Saturday, February 28, 2015

പ്രണയലേഖനങ്ങൾ(24)- ബൽസാക്ക്

balzac2


ഹാ! സുന്ദരസ്വപ്നങ്ങൾ സ്വപ്നം കണ്ടും ആലസ്യത്തോടെ, ഹർഷോന്മാദത്തോടെ എന്റെ ചിന്തകൾ നിന്നോടു പറഞ്ഞും ചിലപ്പോൾ ഒന്നും തന്നെ മിണ്ടാതെ നിന്റെ ഗൌണിൽ ചുണ്ടു ചേർത്തും ഒരു ദിവസത്തിൽ പാതിയും നിന്റെ മടിയിൽ തല വയ്ചു നിന്റെ കാല്ക്കലിരിക്കാൻ എത്രയിഷ്ടമാണെനിക്കെന്നോ!...എനിക്കെത്രയും പ്രിയപ്പെട്ട ഈവാ, എന്റെ പകലുകളുടെ പകലേ, രാവുകളുടെ രാവേ, എന്റെ പ്രത്യാശയുടെ രൂപമേ, ഞാനാരാധിക്കുന്നവളേ, എന്റെ പ്രണയസർവസ്വമേ, എനിക്കേകപ്രീതിഭാജനമേ, എന്നാണെനിക്കു നിന്നെ കാണാനാവുക? അതൊരു വ്യാമോഹമാവുമോ? നിന്നെ ഞാൻ കണ്ടിട്ടുണ്ടോ? ദൈവങ്ങളേ! എനിക്കെത്ര ഇഷ്ടമാണെന്നോ നിന്റെ ഉച്ചാരണം; കാരുണ്യത്തിന്റെ ആസക്തിയുടെയും ഇരിപ്പിടമായ നിന്റെ ചുണ്ടുകൾ- അതൊന്നു പറയാൻ എന്നെ അനുവദിക്കൂ, എന്റെ പ്രണയദേവതേ! ഡിസംബറിൽ രണ്ടാഴ്ച നിന്നെ വന്നു കാണാനായി രാത്രിയും പകലും പണിയെടുക്കുകയാണു ഞാൻ. മഞ്ഞു മൂടിയ ജൂറ ഞാൻ കടന്നുപോകും; എന്റെ മനസ്സിൽ പക്ഷേ, എനിക്കിഷ്ടപ്പെട്ടവളുടെ മഞ്ഞു പോലെ വെളുത്ത ചുമലുകളായിരിക്കും. ഹാ! നിന്റെ മുടിയുടെ ഗന്ധം ശ്വസിക്കുക, നിന്റെ കൈ കവരുക, കൈക്കൂട്ടിൽ നിന്നെയൊതുക്കുക- ഇതിൽ നിന്നൊക്കെയാണ്‌ ഞാൻ ധൈര്യം സംഭരിക്കുന്നത്! ഈ സമയത്തു ഞാൻ കാണിക്കുന്ന കിരാതമെന്നു പറയാവുന്ന ഇച്ഛാശക്തി കണ്ട് എന്റെ ചില കൂട്ടുകാർ നാവിറങ്ങിയപോലെ നില്ക്കാറുണ്ട്. ഹാ! അവർക്കെന്റെ പ്രിയപ്പെട്ടവളെ അറിയില്ല, മനസ്സിൽ കാണുമ്പോൾത്തന്നെ ശോകത്തിന്റെ വിഷമുള്ളെടുത്തു കളയുന്നവളെ. ഒരു ചുംബനം, ഭൂമിയിലെ മാലാഖേ, നുണഞ്ഞിറക്കാൻ ഒരു ചുംബനം, പിന്നെ ശുഭരാത്രിയും!


ബൽസാക്ക്(1799-1850)- ഇരുപതു കൊല്ലം കൊണ്ടെഴുതിയ ‘ഹ്യൂമൻ കോമഡി’ എന്ന റിയലിസ്റ്റ് മാസ്റ്റർപീസിലൂടെ ലോകത്തെ ഏറ്റവും മഹാന്മാരായ നോവലിസ്റ്റുകളിൽ ഒരാളായി മാറിയ ഫ്രഞ്ചു സാഹിത്യകാരൻ . 1833ൽ അദ്ദേഹം കൌണ്ടസ് എവെലിന ഹൻസ്കയുമായി കത്തുകളിലൂടെ പരിചയപ്പെട്ടു; തന്നെക്കാൾ ഇരുപതു വയസ്സ് പ്രായം കൂടിയ ഒരു പോളിഷ് ജന്മിയുടെ ഭാര്യയായിരുന്നു അവർ. അവർ തമ്മിലുള്ള കത്തിടപാട് പതിനേഴു കൊല്ലം നീണ്ടുനിന്നു. 1841ൽ എവെലിനയുടെ ഭർത്താവ് മരിച്ചതില്പിന്നെ അവർ യൂറോപ്പു മുഴുവൻ യാത്രയിലായിരുന്നു. ഒടുവിൽ 1850 മാർച്ച് 15ന്‌ അവർ വിവാഹിതരായി; അതേ വർഷം ആഗസ്റ്റ് 19ന്‌ ബൽസാക്ക് മരിക്കുകയും ചെയ്തു.


Thursday, February 26, 2015

പ്രണയലേഖനങ്ങൾ(23)- റോസാ ലക്സംബർഗ്


Rosa Luxemberg

1899 മാർച്ച് 6

നീ അയച്ച കത്തിനും സമ്മാനത്തിനും (അതിനിയും എനിക്കു കൈയിൽ കിട്ടിയിട്ടില്ലെങ്കിലും) ഒരായിരം വട്ടം ഞാൻ നിന്നെ ചുംബിക്കട്ടെ...നീ നോക്കിയെടുത്ത സമ്മാനം എന്നെ എത്ര സന്തോഷിപ്പിച്ചുവെന്നു നിനക്കു സങ്കല്പിക്കാനാവില്ല. അതെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട സാമ്പത്തികശാസ്ത്രജ്ഞനാണ്‌ റോഡ്ബെർട്ടസ്; ബുദ്ധിപരമായ ആനന്ദത്തിനായി എത്ര തവണ വേണമെങ്കിലും എനിക്കദ്ദേഹത്തെ വായിക്കാം. പ്രിയപ്പെട്ടവനേ, നിന്റെ കത്ത് എത്രയെന്നെ ആഹ്ളാദിപ്പിച്ചുവെന്നോ. തുടക്കം മുതൽ ഒടുക്കം വരെ ഒരാറു തവണ ഇതിനകം ഞാനതു വായിച്ചിരിക്കുന്നു. അപ്പോൾ, നീ എന്നിൽ പ്രീതനായിരിക്കുന്നുവല്ലേ. എനിക്കവകാശപ്പെട്ട ഒരു പുരുഷൻ എവിടെയോ ഉണ്ടെന്ന് എനിക്കു മാത്രമറിയാമെന്ന് നീ എഴുതുന്നു! നിന്നെ വിചാരിച്ചു കൊണ്ടാണ്‌ എന്തും ഞാൻ ചെയ്യുന്നതെന്ന് നിനക്കറിയില്ലേ: ഒരു ലേഖനമെഴുതുമ്പോൾ എന്റെ ഒന്നാമത്തെ ചിന്ത നിനക്കതു സന്തോഷത്തിനു കാരണമാകുമോ എന്നാണ്‌; സ്വന്തം കഴിവിൽ വിശ്വാസം നശിച്ച് ഒന്നും ചെയ്യാനാകാതെ ഇരിക്കുന്ന ചില നാളുകളിൽ എനിക്കാകെയുള്ള ഭയം അതു നിന്നെ എങ്ങനെയാണു ബാധിക്കുക എന്നാണ്‌, നിന്നെയതു നിരാശപ്പെടുത്തുമോ എന്നാണ്‌. എന്റെ വിജയങ്ങൾക്കു കിട്ടുന്ന പ്രമാണപത്രങ്ങളാവട്ടെ-കൌട്സ്കിയുടെ ഒരു കത്തു പോലെ- നിനക്കുള്ള പ്രണാമങ്ങൾ മാത്രവുമാണ്‌. കൌട്സ്കി എന്തെഴുതിയാലും വ്യക്തിപരമായി എനിക്കതിൽ ഒട്ടും താല്പര്യമില്ല; എനിക്കതു സന്തോഷം നല്കിയെങ്കിൽ നിന്റെ കണ്ണുകൾ വച്ചാണ്‌ ഞാൻ അതെഴുതിയത് എന്നതു കൊണ്ടാണ്‌, നിനക്കത് എന്തു മാത്രം ആനന്ദം നല്കും എന്നെനിക്കു തോന്നിയതു കൊണ്ടാണ്‌.

...എനിക്കു നിന്റെ വിലയറിയില്ലെന്നു നീ കരുതുന്നുണ്ടോ? ആയുധമെടുക്കാനുള്ള ആഹ്വാനം മുഴങ്ങുമ്പോൾ സഹായവും പ്രോത്സാഹനവുമായി എപ്പോഴും നീ അരികിലുണ്ടാവും- നമ്മൾ തമ്മിലുള്ള എല്ലാ കലഹങ്ങളും എന്റെ അവഗണനയും മറന്നുകൊണ്ടു തന്നെ!

എത്ര ആഗ്രഹത്തോടെയും ആഹ്ളാദത്തോടെയുമാണ്‌ ഞാൻ നിന്റെ ഓരോ കത്തും കാത്തിരിക്കുന്നതെന്ന് നിനക്കറിയില്ല; അത്ര ബലവും സന്തോഷവുമാണ്‌ എനിക്കവ കൊണ്ടുവന്നു തരുന്നത്; ജീവിക്കാൻ എന്നെ ഉത്സാഹിപ്പിക്കുകയാണവ.

നാമിരുവരും ചെറുപ്പമാണെന്നും നമ്മുടെ സ്വകാര്യജീവിതം ചിട്ടപ്പെടുത്താൻ ഇനിയും നമുക്കു സമയമുണ്ടെന്നും നീ കത്തിൽ പറയുന്ന ആ ഭാഗമാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. പ്രിയപ്പെട്ടവനേ, ആ വാഗ്ദാനം സഫലമാവാൻ ഞാനെത്ര ആഗ്രഹിക്കുന്നുവെന്നോ!

...നമ്മുടെ സ്വന്തമായ ഒരു കൊച്ചു മുറി, നമ്മുടെ ഫർണീച്ചർ, നമ്മുടെ സ്വന്തം പുസ്തകശേഖരം, ബഹളമില്ലാത്ത, സ്ഥിരതയുള്ള ഒരു ജോലി, ഒരുമിച്ചുള്ള നടത്തകൾ, വല്ലപ്പോഴും ഒരു ഓപ്പെറ, അടുത്ത സുഹൃത്തുക്കളുടെ ചെറിയ- തീരെച്ചെറിയ- ഒരു കൂട്ടായ്മ(നമുക്കവരെ വല്ലപ്പോഴും അത്താഴത്തിനു ക്ഷണിക്കുകയുമാവാം), എല്ലാക്കൊല്ലവും ഒരു മാസത്തെ നാട്ടുമ്പുറവാസം (അതെ, ജോലി ചെയ്യാതെ!)...പിന്നെ, ഒരു കുഞ്ഞ്, ഒരു കൊച്ചുകുഞ്ഞും കൂടിയായാലോ? അതിനൊരിക്കലും അനുമതി കിട്ടില്ലേ? ഒരിക്കലും? പ്രിയപ്പെട്ടവനേ, ഇന്നലെ പാർക്കിലൂടെ നടക്കുമ്പോൾ ആരാണെന്റെ കൂടെ കൂടിയതെന്നു പറയട്ടെ- ഒട്ടും  അതിശയോക്തിയില്ലാതെ? മൂന്നോ നാലോ വയസ്സു വരുന്ന ഒരു കുഞ്ഞ്, സ്വർണ്ണമുടിയും സുന്ദരമായ വേഷവുമായി; അതെന്നെത്തന്നെ നോക്കിനില്ക്കുകയായിരുന്നു; അതിനെ തട്ടിയെടുത്ത് വീട്ടിലേക്കോടാൻ വല്ലാത്തൊരുൾത്തിടുക്കമാണ്‌ എനിക്കപ്പോൾ തോന്നിയത്. പ്രിയപ്പെട്ടവനേ, എനിക്കൊരിക്കലും ഒരു കുഞ്ഞു സ്വന്തമാവില്ലേ?

വീട്ടിൽ നാം പിന്നെ വഴക്കടിക്കുകയുമില്ല, അങ്ങനെയല്ലേ? മറ്റാരുടേതും പോലെ സമാധാനം നിറഞ്ഞതായിരിക്കണമത്. എന്നെ വ്യാകുലപ്പെടുത്തുന്നതെന്താണെന്ന് നിനക്കല്ലേ അറിയൂ; ഇപ്പോഴേ വളരെ പ്രായമായെന്ന, തീരെ അനാകർഷകയാണെന്ന തോന്നലാണെനിക്ക്. പാർക്കിൽ കൈ കോർത്തു നിന്റെ കൂടെ നടക്കുന്നവൾ ആകർഷത്വമുള്ള ഭാര്യയായിരിക്കില്ല- ജർമ്മൻകാരുടെ കണ്ണിൽ പെടാതെ നാം നടക്കും. പ്രിയപ്പെട്ടവനേ, ഒന്നാമതായി നീ നിന്റെ പൗരത്വത്തിന്റെ പ്രശ്നം പരിഹരിക്കുകയാണെങ്കിൽ, രണ്ടാമതായി ഡോക്ടറേറ്റെടുക്കുകയാണെങ്കിൽ, മൂന്നാമതായി, നമ്മുടെ സ്വന്തം മുറിയിൽ എന്നോടൊപ്പം പരസ്യമായി ജീവിക്കുകയാണെങ്കിൽ, എനിക്കൊപ്പം ജോലി ചെയ്യുകയാണെങ്കിൽ അതില്പരം നമുക്കൊന്നും ആഗ്രഹിക്കാനില്ല! ഈ ഭൂമിയിൽ എന്നെയും നിന്നെയും പോലെ മറ്റൊരിണയ്ക്കും സന്തോഷത്തിനുള്ള ഇത്രയും സൌകര്യങ്ങൾ ഉണ്ടായിരിക്കില്ല; നമ്മുടെ ഭാഗത്തു നിന്ന് ഒരല്പം സന്മനോഭാവം കൂടിയുണ്ടെങ്കിൽ നമ്മുടെ ജീവിതം സന്തുഷ്ടമാവും, അതു സന്തുഷ്ടമായിരിക്കണം.

(ലിയോ ജോഗിച്സിനെഴുതിയത്)


[റോസാ ലക്സംബർഗ് (1871-1919) റഷ്യയുടെ അധീനത്തിലായിരുന്ന പോളണ്ടിന്റെ ഭാഗമായ ലബ്‌ലിനിൽ ഒരു മരക്കച്ചവടക്കാരന്റെ അഞ്ചാമത്തെ കുട്ടിയായി ജനിച്ചു. 1886ൽ പോളിഷ് പ്രോലിറ്റേറിയറ്റ് പാർട്ടിയിൽ ചേർന്നു. അറസ്റ്റ് ഒഴിവാക്കാനായി 1889ൽ സ്വിറ്റ്സർലന്റിലെ സൂറിച്ചിലേക്കു രക്ഷപ്പെട്ടു. 1898ൽ സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് എടുത്തു. ഇവിടെ വച്ചാണ്‌ ലിയോ ജോഗിച്സിനെ കാണുന്നതും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിക്കുന്നതും. റോസയുടെയും ലിയോയുടെയും ദീർഘമായ പ്രണയകാലത്ത് അവർ ഒരിക്കലും ഒരുമിച്ചു താമസിച്ചിട്ടില്ല; അവർക്കു കൂടുതൽ പ്രധാനം തങ്ങളുടെ രാഷ്ട്രീയപ്രവർത്തനങ്ങളായിരുന്നു. ബർലിനിലേക്കു താമസം മാറ്റാനുള്ള ഉപാധിയായി 1898ൽ അവർ കാൾ ലൂബെക്കിനെ വിവാഹം ചെയ്തു. ജർമ്മൻ മിലിട്ടറിസത്തിനും സാമ്രാജ്യത്വവാദത്തിനുമെതിരെയുള്ള സമരങ്ങൾക്കിടയിൽ 1916ൽ അവരെ അറസ്റ്റു ചെയ്ത് രണ്ടര കൊല്ലത്തെ തടവിനു ശിക്ഷിച്ചു. 1918ൽ മോചിതയായപ്പോൾ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചു; അതിന്റെ മുഖപത്രമായിരുന്നു റെഡ് ഫ്ളാഗ്. 1919 ജനുവരിയിൽ അപ്പോഴേക്കും ശക്തിയാർജ്ജിച്ചുവന്ന വലതുപക്ഷസമാന്തരസേനകളിലൊന്നായ ഫ്രൈകോർപ്സ് അവരെ അറസ്റ്റു ചെയ്തു. അവരെ ഒരു ഹോട്ടലിലേക്കു കൊണ്ടുപോയി ബോധം കെടും വരെ മർദ്ദിച്ചു. പിന്നെ ലാൻഡ്‌വേർ കനാലിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു. നാസി ജർമ്മനിയുടെ ഒന്നാമത്തെ വിജയമായിരുന്നു റോസാ ലക്സംബർഗിന്റെ കൊലപാതകം.]


 

Wednesday, February 25, 2015

പ്രണയലേഖനങ്ങൾ(22)- ജോർജ്ജ് സാൻഡ്

George Sand by Delacroixദെലക്രോ വരച്ചത്


വെനീസ്, 1834 ജൂലൈ 10

വിഭിന്നമായ ആകാശങ്ങൾക്കു ചുവട്ടിൽ ജനിച്ച നമ്മുടേത് ഒരേ മനസ്സല്ല, ഒരേ ഭാഷയുമല്ല- ഒരുവേള നമ്മുടെ ഹൃദയങ്ങൾ സമാനമാണെന്നു വരുമോ?

മിതോഷ്ണവും മേഘാവൃതവുമായ ജന്മദേശം എനിക്കു ശേഷിപ്പിച്ചത് സൌമ്യവും വിഷാദമയവുമായ ഓർമ്മകളാണ്‌; നിങ്ങളുടെ നെറ്റിത്തടത്തെ ചെമ്പിച്ചതാക്കിയ ഉദാരസൂര്യൻ അത്ര തീക്ഷ്ണമായ വികാരങ്ങളാണോ നിങ്ങൾക്കു തന്നത്? സ്നേഹിക്കാനും അതിന്റെ വേദന അനുഭവിക്കാനും എനിക്കറിയാം; നിങ്ങൾക്ക്, നിങ്ങൾക്കു സ്നേഹത്തെക്കുറിച്ചെന്തറിയാം?

നിങ്ങളുടെ നോട്ടത്തിലെ വ്യഗ്രത, നിങ്ങളുടെ കൈകളുടെ പ്രചണ്ഡത, നിങ്ങളുടെ തൃഷ്ണയുടെ തീക്ഷ്ണത അതെന്നെ ആകർഷിക്കുകയും ഒപ്പം ഭീതിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ വികാരാവേശത്തെ ചെറുക്കുകയാണോ അതോ അതിൽ പങ്കു ചേരുകയാണോ വേണ്ടതെന്ന് എനിക്കു തീരുമാനിക്കാനാകുന്നില്ല. എന്റെ നാട്ടിൽ ആളുകൾ പ്രേമിക്കുന്നത് ഇങ്ങനെയല്ല; തന്നെയുമല്ല, ആഗ്രഹത്തോടെ, വിഷമത്തോടെ, അത്ഭുതത്തോടെ നിങ്ങളെ നോക്കിനില്ക്കുന്ന ഒരു വിളർത്ത പ്രതിമ മാത്രമാണു ഞാൻ. നിങ്ങൾക്കെന്നോടുള്ള പ്രേമം യഥാർത്ഥമാണോയെന്ന് എനിക്കറിയില്ല; അതൊരിക്കലും ഞാനറിയാനും പോകുന്നില്ല. എന്റെ ഭാഷയിലെ ചില വാക്കുകൾ നിങ്ങൾക്കു കഷ്ടിച്ചു മനസ്സിലാകുമെന്നേയുള്ളു; ഈ സൂക്ഷ്മമായ ചോദ്യങ്ങളിലേക്കു കടക്കാനും മാത്രം എനിക്കു നിങ്ങളുടെ ഭാഷ അറിയുകയുമില്ല. ഇനിയഥവാ, നിങ്ങൾ സംസാരിക്കുന്ന ഭാഷ എനിക്കു നന്നായി വഴങ്ങുമെന്നു വന്നാല്ക്കൂടി സ്വയം വ്യക്തമാക്കുന്നതിൽ ഞാൻ വിജയിക്കണമെന്നുമില്ല. നാം ജീവിച്ച ദേശങ്ങളും നമ്മെ പഠിപ്പിച്ച മനുഷ്യരുമാണ്‌ നമ്മുടെ ചിന്തകളും വികാരങ്ങളും ആവശ്യങ്ങളും അന്യോന്യം അവ്യാഖ്യേയമാക്കിയതെന്നതിൽ സംശയമില്ല. എന്റെ ദുർബലമായ പ്രകൃതിയും നിങ്ങളുടെ പ്രചണ്ഡമായ പ്രകൃതവും വ്യത്യസ്തമായ ചിന്തകൾ ജനിപ്പിച്ചല്ലേ പറ്റൂ. എനിക്കത്രമേൽ മനോവിഷമമുണ്ടാക്കുന്ന ഒരായിരം നിസാരമായ സംഗതികൾ നിങ്ങൾക്കു മനസ്സിലാവില്ലെന്നു വരാം, അവജ്ഞയോടെ നിങ്ങളവ തള്ളിക്കളഞ്ഞുവെന്നും വരാം. എന്നെ കരയിപ്പിക്കുന്നത് നിങ്ങളെ ചിരിപ്പിച്ചുവെന്നു വരാം. കണ്ണീരെന്താണെന്നു തന്നെ നിങ്ങൾക്കറിയില്ലെന്നും വരാം. നിങ്ങൾ എനിക്കാരാകും, തുണക്കാരനോ യജമാനനോ? നിങ്ങളെ കണ്ടുമുട്ടുന്നതിനു മുമ്പ് ഞാൻ സഹിച്ച ദുഷ്ടതകളുടെ പേരിൽ നിങ്ങളെന്നെ ആശ്വസിപ്പിക്കുമോ? എന്റെ വിഷാദത്തിന്റെ കാരണം നിങ്ങൾക്കറിയാമോ? സഹതാപം, ക്ഷമ, സൌഹൃദം ഇതൊക്കെ നിങ്ങൾക്കു മനസ്സിലാകുമോ? സ്ത്രീകൾക്കാത്മാവില്ല എന്നായിരിക്കാം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാവുക. അവർക്കതുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ കൃസ്ത്യാനിയല്ല, മുസ്ലീമല്ല, നാഗരികനും പ്രാകൃതനുമല്ല- നിങ്ങൾ മനുഷ്യനാണോ? ആ പൗരുഷം നിറഞ്ഞ നെഞ്ചിൽ എന്താണുള്ളത്, ഗംഭീരമായ നെറ്റിയ്ക്കും സിംഹത്തിന്റേതു പോലായ കണ്ണുകൾക്കും പിന്നിൽ? അഭിജാതവും സുന്ദരവുമായ ചിന്തകൾ എന്നെങ്കിലും നിങ്ങൾക്കുണ്ടായിട്ടുണ്ടോ, സാഹോദര്യത്തിന്റെ ഭവ്യമായ വികാരവും? ഉറങ്ങുമ്പോൾ താൻ സ്വർഗ്ഗത്തിലേക്കു പറന്നുപോകുന്നതായി നിങ്ങൾ സ്വപ്നം കാണാറുണ്ടോ? മനുഷ്യർ കാരണമില്ലാതെ നിങ്ങളെ ദ്രോഹിക്കുമ്പോൾ നിങ്ങളുടെ ദൈവവിശ്വാസത്തിനിളക്കം തട്ടാറുണ്ടോ? ഞാൻ നിങ്ങൾക്കാരാകണം, സഖാവോ അടിമയോ? നിങ്ങൾക്കെന്നോടുള്ളത് കാമമാണോ പ്രേമമാണോ? നിങ്ങളുടെ തൃഷ്ണയ്ക്കു ശമനം കിട്ടിയാൽ അതിന്റെ നന്ദി നിങ്ങൾക്കെന്നോടുണ്ടാകുമോ? ഞാൻ കാരണം നിങ്ങൾക്കൊരാനന്ദം ലഭിച്ചുവെങ്കിൽ അതെന്നോടെങ്ങനെ പറയണം എന്നു നിങ്ങൾക്കറിയാമോ? ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ, അതറിയാതെ വരുന്നതിൽ നിങ്ങൾക്കു മനഃക്ളേശമുണ്ടാകുമോ? അന്വേഷിച്ചു കണ്ടെത്തേണ്ടതും സ്വപ്നം കാണേണ്ടതുമായ ഒരജ്ഞാതസത്തയാണോ നിങ്ങൾക്കു ഞാൻ, അതോ അന്തഃപുരത്തിൽ തടിച്ചുകൊഴുക്കുന്ന വെപ്പാട്ടികളിൽ ഒരുവളോ? ദിവ്യമായൊരു സ്ഫുലിംഗമുള്ളതായി ഞാൻ കാണുന്ന നിങ്ങളുടെ കണ്ണുകളിൽ ആ തരം സ്ത്രീകളുണർത്തുന്ന കാമാസക്തിയേയുള്ളൂ? കാലം കൊണ്ടു ശമനം വരാത്ത ഒരു തൃഷ്ണ ആത്മാവിനുള്ളതായി നിങ്ങൾക്കറിയാമോ, ആധിക്യം കൊണ്ടു നിർവീര്യമാകാത്തതും തളരാത്തതും? കാമുകി നിങ്ങളുടെ കൈകളിൽ കിടന്നുറങ്ങുമ്പോൾ നിങ്ങൾ ഉണർന്നിരിക്കുമോ, അവൾക്കു കാവലാകാൻ, വിതുമ്പിക്കൊണ്ടു ദൈവത്തിനോടു പ്രാർത്ഥിക്കാൻ? പ്രണയാനന്ദങ്ങൾക്കൊടുവിൽ ശ്വാസം കിട്ടാതെയും ക്ഷതം പറ്റിയ പോലെയും നിങ്ങൾ കിടന്നുപോകാറുണ്ടോ, അതോ ദിവ്യമായൊരു പ്രഹർഷത്തിലേക്കു നിങ്ങൾ ചെന്നുവീഴുകയാണോ? താൻ സ്നേഹിക്കുന്നവളുടെ മാറിടം വിട്ടുപോരുമ്പോൾ നിങ്ങളുടെ ആത്മാവ് നിങ്ങളുടെ ഉടലിനെ കീഴ്പെടുത്താറുണ്ടോ? തന്നിലടങ്ങി നിങ്ങളിരിക്കുന്നതു കാണുമ്പോൾ ഞാനെന്തു വിചാരിക്കണം, നിങ്ങൾ ചിന്താധീനനാണെന്നോ അതോ വിശ്രമിക്കുകയാണെന്നോ? നിങ്ങളുടെ നോട്ടം വാടുന്നുവെങ്കിൽ അത് ആർദ്രത കൊണ്ടോ അതോ ആലസ്യം കൊണ്ടോ? എനിക്കു നിങ്ങളെ അറിയില്ലെന്നും നിങ്ങൾക്കെന്നെ അറിയില്ലെന്നും നിങ്ങൾക്കു ബോദ്ധ്യമുണ്ടെന്നു വരാം. എനിക്കു നിങ്ങളുടെ ഭൂതകാലമറിയില്ല, നിങ്ങളുടെ സ്വഭാവമറിയില്ല, നിങ്ങളെ അറിയുന്നവർ നിങ്ങളെ കാണുന്നതെങ്ങനെ എന്നുമറിയില്ല. അവർക്കു നിങ്ങൾ എല്ലാമാണെന്നോ ആരുമല്ലെന്നോ വരാം. എനിക്കു നിങ്ങളോടു മതിപ്പു തോന്നുമോ എന്നറിയാതെ തന്നെ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, നിങ്ങൾ കാരണം എനിക്കു സന്തോഷം കിട്ടുന്നുവെന്നതിനാൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; ഭാവിയിലൊരിക്കൽ എനിക്കു നിങ്ങളെ വെറുക്കേണ്ടതായി വന്നുവെന്നും വരാം. നിങ്ങൾ എന്റെ നാട്ടുകാരനാണെങ്കിൽ എനിക്കു നിങ്ങളോടു ചോദിക്കാമായിരുന്നു, നിങ്ങൾക്കതു മനസ്സിലാവുകയും ചെയ്യുമായിരുന്നു. അപ്പോൾ പക്ഷേ എന്റെ അസന്തുഷ്ടി കൂടുതലായെന്നും വരാം; കാരണം, നിങ്ങൾക്കെന്നെ തറ്റിദ്ധരിപ്പിക്കാൻ പറ്റുമല്ലൊ. ഇപ്പോഴത്തെ സ്ഥിതിയിൽ നിങ്ങക്കെന്നെ കബളിപ്പിക്കാനെങ്കിലും പറ്റില്ല, പൊള്ളയായ വാഗ്ദാനങ്ങളും വ്യാജപ്രതിജ്ഞകളും നടത്താനും പറ്റില്ല. താൻ മനസ്സിലാക്കിയ രീതിയിൽ, തനിക്കാവുന്ന രീതിയിൽ നിങ്ങൾക്കിപ്പോൾ എന്നെ സ്നേഹിക്കാം. അന്യരിൽ തേടി എനിക്കു കിട്ടാതെ പോയത് നിങ്ങളിൽ നിന്നും എനിക്കു കിട്ടണമെന്നില്ല; പക്ഷേ നിങ്ങളിൽ അതുണ്ടെന്ന് എനിക്കെന്നും വിശ്വസിക്കാം. പ്രണയത്തിന്റെ ആ നോട്ടങ്ങളും ആ ലാളനകളും അന്യരിൽ നിന്നു വരുമ്പോൾ എന്നോടെന്നും നുണ പറഞ്ഞിട്ടേയുള്ളു; നിങ്ങളിൽ നിന്നു വരുമ്പോൾ കപടമായ വാക്കുകൾ കൂട്ടിച്ചേർക്കാതെ എന്റെ ഹിതം പോലെ എനിക്കവയെ വ്യാഖ്യാനിക്കാം. നിങ്ങളുടെ മനോരാജ്യങ്ങളെ വ്യാഖ്യാനിക്കാനും നിങ്ങളുടെ മൗനങ്ങളെ വാചാലത കൊണ്ടു നിറയ്ക്കാനും എനിക്കു കഴിയും. നിങ്ങളുടെ പ്രവൃത്തികൾക്ക് ഞാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ എനിക്കു ചാർത്തിക്കൊടുക്കാം. സ്നേഹത്തോടെ നിങ്ങളെന്നെ നോക്കുമ്പോൾ നിങ്ങളുടെ ആത്മാവ് എന്റെ ആത്മാവിനെ നോക്കുകയാണെന്ന് എനിക്കു വിശ്വസിക്കാം; നിങ്ങൾ ആകാശത്തേക്കു നോട്ടമയക്കുമ്പോൾ നിങ്ങളുടെ മനസ്സ് അതു ജന്മമെടുത്ത നിത്യതയിലേക്കു തിരിയുകയാണെന്ന് എനിക്കു കരുതാം. നമുക്ക് ഇങ്ങനെ തന്നെ തുടരാം; എന്റെ ഭാഷ പഠിക്കരുത്; എന്റെ സന്ദേഹങ്ങളും എന്റെ ഭീതികളും പ്രകാശിപ്പിക്കാനുള്ള വാക്കുകൾ ഞാൻ നിങ്ങളുടെ ഭാഷയിൽ തേടുകയുമില്ല. നിങ്ങൾ സ്വന്തം ജീവിതം കൊണ്ടെന്തു ചെയ്യുന്നുവെന്നത്, സഹജീവികൾക്കിടയിൽ എന്തു ഭാഗമാണു നിങ്ങൾ അഭിനയിക്കുന്നുവെന്നത് എനിക്കജ്ഞാതമായിത്തന്നെയിരുന്നോട്ടെ. നിങ്ങളുടെ പേരറിയണമെന്നുപോലും എനിക്കില്ല. നിങ്ങളുടെ ആത്മാവിനെ എന്നിൽ നിന്നു മറച്ചുപിടിച്ചോളൂ; അങ്ങനെ അതു സുന്ദരമാണെന്ന എന്റെ വിശ്വാസത്തിന്‌ ഒരിക്കലും ഇളക്കം തട്ടാതിരിക്കട്ടെ.


ജോർജ്ജ് സാൻഡ് (1804-76)- എഴുത്തു കൊണ്ടെന്ന പോലെ ബൊഹീമിയൻ ജീവിതശൈലി കൊണ്ടും പ്രസിദ്ധയായ ഫ്രഞ്ച് സാഹിത്യകാരി. സ്ത്രീസ്വാതന്ത്ര്യവാദി. ആദ്യനോവൽ ഇൻഡ്യാന (1832) ഫ്രഞ്ച് വിവാഹനിയമങ്ങളുടെ നിശിതവിമർശനമായിരുന്നു, സ്ത്രീസമത്വത്തിനു വേണ്ടിയുള്ള ഒരർത്ഥനയും. പുകവലിയും പുരുഷന്മാരുടെ വസ്ത്രധാരണരീതിയും കാമുകന്മാരുടെ ബാഹുല്യവും കൊണ്ട് അക്കാലത്തെ പരീസിയൻ സമൂഹത്തെ ചൊടിപ്പിച്ചു. ഷോപ്പാങ്ങ്, ഫ്രാൻസ് ലിസ്റ്റ്, ആൽഫ്രെഡ് ദെ മ്യൂസെ, ദെലക്രോ തുടങ്ങിയവരൊക്കെ അവരുടെ സൌഹൃദവലയത്തിൽ പെട്ടിരുന്നു. തന്റെ കാമുകനായ മ്യൂസെയെ ചികിത്സിക്കാനെത്തിയ പീത്രോ പഗെല്ലോ എന്ന ഡോക്ടർക്കെഴുതിയതാണ്‌ ഈ കത്ത്. അയാൾക്ക് ഫ്രഞ്ച് തീരെ അറിയില്ല, സാൻഡിന്‌ ഇറ്റാലിയനും. സ്വാഭാവികമായും ആ ബന്ധം നീണ്ടുനിന്നതുമില്ല.


Tuesday, February 24, 2015

പ്രണയലേഖനങ്ങൾ (21)- ഷാർലൊട്ട് ബ്രോണ്ടി

Charlotte Bronte


1845 ജനുവരി 8

മൊസ്യൂ, പാവങ്ങൾക്കു ജീവൻ നിലനിർത്താൻ അധികമൊന്നും വേണ്ട- പണക്കാരന്റെ തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങളേ അവർ ചോദിക്കുന്നുള്ളു. അതും നിഷേധിക്കുകയാണെങ്കിൽ പക്ഷേ, അവർ വിശന്നു മരിച്ചുപോകും. എനിക്കും ഞാൻ സ്നേഹിക്കുന്നവരിൽ നിന്ന് അധികം സ്നേഹമൊന്നും വേണ്ട. സമ്പൂർണ്ണമായ ഒരു സ്നേഹം മുഴുവനായി എനിക്കു തന്നാൽ അതുകൊണ്ടെന്തു ചെയ്യണമെന്ന് എനിക്കറിവുണ്ടാവില്ല- എനിക്കതു പരിചയമില്ല. അന്ന് ബ്രസ്സൽസിൽ ഞാൻ അങ്ങയുടെ ഒരു ശിഷ്യയായിരുന്നപ്പോൾ അങ്ങെന്നോട് ചെറിയൊരു താല്പര്യം കാണിച്ചിരുന്നു; ആ ചെറിയ താല്പര്യം തുടർന്നുപോകുമെന്ന ആശയിലാണ്‌ ഞാൻ പിടിച്ചുതൂങ്ങുന്നത്- ജീവിതത്തിന്മേലെന്നപോലെ ഞാനതിൽ പിടിച്ചുതൂങ്ങുന്നു.


(ഇംഗ്ളീഷ് എഴുത്തുകാരിയായ ഷാർലൊട്ട് ബ്രോണ്ടി പ്രൊഫസർ കോൺസ്റ്റന്റിൻ ഹെഗറിനെഴുതിയത്. അദ്ദേഹം ആ സ്നേഹം തിരിച്ചുകൊടുത്തുവെന്നതിന്‌ തെളിവില്ല.)

സു ദുംഗ്-പോ - വാങ്ങ് ഷെനിന്റെ ഒരു ചിത്രത്തെക്കുറിച്ച്

$(KGrHqV,!ikE1NzqBCEwBNf(hD7g)w~~_35


മെലിഞ്ഞ മുളന്തണ്ട്,
ഒരാശ്രമജീവിയെപ്പോലെ.
ആർഭാടങ്ങളില്ലാത്ത പൂച്ചെടി,
ഒരു കൌമാരക്കാരിയെപ്പോലെ.
മുളന്തണ്ടിലാടിക്കളിക്കുന്ന കുരുവി.
പൂക്കളിൽ വെള്ളം തളിയ്ക്കുന്ന ചാറ്റമഴ.
അവൻ പറക്കാനൊരുമ്പെടുമ്പോൾ
ഇലകളാകെ വിറ കൊള്ളുന്നു.
എന്തൊരത്ഭുതാവഹമായ സിദ്ധിയാണത്,
ഒരു തൂലികയും ഒരു പായ കടലാസും കൊണ്ട്
ഒരു വസന്തം സൃഷ്ടിക്കുക!
കവിതയിൽ കൈ വച്ചിരുന്നുവെങ്കിൽ,
എനിക്കുറപ്പാണ്‌,
പദങ്ങൾ കൊണ്ടയാൾ പന്താടിയേനെ!


സു ദുംഗ്-പോ (1037-1101)- സുങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചൈനീസ് കവി. വാങ്ങ് ഷെൻ (1048-1122) ചെയ്ത ഒരു പ്രകൃതിദൃശ്യമാണ്‌ ഈ കവിതയുടെ വിഷയം.


പ്രണയലേഖനങ്ങൾ(20) - റിച്ചാർഡ് സ്റ്റീൽ


Richard Steele
(മേരി സ്കർലോക്കിനെഴുതിയത്)


മദാം,
ഏതു ഭാഷയിലാണ്‌ ഞാൻ എന്റെ സുന്ദരിയെ സംബോധന ചെയ്യേണ്ടത്, വേദനിപ്പിക്കുന്നളവിൽ താനാനന്ദിപ്പിക്കുന്ന ഒരു ഹൃദയത്തിന്റെ അനുഭൂതികൾ അവളെ പറഞ്ഞു മനസ്സിലാക്കാൻ? നീ കണ്മുന്നിലില്ലെങ്കിൽ ഒരു നിമിഷത്തേക്ക് എനിക്കു മനസ്സമാധാനം കിട്ടുന്നില്ല; ഒരുമിച്ചിരിക്കുമ്പോഴാകട്ടെ, നീ അകലം സൂക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ അപ്പോഴും ഞാൻ അനുഭവിക്കുന്നത് അസാന്നിദ്ധ്യമാണ്‌, അതും എനിക്കു സമീപിക്കാൻ വിലക്കുള്ള ചാരുതകൾ അരികിലുള്ളതിനാൽ അത്രയ്ക്കസഹ്യമായതും. ചുരുക്കം പറഞ്ഞാൽ, ഒരു വിശറിയോ ഒരു മുഖാവരണമോ നീയണിഞ്ഞ ഒരു കൈയുറയോ എനിക്കു തരണം, ഇല്ലെങ്കിൽ എനിക്കു ജീവിക്കാനാവില്ല. അതും നീ ചെയ്യില്ലെങ്കിൽ നിന്റെ കൈ കടന്നുപിടിച്ചു ഞാൻ ചുംബിക്കുമെന്നു നിനക്കു പ്രതീക്ഷിക്കാം, അല്ലെങ്കിൽ നിന്റെ തൊട്ടടുത്തിരിക്കുമ്പോൾ നിന്റെ തൂവാല ഞാൻ മോഷ്ടിക്കുമെന്നും. ഒറ്റയടിക്കു കവരാൻ പറ്റാത്തത്ര വലിയൊരു നിധിയാണു നീ; സന്തോഷം കൊണ്ടു തല തിരിഞ്ഞുപോകരുതെന്നതിനായി സാവകാശത്തിലതു ചെയ്യാൻ ഞാൻ തയാറാവണം.
പ്രിയപ്പെട്ട മിസ് സ്കർലോക്ക്, നിങ്ങളെ ആ പേരു വിളിച്ചെനിക്കു മടുത്തു; അതിനാൽ മദാം, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള, ഏറ്റവും വിശ്വസ്തനായ വിനീതസേവകന്റെ പേരിൽ നിങ്ങൾ വിളിക്കപ്പെടുന്ന ദിവസം ഏതാണെന്നു പറയൂ.


റിച്. സ്റ്റീൽ



[റിച്ചാർഡ് സ്റ്റീൽ (1672-1729)- ഇംഗ്ളീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു; ജോസഫ് അഡിസനുമായി ചേർന്ന് സ്പെക്റ്റേറ്റർ മാസിക തുടങ്ങി. മേരി സ്കർലോക്ക് രണ്ടാമത്തെ ഭാര്യയായിരുന്നു; ആദ്യഭാര്യയുടെ സംസ്കാരച്ചടങ്ങിൽ വച്ചാണ്‌ അവർ തമ്മിൽ കാണുന്നത്. 1707ൽ അവർ വിവാഹിതരായി. അതിനു മുമ്പും പിമ്പുമായി നാനൂറോളം കത്തുകൾ അദ്ദേഹം അവർക്കെഴുതിയിട്ടുണ്ട്.]


Monday, February 23, 2015

പ്രണയലേഖനങ്ങൾ(19)- പ്ളിനി

Pliny the Younger


(ഭാര്യ കാല്പേർണിയക്കെഴുതിയത്)

എത്ര തീവ്രമായ അഭിനിവേശമാണ്‌ എനിക്കു നിന്നോടുള്ളതെന്നു പറഞ്ഞാൽ നിനക്കു വിശ്വാസമാവില്ല. അതിനു പ്രധാനമായ കാരണം എനിക്കു നിന്നോടുള്ള പ്രണയമാണ്‌; പിന്നെ, പിരിഞ്ഞിരുന്നു നമുക്കു പരിചയമായിട്ടില്ല എന്നതും. അതുകൊണ്ടു സംഭവിച്ചതിതാണ്‌: രാത്രിയിൽ ഏറെ നേരവും നിന്നെക്കുറിച്ചോർത്തുകൊണ്ട് ഉറക്കം വരാതെ ഞാൻ കിടക്കുന്നു; പകലാവട്ടെ, പതിവായി നിന്നെ കാണാൻ ഞാൻ വരാറുള്ള സമയമടുക്കുമ്പോൾ എന്റെ കാലുകൾ നിന്റെ മുറിയിലേക്കു സ്വയം നട കൊള്ളുകയാണ്‌; അവിടെ നിന്നെ കാണാതെ വരുമ്പോൾ മനസ്സിൽ നിരാശയോടെ, തിരസ്കൃതകാമുകനെപ്പോലെ ഞാൻ മടങ്ങിപ്പോരുകയുമാണ്‌. ഈ പീഡനങ്ങളിൽ നിന്നൊരു മോചനം എനിക്കു കിട്ടുന്നെങ്കിൽ അതു കോടതിയിൽ വച്ചു മാത്രമാണ്‌; പിന്നെ സ്നേഹിതന്മാർക്കൊപ്പമിരിക്കുമ്പോഴും. എനിക്കു വിശ്രമം കിട്ടുന്നത് അമിതാദ്ധ്വാനത്തിലാണ്‌ എനിക്കു വിശ്രമം കിട്ടുന്നതെങ്കിൽ, ഉത്കണ്ഠയിലാണ്‌ എനിക്കു സാന്ത്വനം കിട്ടുന്നതെങ്കിൽ എന്റെ ജീവിതം ഏതു വിധമായിരിക്കുന്നുവെന്ന് നീ  ഒന്നാലോചിച്ചുനോക്കൂ.

വയ്ക്കട്ടെ.



(വടക്കൻ ഇറ്റലിയിലെ ഒരു ജന്മിയുടെ മകനായിരുന്നു പ്ളിനി രണ്ടാമൻ(ക്രി.വ.61-112). അച്ഛന്റെ മരണശേഷം അദ്ദേഹത്തെ വളർത്തിയത് പ്രകൃതിശാസ്ത്രത്തെക്കുറിച്ചു വളരെ പ്രസിദ്ധമായ ഒരു വിജ്ഞാനകോശം രചിച്ച പ്ളിനി ഒന്നാമനായിരുന്നു. പ്ളിനി രണ്ടാമൻ ഒരു നിയമവിദഗ്ധനായിരുന്നു; പില്ക്കാലത്ത് ഒരു റോമൻ പ്രവിശ്യയുടെ ഗവർണ്ണറുമായിരുന്നു.)

ഓസ്ക്കാർ വൈൽഡ് - രാപ്പാടിയും റോസാപ്പൂവും

 

The_Nightingale_and_the_Rose_by_thenumber42

‘ചുവന്ന റോസാപ്പൂക്കളുമായി ചെന്നാൽ എന്നോടൊപ്പം നൃത്തം ചെയ്യാമെന്നാണവൾ പറഞ്ഞത്,' ചെറുപ്പക്കാരനായ വിദ്യാർത്ഥി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു;
'പക്ഷേ എന്റെ പൂന്തോട്ടത്തിൽ എവിടെ നോക്കിയാലും ഒരു ചുവന്ന റോസാപ്പൂവു കിട്ടാനില്ല.'

ഓക്കുമരത്തിലെ കൂട്ടിലിരുന്നുകൊണ്ട് രാപ്പാടി അതു കേട്ടു; കൌതുകത്തോടെ അവൾ ഇലകൾക്കിടയിലൂടെ പാളിനോക്കി.

'എന്റെ പൂന്തോട്ടത്തിൽ ഒരു റോസാപ്പൂവു പോലുമില്ല!' അയാൾ കരഞ്ഞു, അയാളുടെ മനോഹരമായ കണ്ണുകളിൽ കണ്ണീരു തുളുമ്പി. 'ഹാ, ആനന്ദത്തിനാശ്രയം എത്ര ചെറിയ കാര്യങ്ങളാണ്‌! ജ്ഞാനികൾ എഴുതിവച്ചതൊക്കെ ഞാൻ വായിച്ചുകഴിഞ്ഞു; തത്ത്വശാസ്ത്രത്തിന്റെ രഹസ്യങ്ങൾ ഒന്നൊഴിയാതെ എനിക്കു സ്വായത്തവുമാണ്‌; എന്നിട്ടും ഒരു ചുവന്ന റോസാപ്പൂവിന്റെ കുറവൊന്നുകൊണ്ടു മാത്രം എന്റെ ജീവിതം തുലഞ്ഞുപോയിരിക്കുന്നു!'

'ഒടുവിലിതാ, ഒരു യഥാർത്ഥകാമുകൻ,' രാപ്പാടി പറഞ്ഞു. 'എത്ര രാത്രികളിൽ ഞാൻ അവനെക്കുറിച്ചു പാടിയിരിക്കുന്നു, എനിക്കവനെ അറിയില്ലെങ്കിലും: എത്ര രാത്രികളിൽ അവന്റെ കഥ ഞാൻ നക്ഷത്രങ്ങളെ പറഞ്ഞുകേൾപ്പിച്ചിരിക്കുന്നു: ഇപ്പോൾ ഞാനവനെ കണ്മുന്നിൽ കാണുകയുമായി. ഹയാസിന്തു പൂത്ത പോലെ ഇരുണ്ടതാണവന്റെ മുടി, അവന്റെ ചുണ്ടുകൾ തൃഷ്ണയുടെ റോസാപ്പൂവു പോലെ ചുവന്നതും. വികാരം കൊണ്ടു പക്ഷേ, അവന്റെ മുഖം കവിടി പോലെ വിളറിപ്പോയിരിക്കുന്നു; ശോകം അവന്റെ നെറ്റിയിൽ ചാപ്പ കുത്തുകയും ചെയ്തിരിക്കുന്നു.'

'നാളെ രാത്രിയിലാണ്‌ കൊട്ടാരത്തിൽ വിരുന്നു നടക്കുന്നത്,' യുവാവായ വിദ്യാർത്ഥി തന്നെത്താൻ പിറുപിറുത്തു. 'ഞാൻ സ്നേഹിക്കുന്നവൾ അവിടെയുണ്ടാവും; ഒരു ചുവന്ന റോസാപ്പൂവുമായി ചെന്നാൽ പുലരും വരെ എനിക്കവളോടൊപ്പം നൃത്തം വയ്ക്കാം. ഒരു ചുവന്ന റോസാപ്പൂവുമായി ചെന്നാൽ എനിക്കവളെ അടുക്കിപ്പിടിയ്ക്കാം, എന്റെ തോളത്തവൾ തല ചായ്ക്കും, ഞങ്ങളുടെ കൈവിരലുകൾ തമ്മിൽ കോർക്കും. പക്ഷേ എന്റെ പൂന്തോട്ടത്തിൽ ചുവന്ന റോസാപ്പൂക്കളേയില്ല; അതിനാൽ ഏകനായി ഞാനിരിക്കും, അവൾ എന്നെക്കടന്നുപോകും. അവളെന്നെ ശ്രദ്ധിക്കുക തന്നെയില്ല; എന്റെ ഹൃദയം തകരുകയും ചെയ്യും.'

'ഇതാ, ഇതു തന്നെയാണ്‌ യഥാർത്ഥകാമുകൻ!' രാപ്പാടി പറഞ്ഞു.
'എന്തിനെക്കുറിച്ചാണോ ഞാൻ പാടുന്നത്, അതവൻ ആത്മവേദനയിലൂടറിയുന്നു; എനിക്കാനന്ദമായത് അവനു ശോകമാണ്‌. പ്രണയം ആശ്ചര്യജനകമായൊരു കാര്യമാണെന്നതിൽ സംശയിക്കാനെന്തിരിക്കുന്നു!  മരതകങ്ങളെക്കാൾ അമൂല്യമാണത്, സ്ഫടികക്കല്ലുകളെക്കാൾ ദുർലഭമാണ്‌. മുത്തുകളും മാതളങ്ങളും അതിനു വിലയിടില്ല, അങ്ങാടികളിൽ അതു നിരത്തിവച്ചിട്ടുമില്ല. വ്യാപാരികളിൽ നിന്നതു വാങ്ങാൻ കിട്ടില്ല, പൊന്നു തൂക്കുന്ന തുലാസിൽ അതിന്റെ തൂക്കം നോക്കാനുമാവില്ല.'

'ഗ്യാലറിയിൽ ഗായകർ  വന്നിരിക്കുന്നുണ്ടാവും,' യുവാവു പറയുകയായിരുന്നു. 'അവർ വയലിനും കിന്നരവും വായിക്കുമ്പോൾ ഞാൻ സ്നേഹിക്കുന്നവൾ അതിനൊത്തു ചുവടു വയ്ക്കും. പാദങ്ങൾ നിലത്തു തൊടില്ലെന്നപോലെ അത്ര മൃദുവായിട്ടായിരിക്കും അവൾ നൃത്തം ചെയ്യുക. നിറപ്പകിട്ടുള്ള വേഷമണിഞ്ഞ രാജസദസ്യർ അവൾക്കു ചുറ്റും കൂട്ടം കൂടും. പക്ഷേ എന്റെ കൂടെ അവൾ നൃത്തം ചെയ്യില്ല; കാരണം, അവൾക്കു കൊടുക്കാൻ ഒരു ചുവന്ന റോസാപ്പൂവെനിക്കില്ലാതെപോയല്ലോ.' അയാൾ പുൽത്തകിടിയിൽ കമിഴ്ന്നടിച്ചുവീണ്‌, കൈകളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരഞ്ഞു.

'എന്തിനാണിയാൾ കരയുന്നത്?' വായുവിൽ വാലുയർത്തി പാഞ്ഞുപോകുമ്പോൾ പച്ചനിറക്കാരനായ ഒരു കൊച്ചുഗൌളി ചോദിച്ചു.

'അതെ, എന്തിനായി?' ഒരു വെയിൽക്കതിരിനു ചുറ്റും തത്തിപ്പറക്കുകയായിരുന്ന പൂമ്പാറ്റ ചോദിച്ചു.

'അതെ, എന്തിനായി?' ഒരു ഡെയ്സിപ്പൂവ് തന്റെ അയൽക്കാരിയോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

'ഒരു ചുവന്ന റോസാപ്പൂവിനു വേണ്ടിയാണയാൾ കരയുന്നത്,' രാപ്പാടി പറഞ്ഞു.

'ഒരു ചുവന്ന റോസാപ്പൂവിനോ!' അവർ ഉറക്കെ ചോദിച്ചു. 'എന്തൊരു വിഡ്ഢിത്തം!' ഒരു ദോഷൈകദൃക്കിന്റെ മട്ടുകാരനായ ഗൌളി പൊട്ടിച്ചിരിക്കുക കൂടിച്ചെയ്തു.

പക്ഷേ അയാളുടെ ശോകത്തിന്റെ രഹസ്യം രാപ്പാടിക്കു മനസ്സിലാകുന്നതായിരുന്നു. ഓക്കുമരത്തിൽ മൂകയായി ഇരുന്നുകൊണ്ട് അവൾ പ്രണയമെന്ന നിഗൂഢതയെക്കുറിച്ചോർത്തു.

പെട്ടെന്നവൾ തവിട്ടുനിറമുള്ള ചിറകുകൾ വിടർത്തി മാനത്തേക്കുയർന്നു. തോപ്പിനുള്ളിലൂടെ ഒരു നിഴലു പോലെ അവൾ കടന്നുപോയി; ഒരു നിഴലു പോലെ അവൾ പൂന്തോട്ടത്തിനുള്ളിലേക്കൊഴുകിയിറങ്ങി.

പുൽത്തട്ടിനു നടുവിലായി മനോഹരമായ ഒരു റോസാച്ചെടി നില്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ അവൾ പറന്നുചെന്ന് ഒരു ചില്ലയിലിരുന്നു.

'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ.' അവൾ പറഞ്ഞു. 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു നിനക്കു ഞാൻ പാടിത്തരാം.'

പക്ഷേ മരം തല കുലുക്കുകയാണു ചെയ്തത്.

'എന്റെ പൂക്കൾ വെളുത്തതാണ്‌,' അതു പറഞ്ഞു, 'കടലിലെ പത പോലെ വെളുത്തത്, മലയിലെ മഞ്ഞിലും വെളുത്തത്. ആ പഴയ സൂര്യഘടികാരത്തിനടുത്തു വളരുന്ന എന്റെ സഹോദരനോടു പോയി ചോദിക്കൂ; നിനക്കു വേണ്ടത് അവിടെ കിട്ടിയെന്നു വരാം.'

അങ്ങനെ രാപ്പാടി സൂര്യഘടികാരത്തിനടുത്തുള്ള റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്നു.

'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ,' അവൾ കരഞ്ഞു, 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു ഞാൻ നിനക്കു പാടിത്തരാം.'

പക്ഷേ ആ റോസാച്ചെടിയും തല കുലുക്കിയതേയുള്ളു.

'എന്റെ പൂക്കൾ മഞ്ഞയാണ്‌,' അതു പറഞ്ഞു, 'ആംബര്‍ക്കല്ലിന്റെ സിംഹാസനത്തിലിരിക്കുന്ന മത്സ്യകന്യകമാരുടെ മുടി പോലെ മഞ്ഞ, അരിഞ്ഞെടുക്കും മുമ്പേ വിരിഞ്ഞുനില്ക്കുന്ന ആറ്റുവക്കത്തെ
ഡഫോഡിലുകളെക്കാളും മഞ്ഞ. ആ ചെറുപ്പക്കാരന്റെ ജനാലയ്ക്കു ചുവട്ടിൽ വളരുന്ന എന്റെ സഹോദരനോടു ചോദിക്കൂ; നിനക്കു വേണ്ടത് അയാൾ തന്നുവെന്നു വരാം.'

പിന്നെ രാപ്പാടി ചെറുപ്പക്കാരന്റെ ജനാലയ്ക്കു ചുവടെ വളരുന്ന റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്നു.

'എനിക്കൊരു ചുവന്ന റോസാപ്പൂവു തരൂ,' അവൾ കരഞ്ഞു, 'എന്റെ ഗാനങ്ങളിൽ വച്ചേറ്റവും മാധുര്യമുള്ളതു ഞാൻ പാടിത്തരാം.'

റോസാച്ചെടി പക്ഷേ തല കുലുക്കിയതേയുള്ളു.

'എന്റെ പൂക്കൾ ചുവന്നിട്ടു തന്നെ,' അതു പറഞ്ഞു, 'മാടപ്രാവുകളുടെ കാല്പാദങ്ങൾ പോലെ ചുവന്നത്, കടല്ക്കയങ്ങളിലെ ഗുഹകളിൽ നിലയ്ക്കാതെ വിടർന്നാടുന്ന പവിഴവിശറികളെക്കാൾ ചുവന്നത്. പക്ഷേ ഹേമന്തം എന്റെ സിരകളെ തണുപ്പിച്ചുകളഞ്ഞു, ഹിമപാതം എന്റെ മൊട്ടുകളെ നുള്ളിയെടുത്തുകളഞ്ഞു, എന്റെ ചില്ലകൾ കൊടുങ്കാറ്റു തല്ലിയൊടിക്കുകയും ചെയ്തു. ഇനി ഇക്കൊല്ലം ഞാൻ പൂവിടുകയേയില്ല.'

'ഒരേയൊരു ചുവന്ന റോസാപ്പൂവേ എനിക്കു വേണ്ടു,' രാപ്പാടി കരഞ്ഞു, ' ഒരേയൊരു ചുവന്ന റോസാപ്പൂവ്! അതു കിട്ടാൻ ഒരു വഴിയുമില്ലേ?'

'ഒരു വഴിയുണ്ട്,' റോസാച്ചെടി പറഞ്ഞു; 'പക്ഷേ അതു നിന്നോടു പറയാൻ എനിക്കു ധൈര്യം വരുന്നില്ല; അത്ര ഭയാനകമാണത്.'

'പറഞ്ഞോളൂ,' രാപ്പാടി പറഞ്ഞു, 'എനിക്കു പേടിയില്ല.'

'ചുവന്ന റോസാപ്പൂവു വേണമെന്നാണെങ്കിൽ,' ചെടി പറഞ്ഞു, 'നിലാവത്തു പാടിപ്പാടി നീയതു വിരിയിച്ചെടുക്കണം, നിന്റെ ഹൃദയരക്തം കൊണ്ട് അതിനു നിറം കൊടുക്കുകയും വേണം. ഒരു മുള്ളിന്മേൽ നെഞ്ചമർത്തിവച്ച് നീയെനിക്കു പാടിത്തരണം. രാത്രി തീരുവോളം നീയെനിക്കു പാടിത്തരണം, മുള്ള് നിന്റെ നെഞ്ചിൽ തറഞ്ഞിറങ്ങണം, നിന്റെ ഹൃദയരക്തം എന്റെ സിരകളിലേക്കൊഴുകണം, അതെന്റേതാകണം.'

'ഒരേയൊരു ചുവന്ന റോസാപ്പൂവിന്‌ എത്ര വലിയൊരു വിലയാണ്‌ മരണം,' രാപ്പാടി കരഞ്ഞു, 'ജീവനാകട്ടെ, എല്ലാവർക്കും അത്ര പ്രിയപ്പെട്ടതും. പച്ചമരങ്ങൾ നിറഞ്ഞ കാവിൽ പൊൻതേരിൽ സൂര്യൻ വരുന്നതും വെള്ളിത്തേരിൽ ചന്ദ്രൻ വരുന്നതും നോക്കിയിരിക്കുക എത്ര സന്തോഷമുള്ള കാര്യമാണ്‌. പരിമളം പൊഴിക്കുന്ന പൂക്കൾ, തടങ്ങളിലൊളിഞ്ഞിരിക്കുന്ന പൂക്കൾ, കാറ്റത്തു കുന്നുമ്പുറത്തുലഞ്ഞാടുന്ന പൂക്കൾ, എത്ര ഹൃദയാവർജ്ജകമാണവ. എന്നാൽ ജീവനെക്കാൾ വിലയേറിയതത്രേ പ്രണയം; ഒരു മനുഷ്യന്റെ ഹൃദയത്തോടു തട്ടിച്ചുനോക്കുമ്പോൾ ഒരു കിളിയുടെ ഹൃദയത്തിലെന്തിരിക്കുന്നു!'

പിന്നെ തവിട്ടുനിറത്തിലുള്ള ചിറകുകളെടുത്ത് അവൾ വായുവിലേക്കുയർന്നു. പൂന്തോട്ടത്തിനു മുകളിലൂടൊരു നിഴൽ പോലെ അവൾ വീശിപ്പോയി, ഒരു നിഴൽ പോലെ തോപ്പിനുള്ളിലൂടവൾ ഊളിയിട്ടു.

ചെറുപ്പക്കാരനായ വിദ്യാർത്ഥി അപ്പോഴും പുൽത്തട്ടിൽ കമിഴ്ന്നുകിടക്കുകയായിരുന്നു, അയാളുടെ മനോഹരമായ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല.

'സന്തോഷപ്പെടൂ,' രാപ്പാടി വിളിച്ചുപറഞ്ഞു, 'സന്തോഷപ്പെടൂ; ചുവന്ന റോസാപ്പൂവു നിനക്കു കിട്ടും. നിലാവത്ത് എന്റെ പാട്ടിൽ നിന്നതു ഞാൻ വിരിയിച്ചെടുക്കും, എന്റെ സ്വന്തം ഹൃദയരക്തം കൊണ്ട് ഞാനതിനു നിറം കൊടുക്കുകയും ചെയ്യും. പകരം ഇതൊന്നേ ഞാൻ നിന്നോടു ചോദിക്കുന്നുള്ളു: നീ നെറിയുള്ള കാമുകനായിരിക്കണം; എന്തെന്നാൽ ജ്ഞാനിയായ തത്ത്വശാസ്ത്രത്തെക്കാൾ ജ്ഞാനിയും ശക്തനായ അധികാരത്തെക്കാൾ ശക്തനുമാണ്‌ പ്രണയം. അഗ്നിവർണ്ണമാണവന്റെ ചിറകുകൾക്ക്, അവന്റെയുടൽ അഗ്നിവർണ്ണവും. അവന്റെ ചുണ്ടുകൾ തേൻ പോലെ മധുരിക്കും, അവന്റെ നിശ്വാസം കുന്തിരിക്കം പോലെ മണക്കും.'

ചെറുപ്പക്കാരൻ പുൽത്തട്ടിൽ നിന്ന് തല പൊന്തിച്ചുനോക്കി;  അവൾ പറഞ്ഞത് അയാൾ കേള്‍ക്കുകയും ചെയ്തു; പക്ഷേ രാപ്പാടി തന്നോടു പറയുന്നതെന്താണെന്ന് അയാൾക്കു മനസ്സിലായില്ല. കാരണം, പുസ്തകങ്ങളിൽ എഴുതിവച്ചതല്ലേ അയാൾക്കു മനസ്സിലാകൂ.

പക്ഷേ ഓക്കുമരത്തിന്‌ അതു മനസ്സിലായി; അതിനു സങ്കടം തോന്നുകയും ചെയ്തു; തന്റെ കൊമ്പുകളിൽ കൂടു കൂട്ടിയ ആ കൊച്ചുരാപ്പാടിയോട് അതിനു വലിയ സ്നേഹമായിരുന്നു.

'അവസാനമായി എനിക്കു വേണ്ടി ഒന്നു പാടൂ,' ഓക്കുമരം മന്ത്രിച്ചു; 'നീ പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടുപോകും.'

അങ്ങനെ രാപ്പാടി ഓക്കുമരത്തിനു പാടിക്കൊടുത്തു; വെള്ളിക്കുടത്തിൽ നിന്നു വെള്ളം കുമിളയിട്ടൊഴുകുന്നതു പോലെയായിരുന്നു അത്.

രാപ്പാടി പാടിത്തീർത്തപ്പോൾ ചെറുപ്പക്കാരൻ എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് ഒരു നോട്ടുബുക്കും പെൻസിലും വലിച്ചെടുത്തു.

'അവളുടെ പാട്ടിനു രൂപമുണ്ടെന്നു സമ്മതിക്കാം,' തോപ്പിനു പുറത്തേക്കു നടക്കുമ്പോൾ അയാൾ സ്വയം പറഞ്ഞു, 'പക്ഷേ അതിൽ ഭാവമുണ്ടോ? ഇല്ലെന്നെനിക്കു പറയേണ്ടിവരുന്നു. വാസ്തവത്തിൽ മിക്ക കലാകാരന്മാരെയും പോലെയാണവൾ- ആത്മാർത്ഥതയില്ലാത്ത വെറും ശൈലീവൈചിത്ര്യം. അന്യർക്കു വേണ്ടി അവൾ ഒരിക്കലും സ്വയം ബലി കൊടുക്കില്ല. അവൾക്കു സംഗീതത്തെക്കുറിച്ചേ ചിന്തയുള്ളു; കലകൾ സ്വാർത്ഥികളാണെന്ന് ഏവർക്കും അറിയുകയും ചെയ്യാം. എന്നാൽക്കൂടി അവളുടെ ശബ്ദത്തിൽ മനോഹരമായ ചില സ്വരങ്ങളുണ്ടെന്നതു സമ്മതിച്ചേ പറ്റു. എത്ര ദയനീയമാണ്‌, അവ യാതൊന്നും അർത്ഥമാക്കുന്നില്ലെന്നത്, നിത്യജീവിതത്തിൽ അവ കൊണ്ടു പ്രയോജനമൊന്നും ഇല്ലെന്നത്.' അയാൾ  മുറിയിൽ ചെന്ന് തന്റെ കൊച്ചു പലകക്കട്ടിലിൽ കിടന്നുകൊണ്ട് താൻ സ്നേഹിക്കുന്നവളെ കുറിച്ചാലോചിക്കാൻ തുടങ്ങി; അല്പനേരം കഴിഞ്ഞ് അയാൾ ഉറക്കം പിടിക്കുകയും ചെയ്തു.

ചന്ദ്രൻ ആകാശത്തുദിച്ചുയർന്നപ്പോൾ രാപ്പാടി റോസാച്ചെടിക്കടുത്തേക്കു പറന്നുചെന്ന് മുള്ളിന്മേൽ തന്റെ നെഞ്ചമർത്തി. രാത്രി മുഴുവൻ മുള്ളു തറച്ച നെഞ്ചുമായി അവൾ പാടി; തണുത്ത പളുങ്കുചന്ദ്രൻ കുനിഞ്ഞുനോക്കി അതു കാതോർത്തുകേട്ടു. രാത്രി മുഴുവൻ അവൾ പാടി; മുൾമുന അവളുടെ നെഞ്ചിൽ ആഴത്തിലാഴത്തിൽ തറച്ചുകേറുകയായിരുന്നു; അവളുടെ ജീവരക്തം അവളിൽ നിന്നു വാർന്നുപോവുകയായിരുന്നു.

അവൾ ഒന്നാമതായി പാടിയത് ഒരു ബാലന്റെയും ഒരു ബാലികയുടെയും ഹൃദയത്തിൽ സ്നേഹം ഉദയം കൊള്ളുന്നതിനെക്കുറിച്ചായിരുന്നു. അപ്പോൾ റോസാച്ചെടിയുടെ ഏറ്റവും തലപ്പത്തെ കൊമ്പിൽ ഒരത്ഭുതപുഷ്പം മൊട്ടിട്ടു; ഓരോ ഗാനത്തിനുമൊപ്പം ഓരോ ഇതളായി അതു വിടർന്നുവിടർന്നു വന്നു. ആദ്യം അതിനൊരു വിളറിയ നിറമായിരുന്നു- പുഴയ്ക്കു മേൽ തങ്ങിനില്ക്കുന്ന മൂടൽമഞ്ഞുപോലെ- പുലരിയുടെ പാദങ്ങൾ പോലെ വിളറിയ നിറം, ഉദയത്തിന്റെ ചിറകുകൾ പോലെ വെള്ളിനിറം. ഒരു വെള്ളിക്കണ്ണാടിയിൽ തെളിയുന്ന റോസാപ്പൂവിന്റെ നിഴലു പോലെ, ഒരു ജലാശയത്തിൽ കാണുന്ന റോസാപ്പൂവിന്റെ നിഴലു പോലെ- റോസാച്ചെടിയുടെ തലപ്പത്തു വിടർന്ന ആ പൂവ് അങ്ങനെയൊന്നായിരുന്നു.

മുള്ളിനോടൊന്നുകൂടി അമർന്നു നില്ക്കാൻ റോസാച്ചെടി രാപ്പാടിയോടു വിളിച്ചുപറഞ്ഞു. 'ഒന്നുകൂടി ചേർന്നുനില്ക്കൂ, കൊച്ചുരാപ്പാടീ,' അതു തിടുക്കപ്പെടുത്തി, 'അല്ലെങ്കിൽ റോസാപ്പൂവു പൂർണ്ണമാകും മുമ്പേ പകലിങ്ങെത്തുമേ!'

അതിനാൽ രാപ്പാടി ഒന്നുകൂടി മുള്ളിനോടമർന്നു നിന്നു; അവളുടെ ഗാനം ഉച്ചത്തിലുച്ചത്തിലായി; കാരണം അവൾ അപ്പോൾ പാടിയത് ഒരു പുരുഷന്റെയും സ്ത്രീയുടെയും ആത്മാവിൽ അഭിനിവേശം ജന്മമെടുക്കുന്നതിനെക്കുറിച്ചായിരുന്നു.

ഈ നേരത്ത് റോസാച്ചെടിയുടെ ഇലകളിൽ ഒരു നേർത്ത തുടുപ്പു പടർന്നു; മണവാട്ടിയെ ചുംബിക്കുമ്പോൾ മണവാളന്റെ മുഖം തുടുക്കുന്നപോലെ. മുള്ളു പക്ഷേ, അവളുടെ ഹൃദയത്തിലേക്കിനിയുമെത്തിയിട്ടില്ല; അതിനാൽ പൂവിന്റെ ഹൃദയം വെളുത്തു തന്നെയിരുന്നു; എന്തെന്നാൽ ഒരു രാപ്പാടിയുടെ ഹൃദയരക്തം തന്നെ വേണം ഒരു റോസാപ്പൂവിന്റെ ഹൃദയത്തിനു ചുവന്നുതുടുക്കാൻ.

മുള്ളിനോടൊന്നുകൂടി അമർന്നു നില്ക്കാൻ റോസാച്ചെടി രാപ്പാടിയോടു വിളിച്ചുപറഞ്ഞു. 'ഒന്നുകൂടി ചേർന്നുനില്ക്കൂ, കൊച്ചുരാപ്പാടീ,' അതു തിടുക്കപ്പെടുത്തി, 'അല്ലെങ്കിൽ റോസാപ്പൂവു പൂർണ്ണമാകും മുമ്പേ പകലിങ്ങെത്തുമേ!'

അതിനാൽ രാപ്പാടി മുള്ളിനോടു പിന്നെയും ചേർന്നമർന്നു നിന്നു; മുൾമുന അവളുടെ ഹൃദയത്തിൽ തൊട്ടതും രൂക്ഷമായ ഒരു വേദന അവളുടെ ഉടലിലൂടെ പാഞ്ഞുപോയി. കഠിനം, കഠിനമായിരുന്നു, വേദന; വന്യം വന്യമായിരുന്നു, അവൾ പാടിയ ഗാനവും; എന്തെന്നാൽ അവൾ പാടിയത് മരണം പൂർണ്ണത നല്കുന്ന പ്രണയത്തെക്കുറിച്ചായിരുന്നു, കുഴിമാടത്തിലും മരണമടയാത്ത പ്രണയത്തെക്കുറിച്ചായിരുന്നു.

അതാ, ആ ആശ്ചര്യപുഷ്പം രക്തവർണ്ണം പകർന്നു, കിഴക്കൻമാനത്തിന്റെ അരുണവർണ്ണം പോലെ. രക്തവർണ്ണമായിരുന്നു, ഇതളടരുകൾക്ക്; മാണിക്യം പോലെ രക്തവർണ്ണമായിരുന്നു ഹൃദയം.

പക്ഷേ രാപ്പാടിയുടെ ശബ്ദം ദുർബലമാവുകയായിരുന്നു, അവളുടെ കുഞ്ഞുചിറകുകൾ പിടഞ്ഞു, അവളുടെ കണ്ണുകൾക്കു മേൽ ഒരു പാട വന്നു മൂടി. അവളുടെ ഗാനം പിന്നെയും ദുർബലമാവുകയായിരുന്നു, തന്റെ തൊണ്ടയിൽ എന്തോ കുരുങ്ങുന്ന പോലെ അവൾക്കു തോന്നി.

പിന്നെയവൾ അവസാനമായൊരു ഗാനം പാടി. വെളുത്ത ചന്ദ്രൻ അതു കേട്ടു; സൂര്യോദയം പോലും മറന്ന് അതു മാനത്തു തങ്ങിനിന്നു. ചുവന്ന റോസാപ്പൂവതു കേട്ടു; പ്രഹർഷം കൊണ്ട് അതു വിറ പൂണ്ടു; തണുത്ത പ്രഭാതവായുവിലേക്ക് അതിന്റെ ഇതളുകൾ വിടർന്നു. മാറ്റൊലി ആ ഗാനത്തെ കുന്നുകളിൽ തന്റെ ഗുഹകളിലേക്കു കൊണ്ടുപോയി; അതു കേട്ട ആട്ടിടയന്മാർ സ്വപ്നങ്ങളിൽ നിന്നു ഞെട്ടിയുണർന്നു. ആറ്റുവക്കത്തെ ഓടപ്പുല്ലുകളിലേക്കതൊഴുകി; അവർ ആ സന്ദേശം കടലിനെത്തിച്ചുകൊടുത്തു.

'നോക്കൂ, നോക്കൂ,' റോസാച്ചെടി ആർത്തുവിളിച്ചു, 'റോസാപ്പൂവു പൂർണ്ണമായിരിക്കുന്നു!' പക്ഷേ രാപ്പാടി മറുപടിയൊന്നും പറഞ്ഞില്ല; കാരണം, ഹൃദയത്തിൽ തറഞ്ഞ മുള്ളുമായി നീളൻ പുല്ലുകൾക്കിടയിൽ അവൾ മരിച്ചുകിടക്കുകയായിരുന്നു.

ഉച്ചയായപ്പോൾ വിദ്യാർത്ഥി ജനാല തുറന്ന് പുറത്തേക്കു നോക്കി.

'അല്ലാ, എന്തൊരു ഭാഗ്യമാണിത്!' അയാൾ ആര്‍ത്തുവിളിച്ചു; 'ഇതാ, ഒരു ചുവന്ന റോസാപ്പൂവ്! ഇങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇത മനോഹരമായ സ്ഥിതിയ്ക്ക് അതിനൊരു നീണ്ട ലാറ്റിൻ പേരുണ്ടാവുമെന്നതിൽ സംശയംവേണ്ട.' എന്നിട്ടയാൾ കുനിഞ്ഞ് അതു പറിച്ചെടുത്തു.

പിന്നെ അയാൾ തൊപ്പിയെടുത്ത് തലയിൽ വച്ച്, കൈയിൽ പൂവുമായി പ്രൊഫസ്സറുടെ വീട്ടിലേക്കോടി.

പ്രൊഫസറുടെ മകൾ വാതില്ക്കലിരുന്ന് ഒരു കഴിയിൽ നീലപ്പട്ടുനൂൽ ചുറ്റുകയായിരുന്നു; അവളുടെ കൊച്ചുനായ കാല്ക്കൽ കിടപ്പുണ്ടായിരുന്നു.

'ഒരു ചുവന്ന റോസാപ്പൂവുമായി വന്നാൽ എന്റെ കൂടെ നൃത്തം ചെയ്യാമെന്നല്ലേ നീ പറഞ്ഞത്,' അയാൾ വിളിച്ചുപറഞ്ഞു; 'ഇതാ, ലോകത്തേറ്റവും ചുവന്ന റോസാപ്പൂവ്! ഇന്നു രാത്രിയിൽ നീയത് നിന്റെ ഹൃദയത്തിനടുത്തു കുത്തിവയ്ക്കണം; നാമൊരുമിച്ചു നൃത്തം ചെയ്യുമ്പോൾ അതു നിനക്കു പറഞ്ഞുതരും, ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്ന്.'

പക്ഷേ പെൺകുട്ടി മുഖം ചുളിക്കുകയാണു ചെയ്തത്.

'ഇതെന്റെ വേഷത്തിനു ചേരില്ലെന്നു തോന്നുന്നു,' അവൾ പറഞ്ഞു; 'അതുമല്ല, അധികാരിയുടെ അനന്തരവൻ നല്ല കുറേ ആഭരണങ്ങൾ കൊടുത്തയക്കുകയും ചെയ്തിരിക്കുന്നു; പൂക്കളെക്കാൾ എത്രയോ വില കൂടുതലാണ്‌ ആഭരണങ്ങൾക്കെന്ന് ആർക്കാണറിയാത്തത്.'

'അങ്ങനെയാണല്ലേ, നീ വെറും നന്ദി കെട്ടവളാണെന്നു ഞാൻ ആണയിട്ടു പറയുന്നു,' കോപത്തോടെ വിദ്യാർത്ഥി പറഞ്ഞു; എന്നിട്ടയാൾ പൂവെടുത്തു തെരുവിലേക്കെറിഞ്ഞു; ഒരോടയിൽ ചെന്നുവീണ അതിനു മേൽ ഒരു വണ്ടിച്ചക്രം കയറിയിറങ്ങുകയും ചെയ്തു.

'നന്ദി കെട്ടവൾ!' പെൺകുട്ടി പറഞ്ഞു. 'ഞാനൊന്നു പറയട്ടെ, വെറും പരുക്കനാണു നിങ്ങൾ. അതിരിക്കട്ടെ, നിങ്ങൾ ആരാണ്‌? വെറുമൊരു വിദ്യാർത്ഥി. അധികാരിയുടെ മരുമകനുള്ള പോലെ ഷൂസിൽ വെള്ളിബക്കിളു പോലും നിങ്ങൾക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല;' ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അവൾ വീട്ടിനകത്തേക്കു പോയി.

'എന്തു വില കെട്ട സാധനമാണ്‌, ഈ പ്രണയമെന്നു പറയുന്നത്,' നടന്നുപോകുമ്പോൾ വിദ്യാർത്ഥി പറഞ്ഞു. 'തര്‍ക്കശാസ്ത്രത്തിന്റെ പാതിപ്രയോജനം അതു കൊണ്ടില്ല; കാരണം അതൊന്നും തെളിയിക്കുന്നില്ലല്ലൊ. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ്‌ അതു നിങ്ങളോടു പറയുന്നത്, സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ അതു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വാസ്തവം പറഞ്ഞാൽ തീരെ അപ്രായോഗികമാണത്; ഇക്കാലത്താകട്ടെ, പ്രായോഗികതയാണ്‌ എല്ലാം. ഞാൻ തത്ത്വശാസ്ത്രത്തിലേക്കു മടങ്ങുകയാണ്‌; എനിക്ക് അതിഭൌതികശാസ്ത്രം പഠിക്കണം.'

അങ്ങനെ അയാൾ തന്റെ മുറിയിൽ മടങ്ങിയെത്തി പൊടി പിടിച്ച ഒരു തടിയൻ പുസ്തകം വലിച്ചെടുത്ത് വായന തുടങ്ങി.


(1888)

Friday, February 20, 2015

പ്രണയലേഖനങ്ങൾ(18)- അൽബൻ ബർഗ്

alban berg[4]helene_thumb[17]


എന്റെ മുറിയിൽ സൌമ്യമായൊരു പരിമളം തങ്ങിനില്ക്കുന്നു. നിന്റെ മനോഹരമായ മൂടുപടമെടുത്തു മുഖത്തണയ്ക്കുമ്പോൾ നിന്റെ ഊഷ്മളമായ മധുരനിശ്വാസം ഞാനറിയുന്നു. ഇന്നലെ നീ ഇറുത്തെടുത്തുതന്ന വയലറ്റുകൾ എന്റെ ബട്ടൺ ഹോളിലിരുന്നു വാടിപ്പോയെങ്കിലും ഇന്നവ വീണ്ടും വിടർന്നു നില്ക്കുന്നു, അവയിൽ നിന്നു നേർത്തൊരു പുതുമണം പരക്കുന്നു. സോഫയിലെ മെത്തയും ജനാലയ്ക്കലെ കസേരയും നിന്റേതാണു ഹെലൻ, നിന്റെ സാന്നിദ്ധ്യത്തോടു ബന്ധപ്പെട്ടവയാണവ. എന്റെ മുറിയിലുള്ള സർവതും അങ്ങനെതന്നെ: മുന്നിൽ നിന്നു നീ മുടിയൊതുക്കിയ കണ്ണാടി; അത്ര ഗൌരവത്തോടെ (നമ്മുടെ ഏറ്റവും ആഹ്ളാദകരമായ നിമിഷങ്ങളിൽ പോലും) നീ പുറത്തേക്കു നോക്കിനിന്ന ജനാല; നിന്റെ മുടിയിഴകളിൽ പൊന്നു പൂശിയ പോക്കുവെയിലിന്റെ വിളർത്ത കതിരുകൾ; സ്റ്റൌവിൽ ആളീക്കത്തിയ തീനാളങ്ങൾ; കട്ടിലിൻ തലയ്ക്കലെ മേശ മേലിട്ടിരുന്ന കൊച്ചുവിരി- എല്ലാം, എല്ലാം നിന്റേതു തനെ.

ഞാൻ തന്നെ പൂർണ്ണമായും നിന്റെയൊരു ‘സൃഷ്ടി’യാണെന്നു കാണുമ്പോൾ അതിൽ അത്ഭുതപ്പെടാനുമില്ല. എന്റെ സകല സമ്പാദ്യങ്ങളും, എന്റെ ചിന്ത തന്നെയും, നിന്നിൽ നിന്നൊരു വായ്പയോ വരമോ ആണ്‌. ഉദാഹരണത്തിന്‌, രാവിലെ വേഷം മാറിക്കൊണ്ടു നില്ക്കുമ്പോൾ ഒരു വിഷയമോ ഭാവമോ ഒരീണമങ്ങനെ തന്നെയോ മനസ്സിലുദിച്ചുവെന്നിരിക്കട്ടെ- നിന്നിൽ നിന്നതു പറന്നുവന്നതായിട്ടേ എനിക്കെന്നും തോന്നിയിട്ടുള്ളു. എല്ലാക്കാര്യത്തിലും അങ്ങനെ തന്നെയാണ്‌: സാധാരണയിൽ നിന്നു വ്യത്യസ്തമായതെന്തെങ്കിലും വായിക്കുമ്പോൾ അതിലെ ക്ളിഷ്ടമായ ഭാഗങ്ങൾ എനിക്കു മനസ്സിലാകുന്നതും അതിലെ നിഗൂഢതകളിലേക്കെനിക്കു വെളിച്ചം കിട്ടുന്നതും നിന്നിലൂടെ മാത്രമാണെന്നു ഞാൻ സങ്കല്പിച്ചുപോകുന്നു, ഹെലൻ. വായന എന്നു ഞാൻ പറഞ്ഞത് വ്യാപകമായ അർത്ഥത്തിലാണ്‌. സൂക്ഷ്മവേദിയായ ഒരു വായനക്കാരന്റെ കണ്ണുകൾ വച്ചു  ഞാൻ പ്രകൃതിയെ നോക്കുമ്പോൾ, സംഗീതത്തിനു കാതു കൊടുക്കുമ്പോൾ, ഒരു ചിത്രം കാണുമ്പോൾ- നിന്നിലൂടെ മാത്രം എനിക്കുള്ളിൽ ജീവൻ വച്ചതിന്റെയൊക്കെ ഒരു പട്ടിക പക്ഷേ, ഞാനെന്തിനു നിരത്തണം?

ഹെലൻ, നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും!

ഞാൻ പൂർണ്ണമായും നിന്റെയാണ്‌


(ഓസ്ട്രിയൻ സംഗീതജ്ഞനായ അൽബൻ മരിയ യൊഹാനസ് ബർഗ്, ഗായികയായഹെലൻ നഹോവ്സ്കിക്കെഴുതിയത്- 1909)

 

 

Thursday, February 19, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു


നമ്മുടെ പ്രണയമൊരു ദുരന്തനാടകമായിരുന്നു,images
അതേ സമയമതൊരു പ്രഹസനവുമായിരുന്നു;
കളിയുടെയും കാര്യത്തിന്റെയും വിചിത്രമിശ്രത്തിൽ നിന്നും
കണ്ണീരും ചിരിയും നമുക്കാവോളം കിട്ടുകയും ചെയ്തു.

മോശമായതു പക്ഷേ, നാടകാന്ത്യമായിരുന്നു:
അവസാനരംഗവും കഴിഞ്ഞു തിരശ്ശീല താഴുമ്പോൾ
കണ്ണീരും ചിരിയും രണ്ടും നിനക്കു ശേഷിച്ചിരുന്നു,
എനിക്കു ശേഷിച്ചതു കണ്ണീരു മാത്രമായിരുന്നു.

(റീമ 31)


Wednesday, February 18, 2015

അനൂപ് ഭാർഗവ് - നീ


images

നീ കടൽത്തീരമായിരുന്നു,
ഞാൻ നിന്നെ ചുംബിക്കാനുയർന്ന
ദാഹാർത്തനായ കടൽത്തിരയും.
പാറക്കെട്ടു പോലുറപ്പോടെ
എന്നുമെന്നപോലെ നീ നിന്നു;
ഞാൻ മാത്രമോരോ തവണയും
നിന്നെയൊന്നു തൊടുന്നു,
പിന്നെ പിൻവാങ്ങുന്നു.


Monday, February 16, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - ആത്മാവിന്റെ രാത്രിയിൽ...

 

31889200


ആത്മാവിന്റെ രാത്രിയിൽ പ്രഭാതത്തിന്റെ വരവറിയിക്കുന്ന
വിചിത്രവും ഗംഭീരവുമായ ഒരു കീർത്തനമെനിക്കറിയാം;
ആ കീർത്തനത്തിന്റെ സ്വരാവലികളാണിവ,
കാറ്റിൽ നിഴലുകളിലേക്കലിഞ്ഞിറങ്ങിയവ.
അതിനെ കൈക്കലാക്കാനെത്ര ഞാൻ മോഹിക്കുന്നു,
ദരിദ്രവും അപര്യാപ്തവുമായ മനുഷ്യഭാഷയിൽ,
ഒരേ നേരം ചിരിയും നെടുവീർപ്പുകളുമായ,
നിറങ്ങളും സ്വരങ്ങളുമായ വാക്കുകളിൽ!
എന്റെ യത്നങ്ങൾ പക്ഷേ, നിഷ്ഫലമത്രേ;
അതുൾക്കൊള്ളാനൊരു വാക്കിനുമാവില്ല;
സൌന്ദര്യമേ, നിന്റെ കൈ കവരാനെനിക്കായെങ്കിൽ
സ്വകാര്യത്തിലതു ഞാൻ നിനക്കോതിത്തരുമായിരുന്നു!
(റീമ 1)


Friday, February 13, 2015

ബേൺഡ് ലീഷൺബേർഗ് - ഒരു ഹ്രസ്വയാത്ര


1441415_1013953885300566_8995025448619264954_n



കാവിനുള്ളിലെ വെളിമ്പുറത്തു നിശബ്ദതയ്ക്കു കാതു കൊടുത്തു നില്ക്കുമ്പോൾ ഒരു മരക്കുറ്റിയ്ക്കു മേൽ ഒരുറുമ്പിനെ ഞാൻ കണ്ടു; ഒരുറുമ്പുജീവിതത്തിലെ പ്രാതികൂല്യങ്ങളോടു മല്ലടിക്കുകയാണത്; ഉറുമ്പുലോകത്തെ ഒരറ്റത്തു നിന്ന് ഉറുമ്പുലോകത്തെ മറ്റൊരറ്റത്തേക്ക് ഒരു തുണ്ടു ഭക്ഷണം ചുമന്നുകൊണ്ടുപോവുക എന്ന ദൌത്യം നിറവേറ്റുകയാണത്; പക്ഷേ ഉറുമ്പു താങ്ങിയെടുത്തുകൊണ്ടുപോകുന്ന വസ്തുവിന്റെ വലിപ്പക്കുറവു കാരണവും എന്റെ കണ്ണുകളുടെ സൂക്ഷ്മതക്കുറവു കാരണവും എനിക്കൊട്ടും തീർച്ചയാക്കാനാകുന്നില്ല, ഒരു തുണ്ടു ഭക്ഷണത്തിനു പകരം അത് ഷേക്സ്പിയറുടെ സമാഹൃതകൃതികളുടെ ഒരു കുഞ്ഞുപതിപ്പാണോയെന്ന്; അല്ലെങ്കിൽ ഓവിഡിന്റെ മെറ്റമോർഫോസിസിന്റെ പുതിയൊരു വിവർത്തനമാണോയെന്ന്; അല്ലെങ്കിൽ സെർവാന്റെസിന്റെ ഡോൺ ക്വിക്സോട്ട് ആയിക്കൂടേ? അതത്ര നമ്മെ അമ്പരപ്പിക്കണമെന്നുമില്ല, ഒരുറുമ്പിന്റെ ജീവിതം, സംക്ഷിപ്തമായി പറഞ്ഞാൽ, രാക്ഷസന്മാരെന്നു തോന്നിക്കുന്ന കാറ്റാടിമില്ലുകളോടുള്ള നിരന്തരയുദ്ധമല്ലാതൊന്നുമല്ലെന്നോർക്കുമ്പോൾ.


ഉറുമ്പിന്റെ വായനാവിഭവത്തെക്കുറിച്ച് ഈവിധം ആലോചിച്ചുനില്ക്കെ, ഞാൻ ഓർത്തുപോവുകയാണ്‌, കുട്ടിയായിരിക്കുമ്പോൾ വീടിന്റെ മട്ടുപ്പാവിലൂടെ അവന്റെ ജാതിക്കാരുടെ യാത്രയെ ഒരു ഭൂതക്കണ്ണാടി വച്ചു ഞാൻ വിഘാതപ്പെടുത്തിയിരുന്നു; അതു പക്ഷേ, അവർ വായിക്കുന്നതെന്താണെന്നു കണ്ടുപിടിക്കാൻ വേണ്ടിയായിരുന്നില്ല; ഫിസിക്സ് ക്ളാസ്സിൽ വച്ചു ഞാൻ പഠിച്ച ഒരവകാശവാദത്തിന്റെ സത്യാവസ്ഥ ഉറപ്പു വരുത്താൻ വേണ്ടിയായിരുന്നു: അതെന്താണെന്നാൽ, ഉറുമ്പിനെ കേന്ദ്രബിന്ദുവാക്കി സൂര്യരശ്മികളെ ഒരു പ്രത്യേകതരത്തിൽ സഞ്ചയിച്ചാൽ ഒരു മൊരിഞ്ഞ നിർവ്വാണത്തിലേക്ക് നിങ്ങൾക്കതിനെ നേരേ കടത്തിവിടാമെന്ന്. രാക്ഷസന്മാർ ശരിക്കുമുണ്ട്, ഒരുറുമ്പിന്റെ ജീവിതത്തിലെങ്കിലും.


Bernd Lichtenberg ജർമ്മൻ തിരക്കഥാകൃത്തും സംവിധായകനും.

ബോദ്‌ലേർ - നികൃഷ്ടഭിക്ഷു

പണ്ടുകാലത്തെ സന്ന്യാസാശ്രമങ്ങളുടെ ചുമരുകൾ
സത്യവേദത്തിന്റെ ഉചിതചിത്രശാലകളായിരുന്നു,
ഭക്തി മുഴുത്ത ഹൃദയങ്ങൾക്കതൊരാനന്ദമായിരുന്നു,
ആശ്രമകാർക്കശ്യത്തിനതൊരയവും നല്കിയിരുന്നു.

സുവിശേഷത്തിന്റെ വിത്തുകൾ മുളച്ചുതഴച്ച നാളുകളിൽ
എത്രയോ സന്ന്യാസിമാർ, ഇന്നാരുമോർക്കാത്തവർ,
ശവപ്പറമ്പുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടവർ,
സരളമായ വരകളാൽ മരണത്തെ മഹത്വപ്പെടുത്തിയിരുന്നു.

ആത്മാവെന്ന കുഴിമാടത്തിൽ ഞാനുമൊരാശ്രമവാസി:
അലഞ്ഞ യാത്രയ്ക്കു നിത്യമായി വിധിക്കപ്പെട്ടവൻ;
ഈ നികൃഷ്ടാശ്രമത്തിന്റെ ചുമരുകളെപ്പക്ഷേ യാതൊന്നുമലങ്കരിക്കുന്നില്ല.

മടിയനായ സന്ന്യാസി! ഇനിയെന്നാണു ഞാൻ പഠിക്കുക,
എന്റെ ജീവിതമെന്ന യാതനാനാടകത്തെ
സ്വന്തം കൈ കൊണ്ടു വരയ്ക്കാൻ, അതു കണ്ടാനന്ദിക്കാൻ?

(പാപത്തിന്റെ പൂക്കൾ)

 

Wednesday, February 4, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ- ഞാനെവിടെ നിന്നു വരുന്നുവെന്നോ?

15261


ഞാനെവിടെ നിന്നു വരുന്നുവെന്നോ?
ഉള്ളതിൽ വച്ചേറ്റവും ചെങ്കുത്തായ പാത കണ്ടുപിടിക്കൂ;
മുരത്ത പാറപ്പരപ്പിൽ ചോര വീണ കാല്പാടുകൾ നിങ്ങൾ കാണും:
കൂർത്ത മുള്ളുകളിൽ ഒരാത്മാവിന്റെ കീറത്തുണികൾ കോർത്തുകിടക്കും;
അവ നിങ്ങൾക്കു പറഞ്ഞുതരും, എന്റെ തൊട്ടിലാടിയതെവിടെയെന്ന്.
ഞാൻ പോകുന്നതെവിടെയ്ക്കെന്നോ?
തരിശ്ശുനിലങ്ങളിൽ വച്ചേറ്റവുമിരുണ്ടതിലേക്കു ചെല്ലൂ:
എന്നും മഞ്ഞുറഞ്ഞ, എന്നും വിഷാദം മൂടിയ താഴ്‌വാരം;
ഒരു ലിഖിതവുമില്ലാത്തൊരു ശിലാഫലകം നിങ്ങളവിടെക്കാണും;
ആ വിസ്മൃതി നിങ്ങൾക്കു പറഞ്ഞുതരും, അതാണെന്റെ കുഴിമാടമെന്ന്.
(റീമ 66)


Monday, February 2, 2015

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റിൽക്കെ അയച്ച കത്തുകൾ - 5

116659


റോം, 1903 ഒക്റ്റോബർ 29

പ്രിയപ്പെട്ട സർ,

ഓഗസ്റ്റ് 29ലെ താങ്കളുടെ കത്ത് ഫ്ളോറൻസിൽ വച്ച് എനിക്കു കിട്ടിയിരുന്നു; രണ്ടു മാസത്തിനു ശേഷം ഇപ്പോഴാണ്‌ ഞാൻ ആ വിവരം താങ്കളോടു പറയുന്നത്. ഈ അലംഭാവം താങ്കൾ പൊറുക്കണം. യാത്ര ചെയ്യുമ്പോൾ കത്തെഴുതുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല; കാരണം, അത്യാവശ്യം വേണ്ട ഉപകരണങ്ങൾ മാത്രം പോര, എനിക്കു കത്തെഴുതാൻ: അല്പം സ്വസ്ഥത, ഏകാന്തത, വീണുകിട്ടിയതല്ലാത്ത ഒരു മണിക്കൂറെങ്കിലും സമയം- ഇത്രയും എനിക്കു വേണം.

ആറാഴ്ചയോളം മുമ്പ് ഞങ്ങൾ റോമിലെത്തി; ഉഷ്ണിക്കുന്ന, ജ്വരത്തിനു കുപ്രസിദ്ധമായ, സഞ്ചാരികളുടെ വരവു തുടങ്ങുന്നതിനു മുമ്പുള്ള സമയം. ഈ സാഹചര്യവും താമസസൌകര്യം സംബന്ധിച്ച ചില വൈഷമ്യങ്ങളും കൂടി ഞങ്ങൾക്കു സമ്മാനിച്ചത് ഒരിക്കലും മോചനമില്ലെന്നു തോന്നിയ ഒരു സ്വസ്ഥതകേടാണ്‌; വീടില്ലാത്തതിന്റെ ഭാരത്തിനൊപ്പം ഒരന്യദേശത്തിന്റെ അപരിചിതത്വവും ഞങ്ങൾക്കു താങ്ങേണ്ടിവന്നു. തന്നെയുമല്ല, ആദ്യത്തെ ചില നാളുകളിൽ  കടുത്ത വിഷാദത്തിലേക്കു നിങ്ങളെ തള്ളിവിടുന്ന സ്വഭാവവുമുണ്ട് റോമിന്‌: കാഴ്ചബംഗ്ളാവിലേതെന്നപോലെ ജീവനറ്റതും ദാരുണവുമായ ആ അന്തരീക്ഷം കാരണം; ഉത്ഖനനം ചെയ്തെടുത്ത് അതീവശ്രദ്ധയോടെ സൂക്ഷിച്ചുപോരുന്ന ഭൂതകാലങ്ങളുടെ (വർത്തമാനകാലത്തിന്റെ ചെറിയൊരംശം അതുകൊണ്ടു ജീവിച്ചുപോരുന്നുമുണ്ട്) സമൃദ്ധി കാരണം; മറ്റൊരു കാലത്തിന്റേതായ, നമ്മുടേതല്ലാത്തതും നമ്മുടേതാകരുതാത്തതുമായ ഒരു ജീവിതത്തിന്‍റെ യാദൃച്ഛികാവശിഷ്ടങ്ങൾ മാത്രമാണ്‌ വിരൂപമാക്കപ്പെട്ടതും തകർന്നുടഞ്ഞതുമായ ആ വസ്തുക്കൾ; പക്ഷേ, പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും ടൂറിസ്റ്റുകളുമുൾപ്പെടെ മിക്കവരും വേണ്ടതിലധികം മൂല്യമാണ്‌ അവയ്ക്കു ചാർത്തിക്കൊടുക്കുന്നത്.

ഒടുവിൽ ആഴ്ചകൾ നീണ്ട പ്രതിരോധത്തിനു ശേഷം നിങ്ങൾ സ്വയം കണ്ടെടുക്കുകയാണ്‌ (ആശയക്കുഴപ്പം പൂർണ്ണമായി മാറിയിട്ടിലെങ്കില്ക്കൂടി); നിങ്ങൾ സ്വയം പറയുകയാണ്‌: ഇല്ല, മറ്റെവിടെയുമുള്ളതിലധികം സൌന്ദര്യം ഇവിടെയില്ല. തലമുറകളുടെ നിരന്തരമായ ആരാധനയ്ക്കു പാത്രമായ, പണിക്കാർ കേടു പോക്കിയെടുത്ത ഈ വസ്തുക്കൾ ഒരർത്ഥവും ഉൾക്കൊള്ളുന്നില്ല, അവ ഒന്നുമല്ല; അവയ്ക്കു ഹൃദയവുമില്ല, മൂല്യവുമില്ല.

പക്ഷേ ഇവിടെ ഒരുപാടു സൌന്ദര്യമുണ്ട്, എവിടെയും ഒരുപാടു സൌന്ദര്യമുണ്ട് എന്നതിനാൽ. ഒടുങ്ങാത്ത ഓജസ്സോടെ പ്രാക്തനമായ ജലനാളികളിലൂടെ മഹാനഗരത്തിലേക്കൊഴുകിയെത്തുന്ന വെള്ളം; നഗരചത്വരങ്ങളിലെ വെണ്ണക്കൽത്തളികകളിൽ നൃത്തം വച്ചുകൊണ്ടതു പരന്നൊഴുകുന്നു, വിശാലമായ താമ്പാളങ്ങളിൽ അതു തളം കെട്ടുന്നു, പകൽനേരത്തെ അതിന്റെ നേർത്ത മർമ്മരം രാത്രിയിൽ ഉച്ചത്തിലാകുന്നു. രാത്രികൾ ഇവിടങ്ങളിൽ വിപുലവും നക്ഷത്രാവൃതവും ഇളംകാറ്റുകളാൽ സൌമ്യവുമാണ്‌. പിന്നെ ഉദ്യാനങ്ങളുണ്ട്, ഓർമ്മയിൽ നിന്നു മായാത്ത നടക്കാവുകളുണ്ട്. പിന്നെ കല്പടവുകളുണ്ട്, മൈക്കലാഞ്ജലോ ഭാവന ചെയ്ത പടവുകൾ, ഒഴുകിയിറങ്ങുന്ന ജലം പോലെ പണിതെടുത്ത പടവുകൾ, പരന്നിറങ്ങിപ്പോകുമ്പോൾ തിരയിൽ നിന്നു തിരയെന്നപോലെ ഒന്നിൽ നിന്നൊന്നു പിറവിയെടുക്കുന്ന പടവുകൾ. മനസ്സിൽ പതിയുന്ന ഈ തരം ബിംബങ്ങളുടെ സഹായത്തോടെ നാം മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുകയാണ്‌, ബഹുലതകളുടെ സംസാരങ്ങളിലും ജല്പനങ്ങളിലും നിന്ന് സ്വയം രക്ഷപ്പെടുത്തുകയാണ്‌. (എത്ര വാചാലമാണവ!) ക്രമേണ നമ്മൾ പഠിക്കുന്നു, നിത്യത വസിക്കുന്ന ചുരുക്കം ചില വസ്തുക്കളെ (നമുക്കവയെ സ്നേഹിക്കാനാകും), ഏകാന്തമായതൊന്നിനെ (നമുക്കതിന്റെ ഭാഗവുമാകാം) തിരിച്ചറിയാൻ.

ഇപ്പോഴും ഞാൻ നഗരത്തിൽ തന്നെയാണു താമസം, ക്യാപിറ്റോളിൽ; റോമൻ കലയിൽ നിന്നു നമുക്കു കിട്ടിയ അതിമനോഹരമായ ആ അശ്വാരൂഢപ്രതിമയിൽ നിന്ന് - മാർക്കസ് ഓറേലിയസിൽ നിന്ന്-  അധികം അകലെയല്ലാതെ. പക്ഷേ ചില ആഴ്ചകൾക്കുള്ളിൽത്തന്നെ ചെറുതും ലളിതവുമായ ഒരു മുറിയിലേക്കു ഞാൻ താമസം മാറ്റുകയാണ്‌; നഗരത്തിന്റെ ആരവങ്ങളിലും സംഭവങ്ങളിൽ നിന്നുമൊഴിഞ്ഞ്, വലിയൊരു പാർക്കിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന പഴയൊരു വേനല്ക്കാലവസതി. ആ മഹാമൌനം ആസ്വദിച്ചുകൊണ്ട് മഞ്ഞുകാലം മുഴുവൻ ഞാൻ അവിടെ കഴിയാൻ പോവുകയാണ്‌. സഫലവും സന്തോഷപ്രദവുമായ ചില നാളുകൾ അതെനിക്കു സമ്മാനിക്കുമെന്നു ഞാൻ ആശിക്കുന്നു.

എനിക്കു കൂടുതൽ സ്വസ്ഥത തോന്നുന്ന ആ സ്ഥലത്തു ചെന്നിട്ട് ഞാൻ താങ്കൾക്ക് ദീർഘമായ ഒരു കത്തെഴുതാം; താങ്കളുടെ എഴുത്തിനെക്കുറിച്ച് എനിക്കു പറയാനുള്ളതും അതിൽ ഉൾക്കൊള്ളിക്കാം. ഇപ്പോൾ ഇതു മാത്രം പറയട്ടെ (ഇതു നേരത്തേ പറയാതിരുന്നതു തെറ്റായിപ്പോയി എന്നും തോന്നുന്നു): താങ്കളുടെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന ആ പുസ്തകം (താങ്കളുടെ രചനകൾ ഉൾപ്പെടുന്നത്) ഇനിയും ഇവിടെ കിട്ടിയിട്ടില്ല. അതിനി വോർപ്സ്വീഡിൽ നിന്ന് താങ്കളിലേക്കു തന്നെ തിരിച്ചെത്തിയോ? ഒരു വിദേശരാജ്യത്തേക്കയക്കുന്ന കത്തുകൾ അവർ സാധാരണഗതിയിൽ മറ്റൊരു മേൽവിലാസത്തിലേക്കു മാറ്റി അയക്കാറില്ല. ഏറ്റവും ഹിതകരമായ സാദ്ധ്യത അതാണ്‌; അതിനൊരു സ്ഥിരീകരണം താങ്കളിൽ നിന്നു കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. അതു താങ്കൾക്കു നഷ്ടപ്പെടില്ലെന്നും ആശിക്കട്ടെ; ദൌർഭാഗ്യവശാൽ ഇറ്റാലിയൻ പോസ്റ്റൽ സംവിധാനത്തിൽ അതൊരപവാദവുമല്ല.

ആ പുസ്തകം കൈയിൽ കിട്ടിയാൽ ഞാൻ ഏറെ സന്തോഷിക്കുമായിരുന്നു, താങ്കളുടെ അടയാളം പേറുന്ന മറ്റേതുമെന്നപോലെ. ഇതിനകം എഴുതിക്കഴിഞ്ഞ കവിതകളുണ്ടെങ്കിൽ - താങ്കൾ അവ എന്നെ വിശ്വസിച്ചേല്പിക്കുകയാണെങ്കിൽ- അവ ഞാൻ വായിക്കും, വീണ്ടും വായിക്കും, എനിക്കായവിധം, ആർജ്ജവത്തോടെ ഞാൻ വായിക്കും, അതിന്റെ അനുഭവം ഉൾക്കൊള്ളുകയും ചെയ്യും.

എല്ലാ അനുഗ്രഹാശിസ്സുകളോടെയും.

താങ്കളുടെ,

റെയ്‌നർ മരിയ റിൽക്കെ


Sunday, February 1, 2015

ബോർഹസ് - മൂടിയിട്ട കണ്ണാടികൾ

tumblr_inline_mqvnk4tAsv1qz4rgp


അന്ത്യവിധിയുടെ നീക്കുപോക്കില്ലാത്ത നാളിൽ, ജീവനുള്ളവയുടെ പ്രതിരൂപങ്ങൾ സൃഷ്ടിക്കുക എന്ന അപരാധം ചെയ്ത ഓരോ മനുഷ്യനും തന്റെ സൃഷ്ടിയോടൊപ്പം ഉയിർത്തെഴുന്നേല്പിക്കപ്പെടുമെന്നും അതിനു ജീവൻ നല്കാൻ അവനോടു കല്പിക്കുമെന്നും അതിലവൻ പരാജയപ്പെടുമെന്നും അവൻ തന്റെ സൃഷ്ടിയോടൊപ്പം ശിക്ഷയുടെ അഗ്നിജ്വാലകളിലേക്കെറിയപ്പെടുമെന്നും ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. കുട്ടിയായിരിക്കെ, കൂറ്റൻ കണ്ണാടികാൾക്കു മുന്നിൽ നില്ക്കുമ്പോൾ യാഥാർത്ഥ്യത്തിന്റെ മായികമായ ഇരട്ടിക്കൽ അല്ലെങ്കിൽ പെരുക്കൽ എന്നെ ഭീതിപ്പെടുത്തിയിരുന്നു. കണ്ണാടികളുടെ നിരന്തരവും പിഴവറ്റതുമായ പ്രവർത്തനം, എന്റെ ഓരോ ചലനത്തെയും പിന്തുടരുന്ന ആ രീതി, അവയുടെ വിപുലമായ മൂകാഭിനയം-വെളിയിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ  ഇതെല്ലാം എന്റെ സ്വസ്ഥത കെടുത്തുന്ന നിഗൂഢതയായിരുന്നു. കണ്ണാടികൾ സ്വപ്നം കാണിക്കരുതെന്നത് ദൈവത്തോടും എന്റെ കാവൽമാലാഖയോടുമുള്ള എന്റെ മുട്ടിപ്പായ പ്രാർത്ഥനകളിൽ ഒന്നായിരുന്നു. ആശങ്കകളോടെയാണ്‌ ഞാനവയെ കണ്ടിരുന്നതെന്ന് ഞാൻ വ്യക്തമായി ഓർക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നവ തിരിഞ്ഞുപോകാൻ തുടങ്ങുകയാണെന്ന് ചിലനേരം ഞാൻ പേടിച്ചിരുന്നു; മറ്റു ചിലപ്പോഴാകട്ടെ, വിചിത്രമായ ദൌർഭാഗ്യങ്ങൾ വികൃതമാക്കിയ എന്റെ മുഖം ഞാൻ അവയിൽ കാണുമെന്നും. ഈ ഭീതി ലോകത്തു വീണ്ടും വ്യാപകമാണെന്നു ഞാൻ കേട്ടിരിക്കുന്നു. കഥ വളരെ ലളിതമാണ്‌, എത്രയും അസുഖകരവും.

1927നോടടുപ്പിച്ച് ഞാൻ ഒരു ഗൌരവപ്രകൃതിയായ യുവതിയെ കണ്ടുമുട്ടി; ആദ്യം ഫോണിലൂടെ (കാരണം ജൂലിയ തുടങ്ങുന്നത് പേരില്ലാത്ത, മുഖമില്ലാത്ത ഒരു ശബ്ദമായിട്ടാണ്‌), പിന്നെ സന്ധ്യനേരത്ത് ഒരു മൂലയ്ക്കും. അവളുടെ കണ്ണുകൾ അമ്പരപ്പിക്കുന്നത്ര വലിപ്പമുള്ളവയായിരുന്നു, ചുരുളാത്ത മുടിയ്ക്കു തനിക്കറുപ്പായിരുന്നു, ഉടൽ വളയാത്തതായിരുന്നു. എന്റെ മുത്തശ്ശനും മുതുമുത്തശ്ശനും യൂണിറ്റേറിയൻ കക്ഷിക്കാരായിരുന്നതു പോലെ അവളുടെ മുത്തശ്ശനും മുതുമുത്തശ്ശനും ഫെഡറൽ കക്ഷിക്കാരായിരുന്നു. പ്രാക്തനമായ ആ വംശവൈരം പക്ഷേ, ഞങ്ങളെ തമ്മിലടുപ്പിക്കുകയാണുണ്ടായത്; അത്രത്തോളം സ്വന്തം ജന്മദേശത്തിന്‌ ഞങ്ങൾ അവകാശികളാവുകയായിരുന്നു. മച്ചുയർന്നതും പൊളിഞ്ഞുവീഴാറായതുമായ വലിയൊരു വീട്ടിനുള്ളിൽ തറവാടികളുടെ ദാരിദ്ര്യത്തിനു സഹജമായ അമർഷത്തോടും മ്ളാനതയോടും കൂടെ സ്വന്തം കുടുംബക്കാർക്കൊപ്പമായിരുന്നു അവളുടെ താമസം. വൈകുന്നേരങ്ങളിൽ-അപൂർവ്വമായി ചില രാത്രികളിലും- ബൽവനേര എന്ന അവൾ താമസിക്കുന്ന സ്ഥലത്ത് ഞങ്ങൾ നടക്കാൻ പോകും. റയിൽവേ യാഡിന്റെ തടിയൻ ചുമരു പിടിച്ച് ഞങ്ങൾ നടക്കും; ഒരിക്കൽ ഞങ്ങൾ സാർമിയെന്റോയിലൂടെ നടന്നുനടന്ന് പാർക്ക് സെന്റിനേറിയോയുടെ മൈതാനം വരെ പോയിരുന്നു. ഞങ്ങൾക്കിടയിൽ പ്രണയമുണ്ടായിരുന്നില്ല, പ്രണയത്തിന്റെ നാട്യവുമുണ്ടായിരുന്നില്ല. കാമവികാരവുമായി ഒരു ബന്ധവുമില്ലാത്ത ഒരു തീക്ഷ്ണത ഞാൻ അവളിൽ ദർശിച്ചു; എനിക്കതിനെ പേടിയുമായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കാനുള്ള ഒരുപാധിയെന്ന നിലയിൽ നാം പലപ്പോഴും നമ്മുടെ ചെറുപ്പകാലത്തു നിന്നുള്ള യഥാർത്ഥമോ സംശയാസ്പദമോ ആയ സംഗതികൾ അവരോടു പറയാറുണ്ടല്ലോ. അങ്ങനെയായിരിക്കാം, കണ്ണാടികളോടുള്ള എന്റെ ഭീതിയെക്കുറിച്ച് ഞാൻ അവളോടു പറഞ്ഞിട്ടുണ്ടാവണം. അങ്ങനെ 1928ൽ ഞാൻ വിതച്ച മതിഭ്രമത്തിന്റെ വിത്തുകൾ 1931ൽ പൂത്തുവിടർന്നു. അല്പം മുമ്പ് ആരോ പറഞ്ഞു ഞാനറിഞ്ഞു, അവളുടെ മനസ്സിനു സമനില തെറ്റിയിരിക്കുന്നുവെന്നും അവളുടെ മുറിയിലെ കണ്ണാടികൾ ഒന്നൊഴിയാതെ മൂടിയിട്ടിരിക്കുകയാണെന്നും; അവയിൽ അവൾ കാണുന്നത് -തന്റെ പ്രതിബിംബത്തെ അട്ടിമറിച്ചുകൊണ്ട്- എന്റെ പ്രതിബിംബമാണത്രെ; അവളുടെ ഉടലാകെ വിറ പകരുന്നു, അവൾക്കു നാവിറങ്ങിപ്പോകുന്നു; ഏതോ ഇന്ദ്രജാലം കൊണ്ട് ഞാൻ അവളെ പിന്തുടരുകയാണെന്നും നിരീക്ഷിക്കുകയാണെന്നും നായാടുകയാണെന്നും അവൾ പറയുന്നു.

എത്ര ഭീതിദമാണീ അടിമത്തം- എന്റെ മുഖത്തിന്റെ, അഥവാ, എന്റെ പൂർവ്വമുഖങ്ങളിൽ ഒന്നിന്റെ അടിമത്തം. അതിനു വന്നുപെട്ട നിന്ദ്യമായ വിധി എന്നെയും നിന്ദ്യനാക്കുകയാണ്‌; പക്ഷേ ഇപ്പോൾ ഞാനതു കാര്യമാക്കാറില്ല.