Monday, February 2, 2015

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റിൽക്കെ അയച്ച കത്തുകൾ - 5

116659


റോം, 1903 ഒക്റ്റോബർ 29

പ്രിയപ്പെട്ട സർ,

ഓഗസ്റ്റ് 29ലെ താങ്കളുടെ കത്ത് ഫ്ളോറൻസിൽ വച്ച് എനിക്കു കിട്ടിയിരുന്നു; രണ്ടു മാസത്തിനു ശേഷം ഇപ്പോഴാണ്‌ ഞാൻ ആ വിവരം താങ്കളോടു പറയുന്നത്. ഈ അലംഭാവം താങ്കൾ പൊറുക്കണം. യാത്ര ചെയ്യുമ്പോൾ കത്തെഴുതുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല; കാരണം, അത്യാവശ്യം വേണ്ട ഉപകരണങ്ങൾ മാത്രം പോര, എനിക്കു കത്തെഴുതാൻ: അല്പം സ്വസ്ഥത, ഏകാന്തത, വീണുകിട്ടിയതല്ലാത്ത ഒരു മണിക്കൂറെങ്കിലും സമയം- ഇത്രയും എനിക്കു വേണം.

ആറാഴ്ചയോളം മുമ്പ് ഞങ്ങൾ റോമിലെത്തി; ഉഷ്ണിക്കുന്ന, ജ്വരത്തിനു കുപ്രസിദ്ധമായ, സഞ്ചാരികളുടെ വരവു തുടങ്ങുന്നതിനു മുമ്പുള്ള സമയം. ഈ സാഹചര്യവും താമസസൌകര്യം സംബന്ധിച്ച ചില വൈഷമ്യങ്ങളും കൂടി ഞങ്ങൾക്കു സമ്മാനിച്ചത് ഒരിക്കലും മോചനമില്ലെന്നു തോന്നിയ ഒരു സ്വസ്ഥതകേടാണ്‌; വീടില്ലാത്തതിന്റെ ഭാരത്തിനൊപ്പം ഒരന്യദേശത്തിന്റെ അപരിചിതത്വവും ഞങ്ങൾക്കു താങ്ങേണ്ടിവന്നു. തന്നെയുമല്ല, ആദ്യത്തെ ചില നാളുകളിൽ  കടുത്ത വിഷാദത്തിലേക്കു നിങ്ങളെ തള്ളിവിടുന്ന സ്വഭാവവുമുണ്ട് റോമിന്‌: കാഴ്ചബംഗ്ളാവിലേതെന്നപോലെ ജീവനറ്റതും ദാരുണവുമായ ആ അന്തരീക്ഷം കാരണം; ഉത്ഖനനം ചെയ്തെടുത്ത് അതീവശ്രദ്ധയോടെ സൂക്ഷിച്ചുപോരുന്ന ഭൂതകാലങ്ങളുടെ (വർത്തമാനകാലത്തിന്റെ ചെറിയൊരംശം അതുകൊണ്ടു ജീവിച്ചുപോരുന്നുമുണ്ട്) സമൃദ്ധി കാരണം; മറ്റൊരു കാലത്തിന്റേതായ, നമ്മുടേതല്ലാത്തതും നമ്മുടേതാകരുതാത്തതുമായ ഒരു ജീവിതത്തിന്‍റെ യാദൃച്ഛികാവശിഷ്ടങ്ങൾ മാത്രമാണ്‌ വിരൂപമാക്കപ്പെട്ടതും തകർന്നുടഞ്ഞതുമായ ആ വസ്തുക്കൾ; പക്ഷേ, പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും ടൂറിസ്റ്റുകളുമുൾപ്പെടെ മിക്കവരും വേണ്ടതിലധികം മൂല്യമാണ്‌ അവയ്ക്കു ചാർത്തിക്കൊടുക്കുന്നത്.

ഒടുവിൽ ആഴ്ചകൾ നീണ്ട പ്രതിരോധത്തിനു ശേഷം നിങ്ങൾ സ്വയം കണ്ടെടുക്കുകയാണ്‌ (ആശയക്കുഴപ്പം പൂർണ്ണമായി മാറിയിട്ടിലെങ്കില്ക്കൂടി); നിങ്ങൾ സ്വയം പറയുകയാണ്‌: ഇല്ല, മറ്റെവിടെയുമുള്ളതിലധികം സൌന്ദര്യം ഇവിടെയില്ല. തലമുറകളുടെ നിരന്തരമായ ആരാധനയ്ക്കു പാത്രമായ, പണിക്കാർ കേടു പോക്കിയെടുത്ത ഈ വസ്തുക്കൾ ഒരർത്ഥവും ഉൾക്കൊള്ളുന്നില്ല, അവ ഒന്നുമല്ല; അവയ്ക്കു ഹൃദയവുമില്ല, മൂല്യവുമില്ല.

പക്ഷേ ഇവിടെ ഒരുപാടു സൌന്ദര്യമുണ്ട്, എവിടെയും ഒരുപാടു സൌന്ദര്യമുണ്ട് എന്നതിനാൽ. ഒടുങ്ങാത്ത ഓജസ്സോടെ പ്രാക്തനമായ ജലനാളികളിലൂടെ മഹാനഗരത്തിലേക്കൊഴുകിയെത്തുന്ന വെള്ളം; നഗരചത്വരങ്ങളിലെ വെണ്ണക്കൽത്തളികകളിൽ നൃത്തം വച്ചുകൊണ്ടതു പരന്നൊഴുകുന്നു, വിശാലമായ താമ്പാളങ്ങളിൽ അതു തളം കെട്ടുന്നു, പകൽനേരത്തെ അതിന്റെ നേർത്ത മർമ്മരം രാത്രിയിൽ ഉച്ചത്തിലാകുന്നു. രാത്രികൾ ഇവിടങ്ങളിൽ വിപുലവും നക്ഷത്രാവൃതവും ഇളംകാറ്റുകളാൽ സൌമ്യവുമാണ്‌. പിന്നെ ഉദ്യാനങ്ങളുണ്ട്, ഓർമ്മയിൽ നിന്നു മായാത്ത നടക്കാവുകളുണ്ട്. പിന്നെ കല്പടവുകളുണ്ട്, മൈക്കലാഞ്ജലോ ഭാവന ചെയ്ത പടവുകൾ, ഒഴുകിയിറങ്ങുന്ന ജലം പോലെ പണിതെടുത്ത പടവുകൾ, പരന്നിറങ്ങിപ്പോകുമ്പോൾ തിരയിൽ നിന്നു തിരയെന്നപോലെ ഒന്നിൽ നിന്നൊന്നു പിറവിയെടുക്കുന്ന പടവുകൾ. മനസ്സിൽ പതിയുന്ന ഈ തരം ബിംബങ്ങളുടെ സഹായത്തോടെ നാം മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുകയാണ്‌, ബഹുലതകളുടെ സംസാരങ്ങളിലും ജല്പനങ്ങളിലും നിന്ന് സ്വയം രക്ഷപ്പെടുത്തുകയാണ്‌. (എത്ര വാചാലമാണവ!) ക്രമേണ നമ്മൾ പഠിക്കുന്നു, നിത്യത വസിക്കുന്ന ചുരുക്കം ചില വസ്തുക്കളെ (നമുക്കവയെ സ്നേഹിക്കാനാകും), ഏകാന്തമായതൊന്നിനെ (നമുക്കതിന്റെ ഭാഗവുമാകാം) തിരിച്ചറിയാൻ.

ഇപ്പോഴും ഞാൻ നഗരത്തിൽ തന്നെയാണു താമസം, ക്യാപിറ്റോളിൽ; റോമൻ കലയിൽ നിന്നു നമുക്കു കിട്ടിയ അതിമനോഹരമായ ആ അശ്വാരൂഢപ്രതിമയിൽ നിന്ന് - മാർക്കസ് ഓറേലിയസിൽ നിന്ന്-  അധികം അകലെയല്ലാതെ. പക്ഷേ ചില ആഴ്ചകൾക്കുള്ളിൽത്തന്നെ ചെറുതും ലളിതവുമായ ഒരു മുറിയിലേക്കു ഞാൻ താമസം മാറ്റുകയാണ്‌; നഗരത്തിന്റെ ആരവങ്ങളിലും സംഭവങ്ങളിൽ നിന്നുമൊഴിഞ്ഞ്, വലിയൊരു പാർക്കിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന പഴയൊരു വേനല്ക്കാലവസതി. ആ മഹാമൌനം ആസ്വദിച്ചുകൊണ്ട് മഞ്ഞുകാലം മുഴുവൻ ഞാൻ അവിടെ കഴിയാൻ പോവുകയാണ്‌. സഫലവും സന്തോഷപ്രദവുമായ ചില നാളുകൾ അതെനിക്കു സമ്മാനിക്കുമെന്നു ഞാൻ ആശിക്കുന്നു.

എനിക്കു കൂടുതൽ സ്വസ്ഥത തോന്നുന്ന ആ സ്ഥലത്തു ചെന്നിട്ട് ഞാൻ താങ്കൾക്ക് ദീർഘമായ ഒരു കത്തെഴുതാം; താങ്കളുടെ എഴുത്തിനെക്കുറിച്ച് എനിക്കു പറയാനുള്ളതും അതിൽ ഉൾക്കൊള്ളിക്കാം. ഇപ്പോൾ ഇതു മാത്രം പറയട്ടെ (ഇതു നേരത്തേ പറയാതിരുന്നതു തെറ്റായിപ്പോയി എന്നും തോന്നുന്നു): താങ്കളുടെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന ആ പുസ്തകം (താങ്കളുടെ രചനകൾ ഉൾപ്പെടുന്നത്) ഇനിയും ഇവിടെ കിട്ടിയിട്ടില്ല. അതിനി വോർപ്സ്വീഡിൽ നിന്ന് താങ്കളിലേക്കു തന്നെ തിരിച്ചെത്തിയോ? ഒരു വിദേശരാജ്യത്തേക്കയക്കുന്ന കത്തുകൾ അവർ സാധാരണഗതിയിൽ മറ്റൊരു മേൽവിലാസത്തിലേക്കു മാറ്റി അയക്കാറില്ല. ഏറ്റവും ഹിതകരമായ സാദ്ധ്യത അതാണ്‌; അതിനൊരു സ്ഥിരീകരണം താങ്കളിൽ നിന്നു കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. അതു താങ്കൾക്കു നഷ്ടപ്പെടില്ലെന്നും ആശിക്കട്ടെ; ദൌർഭാഗ്യവശാൽ ഇറ്റാലിയൻ പോസ്റ്റൽ സംവിധാനത്തിൽ അതൊരപവാദവുമല്ല.

ആ പുസ്തകം കൈയിൽ കിട്ടിയാൽ ഞാൻ ഏറെ സന്തോഷിക്കുമായിരുന്നു, താങ്കളുടെ അടയാളം പേറുന്ന മറ്റേതുമെന്നപോലെ. ഇതിനകം എഴുതിക്കഴിഞ്ഞ കവിതകളുണ്ടെങ്കിൽ - താങ്കൾ അവ എന്നെ വിശ്വസിച്ചേല്പിക്കുകയാണെങ്കിൽ- അവ ഞാൻ വായിക്കും, വീണ്ടും വായിക്കും, എനിക്കായവിധം, ആർജ്ജവത്തോടെ ഞാൻ വായിക്കും, അതിന്റെ അനുഭവം ഉൾക്കൊള്ളുകയും ചെയ്യും.

എല്ലാ അനുഗ്രഹാശിസ്സുകളോടെയും.

താങ്കളുടെ,

റെയ്‌നർ മരിയ റിൽക്കെ


No comments: