പ്രണയത്തിനാഗ്രഹം തന്നിൽ നിന്നു പുറത്തു വരാൻ, കീഴടക്കിയവൻ കീഴടങ്ങിയവന്റെ ഭാഗമാകുന്നതുപോലെ തന്റെ ഇരയുടെ ഭാഗമാവാൻ, എന്നാലതേ സമയം കീഴടക്കിയവന്റെ അവകാശങ്ങൾ വിട്ടുകൊടുക്കാതിരിക്കാനും.
*
പീഡനമേല്പിക്കുന്നതുമായി, ശസ്ത്രക്രിയ നടത്തുന്നതുമായി പ്രണയത്തിനു വലിയ സാമ്യമുണ്ട്. തീവ്രാനുരാഗികളും അന്യോന്യദാഹം കൊണ്ടു നിറഞ്ഞവരുമാണിരുവരുമെങ്കിലും കമിതാക്കളിൽ ഒരാൾക്ക് എപ്പോഴും ചൂടല്പം കുറവായിരിക്കും, ഒരാൾ മറ്റേയാളെക്കാൾ ആത്മനിയന്ത്രണമുള്ളയാളായിരിക്കും. അയാളോ അവളോ ആയിരിക്കും പീഡകൻ, അല്ലെങ്കിൽ സർജ്ജൻ. ആ നെടുവീർപ്പുകൾ നിങ്ങൾ കേൾക്കുന്നില്ലേ-ലജ്ജാവഹമായൊരു ദുരന്തനാടകത്തിന്റെ നാന്ദികൾ- ആ രോദനങ്ങൾ, ആ ആക്രന്ദനങ്ങൾ, ആ കുറുകുന്ന കിതപ്പുകൾ? ആരവ ഉച്ചരിച്ചിട്ടില്ല, ആരിൽ നിന്നവ തടുത്താലും നില്ക്കാതെ പൊട്ടിപ്പുറപ്പെട്ടിട്ടില്ല? ഇതിലും ഭീകരമായ കാഴ്ചകൾ വിദഗ്ധരായ പീഡകർ നടത്തുന്ന മറ്റേതു മതദ്രോഹവിചാരണയിൽ നിങ്ങൾ കണ്ടെത്താൻ? സ്വപ്നാടകരുടേതു പോലെ മുകളിലേക്കുയർന്ന ആ കൃഷ്ണമണികൾ, ഷോക്കേല്പിക്കുമ്പോഴെന്നപോലെ പേശികൾ പിടയുകയും വലിയുകയും ചെയ്യുന്ന ആ കൈകാലുകൾ- അത്രയും ഭീതിദവും വിചിത്രവുമായ പ്രതിഭാസങ്ങൾ ഏതറ്റമെത്തിയ ലഹരിയിലും ഉന്മാദത്തിലും കറുപ്പുതീറ്റയിലും നിന്നു നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. നക്ഷത്രങ്ങളെ പ്രതിഫലിപ്പിക്കാൻ രൂപപ്പെടുത്തിയതെന്ന് ഓവിഡ് വിശ്വസിച്ച മനുഷ്യമുഖം മരണസദൃശമായ ഒരു വിശ്രാന്തിയിലേക്കു വീണുകൊണ്ടിവിടെ സംസാരിക്കുന്നത് ഭ്രാന്തമായൊരു രൗദ്രതയെക്കുറിച്ചു മാത്രമാണ്. ഈ ജനുസ്സിൽ പെട്ട ജീർണ്ണതയെ ‘നിർവൃതി’ എന്ന പദം ഉപയോഗിച്ചു വിശേഷിപ്പിക്കുന്നത് ദൈവദോഷം തന്നെയാണെന്നു ഞാൻ പറയും.
ഇരുകക്ഷികളിൽ ഒരാൾ സ്വന്തം അവകാശങ്ങൾ തീറെഴുതിക്കൊടുക്കേണ്ടി വരുന്ന ഭീകരമായ വ്യവഹാരം!
ഞാൻ കേട്ടതു ശരിയാണെങ്കിൽ, പണ്ടാരോ ചോദിച്ചിരുന്നു, പ്രണയത്തിൽ ഏറ്റവും വലിയ ആനന്ദമേതാണെന്ന്. ആരോ അതിനും മറുപടിയും പറഞ്ഞു: സ്വീകരിക്കുക എന്നത്; മറ്റാരോ പറഞ്ഞു: സ്വയം സമർപ്പിക്കുക എന്നത്. ഒന്നാമൻ പറഞ്ഞു: ആത്മാഭിമാനത്തിന്റെ ആനന്ദം; അപ്പോൾ രണ്ടാമൻ: എളിമയുടെ ഐന്ദ്രിയാനന്ദം. ‘ക്രിസ്ത്വനുകരണ’ത്തിന്റെ ഭാഷയിലായിരുന്നു ആ പന്നികളുടെയെല്ലാം സംസാരം.എല്ലാറ്റിനും ഒടുവിൽ നാണം കെട്ട ഒരു യുട്ടോപ്പിയന്റെ ദൃഢപ്രസ്താവമുണ്ടായി: രാഷ്ട്രത്തിനു വേണ്ടി പൗരന്മാരെ ജനിപ്പിക്കുക എന്നതാണ് പ്രണയത്തിലെ ഏറ്റവും വലിയ ആനന്ദം. എനിക്കു തോന്നുന്നതു പറയട്ടെ: പ്രണയത്തിൽ പ്രഥമവും പ്രധാനവുമായി ഒരാനന്ദമേയുള്ളു- അറിഞ്ഞുകൊണ്ടു പാപം ചെയ്യുന്നതിന്റെ ആനന്ദം. പാപത്തിലേ ഐന്ദ്രിയാനന്ദമുള്ളൂ എന്ന് ജനനം മുതല്ക്കേ ആണിനും പെണ്ണിനും അറിയുകയും ചെയ്യാം.
*
നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ സ്ത്രീകളെ നാം പ്രേമിക്കുന്നുള്ളു.
*
ഒരാൾ ഭാര്യയേയും കൂട്ടി പിസ്റ്റൾ ഷൂട്ടിങ്ങിനു പോകുന്നു. ഒരു ബൊമ്മയെ ഉന്നം വച്ചുകൊണ്ട് അയാൾ ഭാര്യയോടു പറയുന്നു: “അതു നീയാണെന്നു ഞാൻ സങ്കല്പിക്കാൻ പോവുകയാണ്.” കണ്ണടച്ചുകൊണ്ട് അയാൾ നിറയൊഴിക്കുന്നു; ബൊമ്മ ചിതറിത്തെറിക്കുന്നു. എന്നിട്ടയാൾ തന്റെ ഭാര്യയുടെ കൈ പിടിച്ചു ചുംബിച്ചുകൊണ്ടു പറയുകയാണ്, “എന്റെ ദേവതേ, എന്റെ വൈദഗ്ധ്യത്തിനു നിനക്കു ഞാൻ നന്ദി പറയട്ടെ!”
*
മറ്റേതു മനുഷ്യവ്യവഹാരത്തിലുമെന്ന പോലെ പ്രണയത്തിലും ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ തൃപ്തികരമായ ഒരു ബന്ധം ഉണ്ടാകുന്നുള്ളു. ഈ തെറ്റിദ്ധാരണയാണ് ആനന്ദമാകുന്നത്. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ, എന്റെ മാലാഖേ. പെണ്ണ് കുറുകുന്നു: അമ്മേ! അമ്മേ! ഈ രണ്ടു കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സുകൾ ഒന്നാണെന്നും. അതേ സമയം അവർക്കിടയിലെ ഗർത്തം നികരാതെ കിടക്കുകയും ചെയ്യുന്നു.
(ബോദ്‌ലേറുടെ ഡയറിക്കുറിപ്പുകളിൽ നിന്ന്)
3 comments:
എങ്ങിനെയാണ് നന്ദി പറയുക.
എങ്ങിനെയാണ് നന്ദി പറയുക.
പരിഭാഷയ്ക്ക് നന്ദി പറയട്ടെ
കലാകാരന്‍റെ കുമ്പസാരങ്ങള്‍ എവിടെ കിട്ടും ?
no stock in mathrubhoomi
my email sajeevkadukkara@gmail.com
Post a Comment