Friday, February 20, 2015

പ്രണയലേഖനങ്ങൾ(18)- അൽബൻ ബർഗ്

alban berg[4]helene_thumb[17]


എന്റെ മുറിയിൽ സൌമ്യമായൊരു പരിമളം തങ്ങിനില്ക്കുന്നു. നിന്റെ മനോഹരമായ മൂടുപടമെടുത്തു മുഖത്തണയ്ക്കുമ്പോൾ നിന്റെ ഊഷ്മളമായ മധുരനിശ്വാസം ഞാനറിയുന്നു. ഇന്നലെ നീ ഇറുത്തെടുത്തുതന്ന വയലറ്റുകൾ എന്റെ ബട്ടൺ ഹോളിലിരുന്നു വാടിപ്പോയെങ്കിലും ഇന്നവ വീണ്ടും വിടർന്നു നില്ക്കുന്നു, അവയിൽ നിന്നു നേർത്തൊരു പുതുമണം പരക്കുന്നു. സോഫയിലെ മെത്തയും ജനാലയ്ക്കലെ കസേരയും നിന്റേതാണു ഹെലൻ, നിന്റെ സാന്നിദ്ധ്യത്തോടു ബന്ധപ്പെട്ടവയാണവ. എന്റെ മുറിയിലുള്ള സർവതും അങ്ങനെതന്നെ: മുന്നിൽ നിന്നു നീ മുടിയൊതുക്കിയ കണ്ണാടി; അത്ര ഗൌരവത്തോടെ (നമ്മുടെ ഏറ്റവും ആഹ്ളാദകരമായ നിമിഷങ്ങളിൽ പോലും) നീ പുറത്തേക്കു നോക്കിനിന്ന ജനാല; നിന്റെ മുടിയിഴകളിൽ പൊന്നു പൂശിയ പോക്കുവെയിലിന്റെ വിളർത്ത കതിരുകൾ; സ്റ്റൌവിൽ ആളീക്കത്തിയ തീനാളങ്ങൾ; കട്ടിലിൻ തലയ്ക്കലെ മേശ മേലിട്ടിരുന്ന കൊച്ചുവിരി- എല്ലാം, എല്ലാം നിന്റേതു തനെ.

ഞാൻ തന്നെ പൂർണ്ണമായും നിന്റെയൊരു ‘സൃഷ്ടി’യാണെന്നു കാണുമ്പോൾ അതിൽ അത്ഭുതപ്പെടാനുമില്ല. എന്റെ സകല സമ്പാദ്യങ്ങളും, എന്റെ ചിന്ത തന്നെയും, നിന്നിൽ നിന്നൊരു വായ്പയോ വരമോ ആണ്‌. ഉദാഹരണത്തിന്‌, രാവിലെ വേഷം മാറിക്കൊണ്ടു നില്ക്കുമ്പോൾ ഒരു വിഷയമോ ഭാവമോ ഒരീണമങ്ങനെ തന്നെയോ മനസ്സിലുദിച്ചുവെന്നിരിക്കട്ടെ- നിന്നിൽ നിന്നതു പറന്നുവന്നതായിട്ടേ എനിക്കെന്നും തോന്നിയിട്ടുള്ളു. എല്ലാക്കാര്യത്തിലും അങ്ങനെ തന്നെയാണ്‌: സാധാരണയിൽ നിന്നു വ്യത്യസ്തമായതെന്തെങ്കിലും വായിക്കുമ്പോൾ അതിലെ ക്ളിഷ്ടമായ ഭാഗങ്ങൾ എനിക്കു മനസ്സിലാകുന്നതും അതിലെ നിഗൂഢതകളിലേക്കെനിക്കു വെളിച്ചം കിട്ടുന്നതും നിന്നിലൂടെ മാത്രമാണെന്നു ഞാൻ സങ്കല്പിച്ചുപോകുന്നു, ഹെലൻ. വായന എന്നു ഞാൻ പറഞ്ഞത് വ്യാപകമായ അർത്ഥത്തിലാണ്‌. സൂക്ഷ്മവേദിയായ ഒരു വായനക്കാരന്റെ കണ്ണുകൾ വച്ചു  ഞാൻ പ്രകൃതിയെ നോക്കുമ്പോൾ, സംഗീതത്തിനു കാതു കൊടുക്കുമ്പോൾ, ഒരു ചിത്രം കാണുമ്പോൾ- നിന്നിലൂടെ മാത്രം എനിക്കുള്ളിൽ ജീവൻ വച്ചതിന്റെയൊക്കെ ഒരു പട്ടിക പക്ഷേ, ഞാനെന്തിനു നിരത്തണം?

ഹെലൻ, നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും!

ഞാൻ പൂർണ്ണമായും നിന്റെയാണ്‌


(ഓസ്ട്രിയൻ സംഗീതജ്ഞനായ അൽബൻ മരിയ യൊഹാനസ് ബർഗ്, ഗായികയായഹെലൻ നഹോവ്സ്കിക്കെഴുതിയത്- 1909)

 

 

No comments: