Saturday, July 25, 2015

നീറ്റ്ച്ച - ആളുകൾ സ്നേഹം എന്നു വിളിക്കുന്ന സംഗതികൾ


ആളുകൾ സ്നേഹം എന്നു വിളിക്കുന്ന സംഗതികൾ

ആർത്തിയും സ്നേഹവും- എത്ര വ്യത്യസ്തമായ വികാരങ്ങളാണ്‌ ഈ രണ്ടു പദങ്ങൾ നമ്മിലുണർത്തുക! എന്നാൽത്തന്നെ ഒരേ ജന്മവാസനയ്ക്കുള്ള രണ്ടു പേരുകളാണവയെന്നും വരാം- ഉള്ളവരുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഇടിച്ചുതാഴ്ത്തേണ്ട വാസനയാണത് (അവരിൽ അതല്പം തണുത്തു കഴിഞ്ഞിരിക്കുന്നു, സ്വന്തം സമ്പാദ്യങ്ങൾ നഷ്ടപ്പെടുമോയെന്ന പേടിയാണ്‌ അവർക്കിപ്പോൾ); എന്നാൽ അതൃപ്തരും ദാഹം തീരാത്തവരുമായവരുടെ നിലപാടിൽ നിന്നു നോക്കുമ്പോൾ ‘സദ്ഗുണ’മായി വാഴ്ത്തപ്പെടേണ്ടതും. അയൽവാസിയോടുള്ള നമ്മുടെ സ്നേഹം- പുതിയ സമ്പാദ്യത്തിനായുള്ള ആസക്തിയല്ലേ അത്? അതുപോലെ തന്നെ അറിവിനോടുള്ള, സത്യത്തിനോടുള്ള നമ്മുടെ സ്നേഹം; പുതിയതെന്തിനോടുമുള്ള നമ്മുടെ ആർത്തി? കാലക്രമേണ പഴയതിനോട്, സുരക്ഷിതമായി നമ്മുടെ കൈവശമുള്ളതിനോട് നമുക്കൊരു ചെടിപ്പ് വരികയാണ്‌, നാം പിന്നെയും കൈ നീട്ടുകയാണ്‌. എത്ര മനോഹരമായ ഭൂപ്രദേശത്താണു നാം താംസിക്കുന്നതെന്നിരിക്കട്ടെ, മൂന്നു മാസത്തിൽ കൂടുതൽ നമ്മുടെ സ്നേഹം പിടിച്ചു പറ്റാൻ അതിനു കഴിയില്ല; അപ്പോഴേക്കും മറ്റേതോ വിദൂരതീരം നമ്മുടെ ആർത്തിയെ ഇക്കിളിപ്പെടുത്താൻ തുടങ്ങുകയായി. സ്വന്തമാവുമ്പോൾ സ്വത്തിന്റെ വിലയിടിയുന്നു!

പുതിയ പുതിയ കാര്യങ്ങളെ നമ്മുടേതാക്കിമാറ്റി നമുക്കു നമ്മിൽത്തന്നെയുള്ള ആനന്ദം നിലനിർത്താൻ നാം ശ്രമിക്കുന്നു; സ്വന്തമാക്കലിന്‌ അതാണർത്ഥം. നമുക്കു സ്വന്തമായ ഒന്നിൽ നമുക്കു മടുപ്പു വരുന്നു എന്നാൽ നമുക്കു നമ്മിൽ തന്നെ മടുപ്പു വരുന്നു എന്നു തന്നെ. (ആധിക്യവും നമുക്കൊരു ഭാരമാവാറുണ്ട്- വലിച്ചെറിയാനോ വീതിച്ചു കൊടുക്കാനോ ഉള്ള ആസക്തിയും ‘സ്നേഹം’ എന്ന ബഹുമാന്യനാമം എടുത്തണിയാറുണ്ട്.) ദുരിതമനുഭവിക്കുന്ന ഒരാളെ കാണുമ്പോൾ അയാളെ സ്വന്തമാക്കാൻ ആ അവസരം നാം ഉപയോഗപ്പെടുത്തുകയാണ്‌; അയാളിൽ കരുണ തോന്നി സഹായിക്കാൻ ചെല്ലുന്നവൻ അയാളെ സ്വന്തമാക്കാനുള്ള തന്റെ ആർത്തിയെ ‘സ്നേഹം’ എന്നാണ്‌ വിളിക്കുന്നത്; അപ്പോൾ അയാൾക്കു തോന്നുന്ന ആനന്ദം മറ്റൊരു കീഴടക്കൽ മുന്നിൽ കാണുമ്പോഴുള്ള ആനന്ദത്തിനോടു സമാനവുമാണ്‌!.

സ്വന്തമാക്കലിനുള്ള ആർത്തിയുടെ ഏറ്റവും പ്രകടമായ രൂപമാണ്‌ സ്ത്രീപുരുഷപ്രണയം: കാമുകന്‌ താൻ മോഹിക്കുന്ന വ്യക്തിയിന്മേൽ നിരുപാധികമായ കുത്തകാവകാശം വേണം; അവളുടെ ഉടലെന്ന പോലെ അവളുടെ ആത്മാവും അത്ര തന്നെ തന്റെ അധികാരത്തിന്റെ വരുതിയിൽ വരണം; അവൾ തന്നെ മാത്രം സ്നേഹിക്കണം; സ്നേഹത്തിനേറ്റവും അർഹനായി, പുരുഷോത്തമനായി അവളുടെ ഹൃദയത്തിൽ താൻ വാഴണം. എന്നാൽ, ഒരനർഘസമ്പാദ്യത്തിൽ നിന്ന്, ഒരാനന്ദത്തിൽ നിന്ന് താനൊഴിച്ചുള്ള ലോകത്തെയാകെ വിലക്കുകയാണ്‌ ഇതിനർത്ഥമെന്നു കണ്ടുനോക്കുക; തന്റെ പ്രതിയോഗികളെയെല്ലാം പാപ്പരാക്കുകയാണ്‌ കാമുകന്റെ ലക്ഷ്യമെന്നും നിധി കാക്കുന്ന ഭൂതമാവാനാണ്‌, വിജേതാക്കളിൽ വച്ചേറ്റവും സ്വാർത്ഥിയാവാനാണയാൾ നോക്കുന്നതെന്നും ചിന്തിച്ചുനോക്കുക; ഒടുവിലായി, കാമുകന്‌ താനൊഴിച്ചുള്ള ലോകം വിരസവും നിറം കെട്ടതും വില കെട്ടതുമായിട്ടാണു തോന്നുകയെന്നും എന്തു ത്യാഗം ചെയ്യാനും ഏതു ക്രമം തട്ടിമറിക്കാനും മറ്റേതു താല്പര്യത്തെയും പിന്നിൽ തള്ളാനും അയാൾ തയാറാണെന്നും ചിന്തിച്ചുനോക്കുക- അപ്പോൾ നമുക്കു നിർവ്യാജമായ വിസ്മയം തോന്നുകയാണ്‌: ഈ ഭ്രാന്തമായ ആർത്തിയെയാണോ, കാമമെന്ന അനീതിയെയാണോ ഇപ്പോന്ന കാലഘട്ടങ്ങളത്രയും ദിവ്യവും മഹത്തുമായി കൊണ്ടാടിയിരുന്നത്! വെള്ളം ചേരാത്ത സ്വാർത്ഥചിന്തയുടെ ആവിഷ്കാരമെന്നു പറയാവുന്ന ഈ പ്രണയത്തിൽ നിന്നാണോ സ്വാർത്ഥചിന്തയുടെ നേരെതിരിൽ നില്ക്കുന്ന സ്നേഹം എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്നത്! ഇവിടെ ഭാഷാപ്രയോഗത്തെ നിർണ്ണയിച്ചത് ആശിച്ചിട്ടു കിട്ടാത്തവരാണെന്ന് ന്യായമായും ഊഹിക്കാവുന്നതാണ്‌. അവരുടെ എണ്ണം ഒട്ടും കുറവല്ലെന്നും മനസ്സിലാക്കാം...

എന്നാൽ ഈ ഭൂമുഖത്തവിടവിടെ സ്നേഹത്തിന്റെ മറ്റൊരു ഭാവത്തിലുള്ള തുടർച്ച നമുക്കു കാണാനിടവരുന്നുണ്ട്; അതിൽ അന്യോന്യം സ്വന്തമാക്കാനുള്ള രണ്ടു വ്യക്തികളുടെ ആർത്തി മറ്റൊരു തൃഷ്ണയ്ക്ക്, മറ്റൊരത്യാശയ്ക്കു വഴി മാറുകയാണ്‌: തങ്ങളേക്കാളുയരത്തിൽ നില്ക്കുന്ന ഒരുത്കൃഷ്ഠാശയത്തിനു വേണ്ടി ഇരുവരും പങ്കു വയ്ക്കുന്ന ദാഹം. പക്ഷേ അങ്ങനെയൊരു സ്നേഹം ആരറിയുന്നു? ആരതനുഭവിച്ചിരിക്കുന്നു? അതിനു കൃത്യമായ പേരാണ്‌- സൗഹൃദം.

(The Gay Science I,14)



പ്രേമവും പ്രകൃതിയും

നമ്മൾ ഒരു സ്ത്രീയെ പ്രേമിക്കുമ്പോൾ പ്രകൃതിയോടൊരു വിരോധം നമുക്കു താനേ വന്നു ചേരുകയാണ്‌; കാരണം, ഓരോ സ്ത്രീയ്ക്കും വിധേയയാവേണ്ടി വരുന്ന അരോചകമായ പ്രകൃതിപ്രതിഭാസങ്ങൾ നമുക്കപ്പോൾ ഓർമ്മ വരികയാണ്‌. അതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കാനാണു നാം ഇഷ്ടപ്പെടുക. പക്ഷേ അത്തരം കാര്യങ്ങളിൽ ഒരിക്കൽ ഒന്നു സ്പർശിക്കേണ്ടി വന്നാൽ നമ്മുടെ ഹൃദയം ഒന്നു ചുളുങ്ങിക്കൂടും; അവജ്ഞയോടെ അത് പ്രകൃതിക്കു നേരെ ഒരു നോട്ടമെറിയും: നാം അപമാനിക്കപ്പെട്ടു എന്നു നമുക്കു തോന്നുന്നു; നമ്മുടെ സമ്പാദ്യങ്ങളിൽ പ്രകൃതി കൈ വച്ചു എന്നു നമുക്കു തോന്നുന്നു; അതും എത്രയും അശുദ്ധമായ കൈകൾ വച്ചും. ശരീരശാസ്ത്രത്തിനു നേരെ കണ്ണടച്ചുകൊണ്ട് നാം രഹസ്യത്തിൽ ഒരു തീരുമാനമെടുക്കുന്നു: “ആത്മാവും രൂപവുമെന്നതിൽ കവിഞ്ഞെന്തെങ്കിലുമാണ്‌ മനുഷ്യൻ എന്ന വസ്തുതയെക്കുറിച്ച് എനിക്കു കേൾക്കുകയേ വേണ്ട!” “തൊലിക്കടിയിലെ മനുഷ്യൻ” കമിതാക്കൾക്ക് ജുഗുപ്ത്സാവഹമായ ഒരു സത്വമാണ്‌, ദൈവത്തിനും പ്രണയത്തിനുമെതിരെയുള്ള നിന്ദയാണ്‌.

(The Gay Science II,59)



 പ്രേമം

പ്രേമത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകളനുഷ്ഠിക്കുന്ന വിഗ്രഹപൂജ അടിസ്ഥാനപരമായും, പ്രഥമമായും നിപുണമായൊരുപായമത്രെ; എങ്ങനെയെന്നാൽ പ്രേമത്തിന്റെ ആദർശവത്കരണത്തിലൂടെ അവർ സ്വന്തം ശക്തിയെ പെരുപ്പിച്ചുകാട്ടുകയാണ്‌, തങ്ങളെത്ര അഭികാമ്യരാണെന്ന് പുരുഷന്റെ കണ്ണുകൾക്കു മുന്നിൽ വരച്ചുകാട്ടുകയാണ്‌. പക്ഷേ നൂറ്റാണ്ടുകളായി അവർ പരിചയിച്ച ഈ പെരുപ്പിച്ചുകാട്ടലു കൊണ്ടെന്തുണ്ടായി എന്നു വച്ചാൽ, തങ്ങൾ വെച്ച കെണിയിൽ അവർ തന്നെ പെട്ടു എന്നതാണ്‌; ഏതു യുക്തി വച്ചിട്ടാണ്‌ പ്രേമത്തെ അത്രയും വില കൂട്ടിക്കാണിക്കാൻ തങ്ങൾ മുതിർന്നതെന്ന് അവർ മറക്കുകയും ചെയ്തു. ഇപ്പോൾ അവരാണ്‌ പുരുഷന്മാരെക്കാളേറെ കബളിപ്പിക്കപ്പെട്ടവർ; ഏതു സ്ത്രീയുടെയും ജീവിതത്തിൽ അനിവാര്യമെന്നപോലെ കടന്നുവരുന്ന നൈരാശ്യം ഹേതുവായി ഏറെത്തപിക്കുന്നതും അവർ തന്നെ. കബളിപ്പിക്കപ്പെടാനും നിരാശപ്പെടാണും വേണ്ടത്ര ഭാവന സ്വന്തമായിക്കിട്ടുന്നത്ര വരെ പോയിരിക്കുന്നുമവർ.

 പ്രേമിക്കാൻ സ്വയമനുവദിക്കൽ

കമിതാക്കൾക്കിടയിൽ ഒരാൾ പ്രേമിക്കുന്നയാളും, മറ്റേയാൾ പ്രേമത്തിനു പാത്രമാകുന്നയാളും എന്നതാണ്‌ പതിവെന്നിരിക്കെ, പ്രേമത്തിന്റെ ആകെത്തുക സ്ഥിരമായിരിക്കുമെന്നൊരു വിശ്വാസം ഉണ്ടായിവന്നിട്ടുണ്ട്: ഒരാൾ കൂടുതൽ പിടിച്ചുപറ്റിയാൽ അത്ര കുറച്ചേ മറ്റേയാൾക്കു ശേഷിക്കുന്നുള്ളുവെന്ന്. ചിലപ്പോൾ ഒരപവാദം പോലെ സംഭവിക്കാം, ദുരഭിമാനം ഇരുവരെയും ബോദ്ധ്യപ്പെടുത്തുകയാണ്‌, താനാണ്‌ സ്നേഹിക്കപ്പെടേണ്ടതെന്ന്; ഇരുവരുമങ്ങനെ സ്നേഹിക്കപ്പെടാൻ നിന്നുകൊടുക്കുകയാണ്‌. വിവാഹബന്ധങ്ങളിൽ പ്രത്യേകിച്ചും, പാതി വികടവും പാതി അസംബന്ധവുമായ രംഗങ്ങൾ ഇതു കൊണ്ടുണ്ടാവാറുണ്ട്.

വൈവാഹികാനന്ദം

ശീലിക്കുന്നതൊക്കെയും നമുക്കു ചുറ്റും മുറുകിവരുന്നൊരു ചിലന്തിവല വിരിയ്ക്കുകയാണു ചെയ്യുന്നത്. വലയിഴകൾ കെണികളായിരിക്കുന്നുവെന്നും, നടുവിൽ ചിലന്തിയെപ്പോലെ പെട്ടുകിടക്കുന്നതു നാം തന്നെയാണെന്നും, സ്വന്തം ചോര തന്നെ നാമൂറ്റിക്കുടിക്കണമെന്നും പിന്നെയാണു നാമറിയുക. അതുകൊണ്ടാണ്‌ ഒരു സ്വതന്ത്രാത്മാവ് ശീലങ്ങളെയും നിയമങ്ങളെയും, നിയതവും സ്ഥായിയുമായ സകലതിനെയും വെറുക്കുന്നത്; അതുകൊണ്ടു തന്നെയാണ്‌, തനിക്കു ചുറ്റുമുള്ള വലയിൽ നിന്ന് വേദന സഹിച്ചെങ്കിലും സ്വയം പറിച്ചെടുക്കാൻ അയാൾ പേർത്തും പേർത്തും ശ്രമിക്കുന്നതും; തത്ഫലമായി വലുതും ചെറുതുമായ അസംഖ്യം മുറിവുകൾ സഹിക്കേണ്ടിവന്നാൽപ്പോലും- ആ വലനാരുകൾ അയാൾ പറിച്ചെടുക്കേണ്ടത് തന്നിൽ നിന്നാണ്‌, തന്റെ ഉടലിൽ നിന്നാണ്‌, തന്റെയാത്മാവിൽ നിന്നാണ്‌. വെറുപ്പു കാണിച്ചിരുന്നിടത്ത് സ്നേഹം കാണിക്കാൻ അയാൾ പരിശീലിക്കണം, നേരേ തിരിച്ചും. അയാൾക്കസാധ്യമായിട്ടൊന്നുമില്ലെന്നു വേണമെങ്കിൽ പറയാം; താനൊരുകാലത്ത് കാരുണ്യം കൊണ്ടൊഴുക്കിയ പാടത്ത് വ്യാളിയുടെ പല്ലുകൾ വിതയ്ക്കാൻ പോലും.
ഇതിൽ നിന്നു നമുക്കു വിലയിരുത്താം വൈവാഹികാനന്ദത്തിനനുയോജ്യനാണോ അയാളെന്ന്.

സ്വർണ്ണത്തൊട്ടിൽ

തനിക്കു ചുറ്റുമുള്ള സ്ത്രീകളൊരുക്കിത്തരുന്ന മാതൃശുശ്രൂഷയും സംരക്ഷണവും കുടഞ്ഞുകളയാമെന്നൊരു തീരുമാനമെടുക്കാനായാൽ സ്വതന്ത്രാത്മാവായ ഒരാൾ ഒരു നെടുവീർപ്പിടുമെന്നതു തീർച്ച. അവരിത്ര ഉത്കണ്ഠയോടെ തടുത്തുനിർത്തിയിരുന്ന തണുത്ത കാറ്റൊന്നു കൊണ്ടതു കൊണ്ടെന്തു ചേതം വരാൻ? സ്വർണ്ണത്തൊട്ടിലിന്റെയും, തൂവൽ വിശറിയുടെയും, ബന്ധനവുമായി, ഒരു ശിശുവിനെപ്പോലെ പരിചരിക്കപ്പെടുകയും ലാളിക്കപ്പെടുകയുമാണു താനെന്നതിന്റെ നന്ദി കാണിക്കണം എന്ന ഞെരുക്കുന്ന വികാരവുമായി തട്ടിച്ചു നോക്കുമ്പോൾ നഷ്ടം, കോട്ടം, അപകടം, രോഗം, കടം, അല്ലെങ്കിൽ വിഡ്ഢിത്തം, അതൊന്നു കൂടിയാലും കുറഞ്ഞാലും എന്താവാൻ? ചുറ്റുമുള്ള സ്ത്രീകളുടെ മാതൃമനോഭാവം പകരുന്ന മുലപ്പാൽ അത്ര വേഗം പിത്തനീരായിത്തീരുന്നതും ഇതു കാരണം കൊണ്ടുതന്നെ.

ഒരു പുരുഷരോഗം

ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്‌ ഒരു തന്റേടിസ്ത്രീയുടെ പ്രണയം.

സ്നേഹത്തിന്റെ ഒരു ഘടകം

സ്ത്രീകളുടെ ഏതുതരം സ്നേഹത്തിലുമുണ്ടാവും മാതൃസ്നേഹത്തിന്റെ ഒരംശം.

സ്നേഹിക്കലും കൈക്കലാക്കലും

സ്ത്രീകൾ പൊതുവേ പ്രധാനപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുന്നത് അയാൾ തങ്ങളുടെ മാത്രമാകണമെന്നൊരു രീതിയിലാണ്‌. അയാളെയിട്ടു പൂട്ടി താക്കോലും കൊണ്ടവർ നടന്നേനെ, അന്യർക്കു മുന്നിൽ ഒരു വിശിഷ്ടവ്യക്തിയായി അയാളെ കൊണ്ടുനിർത്താൻ കൊതിയ്ക്കുന്ന പൊങ്ങച്ചം മറിച്ചൊരുപദേശം നല്കിയിരുന്നില്ലെങ്കിൽ.

പെൺകുട്ടികളുടെ സ്വപ്നങ്ങൾ

പരിചയക്കുറവുള്ള പെൺകുട്ടികൾ സ്വയമഭിമാനിക്കും, പുരുഷനെ സന്തുഷ്ടനാക്കുക എന്നത് തങ്ങളുടെ വരുതിയിലുള്ള കാര്യമാണെന്ന്; പിന്നെ അവർ പഠിക്കും, ഒരു പെണ്ണിനെ കിട്ടിയാൽ സന്തുഷ്ടനാകാനേയുള്ളു പുരുഷൻ എന്നു വിചാരിക്കുന്നത് അയാളെ അവജ്ഞയോടെ കാണുന്നതിനു തുല്യമാണെന്നും.
സന്തുഷ്ടനായ ഭർത്താവു മാത്രമായാൽപ്പോരാ പുരുഷൻ എന്നാണ്‌ സ്ത്രീകളുടെ പൊങ്ങച്ചം വാശി പിടിക്കുന്നത്.

പ്രതിയോഗികളില്ലാതെ

പുരുഷന്മാരുടെ ആത്മാവിനെ മറ്റെന്തെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് സ്ത്രീകൾ അനായാസമായി കണ്ടുപിടിയ്ക്കും; തങ്ങളുടെ സ്നേഹത്തിന്‌ പ്രതിയോഗികളുണ്ടാവരുതവർക്ക്. അയാളുന്നം വയ്ക്കുന്ന ഉയരങ്ങളെ, അയാളുടെ രാഷ്ട്രീയോത്തരവാദിത്തങ്ങളെ, അയാളുടെ ശാസ്ത്രത്തെയും കലയെയും, അങ്ങനെ ചിലതയാൾക്കുണ്ടെങ്കിൽ, അവർ വെറുക്കും. അല്ലെങ്കിൽ അവ കാരണം അയാൾ പ്രശസ്തനായിരിക്കണം: അപ്പോൾ അവർ ആശിക്കും, അയാളുമായുള്ള ഒരു പ്രണയബന്ധം തങ്ങളെയും പ്രശസ്തരാക്കുമെന്ന്; അങ്ങനെ വരുമ്പോൾ അവർ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വെള്ളെഴുത്തു പിടിച്ച അനുരാഗികൾ

പവര്‍ കൂടിയൊരു കണ്ണട മാത്രം മതിയായേനേ, പ്രണയത്തിൽപ്പെട്ടൊരു പുരുഷനെ രക്ഷപ്പെടുത്താൻ. ഇരുപതു കൊല്ലം കഴിഞ്ഞാൽ ഒരു മുഖമോ രൂപമോ ഏതുവിധമിരിക്കും എന്നു ഭാവന ചെയ്യാനുള്ള കഴിവ് ഒരാൾക്കുണ്ടെങ്കിൽ വലിയ സൊല്ലയൊന്നും കൂടാതെ അയാൾ ജിവിതം കടന്നുകൂടിയെന്നിരിക്കും.

സ്വതന്ത്രാത്മാക്കൾക്കൊരു പുസ്തകം’(1878)





അറിയാഡ്നേയുടെ വിലാപം

ആരെനിക്കു ചൂടു പകരും,
ആരിനിയുമെന്നെ സ്നേഹിക്കും?
ചൂടുള്ള കൈകൾ തരൂ!
ഹൃദയത്തിനു കനലു തരൂ!
കമിഴ്ന്നടിച്ചും കിടുങ്ങിവിറച്ചും
പാതി ചത്തവളെപ്പോലെ പാദങ്ങൾ മാത്രമൂഷ്മളമായും,
അദൃശ്യജ്വരങ്ങളാലുലഞ്ഞും
ഉറമഞ്ഞിന്റെ അമ്പിൻമുനകൾക്കു മുന്നിൽ വിറച്ചും,
ചിന്തകളേ, നിങ്ങൾക്കു വേട്ടമൃഗമായും!
പേരില്ലാത്തവനേ! മേലങ്കിയണിഞ്ഞവനേ!
മേഘം മറഞ്ഞ നായാടീ!
ഇരുട്ടിൽ നിന്നെന്നെത്തുറിച്ചു നോക്കുന്ന നിന്റെ കണ്ണുകൾ,
നിന്റെ മിന്നല്പിണറേറ്റു ഞാൻ കിടക്കുന്നു!
നിത്യപീഡകളാൽ വലഞ്ഞും
ഉടൽ പുളഞ്ഞും വളഞ്ഞും,
അതിക്രൂരനായ നായാടീ,
അജ്ഞാതദൈവമേ,
നിന്റെയമ്പേറ്റും...
ഇനിയുമാഴത്തിലെയ്യൂ!
ഒരിക്കൽക്കൂടി കഠാരയാഴ്ത്തൂ!
ഈ ഹൃദയത്തെത്തകർക്കൂ!
മുനയൊടിഞ്ഞ അമ്പുകൾ കൊണ്ടെന്തിനീ പീഡനം?
മനുഷ്യയാതനയോടുദാസീനരായ ദേവകളുടെ
മിന്നല്പിണർക്കണ്ണുകൾ കൊണ്ടിനിയുമിങ്ങനെ നോക്കാൻ
നിനക്കെങ്ങനെ കഴിയുന്നു?
കൊല്ലാൻ നിനക്കാഗ്രഹമില്ല,
പീഡിപ്പിക്കാൻ, പീഡിപ്പിക്കാൻ മാത്രം?
എന്തിനെന്നെപ്പീഡിപ്പിക്കുന്നു,
പക വയ്ക്കുന്ന ദൈവമേ?
ആഹാ!
പാതിരാത്രിയടുക്കുമ്പോൾ
നീ അടുത്തേക്കിഴഞ്ഞെത്തുന്നു!
നിനക്കെന്തു വേണം?
പറയൂ!
നീയെന്നെത്തള്ളിയിടുന്നു,
എന്റെ മേലമരുന്നു,
ഹാ, നീയെനിക്കത്രയടുത്തായിക്കഴിഞ്ഞു!
എന്റെ നിശ്വാസം നീ കാതോർക്കുന്നു,
ഒളിച്ചുനിന്നെന്റെ നെഞ്ചിടിപ്പു നീ കേൾക്കുന്നു,
എത്രയുമസൂയാലുവായവനേ!-
പോകൂ! പോകൂ!
ഈ കോണി എന്തിനു വേണ്ടി?
എന്റെ ഹൃദയത്തിലേക്കു ചാടിക്കയറാൻ,
എന്റെ ചിന്തകളുടെ നിലവറകളിലേക്കിറങ്ങിച്ചെല്ലാൻ?
ലജ്ജാഹീനൻ! അജ്ഞാതൻ! കള്ളൻ!
എന്താണു നിനക്കു കവരേണ്ടത്?
എന്താണു നിനക്കു കേൾക്കേണ്ടത്?
പീഡകാ!
ആരാച്ചാർ ദൈവമേ!
അതോ, ഞാനൊരു നായയാണോ,
നിന്റെ മുന്നിൽ കൊഞ്ചിക്കുഴയാൻ?
സ്നേഹവ്യഗ്രയായി, സമർപ്പിതയായി,
നിനക്കു മുന്നിൽ വാലാട്ടി നില്ക്കാൻ?
വെറുതേ!
പിന്നെയുമതാഴ്ന്നിറങ്ങുന്നു!
കനിവറ്റ തോട്ടി!
കരുണയറ്റ വേട്ടക്കാരാ,
നിനക്കു നായയല്ല,
വെറുമൊരു വേട്ടമൃഗമാണു ഞാൻ!
മേഘങ്ങൾക്കു പിന്നിലെ തസ്കരാ,
നിന്റെ ഏറ്റവുമുദ്ധതയായ തടവുകാരി!
അവസാനമായി ഞാൻ പറയുന്നു,
വായ തുറക്കൂ!
മിന്നല്പിണർ കൊണ്ടു മൂടുപടമണിഞ്ഞവനേ!
ആരെന്നറിയാത്തവനേ! പറയൂ!
കൊള്ളക്കാരാ,
എന്നിൽ നിന്നു നിനക്കെന്തു വേണം?
എന്ത്?
മോചനദ്രവ്യം?
എത്ര?
എത്ര വേണമെങ്കിലും ചോദിച്ചോളൂ-
എന്റെ ഔദ്ധത്യം ഉപദേശിക്കുന്നു!
കുറഞ്ഞ വാക്കുകളിൽ മതി-
എന്റെ ഔദ്ധത്യം പിന്നെയുമുപദേശിക്കുന്നു!
ആഹാ!
എന്നെ?- നിനക്കു വേണ്ടതെന്നെ?
എന്നെ- മൊത്തമായി?...
ഹാ, ഹാ!
വിഡ്ഢീ,
എന്നെപ്പീഡിപ്പിച്ചെന്റെ ഗർവം നീ തകർക്കുന്നു?
എനിക്കു സ്നേഹം തരൂ-
ഇപ്പോഴുമെനിക്കു ചൂടു തരുന്നവനാണോ?
ഇപ്പോഴുമെന്നെ സ്നേഹിക്കുന്നവനാണോ?
എനിക്കു ചൂടുള്ള കൈകൾ തരൂ,
ഹൃദയത്തിനു കനലു തരൂ,
തരൂ, എത്രയുമേകാകിനിയായ എനിക്ക്,
ഏഴട്ടിയിട്ട ഐസ് കട്ടകൾ
ശത്രുവിനെ മോഹിക്കാൻ,
സ്വന്തം ശത്രുവിനെപ്പോലും മോഹിക്കാൻ
പഠിപ്പിച്ച എനിക്ക്,
എനിക്കു തരൂ,
എത്രയും ക്രൂരനായ ശത്രൂ-
നിന്നെത്തന്നെ!...
പൊയ്ക്കഴിഞ്ഞു!
അവൻ ഒളിച്ചോടിക്കളഞ്ഞു!
എനിക്കാകെയുള്ള തോഴൻ,
കെങ്കേമനായ ശത്രു,
എന്റെ അജ്ഞാതൻ,
എന്റെ ആരാച്ചാർ ദൈവം!...
അരുത്!
തിരിച്ചുവരൂ!
നിന്റെ പീഡനങ്ങളൊക്കെയുമായി!
എന്റെ കണ്ണീരെല്ലാമൊഴുകുന്നതു നിന്നിലേക്ക്,
എന്റെ ഹൃദയത്തിൽ ശേഷിച്ച നാളമെരിയുന്നതു
നിനക്കായി.
ഹാ, മടങ്ങിവരൂ,
എന്റെ അജ്ഞാതദൈവമേ!
എന്റെ നോവേ!
എന്റെ അന്തിമാനന്ദമേ!...
*
ഒരു മിന്നൽ വീശുന്നു. ഡയോണീസസ് മരതകസൗന്ദര്യവുമായി ദൃശ്യനാവുന്നു.

ഡയോണീസസ്:

വിവേകിയാവൂ, അറിയാഡ്നേ!...
നിന്റെ കാതുകൾ ചെറുതല്ലേ;
നിന്റെ കാതുകൾ എന്റേതല്ലേ:
അതിലേക്കൊരു തുള്ളി അറിവിറ്റട്ടെ!-
തന്നെത്തന്നെ വെറുത്തതിൽ പിന്നെയല്ലേ,
തന്നെത്തന്നെ സ്നേഹിക്കാനാവൂ?
ഞാനാണു നിന്റെ ലാബ്‌രിന്ത്...

അറിയാഡ്നേ - വീഞ്ഞിന്റെ യവനദേവനായ ഡയോണീസസിന്റെ ഭാര്യ; ക്രീറ്റിലെ മീനോസ് രാജാവിന്റെ മകൾ; ലാബ്‌രിന്ത് എന്ന കുടിലദുർഗ്ഗത്തിൽ രാജാവ് സൂക്ഷിച്ചിരുന്ന മിനോട്ടാറിനെ വധിക്കാൻ തിസ്യൂസിനെ സഹായിച്ചു; തിസ്യൂസിന്റെ കപ്പലിൽ ക്രീറ്റിൽ നിന്നു രക്ഷപ്പെട്ടു; എന്നാൽ നാക്സോസ് എന്ന ദ്വീപിലെത്തിയപ്പോൾ ഉറങ്ങിപ്പോയ അറിയാഡ്നേയെ തിസ്യൂസ് അവിടെ ഉപേക്ഷിച്ചു. ഇവിടെ വച്ചാണ്‌ ഡയോണീസസ് അവളെ കണ്ടെത്തുന്നതും തന്റെ ഭാര്യയാക്കുന്നതും. നീറ്റ്ച്ച ഈ കവിത എഴുതുന്നത് 1883നും 88നും ഇടയിലാണ്‌. വാഗ്നറുടെ ഭാര്യയായ കോസിമയാണ്‌ അറിയാഡ്നേയെന്നും ഡയോണീസസ് നീറ്റ്ച്ച തന്നെയാണെന്നും ഒരു വ്യാഖ്യാനമുണ്ട്.

No comments: