റബ്ബി നഫ്ത്തലി സെന്‍സൈമിനര്‍ നാല്പതു കൊല്ലം ദുര്‍ദ്ദേവതകള്‍ക്കെതിരെ
യുദ്ധത്തിലായിരുന്നു. ഇക്കാലം കൊണ്ടദ്ദേഹം ചാത്തന്മാര്‍,
പിശാചുക്കള്‍, ഡൈബ്ബക്കുകള്‍,
ഹാര്‍പികള്‍ തുടങ്ങിയവരുമായി മല്ലടിക്കുകയും,
മന്ത്രങ്ങള്‍,
രക്ഷകള്‍, ഓര്‍മ്മശക്തി, ചൂരല്‍
വടി, കാല്‍ നിലത്തിട്ടു ചവിട്ടല്‍,
ശാപങ്ങള്‍ എന്നിവയുടെ തുണയോടെ അവറ്റെയൊക്കെ കീഴ്‌പെടുത്തുകയും ചെയ്തു. എന്നാല്‍
ഉത്കടമായ ഒരാഗ്രഹം അദ്ദേഹത്തെ വിട്ടുമാറിയില്ല. ഈ ദുഷ്ടശക്തികളില്‍ ഒന്നിനെ
ജീവനോടെ പിടികൂടുക, അതിനെ ബന്ധനസ്ഥനാക്കി ഒരു
വന്യജന്തുവിനെപ്പോലെ കൂട്ടിലിട്ടടയ്ക്കുക. ഈ ആവശ്യത്തിനു പറ്റിയ ഒരു കൂട് റബ്ബി
തട്ടിന്‍പുറത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹസീദുകളില്‍ ഒരാളായ ഒരു
ഇരുമ്പുകടക്കാരന്‍ രഹസ്യമായി പണിയിച്ചു കൊടുത്തതാണ്. ബലത്ത കമ്പികള്‍ കൊണ്ടു
പണിതത്. ചുറ്റിനും കനത്ത കമ്പിവലയിട്ടിരുന്ന കൂടിന് രണ്ടു താഴുള്ള ഒരു വാതിലും
ഉണ്ടായിരുന്നു. കമ്പിവലയില്‍ റബ്ബി മന്ത്രങ്ങളെഴുതിയ ആട്ടിന്‍തോലും, ഒരു
മുട്ടാടിന്‍കൊമ്പും, കോമ്പിയെനൈസ് ഉപദേശിയുടേതായിരുന്ന
ഒരു പ്രാര്‍ത്ഥനാവസ്ത്രവും തൂക്കിയിട്ടിരുന്നു. അതിന്റെ തറയില്‍ വിഖ്യാതനായ യോസഫ്
ഡെല്ലാ റെയ്‌നാ പുണ്യവാന്‍ സാത്താനെ കൊളുത്തിയിടാന്‍ ഉപയോഗിച്ച ചങ്ങലയും
കിടപ്പുണ്ടായിരുന്നു. റബ്ബി യോസഫിന് സാത്താനെ തടവുകാരനാക്കി വയ്ക്കാന്‍
പറ്റിയിരുന്നില്ല; കാരണം അവനില്‍ ദയതോന്നി
അദ്ദേഹം അവന് ഒരു നുള്ളു മൂക്കുപൊടി വലിക്കാന്‍ കൊടുത്തു. പൊടി വലിച്ചതും
സാത്താന്റെ നാസാരന്ധ്രങ്ങളില്‍നിന്ന് രണ്ടു ജ്വാലകള്‍ വമിച്ച് ചങ്ങലകള്‍
പൊട്ടിവീണു. റബ്ബി നഫ്ത്തലി, പക്ഷേ, പിശാചിനോടു
കരുണ കാണിക്കുകയില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചു വച്ചിരിക്കുകയാണ്. താന്‍ അവനെ
ആഹാരവും വെള്ളവും കൊടുക്കാതെ, ദൈവത്തിന്റെയും
മാലാഖമാരുടെയും പുണ്യനാമങ്ങളാല്‍ വലയം ചെയ്ത് ഇരുട്ടത്തിടും.
റബ്ബി നഫ്ത്തലിയുടെ വിജയത്തിനു സാക്ഷികളാവാന്‍ ലോകമെമ്പാടും നിന്ന് മറ്റു റബ്ബികളും
ധര്‍മ്മചിന്തയുള്ള ക്രിസ്ത്യാനികള്‍ പോലും സെന്‍സൈമിനിലെത്തും.
പക്ഷേ റബ്ബി നഫ്ത്തലി സാത്താനെയും കൂട്ടരേയും വീഴ്ത്താന്‍
കെണികള്‍ എത്ര വച്ചിട്ടും എന്തു ഫലം,
അവര്‍
അദ്ദേഹത്തെ കബളിപ്പിച്ചു രക്ഷപ്പെട്ടു പോന്നു. ഒരിക്കല്‍ അദ്ദേഹം ഒരു ഭൂതത്തെ
താടിക്കും ഒരു ലിലിത്തിനെ മുടിയ്ക്കും പിടിച്ചു വച്ചതാണ്; എന്നാല്‍
തടവിലാക്കാന്‍ കഴിയുന്നതിനുമുമ്പ് അവര്‍ കുതറിയോടിക്കളഞ്ഞു. ഈ പിശാചുക്കള്‍
രാത്രിയില്‍ മടങ്ങിയെത്തി റബ്ബിയെ കളിയാക്കും;
അവര്‍
അദ്ദേഹത്തിന്റെ ചെവിയില്‍ ചൂളമടിക്കുകയും,
ദേഹത്തു
തുപ്പുകയും ചെയ്യും. മുട്ടനാടിന്റെ മുഖമുള്ള ഒരു ചാത്തന്‍ ഒരിക്കല്‍ റബ്ബിയുടെ
വിശുദ്ധ ഗ്രന്ഥത്തിനുമേല്‍ ചാണകമിട്ടിട്ടു പൊയ്ക്കളഞ്ഞു. മരപ്പശയുടെ നാറ്റം
മാറിയില്ല.
പ്രായം എഴുപതു കഴിഞ്ഞപ്പോള്‍ റബ്ബിയ്ക്കു നിരാശയായി.
അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയിരുന്നു. തട്ടിമ്പുറത്തിരുന്ന കൂട്ടില്‍ മാറാല
നിറഞ്ഞു; ചങ്ങല തുരുമ്പെടുത്തു.
എന്നാല്‍ ഒരു വേനല്‍ക്കാലത്ത്, അബിബ് മാസം തീരാന്‍ പോകുന്ന
ഒരു രാത്രി, ദിവ്യാത്ഭുതമെന്ന്
റബ്ബിക്കു തോന്നിയ ഒരു സംഭവം നടന്നു. അതിപ്രകാരമാണ്. റബ്ബിയെ കര്‍മ്മങ്ങളില്‍ സഹായിച്ചിരുന്ന
റെബ്ബ് ഗ്രോതം ഗെറ്റ്‌സ്, റബ്ബി നഫ്ത്തലിയുടെ
പിതാവിനെ സേവിച്ചിരുന്ന ഒരു കാരണവര്‍, എമ്പത്തേഴു കൊല്ലത്തിനുള്ളില്‍ ഇതാദ്യമായി
അസുഖം ബാധിച്ച് ആശുപത്രിയിലായി. റബ്ബിയുടെ ഭാര്യ മരിച്ച ദിവസം തൊട്ട് ഗ്രോതം
ഗെറ്റ്‌സ് അദ്ദേഹത്തിനു കൂട്ടു കിടക്കുമായിരുന്നു, പിശാചുക്കളുടെ പകയില്‍ നിന്ന്
അദ്ദേഹത്തെ രക്ഷിക്കാന്‍. ഇപ്പോള്‍ റബ്ബി ഒറ്റയ്ക്കാണ് കിടപ്പ്; ചെറുപ്പക്കാരായ
സേവകരില്‍ അദ്ദേഹത്തിനു തീരെ വിശ്വാസമുണ്ടായിരുന്നില്ല. അന്നു രാത്രി ഉറങ്ങാന്‍
പോകുന്നതിന് മുമ്പ് റബ്ബി പതിവുപോലെ വിശുദ്ധ ഇസാക് ലൂറിയായുടെ പ്രാര്‍ത്ഥനകള്‍
മാത്രമല്ല, രാത്രിഞ്ചരന്മാരായ
അതിക്രമികളെ ആട്ടിയോടിക്കാന്‍ പ്രത്യേകമായിട്ടുള്ള സങ്കീര്‍ത്തനങ്ങള്‍ കൂടി
ചൊല്ലിയിട്ടാണ് കിടന്നത്. അദ്ദേഹം തലയിണയുടെ കീഴില്‍ ഉല്പത്തിപുസ്തകവും, നവജാതശിശുക്കളുടെ
മുഖ്യശത്രുവായ ഷിബ്തയുടെ ബാധയകറ്റാന്‍ ഗര്‍ഭിണികള്‍ തലയണക്കീഴില്‍ വയ്ക്കുന്ന തരം
നീണ്ട അലകുള്ള കത്തിയും എടുത്തുവെച്ചു. പോരാത്തതിന് ഒരു മെഴുകുതിരി കത്തിച്ചു
വയ്ക്കുകയും ചെയ്തു.
റബ്ബി ഉറങ്ങാന്‍ കിടന്നത് അരക്കച്ച കൊണ്ടു കെട്ടിയ വെളുത്ത
മേലങ്കി ധരിച്ചു കൊണ്ടാണ്. അതിനു പുറമെ വെളുത്ത സ്റ്റോക്കിംഗ്‌സ്, രണ്ട്
ഉച്ചിത്തൊപ്പികള്‍ - ഒന്ന് നെറ്റിയിലും ഒന്ന് ഉച്ചിയിലും -എട്ടു ഞൊറിയുള്ള
അനുഷ്ഠാനവസ്ത്രം എന്നിവയും. തലയിണയില്‍ തലവച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന താമസം,
അദ്ദേഹം ഗാഢനിദ്രയിലാണ്ടു.
പാതിരാത്രിയായപ്പോള്‍ ഒരു നടുക്കത്തോടെ അദ്ദേഹം ഉണര്‍ന്നു.
മെഴുകുതിരി അണഞ്ഞുപോയിരുന്നു. സമീപത്തായി ഒരു കാല്‌പെരുമാറ്റം കേട്ടു. 'ഷഡ്ഡായി!
സാത്താനേ, തുലഞ്ഞുപോ!' എന്നു വിളിച്ചു പറയാന്‍
ഓങ്ങിയപ്പോഴാണ് അദ്ദേഹത്തിന് ഒരു വെളിപാട് തോന്നിയത്. ദൈവം തന്റെ പ്രാര്‍ത്ഥന
കേട്ടതാവുമോ? - ദുഷ്ടനായ അതിക്രമിയെ
പിടികൂടാന്‍ തനിക്കുള്ള അവസരമെത്തിയതാകാം. തന്നെത്തന്നെ അദ്ഭുതപ്പെടുത്തിയ ഒരു
ശക്തി റബ്ബി നഫ്ത്തലിയുടെ ഉള്ളില്‍ പതഞ്ഞു കേറി. കിടക്കയില്‍ നിന്ന് അദ്ദേഹം
ചാടിയിറങ്ങി; ആ ഊക്കില്‍ വൈക്കോല്‍
പടുക്കയ്ക്കടിയിലെ അഴികള്‍ പൊട്ടി. അടഞ്ഞ ജനാലയ്ക്കു മുന്നില്‍ ഒരു ഇരുണ്ട
സാന്നിദ്ധ്യത്തിന്റെ രൂപരേഖ തെളിഞ്ഞു. ഒരു സിംഹത്തിന്റെ രൗദ്രതയോടെ അദ്ദേഹം അതിനു
നേര്‍ക്കു കുതിച്ചു. മിന്നല്‍ വേഗത്തില്‍ അതിനെ കടന്നു പിടിച്ച് അദ്ദേഹം അതിനെ
വാരിയെല്ലുകള്‍ ഒടിയുമാറ് തന്നോട് ചേര്‍ത്തമര്‍ത്തി. അപ്പോഴേ ഭൂതം ചെറുത്തു
നില്ക്കാന്‍ നോക്കിയുള്ളു. അതു മനസ്സിലാകാത്തതെന്തോ വിളിച്ചു കൂവി. റബ്ബി അതിനെ
തറയിലേയ്ക്കു തള്ളിയിട്ടിട്ട്, കാല്‍മുട്ടുകള്‍ കൊണ്ട്
കുടുക്കിവച്ച് ഒരു കൈകൊണ്ട് അതിന്റെ വാ പൊത്തിപ്പിടിയ്ക്കുകയും മറ്റേ കൈകൊണ്ട്
തൊണ്ട പിടിച്ചു ഞെക്കുകയും ചെയ്തു. ഒരു പിടച്ചിലും വെളിയില്‍ വരാത്ത വാക്കുകളും, ഒരു
കുറുകലും അദ്ദേഹം കേട്ടു. പിന്നെ അനക്കമറ്റ് അതു നിശ്ശബ്ദമായി. റബ്ബി ഭൂതത്തെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു.
അതിന്റെ പാദങ്ങള്‍ തന്റെ അരക്കച്ച കൊണ്ടു ബന്ധിക്കവേ, റബ്ബി
നഫ്ത്തലി വിറച്ചും വിക്കിയും കൊണ്ട് മന്ത്രങ്ങള്‍ ചൊല്ലി: 'കുസു
ബെമുക്കസ് കുസു...സാത്താന്റെ കണ്ണിലമ്പ്... യഹോവ അമലേക്കിനോട് പോര്... നിയ്യതിനെ
കഠിനമായി വെറുക്കും... നിയ്യതിനെ കഠിനമായി പകയ്ക്കും...'
ആ അധോലോകസത്വം അനക്കമറ്റു കിടക്കുകയായിരുന്നുവെങ്കിലും, ആ
കീഴടക്കം വ്യാജമാണെന്ന് റബ്ബി നഫ്ത്തലിക്കറിയാമായിരുന്നു. ചങ്ങല കൊളുത്തിക്കെട്ടി
കൂട്ടിലടച്ചില്ലെങ്കിലാകട്ടെ, അതു ശക്തി വീണ്ടെടുത്ത്, പൊക്കിളോളം
നാവുനീട്ടി, ഭ്രാന്തമായി ചിരിച്ചും കൊണ്ട്, കടവാതിലിനെപ്പോലെ
പറന്നുപോകും.
റബ്ബി എഴുന്നേറ്റുനില്ക്കാന്‍ നോക്കി; എന്നാല്‍
കാലുകള്‍ മുറിച്ചു മാറ്റിയ പോലെയാണ് അദ്ദേഹത്തിനു തോന്നിയത്. കണ്ണുകളില്‍ തീപ്പൊരി
പാറി. കാതുമൂളി. ''വിട്ടുകൊടുക്കരുത്!'' അദ്ദേഹം സ്വയം ശാസിച്ചു. ''അസ്‌മോദവും
കൂട്ടരും ഞാന്‍ ഒരല്പം തളര്‍ച്ച കാട്ടുന്ന തക്കം നോക്കിയിരിക്കുകയാണ്.''
റബ്ബിക്ക് ആ നാശത്തിന്റെ ദൂതനെ തട്ടുമ്പുറത്തേക്ക് പാത്തും
പതുങ്ങിയും വലിച്ചുകേറ്റി. ക്കൊണ്ടുപോകേണ്ടിയിരുന്നു; എന്താണ്
നടക്കുന്നതെന്ന് വീട്ടിലാരും അറിയരുതല്ലോ. ഗ്രോനം ഗെറ്റ്‌സ് കൂടെയുണ്ടായിരുന്നെങ്കില്‍
അയാള്‍ സഹായിച്ചേനെ. ഗ്രോനം ഗെറ്റ്‌സ് കബാളാ വായിച്ചിട്ടുള്ളയാളായിരുന്നു; പിന്നെ
എല്ലാ മന്ത്രങ്ങളും രക്ഷകളും അറിയുകയും ചെയ്യാം. എന്നാല്‍ ചെറുപ്പക്കാരായ സേവകര്‍
തങ്ങളുടെ വീടുകളിലാണ് കിടപ്പ്; ഇനിയഥവാ അവര്‍
വീട്ടുമുറ്റത്തുതന്നെ ഉണ്ടായിരുന്നാല്‍ കൂടി ഇത്ര ഗൗരവമുള്ള ഒരു ദൗത്യത്തില്‍
അവരുടെ സഹായം തേടാന്‍ റബ്ബിക്കു മടി തോന്നുമായിരുന്നു.
അല്പനേരം കഴിഞ്ഞപ്പോള്‍ റബ്ബിക്കു ഒട്ടൊക്കെ ക്ഷീണം മാറി.
എഴുന്നേറ്റു നില്ക്കാമെന്നായി. അദ്ദേഹം കുനിഞ്ഞ് ആ ഇരുട്ടിന്റെ ആത്മാവിനെ
പൊക്കിയെടുത്ത് തോളത്തിട്ടുംകൊണ്ട് തട്ടുമ്പുറത്തേക്കുള്ള കോണിയുടെ ചുവട്ടിലേക്കു
നടന്നു. തന്റെ ബലത്തിനാവതല്ലാത്ത പണിയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനു
നന്നായറിയാമായിരുന്നു; എന്നാല്‍ ശരീരത്തിനു
വഴങ്ങിക്കൊടുക്കാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളുണ്ടല്ലോ. കുഴഞ്ഞു വീണുപോകരുതേ
എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് (വീണുപോയാല്‍ അവന്റെ കൂട്ടാളികള്‍ മണത്തറിഞ്ഞെത്തി
തന്നെ വന്നു പൊതിയും) അദ്ദേഹം ഇടനാഴിയിലൂടെ നിരങ്ങിനീങ്ങി. പലതവണ അദ്ദേഹം
വാതിലുകളിലും ഭിത്തിയിലും ചെന്നിടിച്ചു. മേലങ്കി ഒരു കൊളുത്തിലുടക്കി.
തട്ടുമ്പുറത്തേക്കുള്ള ഇടുങ്ങിയ കോണിയുടെയടുത്തെത്തുമ്പോഴേക്കും അദ്ദേഹം വിയര്‍ത്തു
കുളിച്ചിരുന്നു;’സ്വന്തം മൂക്ക്
മുക്കറയിടുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം വിശ്രമിക്കാന്‍ നിന്നില്ല.
ഏതു നിമിഷവും ശത്രുവിനു ബോധം വീഴും;
എങ്കിലവന്‍
തന്നെയും വലിച്ചിഴച്ചുകൊണ്ട് ഇരുട്ടിന്റെ ലോകത്തിലേക്ക്, നരകത്തിന്റെ
കവാടത്തിലേക്ക്, സോദോമിന്റെ
നാശാവശിഷ്ടങ്ങളിലേക്ക്, നമയും മഹ്‌ലാത്തും
ലിലിത്തും വാഴുന്ന സെയിര്‍ കൊടുമുടിയിലേക്കു പോയി മറയും. റബ്ബിക്കപ്പോള്‍ ഒരു
മന്ത്രവും സങ്കീര്‍ത്തനവും ഓര്‍മ്മ വന്നില്ല. തലച്ചോറ് മന്ദിച്ചു
കിടക്കുകയായിരുന്നു. നാവ് മരവിച്ചു കിടക്കുകയായിരുന്നു.
അദ്ദേഹം തട്ടുമ്പുറത്തു കേറിയെത്തിയപ്പോഴേക്കും നേരം
പുലരുകയായിരുന്നു. ഓടുമേഞ്ഞ മേല്‍ക്കൂരയുടെ കിഴക്കുഭാഗത്തുകൂടി ഉദയസൂര്യന്റെ പ്രഭ
അരിച്ചിറങ്ങി. തൂണുകള്‍ പോലെ തിളങ്ങുന്ന
പൊടിക്കിടയിലൂടെ കൂടു കാണാമായിരുന്നു. റബ്ബി അതിനടുത്തേക്കു കാലെടുത്തുവെച്ചതും
പഴയപുസ്തകങ്ങള്‍ വച്ചിരുന്ന ഒരു മരപ്പെട്ടിയില്‍ ചെന്നിടിച്ച് അദ്ദേഹം പിന്നാക്കം
മലച്ചു. ബോധം മായുന്നതിനു മുമ്പ് താന്‍ ചുമന്നുകൊണ്ടു വന്ന ഭാരമെന്താണെന്ന് റബ്ബി
കണ്ടു. ഇറക്കം കുറഞ്ഞ കുപ്പായമിട്ട ഒരു പയ്യന്‍;
അവന്റെ വായിലും മൂക്കിലും ചോരയായിരുന്നു. ദൈവമേ, ഇതൊരു
മനുഷ്യനാണല്ലോ. ഞാനവനെ കൊന്നു! - ചുറ്റും ഇരുട്ടടയ്ക്കവേ റബ്ബി ഓര്‍ത്തു.
2
റബ്ബി നഫ്ത്തലി വീണ്ടും കണ്ണു തുറക്കുമ്പോള്‍ മേല്‍ക്കൂരയിലെ
വിടവുകളിലൂടെ സൂര്യന്‍ അപ്പോഴും പ്രകാശിക്കുന്നുണ്ടായിരുന്നു; എന്നാല്‍
ഇപ്പോള്‍ വെളിച്ചം വരുന്നത് കിഴക്കു നിന്നല്ല പടിഞ്ഞാറു നിന്നാണ്. ഇതെങ്ങനെയാണെന്നു
മനസ്സിലാക്കാന്‍ അദ്ദേഹം വളരെ നേരമെടുത്തു. അദ്ദേഹത്തിന്‍റെ എല്ലുകള്‍ വേദനിച്ചു; സൂചികൊണ്ടു
കുത്തുന്നതുപോലെ തല നൊന്തു. അദ്ദേഹത്തിനടുത്തായി കണ്ണുതുറിച്ച്, ചോരപുരണ്ട
വായതുറന്ന്, കളിമണ്ണുപോലെ മഞ്ഞച്ച
മുഖവുമായി ഒരു ജഡം കിടപ്പുണ്ടായിരുന്നു. നടന്നതെന്താണെന്ന് ഇപ്പോഴേ റബ്ബിക്കു
മനസ്സിലായുള്ളു. ഒരു പയ്യന്‍ തന്നെ കവര്‍ച്ച ചെയ്യാന്‍ വന്നതായിരുന്നു. റബ്ബി
നഫ്ത്തലി കര്‍മ്മങ്ങള്‍ക്കു പ്രതിഫലമായി നോട്ടുകള്‍ വാങ്ങാറുണ്ടായിരുന്നില്ല.
വെള്ളി നാണയങ്ങളോ സ്വര്‍ണ്ണ ഡ്യൂക്കാറ്റുകളോ മാത്രം. അവ അദ്ദേഹം മണ്‍കലങ്ങളിലും
തോല്‍ പൊതിഞ്ഞ് ഇരുമ്പു പട്ടയടിച്ച ഓക്കു പെട്ടികളിലുമാണ് സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി
അദ്ദേഹം പ്ലാനിട്ടു വരികയായിരുന്നു,
പുണ്യഭൂമിയായ
യരുശലേമിലേക്കു പോകണമെന്ന്; അവിടെ ഒരു പഠനകേന്ദ്രം
തുടങ്ങണം, വ്രതസ്‌നാനത്തിനുള്ള സൗകര്യം ചെയ്യണം. ഒരു യഷിവ പണിയണം. നാല്പതു കൊല്ലം
മുമ്പ് മരിച്ച മുത്തശ്ശന്‍, മെനാഹെം കിന്റ് സ്‌കെറുടെ ശവമാടത്തിനുമേല്‍ ഒരു മേല്‍ക്കെട്ടി
പണിയണം.'' സര്‍വ്വശക്തനായ
ദൈവമേ, എനിക്കിതു
വന്നതെന്തുകൊണ്ടാണ്?” റബ്ബി
പിറുപിറുത്തു. ''എനിക്കു
താങ്ങാവുന്നതിലധികമാണല്ലോ എനിക്കു കിട്ടിയ ശിക്ഷ''
അദ്ദേഹം കൈനീട്ടി പയ്യന്റെ നെറ്റി തൊട്ടു നോക്കി. ഓടുകള്‍ക്കിടയിലൂടെ
ദൃശ്യമായിരുന്ന അസ്തമയത്തിന്റെ തെളിച്ചം മങ്ങി തട്ടിന്നകം നിഴലടച്ചു. റബ്ബിയെ ഒരു
വലിയ ഭീതി ബാധിച്ചു. അവനോടൊപ്പം താനും മരിച്ചിരുന്നുവെങ്കില്‍. പക്ഷെ താന്‍
കായേന്റെ ബലി അനുഭവിക്കണമെന്നത് ദൈവത്തിന്റെ ഇംഗിതമായിരുന്നു. കോണിപ്പടിയുടെ
തലയ്ക്കലെത്തിയപ്പോള്‍ അദ്ദേഹം അവിടെയിരുന്നുപോയി. തന്റെ ഇപ്പോഴത്തെ
സ്ഥിതിയെക്കുറിച്ചാലോചിക്കണം. തന്റെ ശിഷ്യന്മാര്‍ പകല്‍ മൊത്തം തന്നെ
തിരഞ്ഞിട്ടുണ്ടാവണം. എന്നാല്‍ താനീ തട്ടുമ്പുറത്തുണ്ടാവുമെന്ന് അവര്‍ക്കൊരിക്കലും
തോന്നാന്‍ വഴിയില്ലല്ലോ. വീട്ടില്‍ ഒരനക്കവും കേള്‍ക്കാനുണ്ടായിരുന്നില്ല. അവര്‍
നിരാശരായി തിരിച്ചുപോയതാവണം, അല്ലെങ്കില്‍ താന്‍ ഇസഹാക്കിനെപ്പോലെ
ഉടലോടെ സ്വര്‍ഗ്ഗാരോഹണം ചെയ്തിട്ടുണ്ടാവുമെന്ന് അവര്‍ കരുതിയിരിക്കുമോ? റബ്ബി
നഫ്ത്തലി വളരെ ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഈ വാര്‍ദ്ധക്യകാലത്ത്
അദ്ദേഹത്തിനു തുണയായി ഭാര്യയോ കുട്ടികളോയില്ല - എന്നാല്‍ ആ അത്യാഹിതങ്ങളൊക്കെ
അനുഭവിക്കുമ്പോഴും പ്രാര്‍ത്ഥിക്കാനും,
തനിക്കു
നല്കപ്പെട്ട നിര്‍ദ്ദയമായ വിധിക്കു ന്യായം കണ്ടെത്താനും അദ്ദേഹത്തിനു
കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന്, എമ്പത്തിമൂന്നു തികഞ്ഞതിനു
ശേഷം ഇതാദ്യമായി, ഗ്രന്ഥച്ചെപ്പെടുക്കാന്‍
അദ്ദേഹത്തിനു കഴിഞ്ഞില്ല. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുള്ള സമയമായിരുന്നു അത്: എന്നാല്‍
ഒരു കൊലപാതകിയുടെ ചുണ്ടുകള്‍ കൊണ്ട് പുണ്യപദങ്ങള്‍ ചൊല്ലാന്‍ അദ്ദേഹത്തിനു മനസ്സു
വന്നില്ല. എല്ലാ ദുരിതങ്ങളിലും വച്ച് ഹീനമായ ഒന്നാണല്ലോ തനിക്കു വന്നുപെട്ടത്.
അതും താന്‍ ശവക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ഈ നേരത്ത്!
സാധാരണ ഗതിയില്‍ റബ്ബി നഫ്ത്തലിയുടെ ഉള്ളില്‍ നന്മയുടേയും
തിന്മയുടേയും മാലാഖമാര്‍ തമ്മില്‍ നിരന്തര സമരത്തിലായിരുന്നു, എന്നാല്‍
ഈ സമയം രണ്ടുപക്ഷവും നിശ്ശബ്ദമായിരുന്നു. രാത്രിയായി. ഇരുട്ടുമൂടിയ
പാതാളത്തിലെന്നപോലെ റബ്ബി അവിടെയിരുന്നു.
''നിന്റെയാത്മാവിനെ വിട്ടു
ഞാനെങ്ങു പോവും? നിന്റെ സാന്നിദ്ധ്യം
വിട്ടു ഞാനെങ്ങു പാഞ്ഞൊളിക്കും?'' അദ്ദേഹം ചൊല്ലി. സ്വന്തം
ജീവനൊടുക്കിയാലോ? അദ്ദേഹം ആലോചിച്ചു. താന്‍
ഇപ്പോള്‍ തന്നെ പരലോകം നഷ്ടപ്പെടുത്തിയ സ്ഥിതിക്ക് അതുകൊണ്ടെന്തു മാറ്റം വരാനാണ്? അതോ
എങ്ങോട്ടെങ്കിലും പോയിമറഞ്ഞാലോ? അതു ചെയ്യാം. പക്ഷേ കള്ളന്‍
ജൂതനാണെങ്കില്‍, ജൂതനുചേര്‍ന്ന രീതിയില്‍ അവനെ സംസ്‌കരിക്കേണ്ടതാണല്ലോ.ശുദ്ധി
ചെയ്യാതെ, ശവക്കച്ചയില്ലാതെ, കാദീശ് ചൊല്ലാതെ ഒരു ശവം ഈ തട്ടുമ്പുറത്തു കിടന്നു
ചീയാന്‍ പാടില്ല.
റബ്ബിയുടെ തല താഴ്ന്നു താഴ്ന്നു വന്നു. അദ്ദേഹത്തിനു
നേരിടേണ്ടി വന്ന ഈ പരീക്ഷയോര്‍ക്കുമ്പോള്‍ ഇയ്യോബിനനുഭവിക്കേണ്ടി വന്നത് എത്ര
നിസ്സാരമായിരുന്നു. റബ്ബി നഫ്ത്തലിക്ക് സര്‍വ്വശക്തനോട് ഒരപേക്ഷയേ
ഉണ്ടായിരുന്നുള്ളു: തന്റെ ജീവനെടുക്കണം. ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍
അദ്ദേഹത്തിനിപ്പോഴാണ് മനസ്സിലായത്: ''മരിക്കുക എത്ര നല്ല കാര്യമാണ്''
റബ്ബി അങ്ങനെയിരുന്ന് ഉറങ്ങിപ്പോയി; ശബ്ദവും
ബഹളവും കാലൊച്ചയും കേട്ട് അദ്ദേഹമുണര്‍ന്നു. അനുചരന്മാര്‍ അദ്ദേഹത്തിന്നടുത്തേക്ക്
പടികള്‍ ഓടിക്കയറി വരികയായിരുന്നു. ഒരു റാന്തലിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ
കണ്ണുകളഞ്ചി. അവര്‍ അദ്ദേഹത്തെ കോരിയെടുത്ത് താഴേക്കു കൊണ്ടുപോയി. സ്ത്രീകള്‍
കരയുന്നതും പുരുഷന്മാര്‍ ഒച്ച വയ്ക്കുന്നതും അദ്ദേഹം കേട്ടു. ഞാന്‍ മരിച്ചുപോയോ? ഇതെന്റെ
ശവമടക്കമാണോ? അവര്‍ അദ്ദേഹത്തെ മുറിയില്‍
കൊണ്ടുപോയി കട്ടിലില്‍ കിടത്തി. മുഖത്തു തണുത്ത വെള്ളം വീണപ്പോള്‍ അദ്ദേഹത്തിനു
ബോധം വന്നു. എല്ലാവരും ഒരേസമയം സംസാരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഒരക്ഷരം
മിണ്ടിയില്ല. പെട്ടെന്ന് മറ്റൊരു നിലവിളിയുയര്‍ന്നു. എന്തു സംഭവിച്ചതാണെന്ന്
റബ്ബിക്കു തല്‍ക്ഷണം മനസ്സിലായി. അവര്‍ തട്ടുമ്പുറത്തെ ശവം കണ്ടെടുത്തതായിരുന്നു.
ആരോ ഒരു പേരു വിളിച്ചു പറഞ്ഞു: ഹെയ്മ്ന്‍ കേയ്ക്ക്.
അതെങ്ങനെ, റബ്ബി സ്വയം ചോദിച്ചു.
ഹെയ്മ്ന്‍ കേയ്ക്ക്‌ന് ചെറുപ്പമല്ലല്ലോ. തൊട്ടു പിന്നാലെ മറ്റൊരു പേരു പറഞ്ഞു
കേട്ടു: ബെന്റ്റ്‌സ് ലിപ്. തന്റെ ദുരിതത്തിനിടയിലും റബ്ബിക്ക് ആ പേരുകള്‍
തമ്മിലുള്ള ബന്ധം മനസ്സിലായി. ഹെയ്മ്ന്‍ കേയ്ക്ക് ഒരു കുതിര മോഷ്ടാവായിരുന്നു, പോലീസുകാര്‍
അടിച്ച് അവശനാക്കി ഇനി കുതിരയെ മോഷ്ടിക്കാനാവാത്ത പരുവത്തിലായ അവന്‍ കൊച്ചുമോഷ്ടാക്കളുടെ
ഗുരുവായി മാറിയിരുന്നു. തന്റെ സംഘത്തില്‍പ്പെട്ട ബെന്റ്‌സ് ലിപിനെ അവന്‍
അദ്ദേഹത്തെ കവര്‍ച്ച ചെയ്യാന്‍ പറഞ്ഞയച്ചതായിരിക്കണം. സാത്താനെ പിടിക്കുന്നതിനു
പകരം താന്‍, നഫ്ത്തലി സെന്‍സൈമിനര്‍ ചെയ്തത് ഒരു കവര്‍ച്ചക്കാരന്‍
പയ്യനെ കൊല്ലുകയാണ് - അവന്‍ ഒരു പക്ഷെ അനാഥനാണെന്നുകൂടി വന്നേക്കാം.
ബഹളത്തിനിടയില്‍ റബ്ബി പിറുപിറുത്തു. ''സാത്താന്‍ എന്നെ പിടിച്ചു.''
അതായിരുന്നു റബ്ബിയുടെ അവസാന വാക്കുകള്‍. ജീവന്‍ തങ്ങിനിന്ന
മൂന്നാഴ്ച തന്നെ കാണാന്‍ വന്നവരോട് അദ്ദേഹം ഒരക്ഷരവുമുരിയാടിയില്ല. അനുചരര്‍
അദ്ദേഹത്തെ പ്രാര്‍ത്ഥനാവസ്ത്രമണിയിച്ച്,
ഗ്രന്ഥച്ചെപ്പും
കൈയ്യില്‍ കൊടുത്തു. അവര്‍ ഒരു പുസ്തകം കൈയില്‍ വച്ചു കൊടുത്തപ്പോള്‍ അദ്ദേഹം
അതില്‍ നോക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ആ താള് മറിക്കുന്നത് ആരും കണ്ടില്ല.
റബ്ബി മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ഗ്രോതം ഗെറ്റ്‌സ് ആശുപത്രിയില്‍
നിന്നുവന്നു; മരണംവരെ അയാളാണ്
അടുത്തുണ്ടായിരുന്നത്. താന്‍ എഴുതി വച്ചിരിക്കുന്നതൊക്കെ, ഒരൊറ്റ
താളുകൂടി മാറ്റിവയ്ക്കാതെ കത്തിച്ചു കളയാന്‍ അദ്ദേഹം അയാളോടാവശ്യപ്പെട്ടു. ഗ്രോതം
ഗെറ്റ്‌സ് പറഞ്ഞതുപോലെ ചെയ്തു. റബ്ബി തന്റെ വില്‍പത്രം അയാള്‍ക്കു
പറഞ്ഞുകൊടുത്തെഴുതിച്ചു. അതിന്‍പ്രകാരം തന്റെ എല്ലാ സ്വത്തും അദ്ദേഹം
സമുദായത്തിനെഴുതിവെച്ചു; ബാന്റ്‌സ് ലിപിന്റെ
ശവക്കുഴിയില്‍ ഒരു സ്മാരകശില സ്ഥാപിക്കാനും,
അവനുവേണ്ടി
കാദീശ് ചൊല്ലാനും, മിഷ്‌നാ പഠിക്കുന്നവര്‍ക്ക്
അവന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ഒരു തുക മാറ്റി വെച്ചിരുന്നു.
മതിലിനു വെളിയില്‍, നാസ്തികരേയും ആത്മഹത്യ ചെയ്തവരേയും
അടക്കുന്ന സ്ഥലത്തു തന്നെ വേണം തന്നെ സംസ്‌കരിക്കാന്‍ എന്ന് റബ്ബി എടുത്തു
പറഞ്ഞിരുന്നു. തന്റെ അന്ത്യാഭിലാഷത്തെ മാനിച്ചില്ലെങ്കില്‍ കഠിനശിക്ഷയുണ്ടാവുമെന്ന്
അദ്ദേഹം താക്കീതു ചെയ്തു. റബ്ബി നഫ്ത്തലി സെന്‍സൈമിനര്‍ ഒരു മനുഷ്യജീവിയെ
കൊന്നവനും അങ്ങനെ മാന്യരായ ജൂതന്മാരോടൊപ്പം കിടക്കാനുള്ള അവകാശം സ്വയം
നഷ്ടപ്പെടുത്തിയവനുമാണ്. എന്നാല്‍ ഹസീദുകളും മറ്റുള്ളവരും അദ്ദേഹത്തിന്റെ ഈ
ആവശ്യത്തെ മാനിക്കാതിരിക്കാനുള്ള ധൈര്യം കാണിച്ചു. ശവസംസ്‌കാരത്തിന് ധാരാളം
റബ്ബികള്‍ എത്തിയിരുന്നു; റബ്ബി നഫ്ത്തലി അപരാധം
ചെയ്തത് നിരുദ്ദിഷ്ടമായിട്ടാണ്; അതിനദ്ദേഹം മരണത്തിലെത്തിയ
ആത്മപീഡനം കൊണ്ട് പരിഹാരം ചെയ്തിട്ടുള്ളതുമാണ്;
അതിനാല്‍
ഒരു വിശുദ്ധനും രക്തസാക്ഷിക്കും ചേര്‍ന്ന എല്ലാ ബഹുമതികളോടും കൂടി അദ്ദേഹത്തെ സംസ്‌കരിക്കണമെന്നായിരുന്നു
റബ്ബികളുടെ വിധി. റബ്ബികളില്‍ ഏറ്റവും പ്രായമുള്ള, പല പുണ്യഗ്രന്ഥങ്ങളുടെ കര്‍ത്താവും
എമ്പതു കഴിഞ്ഞ ഒരു കാരണവരുമായ
ഒരു
റബ്ബി ഇങ്ങനെ പറഞ്ഞു: ''സ്വന്തം ആത്മാവിനേയും
ഹൃദയത്തേയുംകാളേറെ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ലോകത്തെ
നശിപ്പിക്കുവാനവകാശമുണ്ട്. ലോകമെന്നൊന്നുള്ളിടത്തോളം കാലം സാത്താന്‍ എന്നൊരുവനും
ഉണ്ടാകും.''
(യിദ്ദിഷ് കഥ)
റബ്ബി – ജുതമതപണ്ഡിതന്‍
ഡൈബ്ബക്കുകള്‍, ഹാര്‍പികള്‍ - ജുതരുടെ
ദുര്‍ദേവതകള്‍
ഹസീദ്- ഹസീദിസം എന്ന ജുതമിസ്റ്റിക് പ്രസ്ഥാനത്തിന്‍റെ
അനുയായി
അബിബ് – ജുതകലണ്ടറില്‍ ആദ്യത്തെ മാസം
ഷഡ്ഡായി – ഒരു ദൈവനാമം
യഷിവ – ജുതമതപഠനകേന്ദ്രം