Thursday, February 27, 2014

കാഫ്ക - ലക്ഷ്യം

1309730401_910215_0000000005_album_normal


കുതിരയെ ലായത്തിൽ നിന്നിറക്കിക്കൊണ്ടു വരാൻ ഞാൻ ആജ്ഞാപിച്ചു. വേലക്കാരന്‌ ഞാൻ പറഞ്ഞതു മനസ്സിലായില്ല. ഒടുവിൽ ഞാൻ തന്നെ ലായത്തിൽ പോയി കുതിരയെ ജീനിയണിച്ച് അതിന്റെ പുറത്തു കയറി. അകലെ ഒരു ബ്യൂഗിൾ വിളി ഞാൻ കേട്ടു. അതെന്താണെന്ന് ഞാൻ അവനോടു ചോദിച്ചു. അവനു യാതൊന്നും അറിയില്ലായിരുന്നു, അവൻ യാതൊന്നും കേട്ടിരുന്നുമില്ല. കവാടത്തിൽ വച്ച് അവൻ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു: “യജമാനൻ എങ്ങോട്ടു പോകുന്നു?” “എനിക്കറിയില്ല,” ഞാൻ പറഞ്ഞു, “ഇവിടെ നിന്നൊന്നകലെപ്പോവുക. ഇവിടെനിന്നകലെപ്പോവുക. ഇവിടെ നിന്നകലെയ്ക്കകലെയ്ക്കു പോവുക, അങ്ങനെയേ എനിക്കെന്റെ ലക്ഷ്യമെത്താൻ കഴിയൂ.” “അപ്പോൾ അങ്ങെയ്ക്കൊരു ലക്ഷ്യമുണ്ട്?” അവൻ ചോദിച്ചു. “അതെ,” ഞാൻ പറഞ്ഞു, “ അതു ഞാനിപ്പോൾ നിന്നോടു പറഞ്ഞതല്ലേയുള്ളു? ഇവിടെ നിന്നകലെ- അതാണെന്റെ ലക്ഷ്യം.” “അങ്ങു യാത്രയ്ക്കു വേണ്ടതൊന്നും കരുതീട്ടില്ലല്ലോ,” അവൻ പറഞ്ഞു. “എനിക്കൊന്നും ആവശ്യമില്ല,” ഞാൻ പറഞ്ഞു, “അത്ര ദീർഘമാണു യാത്ര എന്നതിനാൽ വഴിയിൽ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ വിശന്നു മരിക്കട്ടെ. ഒരു കരുതലും എന്നെ രക്ഷിക്കില്ല. എന്തെന്നാൽ, ഭാഗ്യത്തിന്‌, ശരിക്കും പരിധിയറ്റൊരു യാത്രയാണത്.”
(1922)


(യജമാനന്‌ തന്റെ ലക്ഷ്യമറിയാം; ആ ലക്ഷ്യം പക്ഷേ, വേലക്കാരനു മനസ്സിലാകുന്നതല്ല. ഒരു സാധാരണക്കാരനു ലഭ്യമല്ലാത്ത ഒരു വീക്ഷണം ആവശ്യപ്പെടുന്ന ലക്ഷ്യമാണത്. യജമാനനും പക്ഷേ, കാര്യമായ വിവരമില്ലാത്ത ഒരു നിയോഗവുമാണത്. ഇവിടെ നിന്നകലെ- ആ കല്പനയാണ്‌ അയാളെ സംബന്ധിച്ചിടത്തോളം തന്റെ നിയോഗം. ചോദ്യങ്ങൾ ഉയരുന്നുവെങ്കിലും വേലക്കാരന്‌ തന്റെ യജമാനനോട് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല; ഒരാൾ പറയുന്നത് മറ്റൊരാൾക്കു പിടി കിട്ടാത്ത രീതിയിൽ അത്ര മൌലികമായ ഒരു വിച്ഛേദം അവർക്കിടയിലുണ്ട്. യാത്രക്കിടയിൽ എന്തു കഴിക്കും എന്നതാണ്‌ വേലക്കാരന്റെ ഉത്ക്കണ്ഠയെങ്കിൽ, നമ്മുടെ ഭൌതികാവശ്യങ്ങൾക്ക് ഒരു സ്ഥാനവുമില്ലാത്ത ഒരു അതിഭൌതികയാത്രയെക്കുറിച്ചാണ്‌ യജമാനൻ സംസാരിക്കുന്നത്. അയാൾ തന്റെ യജമാനനിൽ നിന്നു വേർപെട്ടു പോയിരിക്കുന്നു. അവർ അന്യോന്യം സംസാരിക്കുന്നുണ്ടെങ്കിലും അവർ സംസാരിക്കുന്നത് വിഭിന്നദിശകളിലേക്കാണ്‌, തമ്മിൽ ബന്ധമില്ലാത്ത യാഥാർത്ഥ്യങ്ങളിലേക്കാണ്‌. ഇത് അസംബന്ധമായി നമുക്കു തോന്നുന്നു. പരസ്പരം നോക്കിനില്ക്കുന്ന രണ്ടു യാഥാർത്ഥ്യങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടെങ്കിലും പരസ്പരം മൂകരാണ്‌. മനുഷ്യർ പരസ്പരം ചോദ്യം ചോദിക്കുന്നുവെങ്കിലും ഒരു പൊതുബോധത്തിന്റെ അഭാവത്തിൽ വാക്കുകൾ അവരെ ഒഴിഞ്ഞു പോവുകയാണ്‌. ഇതിനെ അസംബന്ധമെന്നു പറയുമ്പോൾ എത്ര ആഴത്തിലാണ്‌ മനുഷ്യൻ മനുഷ്യനിൽ നിന്നകന്നുപോയിരിക്കുന്നതെന്ന് നാം നമുക്കു തന്നെ വെളിപ്പെടുത്തുകയാണ്‌. From William Kluback- The Parable, The Paradox, The Question)

 


No comments: