Thursday, July 23, 2015

മിലൻ കുന്ദേര - പ്രണയത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ



നിഷ്കാസിതന്റെ പ്രണയം

കാഫ്ക എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായ ലൈംഗികവര്‍ണ്ണന കാസിലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിലാണ്‌: കെ.യും ഫ്രീഡയും തമ്മിലുള്ള വേഴ്ച. വെള്ളനിറവും വെള്ള മുടിയുമുള്ള, തീർത്തും അനാകർഷകയായ ഒരു ചെറിയ പെണ്ണിനെ കണ്ട് ഒരു മണിക്കൂറിനുള്ളിൽ അയാൾ ബാറിനു പിന്നിൽ “ബിയറു തളം കെട്ടിക്കിടക്കുന്നതും മറ്റഴുക്കുകൾ നിറഞ്ഞതുമായ തറയിൽ” അവളുമായി കെട്ടിമറിയുകയാണ്‌. അഴുക്ക്: ലൈംഗികതയിൽ നിന്ന്, അതിന്റെ സത്തയിൽ നിന്ന് അഭേദ്യമാണത്.
എന്നാൽ തൊട്ടു പിന്നാലെ, അതേ ഖണ്ഡികയിൽ തന്നെ, കാഫ്കയുടെ വാക്കുകൾ ലൈംഗികതയുടെ കവിത പകരുന്നു: “മണിക്കൂറുകൾ അവിടെ കടന്നുപോയി, ശ്വാസങ്ങളൊരുമിച്ചെടുക്കുന്ന മണിക്കൂറുകൾ, ഹൃദയങ്ങളൊരുമിച്ചു മിടിക്കുന്ന മണിക്കൂറുകൾ, തനിയ്ക്കു വഴി തെറ്റുന്നുവെന്നും ഒരന്യദേശത്ത് മുമ്പൊരാളും ചെല്ലാത്തത്ര ഉള്ളിലേക്കു കടന്നുചെല്ലുകയാണു താനെന്നുമുള്ള തോന്നൽ കെ.യെ പിരിയാതെ നിന്ന മണിക്കൂറുകൾ; വായുവിൽ പോലും സ്വദേശത്തിന്റെ ഒരംശമില്ലാത്ത ഒരപരിചിതദേശത്താണയാൾ; ആ അപരിചിതത്വം ശ്വാസം മുട്ടിക്കുന്നതാണെങ്കിലും അതിന്റെ മൂഢവിലോഭനങ്ങളിലേക്കു പിന്നെയുമെടുത്തുചാടുകയല്ലാതെ, പിന്നെയും വഴി തെറ്റുകയല്ലാതെ ഒന്നും ചെയ്യാനുമില്ല...“
സുരതത്തിന്റെ ദൈർഘ്യം അപരിചിതത്വത്തിന്റെ ആകാശത്തിനു ചുവടെയുള്ള നടത്തയുടെ രൂപകമായി മാറുകയാണിവിടെ. എന്നാൽ ആ നടത്തം വൈരൂപ്യവുമല്ല; മറിച്ച്, അതു നമ്മെ ആകർഷിക്കുകയാണ്‌, പിന്നെയുമുള്ളിലേക്കു ചെല്ലാൻ നമ്മെ ക്ഷണിക്കുകയാണ്‌, നമ്മെ ലഹരി പിടിപ്പിക്കുകയാണ്‌: ഇതു സൗന്ദര്യമാണ്‌.
ചില വരികൾക്കു ശേഷം: ”ഫ്രീഡയെ കൈകളിലൊതുക്കി നില്ക്കുമ്പോൾ അയാൾ ഏറെ സന്തോഷത്തിലായിരുന്നു, ഏറെ ഉത്കണ്ഠയിലുമായിരുന്നു; എന്തെന്നാൽ ഫ്രീഡ തന്നെ വിട്ടുപോയാൽ തനിക്കുള്ളതൊക്കെ വിട്ടുപോകുമെന്ന് അയാൾക്കു തോന്നിപ്പോയി.“ എങ്കിൽ ഇതു പ്രണയമാണോ? തീർച്ചയായുമല്ല, പ്രണയമല്ല. നിഷ്കാസിതനായ, സ്വന്തമായിട്ടുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട ഒരാൾക്കു പിന്നെ, ആരെന്നു തനിക്കറിയാത്ത, ബിയറു തളം കെട്ടിയ തറയിൽ കിടന്നു താൻ കെട്ടിപ്പിടിച്ച ഒരു കൊച്ചുപെണ്ണ്‌ ഒരു പ്രപഞ്ചമാകെത്തന്നെയാവുന്നു- അതിൽ പ്രണയത്തിനു കാര്യമില്ല.
(Testaments Betrayed)

തള്ളവിരൽ പരീക്ഷ

പിറന്ന ഉടനേ കുഞ്ഞ് അമ്മയുടെ മുല കുടിക്കാൻ തുടങ്ങുന്നു. അമ്മ മുല വിലക്കിക്കഴിഞ്ഞാൽ അത് തള്ളവിരൽ കുടിക്കാനും തുടങ്ങുന്നു.
റൂബെൻസ്* ഒരിക്കൽ ഒരു സ്ത്രീയോടു ചോദിച്ചു: നിന്റെ മകൻ വിരൽ കുടിക്കുന്നതു നീ വിലക്കാത്തതെന്താ? അവനിപ്പോൾ പത്തു വയസ്സെങ്കിലും ആയിക്കാണില്ലേ! അവർക്കു കോപമായി: അവനോടു വിരലു കുടിക്കരുതെന്നു പറയാനോ? അമ്മയുടെ മുലയുമായുള്ള ബന്ധം അവൻ ദീർഘിപ്പിച്ചു കൊണ്ടുപോകുന്നതിങ്ങനെയാണ്‌. അവനു മാനസികാഘാതമുണ്ടാക്കണമെന്നാണോ നിങ്ങൾ പറയുന്നത്?
അങ്ങനെ കുട്ടി പതിമൂന്നു വയസ്സു വരെ വിരലു കുടിക്കുന്നു, അതു കഴിഞ്ഞാൽ വിരലിനു പകരം അവൻ നേരേ സിഗററ്റു കുടിച്ചു തുടങ്ങുന്നു.
പിന്നീടൊരിക്കൽ, തന്റെ സന്തതിയുടെ വിരലു കുടിക്കാനുള്ള അവകാശത്തെ പ്രതിരോധിച്ച ആ അമ്മയുമായി ലൈംഗികവേഴ്ചയിലേർപ്പെടുമ്പോൾ റൂബെൻസ് തന്റെ തള്ളവിരൽ അവരുടെ ചുണ്ടുകൾക്കിടയിൽ വച്ചുകൊടുത്തു. അവർ ഇരു വശത്തേക്കും തല ഇളക്കിക്കൊണ്ട് അതിൽ നക്കാൻ തുടങ്ങി. കണ്ണുകളടച്ചുകൊണ്ട് അവർ സ്വപ്നം കാണുകയായിരുന്നു, രണ്ടു പുരുഷന്മാർ താനുമായി വേഴ്ച നടത്തുകയാണെന്ന്.
ആ നിസ്സാരസംഭവം റൂബെൻസിന്‌ ഒരു നിർണ്ണായകമുഹൂർത്തമായിരുന്നു; കാരണം സ്ത്രീകളെ പരീക്ഷിക്കുന്നതിനുള്ള ഒരുപായമാണ്‌ അദ്ദേഹത്തിനതിൽ നിന്നു കിട്ടിയത്: മൈഥുനത്തിനിടയിൽ തന്റെ തള്ളവിരൽ അവരുടെ ചുണ്ടുകൾക്കിടയിൽ തിരുകിയിട്ട് അദ്ദേഹം അവരുടെ പ്രതികരണം ശ്രദ്ധിക്കും. അതു നക്കുന്നവർ സംഘരതിയിൽ താല്പര്യമുള്ളവരാണെന്നുറപ്പിക്കാം. മറിച്ച്, അതിനോടുദാസീനരാണവരെങ്കിൽ വികൃതാനന്ദങ്ങൾ അവർക്കു പറഞ്ഞിട്ടുള്ളതല്ലെന്നും തീർച്ചയാക്കാം.
ഈ ‘തള്ളവിരൽ പരീക്ഷയിൽ’ കൂട്ടരതിയുടെ പ്രവണതയുള്ളതായി വെളിപ്പെട്ട ഒരു സ്ത്രീയ്ക്ക് അദ്ദേഹത്തോട് ശരിക്കും സ്നേഹമുണ്ടായിരുന്നു. സുരതത്തിനു ശേഷം അവർ റൂബെൻസിന്റെ തള്ളവിരൽ പിടിച്ച് അതിൽ ചുംബിച്ചു. അതിനർത്ഥം ഇതായിരുന്നു: ഈ തള്ളവിരൽ ഇനി പഴയതു പോലെ തള്ളവിരലാവട്ടെ; ആ വിചിത്രഭാവനകൾക്കെല്ലാം ശേഷം ഇപ്പോൾ നാം രണ്ടു പേർ മാത്രമായതിൽ എനിക്കു സന്തോഷം തോന്നുന്നു.
--------------------------------------------------------------------------
*റൂബെൻസ് (1577-1640)- ഫ്ളെമിഷ് ചിത്രകാരൻ
(Immortality)


ദാലിയുടെ മുയല്‍ 

പ്രശസ്ത ചിത്രകാരനായ സാൽവദോർ ദാലിയും ഭാര്യ ഗാലായും വാർദ്ധക്യത്തിൽ ഒരു മുയലിനെ ഓമനിച്ചു വളർത്തിയിരുന്നു. തങ്ങളുടെ കൂടെയാണ്‌ അവരതിനെ വളർത്തിയത്, അവർ എവിടെ പോയാലും അതു കൂടെ ചെല്ലും; അവർക്കതിനെ വളരെ കാര്യവുമായിരുന്നു. ഒരിക്കൽ, ഒരു ദീർഘയാത്രയ്ക്കു തയാറെടുക്കുമ്പോൾ, മുയലിനെ എന്തു ചെയ്യുമെന്ന് അവർ രാത്രി വളരെ വൈകും വരെ ഇരുന്നു ചർച്ച ചെയ്തു. അതിനെ കൂടെ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌; അത്ര തന്നെ ബുദ്ധിമുട്ടാണ്‌, അതിനെ നോക്കാൻ മറ്റാരെയെങ്കിലും ഏല്പിക്കുന്നതും; കാരണം, പരിചയമില്ലാത്തവരെ കണ്ടാൽ മുയൽ സമ്മർദ്ദത്തിലാവും. അടുത്ത ദിവസം ഗാലാ ഉച്ചഭക്ഷണം തയാറാക്കി; ദാലി ആ ഒന്നാന്തരം ഭക്ഷണം രസിച്ചു കഴിക്കുകയും ചെയ്തു; അപ്പോഴാണ്‌ അദ്ദേഹം അറിയുന്നത് താൻ കഴിക്കുന്നത് മുയലിറച്ചിയാണെന്ന്. അദ്ദേഹം മേശയ്ക്കടുത്തു നിന്നെഴുന്നേറ്റ് കുളിമുറിയിലേക്കോടി താൻ ഓമനിച്ചു വളർത്തിയ ആ ജന്തുവിനെ, തന്റെ ക്ഷയകാലത്തെ വിശ്വസ്തസ്നേഹിതനെ ഛർദ്ദിച്ചുകളഞ്ഞു. നേരേ മറിച്ച് ഗാലാ നല്ല സന്തോഷത്തിലായിരുന്നു: താൻ സ്നേഹിച്ച ഒരുവൻ തന്റെ കുടലിലേക്കു കടന്നിരിക്കുന്നുവല്ലോ; അതിനെ ലാളിച്ചും കൊണ്ടവൻ തന്റെ കാമുകിയുടെ ഉടലാവുകയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം കമിതാവിനെ ഭക്ഷണമാക്കുക എന്നതിനേക്കാൾ പൂർണ്ണമായ ഒരു നിർവഹണം പ്രണയത്തിനുണ്ടാവുക വയ്യ. ഉടലുകളുടെ ആ വിലയനത്തോടു താരതമ്യം ചെയ്യുമ്പോൾ ലൈംഗികവേഴ്ച പരിഹാസ്യമായ ഒരിക്കിളിപ്പെടുത്തലായേ അവർക്കു തോന്നിയുള്ളു.
(Immortality)

പ്രണയത്തിന്റെ മുഖം

ഒരു പെൺകുട്ടിയുടെ ഉടലിനേക്കാൾ അവളുടെ ശിരസ്സാണ്‌ യാരോമിലിനു കൂടുതൽ കാര്യമായി തോന്നിയത്. സ്ത്രീശരീരത്തെക്കുറിച്ച് അവനു കൂടുതലായിട്ടൊന്നും അറിയില്ലായിരുന്നു (സുന്ദരമായ കാലുകൾ എന്തു പോലിരിക്കാൻ? നിതംബത്തിന്റെ ഭംഗി നിങ്ങൾ എങ്ങനെയാണു കണക്കാക്കുക?); അതേ സമയം ഒരു മുഖത്തെക്കുറിച്ച് അഭിപ്രായം പറയാൻ തനിക്കു കഴിയുമെന്ന് അവനു വിശ്വാസമുണ്ടായിരുന്നു; അവന്റെ കണ്ണിൽ ഒരു സ്ത്രീ സുന്ദരിയാണോ അല്ലയോ എന്നു നിശ്ചയിച്ചത് മുഖം മാത്രമാണ്‌.
ശാരീരികസൗന്ദര്യത്തിൽ യാരോമിലിനു താല്പര്യമില്ലായിരുന്നു എന്നു നാം സൂചിപ്പിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ നഗ്നത മനസ്സിൽ കാണുന്നതു തന്നെ അവന്റെ തല ചുറ്റിച്ചിരുന്നു. എന്നാൽ ഈ സൂക്ഷ്മമായ വ്യത്യാസം നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു സ്ത്രൈണദേഹത്തിന്റെ നഗ്നതയ്ക്കല്ല അവൻ ദാഹിച്ചത്; അവൻ ദാഹിച്ചത് ദേഹത്തിന്റെ നഗ്നത ദീപ്തമാക്കിയ ഒരു സ്ത്രൈണമുഖത്തിനായിരുന്നു.
അവൻ ദാഹിച്ചത് ഒരു പെൺകുട്ടിയുടെ ദേഹം സ്വന്തമാക്കാനല്ല; അവൻ ദാഹിച്ചത് തന്റെ പ്രണയത്തിനു തെളിവായി സ്വന്തം ദേഹം കാഴ്ച വയ്ക്കുന്ന ഒരു പെൺകുട്ടിയുടെ മുഖത്തിനായിരുന്നു.
ഉടൽ അവന്റെ അനുഭവസീമകൾക്കപ്പുറത്തായിരുന്നു; അക്കാരണം കൊണ്ടു തന്നെ എണ്ണമറ്റ കവിതകൾക്കതു പ്രമേയവുമായി. അക്കാലഘട്ടത്തിലെ അവന്റെ കവിതകളിൽ “ഗർഭപാത്രം” എന്ന പദം എത്ര തവണ കടന്നുവന്നിട്ടില്ല? പക്ഷേ കവിതയുടെ ഇന്ദ്രജാലത്തിലൂടെ (അനുഭവരാഹിത്യത്തിന്റെ ഇന്ദ്രജാലത്തിലൂടെ) മൈഥുനത്തിന്റെയും ജനനത്തിന്റെയും ആ അവയവത്തെ അവൻ വിചിത്രസ്വപ്നങ്ങളുടെ വിലോലകല്പനയായി രൂപാന്തരപ്പെടുത്തി.
ഒരു കവിതയിൽ അവനെഴുതി, ഒരു പെൺകുട്ടിയുടെ ഉടൽമദ്ധ്യത്തിൽ ചെറിയൊരു ഘടികാരമിരുന്നു മിടിക്കുന്നുണ്ടെന്ന്.
അദൃശ്യജീവികളുടെ താവളമാണ്‌ സ്ത്രീയുടെ ജനനേന്ദ്രിയമെന്ന് മറ്റൊരു വരിയിൽ അവൻ ഭാവന ചെയ്തു.
ഇനിയൊരിക്കൽ അവനെ ആവേശിച്ചത് വലയം എന്ന ബിംബമായിരുന്നു; ഒരു സുഷിരത്തിലൂടെ അന്തമില്ലാതെ വീണുകൊണ്ടിരിക്കുന്ന ഒരു ഗോട്ടിയായി അവൻ തന്നെ കണ്ടു; ഒടുവിലവൻ അവളുടെ ഉടലിലൂടെ നിരന്തരവും കേവലവുമായ ഒരു പതനമാവുകയാണ്‌.
മറ്റൊരു കവിതയിൽ ഒരു പെൺകുട്ടിയുടെ കാലുകൾ ഒരുമിച്ചൊഴുകുന്ന രണ്ടു പുഴകളാവുന്നു; അവയുടെ സംഗമസ്ഥാനത്ത് താൻ കണ്ടുവെന്നു സങ്കല്പിച്ച നിഗൂഢപർവതത്തിന്‌ ബൈബിൾ ധ്വനികളുള്ള ഹെരെബ് മല എന്ന് അവൻ പേരിട്ടു.
വേറൊരു കവിത ഒരു ഭൂപ്രദേശത്തു കൂടെ സൈക്കിളോടിച്ചുപോകുന്ന ഒരു വെലോസിപീഡ് *(ആ വാക്കവന്‌ അസ്തമയം എന്ന വാക്കു പോലെ സുന്ദരമായിത്തോന്നി) സഞ്ചാരിയുടെ പരിക്ഷീണമായ ദീർഘയാത്രകളെക്കുറിച്ചായിരുന്നു; ആ ഭൂപ്രദേശം ഒരു പെൺകുട്ടിയുടെ ഉടലായിരുന്നു, താൻ തളർന്നുകിടന്നുറങ്ങാൻ മോഹിച്ച ആ വൈക്കോൽക്കൂനകൾ അവളുടെ മുലകളായിരുന്നു.
എത്ര വശ്യതയാർന്നതായിരുന്നു അതൊക്കെ-ഒരു സ്ത്രീയുടെ ഉടലിലൂടെയുള്ള ആ യാത്ര- അദൃശ്യവും അജ്ഞാതവും അയഥാർത്ഥവുമായ ഒരുടൽ, ഒരു കളങ്കവുമില്ലാത്ത, ന്യൂനതകളോ രോഗങ്ങളോ ഇല്ലാത്ത, തികച്ചും ഭാവനാജന്യമായ ഒരുടൽ-ഓടിക്കളിക്കാൻ പ്രശാന്തമായൊരു ഗ്രാമീണദൃശ്യം!
കുട്ടികൾക്കു യക്ഷിക്കഥകൾ പറഞ്ഞുകൊടുക്കുന്ന അതേ സ്വരത്തിൽ ഗർഭപാത്രങ്ങളെയും മുലകളെയും കുറിച്ചെഴുതുക കേമമായിരുന്നു .അതെ, ആർദ്രതയുടെ ലോകത്താണ്‌ യാരോമിൽ ജീവിച്ചിരുന്നത്, കൃത്രിമബാല്യത്തിന്റെ ലോകത്ത്. കൃത്രിമം എന്നു നാം പറയുന്നത് യഥാർത്ഥബാല്യം ഒരു പറുദീസയുമല്ലാത്തതു കൊണ്ടാണ്‌, വിശേഷിച്ചൊരാർദ്രതയും അതിൽ ഇല്ലാത്തതു കൊണ്ടാണ്‌.
ജിവിതം ഒരാളെ ഓർക്കാപ്പുറത്തൊരു തൊഴി കൊടുത്ത് പ്രായപൂർത്തിയുടെ വാതില്പടിയിലേക്കു തള്ളിവിടുമ്പോഴാണ്‌ ആർദ്രത ജന്മമെടുക്കുന്നത്. കുട്ടിയായിരുന്നപ്പോൾ താനനുഭവിക്കാതെപോയ ബാല്യത്തിന്റെ ഗുണങ്ങൾ അയാളപ്പോൾ ഉത്കണ്ഠയോടെ തിരിച്ചറിയുകയാണ്‌.
ആർദ്രത പക്വതയോടുള്ള ഭയമാണ്‌.
അന്യോന്യം കുട്ടികളോടെന്നപോലെ പെരുമാറാമെന്നു സഖ്യം ചെയ്തുകൊണ്ട് കൃത്രിമമായി ഇടുങ്ങിയ ഒരിടം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമമാണത്.
ആർദ്രത പ്രണയത്തിന്റെ ശാരീരികഫലങ്ങളോടുള്ള ഭയം കൂടിയാണ്‌. പക്വതയുടെ മണ്ഡ്ലത്തിൽ നിന്നു പ്രണയത്തെ പുറത്തെടുക്കാനും (പ്രണയം അവിടെ കടമയാണ്‌, ചതിക്കുഴികൾ നിറഞ്ഞതാണ്‌, മാംസനിബദ്ധമാണ്‌, ഉത്തരവാദിത്തമാണ്‌)സ്ത്രീയെ ശിശുവായി കാണാനുമുള്ള ശ്രമമാണ്‌.
ആഹ്ളാദത്തോടെ തുടിക്കുന്ന ഹൃദയമാണവളുടെ നാവ്, ഒരു കവിതയിൽ അവൻ എഴുതി. അവളുടെ നാവ്, അവളുടെ കുഞ്ഞുവിരൽ, മുലകൾ, നാഭി ഒക്കെ അശ്രാവ്യശബ്ദങ്ങളിൽ പരസ്പരം സംസാരിക്കുന്ന ഒറ്റയൊറ്റ ജീവികളാണെന്ന് അവനു തോന്നി. അങ്ങനെയുള്ള ആയിരക്കണക്കിനു ജീവികൾ ഉൾക്കൊള്ളുന്നതാണ്‌ സ്ത്രീശരീരമെന്നും ഉടലിനെ സ്നേഹിക്കുക എന്നാൽ ആ ബഹുലതയ്ക്കു കാതു കൊടുക്കുകയും അവളുടെ ഇരുമുലകൾ നിഗൂഢസംജ്ഞകളാൽ മന്ത്രിക്കുന്നതു കേൾക്കുകയാണെന്നും അവനു തോന്നി.
*വെലോസിപീഡ് - സൈക്കിളിന്റെ ആദ്യകാലരൂപം
(Life is Elsewhere)

No comments: