

23
ശോകത്തിന്റെ രാത്രികൾ പരിചയമായവൻ,
ശലഭം ശാന്തി കണ്ടെത്തുന്നു,
വിളക്കിന്റെ കാൽച്ചുവട്ടിൽ.

24
ഒന്നുമില്ലെന്നാവുമ്പോൾ
മനുഷ്യൻ തേടിയിറങ്ങുന്നു;
ഇരിപ്പിടം വിട്ടിറങ്ങാതെ
തിരികല്ലല്ലാതൊന്നുമില്ല.

25
കുഴിമാടത്തിനുള്ളിൽ നിന്നും
ഒരു വിളി കേട്ടുകൊണ്ടേയിരിക്കുന്നു:
വരൂ, മണ്ണിന്റെ കണ്ണിന്‌
തന്നെക്കാണാൻ കൊതിയായി!

26
ജീവിതം കഴിഞ്ഞുപോയി,
നരകൾ ചിലതു ബാക്കിയായി:
വർത്തകസംഘത്തിന്റെ കഥ പറയാൻ
അടുപ്പു കൂട്ടിയ ചാരം മാത്രം.

27
എത്ര കാലമാണൊരാൾ
ഒരിടത്തു തന്നെയിരിക്കുക?
ഘടികാരത്തിലെ മണൽത്തരി പോലെ
തന്നിൽത്തന്നെ സഞ്ചരിക്കുക?

28
സൃഷ്ടിയുടെ തോപ്പിൽ നിന്നും
നമുക്കു കിട്ടിയതു ശോകത്തിന്റെ ഫലം മാത്രം;
നാം നട്ട തൈമരം
വളർന്നതു വിലാപവൃക്ഷമായി.

29
ജീവിതത്തിൽ സമാധാനം-
അതറിയാനുള്ള ഭാഗ്യമെനിക്കുണ്ടായില്ല;
ശവപ്പറമ്പിലൊരു കോണിനായി
ജീവിതമാണു ഞാൻ കൊടുത്ത വില.

30
മെഴുകുതിരിയെപ്പോലെന്റെ യാത്രാലക്ഷ്യം
എന്റെ ചുവട്ടടിയിലായിരുന്നു;
ഞാനിരുന്നു,
എന്റെ യാത്രയും തീർന്നു.


മുഹമ്മദ് താഹിർ ഘനി(മ.1669)- കാശ്മീരിലെ ഏറ്റവും മഹാനായ പേഴ്സ്യൻ കവി.


No comments: