Monday, July 13, 2015

ആർതർ റിംബോ - പ്രണയത്തിന്റെ മരുഭൂമി



ആമുഖം

ഇന്നിടത്തെന്നില്ലാതെ ജീവിതം ചുരുളഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ, ചെറുപ്പത്തിലേക്കു കടന്ന ഒരാളിന്റെ രചനയാണിത്; അയാൾക്കമ്മയില്ല, നാടില്ല, ശ്രദ്ധ വേണ്ടതൊന്നിലും ശ്രദ്ധയില്ല; ശോച്യജീവിതം നയിക്കുന്ന മറ്റനേകം ചെറുപ്പക്കാരെപ്പോലെ സദാചാരത്തിന്റെ പിടിയിൽ പെടാതെ അയാൾ ഒഴിഞ്ഞുമാറി നടന്നു. പക്ഷേ അത്രയ്ക്കു ലക്ഷ്യബോധമില്ലാത്തവനായിരുന്നു, അത്രയ്ക്കസ്വസ്ഥമനസ്സായിരുന്നു താനെന്നതിനാൽ ഭീതിദവും മാരകവുമായൊരു മാനക്കേടാണതെന്നപോലെ മരണത്തിലേക്കയാൾ തന്റെ കാലടികളെ നയിച്ചു. ഒരു സ്ത്രീയെപ്പോലും സ്നേഹിച്ചിട്ടില്ലെന്നതിനാൽ-ചോരത്തിളപ്പുണ്ടായിട്ടുകൂടി!- അയാളുടെ ഹൃദയവും അയാളുടെ ആത്മാവും അയാളുടെ സർവബലവും വിചിത്രവും ദാരുണവുമായ മാർഗ്ഗഭ്രംശങ്ങൾക്കിരയാവുകയായിരുന്നു. താഴെ കൊടുത്തിരിക്കുന്ന സ്വപ്നങ്ങൾ- അയാളുടെ പ്രണയങ്ങൾ!- കിടക്കയിലോ തെരുവുകളിലോ വച്ച് അയാൾ കണ്ടവയാണ്‌; മതപരമായ ധ്വനികൾ നിങ്ങൾക്കവയിൽ കേൾക്കാനായെന്നു വന്നേക്കാം. ഇതിഹാസപ്രസിദ്ധരായ മുഹമ്മദരുടെ*- ധീരരും അഗ്രചർമ്മം ഛേദിച്ചവരും!- ദീർഘനിദ്ര നിങ്ങൾക്കോർമ്മ വന്നേക്കാം. എന്നാൽ അയാളനുഭവിച്ച അസാധാരണമായ യാതന നമ്മെ അസ്വസ്ഥരാക്കും വിധം യഥാർത്ഥമായിരുന്നു; ഈ ആത്മാവ്, മരണത്തിനു ദാഹിച്ചുകൊണ്ടെന്നപോലെ നമുക്കിടയിൽ അലഞ്ഞുനടക്കുന്ന ഈ ആത്മാവ്, മരണമുഹൂർത്തത്തിൽ യഥാർത്ഥസാന്ത്വനം കണ്ടെത്തുമെന്നും സ്വന്തം യോഗ്യത തെളിയിക്കുമെന്നും ആത്മാർത്ഥമായി നാം ആശിക്കുക.

എ. റിംബോ

I

ഇതതേ നാട്ടുമ്പുറം തന്നെ. എന്റെ അമ്മയച്ഛന്മാർ താമസിച്ചിരുന്ന അതേ കളപ്പുര. സിംഹരൂപങ്ങളും കുലചിഹ്നങ്ങളും വാതിലുകൾക്കു മേൽ ഗ്രാമീണജീവിതത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളുമായി അതേ സ്വീകരണമുറി; മെഴുകുതിരികളും വൈൻകുപ്പികളും കാലപ്പഴക്കം ചെന്ന മരച്ചുമരുകളുമായി ഒരു തീൻമുറി. തീന്മേശ വളരെ വലുതായിരുന്നു. വേലക്കാർ!- എന്റെ ഓർമ്മ ശരിയാണെങ്കിൽ അവർ വളരെയധികമുണ്ടായിരുന്നു. എന്റെയൊരു പഴയ കൂട്ടുകാരനെയും ഞാൻ ഓർക്കുന്നു: ഒരു പുരോഹിതൻ, പുരോഹിതന്റെ വേഷം ധരിച്ചവൻ; അതവനു കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ വേണ്ടിയാണത്രെ. കടുംചുവപ്പു നിറമായ അയാളുടെ മുറി ഞാൻ ഓർക്കുന്നു; മഞ്ഞക്കടലാസ്സു പതിച്ച ജനൽപാളികൾ, കടലുപ്പു ചുവയ്ക്കുന്ന പുസ്തകങ്ങളുടെ രഹസ്യശേഖരം!

നാട്ടുമ്പുറത്തെ ആ അന്തമറ്റ വീട്ടിൽ പരിത്യക്തനായി ഞാൻ വളർന്നു: അടുക്കളയിലിരുന്നു ഞാൻ വായിച്ചു; സ്വീകരണമുറിയിലിരുന്നു സല്ലപിക്കുന്ന വിരുന്നുകാർക്കു മുന്നിൽ വച്ച് എന്റെ ഉടുപ്പിലെ ചെളി ഞാൻ തട്ടിക്കളഞ്ഞു; കാലത്തു പാലിന്റെയും രാത്രിയിൽ പോയ നൂറ്റാണ്ടിന്റെയും മർമ്മരം കേട്ടെന്റെ മനസ്സിളകി.

ആകെ ഇരുട്ടു പിടിച്ച ഒരു മുറിയിലായിരുന്നു ഞാൻ: അവിടെ ഞാൻ എന്തു ചെയ്യുകയായിരുന്നു? ഒരു വേലക്കാരി എന്റെ അരികിൽ വന്നു. അവളൊരു നായ്ക്കുട്ടിയായിരുന്നു എന്നു ഞാൻ പറയാം: സുന്ദരിയായിരുന്നു അവളെങ്കിലും; മാതൃത്വത്തിന്റെ അവാച്യമായ കുലീനതയായിരുന്നു- നിർമ്മലം, പരിചിതം, അതീവവശ്യം!- എനിക്കവളെങ്കിലും. അവൾ എന്റെ കൈത്തണ്ടയിൽ നുള്ളി.

എനിക്കിപ്പോൾ അവളുടെ മുഖം പോലും ഓർമ്മ വരുന്നില്ല: രണ്ടു വിരൽ കൊണ്ടു ഞാൻ തിരുപ്പിടിച്ച അവളുടെ കൈയെനിക്കോർമ്മയില്ല; എന്തോ തേടിയുഴറി പിന്നെയും പിന്നെയും പൂഴിമണ്ണു നക്കിത്തുടയ്ക്കുന്നൊരു കുഞ്ഞുതിര പോലെ എന്റെ ചുണ്ടുകൾ പതിഞ്ഞ ചുണ്ടുകളും എനിക്കോർമ്മയില്ല. ഒരിരുണ്ട കോണിൽ കൂട്ടിയിട്ടിരുന്ന മെത്തകൾക്കും വഞ്ചിപ്പായകൾക്കും മേൽ അവളെ ഞാൻ മറിച്ചിട്ടു. ഇപ്പോൾ എനിക്കോർമ്മയുള്ളത് അവളുടെ നേർത്ത അടിവസ്ത്രത്തിന്റെ വെളുപ്പു മാത്രം.- പിന്നെ ചുമരുകൾ സാവധാനം മരങ്ങൾ വീഴ്ത്തുന്ന നിഴലുകളായി, രാത്രിയുടെ ആർദ്രവിഷാദത്തിൽ ഞാൻ മുങ്ങിത്താഴ്ന്നു.


II

ഇത്തവണ അത് നഗരത്തിൽ വച്ചു ഞാൻ കണ്ട സ്ത്രീയാണ്‌- ഞാൻ മിണ്ടിയവൾ, എന്നോടു മിണ്ടിയവൾ.

ഞാൻ വെളിച്ചമില്ലാത്ത ഒരു മുറിയിലായിരുന്നു. അവൾ വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവളെ ഞാൻ എന്റെ കിടക്കയിൽ കണ്ടു, എന്റേതു മാത്രമായി, വെളിച്ചമില്ലാതെയും! ഞാനാകെ വികാരഭരിതനായി: എന്റെ കുടുംബവീട്ടിലാണല്ലോ ഇതു നടക്കുന്നത് എന്നതിനാൽ; പിന്നെ ഞാൻ വിഷാദഭരിതനുമായി: ഞാൻ കീറത്തുണി ധരിച്ചവനായിരുന്നു; അവൾ, ലോകപരിചയമുള്ള ഒരു സ്ത്രീ, എനിക്കു സ്വയം സമർപ്പിക്കുകയായിരുന്നു. പക്ഷേ അവൾക്കു പോകണം! വാക്കുകൾക്കതീതമായ ഒരു മനോവേദന! ഞാൻ അവളെ പിടിച്ചുവലിച്ചു; പൂർണ്ണനഗ്നയായി അവൾ കിടക്കയിൽ നിന്നു വീണു; എന്തെന്നറിയാത്തൊരു തളർച്ചയോടെ ഞാൻ അവൾക്കു മേൽ വീണ്‌ ആ ഇരുട്ടിൽ പരവതാനികൾക്കു മുകളിലൂടെ അവളെ വലിച്ചിഴച്ചു. കുടുംബവിളക്കിന്റെ വെളിച്ചം അടുത്ത മുറികളെ ഒന്നൊന്നായി തിളക്കിയിരുന്നു. പിന്നെ അവൾ അപ്രത്യക്ഷയായി. ദൈവം എന്നോടു ചോദിച്ചിരിക്കാവുന്നതിലുമധികം കണ്ണീരു ഞാനൊഴുക്കി.

അതിരില്ലാത്ത നഗരത്തിലേക്കു ഞാൻ ഇറങ്ങിപ്പോയി. തളർച്ച! ബധിരമായ രാത്രിയിൽ, ആഹ്ളാദത്തിൽ നിന്നുള്ള പലായനത്തിൽ ഞാൻ മുങ്ങിത്താണു. ലോകത്തെ ഞെക്കിക്കൊല്ലാനും മാത്രം മഞ്ഞു പെയ്യുന്ന ഒരു ഹേമന്തരാത്രി പോലെ. “അവൾ എവിടെപ്പോയി?” എന്റെ ചങ്ങാതിമാരോടു ഞാൻ വിളിച്ചുചോദിച്ചു; നുണകൾ കൊണ്ടാണ്‌ അവർ മറുപടി തന്നത്. എന്നും രാത്രിയിൽ അവൾ കയറിപ്പോകുന്ന കെട്ടിടത്തിന്റെ ജനാലകൾക്കു മുന്നിൽ ഞാൻ ചെന്നു. മഞ്ഞു മൂടിയ ഉദ്യാനത്തിലൂടെ ഞാനോടി. അവരെന്നെ ആട്ടിപ്പായിച്ചു. ഇതെല്ലാമോർത്ത് നിയന്ത്രണം വിട്ടു ഞാൻ കരഞ്ഞു. ഒടുവിൽ പൊടി മൂടിയ ഒരിടത്തു ഞാൻ ചെന്നു; മരച്ചട്ടം പോലൊന്നിൽ ഞാൻ ചെന്നിരുന്നു; ആ രാത്രി മുഴുവൻ എന്റെ ഉടലിലുള്ള കണ്ണീരെല്ലാം ഞാൻ പൊഴിച്ചു- എന്നിട്ടും എന്റെ തളർച്ച മാറിയില്ല.

പിന്നെയെനിക്കു ബോദ്ധ്യമായി, അവൾ തന്റെ ദൈനന്ദിനജീവിതത്തിലേക്കു തിരിച്ചുപോയിരിക്കുന്നുവെന്ന്, ആ കാരുണ്യം ഇനി മടങ്ങിവരാൻ ഒരു നക്ഷത്രദൂരം താണ്ടണമെന്ന്. അവൾ മടങ്ങിവന്നില്ല. അവൾ മടങ്ങിവരികയുമില്ല: എന്റെ വീട്ടിൽ വിരുന്നു വരാൻ ഔദാര്യം കാട്ടിയ ദേവത- അങ്ങനെയൊന്നുണ്ടാവുമെന്നു ഞാൻ സ്വപ്നം കണ്ടതു പോലുമല്ല. ഇത്തവണ, സത്യം പറയട്ടെ, ലോകത്തെ എല്ലാ കുഞ്ഞുങ്ങളുമൊഴുക്കിയ കണ്ണിരിനെക്കാൾ കണ്ണിരു ഞാനൊഴുക്കി.
--------------------------------------------------------------------------------------------------------------------

റിംബോ ഗദ്യകവിതയുടെ ആഖ്യാനസാദ്ധ്യതകളിലേക്ക്  തിരിയുന്നത് 1871ലോ 72ലോ എഴുതിയ ഈ രചനയിലൂടെയാണ്‌. 1869ൽ പ്രസിദ്ധീകരിച്ച ബോദ്‌ലേറുടെ ഗദ്യകവിതകളാവാം റിംബോയ്ക്ക് മാതൃകയായത്. 

* കൊറാന്റെ പതിനെട്ടാം സൂറയിൽ പറയുന്ന “ഗുഹയിൽ കിടന്നുറങ്ങിയവർ” സൂചിതം. വിഗ്രഹാരാധകരെ ഭയന്ന് ഒരു ഗുഹയിൽ അഭയം തേടിയവർ ഒരു നൂറ്റാണ്ടു നീണ്ട ഉറക്കത്തിൽ നിന്നാണ്‌ പിന്നീടുണരുന്നത്.


1 comment:

Cv Thankappan said...

നന്നായിട്ടുണ്ട്
ആശംസകള്‍