Saturday, July 11, 2015

റോബർട്ട് വാൾസർ - ഒരേയൊരുവൾ



ആർക്കു വേണ്ടി കവികൾ കവിതകളെഴുതുന്നു, ആരു പ്രഥമഗണനീയയാവുന്നു, ആരു കവിതയെഴുതാതെ തന്നെ കവിയ്ക്കത്രമേൽ പ്രധാനമായ കവിതയാവുന്നു- അവളെ എനിക്കറിയാം. നിങ്ങൾ അവളെ ആദ്യമായിട്ടാണു കാണുന്നതെങ്കിൽ വിസ്മയപ്പെടുത്തുന്ന ഒരുജ്ജ്വലതയേ നിങ്ങൾ കാണുന്നുള്ളു. ഞാൻ അവളെ പ്രകീർത്തിച്ചു പാടിയിരിക്കുന്നു; എന്നിട്ടും എന്റെ തൃപ്തിക്കൊത്തവണ്ണമായിട്ടില്ല. അവളെന്നെ തുരത്തിയോടിച്ചു; തന്നോടൊപ്പം ശയിക്കാൻ ഒരു രാത്രി അവൾ എനിക്കു തന്നുവെന്നപോലെ സന്തുഷ്ടനായി ഞാൻ ചിരിച്ചു. കവിയ്ക്കെന്തിനു വേണം അങ്ങനെയൊരു രാത്രി? അവളുടെ അവയവങ്ങൾ നേരിൽ കാണാൻ അയാളുടെ ഭാവന പണ്ടേ അയാൾക്കു വരുതി കൊടുത്തിരിക്കുന്നുവല്ലോ. അതില്പിന്നെ ഞാനവളെ പ്രേമിക്കുകയില്ല. അവളെന്നെ ഒരു ശിശുവാക്കി; ഭൂമിയെക്കണ്ടത്ഭുതപ്പെടുന്ന, മനോഹരശിക്ഷണങ്ങൾക്കു വിധേയനാവുന്ന, ദൈവത്തെ ആരാധിക്കുന്ന ബാലൻ. അവളുടെ പാദുകങ്ങൾ കേമമെന്നു പറയാനില്ല. എന്നാലവൾ കൈയിലെടുത്തു കളിക്കുന്ന തൂവാല എനിക്കു പ്രിയപ്പെട്ടതത്രെ. അവളെ ഒരിക്കൽക്കൂടി കാണാൻ എനിക്കനുവാദമില്ല; ഇനിയഥവാ, അങ്ങനെയല്ലെന്നു വന്നാൽ എനിക്കതാഹ്ളാദം നല്കും. അവളോടെന്റെ പെരുമാറ്റം ലജ്ജാവഹമായിരുന്നു; എന്തെന്നാൽ അവളുടെ സാന്നിദ്ധ്യത്തിൽ ചകിതനായി ഞാൻ വിറച്ചുപോയി, അവളെക്കാൾ മേലെയാണു ഞാനെന്നു നടിക്കാൻ ഞാൻ ശ്രമിച്ചു, ഈ വിറ, ഈ പ്രണയം, മൂഢമാണതെന്നു ഞാൻ കണ്ടു, ഞാനതിനെ വെറുക്കുക തന്നെ ചെയ്തു. എന്നാലവളിൽ നിന്നകലെയായിരിക്കുമ്പോൾ ഞാനവളെ ലാളിക്കുന്നു, അവളോടൊത്തു കളിക്കുന്നു, ഭ്രാന്തനെപ്പോലെ തുള്ളിച്ചാടുന്നു, ഞാനൊരു കഥയില്ലാത്ത ബാലനാവുന്നു. നാലു കൊല്ലത്തേക്ക് എനിക്കവളെ മറക്കാനായെന്നു വരാം; പിന്നെയെല്ലാം ഒന്നേയെന്നു തുടങ്ങുകയായി. എത്ര വശ്യമാണതറിയുക. ഒരു പെൺകുട്ടിക്കു ചെലുത്താൻ കഴിയുന്ന പ്രഭാവമെത്രയെന്ന് അന്നു വരെ എനിക്കറിയില്ലായിരുന്നു. എന്റെ ആത്മാർത്ഥതയും എന്നിൽ പിന്നെ നല്ലതായിട്ടുള്ളതൊക്കെയും ഈ ഒരേയൊരുവളുടെ പുടവയ്ക്കു മുന്നിൽ ഒന്നുമല്ലാതെയാവുന്നു. ഉത്സാഹഭരിതനാണു ഞാൻ; അതിപുലർച്ചയ്ക്കല്ലാതെ അങ്ങനെയാവാറുമില്ല ഞാൻ; ഇതു പക്ഷേ, പാതിരയാണ്‌. ഞാനിതെഴുതുന്നത് ആർക്കെങ്കിലും വായിക്കാൻ കൊടുക്കാനുമല്ല.

1924/25


No comments: